Jump to content

ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണപൂർവേഷ്യൻ ഭാഷകൾ
Mon–Khmer
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
South and Southeast Asia
ഭാഷാ കുടുംബങ്ങൾOne of the world's major language families
പ്രോട്ടോ-ഭാഷProto-Mon–Khmer
വകഭേദങ്ങൾ
ISO 639-5aav
ദക്ഷിണപൂർവേഷ്യൻ ഭാഷകൾ

ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിൽ എട്ട് കോടിയോളം ജനങ്ങൾ ഉപയോഗിക്കുന്ന ഭാഷകളെ ദക്ഷിണപൂർവേഷ്യൻ ഭാഷകൾ എന്ന പേരിൽ അറിയപ്പെടുന്നു. ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകൾ എന്ന പേരിലും ഇവ അറിയപ്പെടുന്നുടുന്നുണ്ട്. ഇവയ്ക്ക് മോൺഖ്മർ, മുണ്ഡ, അന്നമീസ് മുവോങ് എന്നിങ്ങനെ മൂന്ന് ഉപവിഭാഗങ്ങളുണ്ട്. ഭാഷാപരമായ വിലയിരുത്തലിനുപുറമേ ചില ഭാഷാശാസ്ത്രകാരന്മാർ പ്രാദേശികതലത്തിലും ദക്ഷിണപൂർവേഷ്യൻ ഭാഷകളെ മൂന്ന് വിഭാഗമായി തരംതിരിക്കുന്നുണ്ട്. മലയോ-പോളിനേഷ്യൻ ഭാഷകൾ, സീനോ-തിബത്തൻ ഭാഷകൾ, മോൺഖ്മർ ഭാഷകൾ എന്നിവയാണിവ. മലയോ-പോളിനേഷ്യൻ ഭാഷകളെയും ആസ്റ്റ്രോ ഏഷ്യാറ്റിക് ഭാഷകളെയും ഒന്നിപ്പിച്ച് ആസ്റ്റ്രിക് ഭാഷാവിഭാഗമായി പരിഗണിക്കുന്ന ഭാഷാശാസ്ത്രജ്ഞരുമുണ്ട്. സ്വനപരവും ശാബ്ദികവും വ്യാകരണപരവുമായ സാദൃശ്യങ്ങളാണ് ഈ പരിഗണനയ്ക്കു വഴിയൊരുക്കുന്നത്.

ഭാഷാവിഭാഗങ്ങൾ

[തിരുത്തുക]

മോൺഖ്മർ ഉപവിഭാഗം

[തിരുത്തുക]

ഖ്മർ അഥവാ കമ്പോഡിയൻ മോൺ അഥവാ തലായ്ങ് എന്നീ ഭാഷകൾക്കുപുറമേ കമ്പോഡിയയിലും ദക്ഷിണ വിയറ്റ്നാമിലും പ്രചാരത്തിലുള്ള ചാമ്ഭാഷയും മലായ് ഉപദ്വീപിലെ സെമാങ്, സങ്കായ് ഭാഷകളും നിക്കോബാർ ദ്വീപുകളിലെ നിക്കോബാറീസും അസമിലെ ഖാസിയും മറ്റുമാണ് മോൺഖ്മർ ഉപവിഭാഗത്തിൽ ഉൾപ്പെടുന്നത്. വ്യാകരണപരമായി മോൺഖ്മർ ഭാഷകളിൽ പ്രത്യയങ്ങളുടെ (പുരപ്രത്യയം, മധ്യപ്രത്യയം, പരപ്രത്യയം) ഉപയോഗം കൂടുതലാണ്. ഒരേ അർഥമുള്ള വ്യത്യസ്ത ഭാഷാഘടകങ്ങൾ ചേർന്ന് പദം രൂപംകൊള്ളുന്നതിനാൽ ഇവയെ സംശ്ലിഷ്ടഭാഷകളെന്നു വിശേഷിപ്പിക്കാം. ഖ്മർ, മോൺ ഭാഷകൾക്ക് സ്വന്തമായ ലിപികളുണ്ട്. ഭാരതത്തിലെ അക്ഷരമാലകളിൽ നിന്ന് രൂപംകൊണ്ടവയാണിവ.

മുണ്ഡ ഉപവിഭാഗം

[തിരുത്തുക]

മുണ്ഡ ഉപവിഭാഗത്തിൽ ഇരുപതിലേറെ ഭാഷകൾ ഉൾപ്പെടുന്നു. ഉത്തരഭാരതത്തിലും മധ്യഭാരതത്തിലുമാണ് ഇവയിലേറെയും പ്രചാരത്തിലുള്ളത്. സന്താലിയാണ് ഈ വിഭാഗത്തിലെ മുഖ്യ ഭാഷ. പ്രത്യയങ്ങൾ കൂടുതലായുപയോഗിക്കുന്ന മുണ്ഡഭാഷകൾ സംശ്ലിഷ്ട ഭാഷകളാണ്. നാമങ്ങൾക്ക് രണ്ട് ലിംഗഭേദങ്ങളാണുള്ളത്. ചേതനം, അചേതനം എന്നിവയാണവ. മിക്ക മുണ്ഡ ഭാഷകൾക്കും മൂന്ന് വചനങ്ങൾ ഉണ്ടാകും; ഏകവചനം, ദ്വിവചനം, ബഹുവചനം എന്നിങ്ങനെ. പരപ്രത്യയങ്ങളും നാമശേഷമുള്ള നിപാതങ്ങളും എണ്ണത്തെയും സംബന്ധത്തെയും സൂചിപ്പിക്കാനാണ് ഉപയോഗപ്പെടുത്തുന്നത്. ഇന്തോ യൂറോപ്യൻ ഭാഷകളിൽ വിഭക്തിപ്രത്യയങ്ങളിലൂടെയാണ് ഇവ സൂചിപ്പിക്കുന്നത്.

അന്നമീസ് മുവോങ് ഉപവിഭാഗം

[തിരുത്തുക]

മുവോങ്, വിയറ്റ്നാമീസ് ഭാഷകളാണ് അന്നമീസ് മുവോങ് ഉപവിഭാഗത്തിലുള്ളത്. വിയറ്റ്നാമീസ് അടിസ്ഥാനപരമായി ഏകാക്ഷരപദപ്രധാനമാണ്. എങ്കിലും രണ്ടും അതിലധികവും അക്ഷരങ്ങളുള്ള പദങ്ങളും കുറവല്ല. ആറ് താനങ്ങളുള്ള ഈ ഭാഷ ഒരു ഈണഭാഷയായും അറിയപ്പെടുന്നു. സമനാമങ്ങളെ വേർതിരിച്ചറിയാൻ ഇവ ഉപകരിക്കുന്നു. നിപാതങ്ങൾ ഉപയോഗപ്പെടുത്തുന്ന വിയറ്റ്നാമീസ് ഭാഷയിൽ പുരപ്രത്യയങ്ങളോ പരപ്രത്യയങ്ങളോ ഇല്ല. പ്രത്യയരൂപസിദ്ധീകരണമില്ലാത്തതിനാൽ വ്യാകരണബന്ധങ്ങൾ പ്രകടിപ്പിക്കുന്നതിന് പദക്രമത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. വിയറ്റ്നാമീസ് ഭാഷയുടെ വർഗീകരണം ഇന്നും വിവാദ വിഷയമാണ്. ഒരു വിഭാഗം ഇതൊരു മോൺഖ്മർ ഭാഷയായി കരുതുമ്പോൾ മറ്റൊരു വിഭാഗം തായ് ഭാഷയായി കരുതുന്നു.

ഭൂമിശാസ്ത്രപരമായ ഭാഷാവിഭാഗങ്ങൾ

[തിരുത്തുക]

ഭൂമിശാസ്ത്രപരമായി ദക്ഷിണപൂർവേഷ്യൻ ഭാഷകളെ മൂന്നു വിഭാഗമായി തരം തിരിക്കുന്നു.

സീനോ-തിബത്തൻ ഭാഷകൾ

[തിരുത്തുക]

ഇതിൽ മുഖ്യവിഭാഗം സീനോ-തിബത്തൻ ഭാഷകളാണ്. ചൈനീസ്, ബർമീസ്, തിബത്തൻ, തായ്, ലാവോ എന്നിവയാണ് ഈ വിഭാഗത്തിലെ മുഖ്യ ഭാഷകൾ. സീനോ-തിബത്തൻ വിഭാഗത്തെ മൂന്നു ഉപവിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു:

  1. തിബത്തോ-ബർമൻ,
  2. ചൈനീസ്,
  3. തായ്.

ഇവയിൽ തായ്, ചൈനീസ് ഭാഷകളെ മാത്രം വേർതിരിച്ച് സീനോ-സയാമീസ് ഉപവിഭാഗമായി പരിഗണിക്കുന്നവരുമുണ്ട്. സീനോ- തിബത്തൻ വിഭാഗത്തിലെ ഉപവിഭാഗമായ ചൈനീസ് ഭാഷയ്ക്കു വ്യത്യസ്തമായ അനേകം വകഭേദങ്ങളുണ്ടെങ്കിലും അവയെല്ലാം ചൈനീസ് ഭാഷാഭേദങ്ങളായാണ് കരുതപ്പെടുന്നത്. തായ്ലൻഡിലും വിയറ്റ്നാമിലും ചൈനയിലെ ചുനാൻ പ്രവിശ്യയിലും പ്രചാരത്തിലുള്ള തായ് ഭാഷയ്ക്കും അനേകം ഭാഷാഭേദങ്ങളുണ്ട്. പദങ്ങൾ ഏറെയും ഏകാക്ഷരങ്ങളാണ്. പ്രത്യയങ്ങൾ ഇല്ലാത്തതിനാൽ വ്യാകരണ ബന്ധങ്ങളെ സൂചിപ്പിക്കുന്നത് പദക്രമമാണ്. താനഭാഷ ആയതുകാരണം ഈണത്തിലുള്ള വ്യതിയാനം അർഥവ്യത്യാസത്തെയും സൂചിപ്പിക്കുന്നു. നൂറ്റാണ്ടുകളായി ചൈനീസ്, ഖ്മർ, പാലി, സംസ്കൃതം തുടങ്ങിയ ഭാഷകളിൽനിന്ന് അനേകം പദങ്ങൾ തായ് ഭാഷയിലേക്ക് ആദാനം ചെയ്തിട്ടുണ്ട്. സ്വന്തമായ അക്ഷരമാലയുള്ള ഭാഷയാണ് തായ്.

തിബത്തോ-ബർമൻ ഭാഷകൾ

[തിരുത്തുക]

തിബത്തോ-ബർമൻ ഭാഷകളിൽ തിബത്തൻ, ബർമീസ് ഭാഷകൾക്കു പുറമേ ബോഡോ, ഗാരോ, കചിൻ തുടങ്ങിയ ചെറുഭാഷകളും ഉൾപ്പെടുന്നു. ഇവയും താന ഭാഷകളാണ്. ഇവയിൽ ഏകാക്ഷര പദങ്ങൾക്കു പ്രാധാന്യം കുറവാണ്. സംശ്ലിഷ്ട സ്വഭാവമുള്ള ഈ ഭാഷകളിൽ പ്രത്യയങ്ങൾക്ക് പ്രാധാന്യമുണ്ട്.

മലയോ-പോളിനേഷൻ ഭാഷകൾ

[തിരുത്തുക]

ദക്ഷിണപൂർവേഷ്യൻ ഭാഷകളുടെ ഭൂമിശാസ്ത്രപരമായ വിഭജനത്തിൽ വരുന്ന മറ്റൊരു വിഭാഗമാണ് മലയോ-പോളിനേഷ്യൻ ഭാഷകൾ. ആസ്ട്രൊനേഷ്യൻ ഭാഷകൾ എന്ന പേരിലും ഇവ അറിയപ്പെടുന്നു. ഇന്തോനേഷ്യൻ, മലായ്, ജാവനീസ്, സുൻഡാനീസ്, മഡുരിസ്, തഗലോഗ്, വിശായൻ, മലഗാസി എന്നിവയാണ് ഈ വിഭാഗത്തിലെ മുഖ്യ ഭാഷകൾ. ഇന്തോനേഷ്യൻ, മൈക്രോനേഷ്യൻ, മെലനേഷ്യൻ, പോളിനേഷ്യൻ എന്നീ ഉപവിഭാഗങ്ങളിലായി മലയോ-പോളിനേഷ്യൻ ഭാഷകളെ ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്തോനേഷ്യൻ ഭാഷ ഇന്തോനേഷ്യയിലും മലായ് ഭാഷ മലേഷ്യയിലും തഗലോഗ് ഫിലിപ്പൈൻസിലും മലഗാസി മഡഗാസ്കറിലും ഔദ്യോഗിക ഭാഷകളാണ്. ഇന്തോനേഷ്യയിൽ ഇന്തോനേഷ്യൻ ഭാഷയ്ക്കു പുറമേ ജാവനീസ്, സുഡാനീസ്, മഡുരീസ്, അകിനീസ്, ബടക് തുടങ്ങിയ ഭാഷകളും പ്രചാരത്തിലുണ്ട്. പസിഫിക് ദ്വീപുകളിൽ നൂറുകണക്കിന് മലയോ-പോളിനേഷ്യൻ ഭാഷകളാണ് പ്രചാരത്തിലുള്ളത്.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദക്ഷിണപൂർവേഷ്യൻ ഭാഷകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.