ആശാൻ സ്മാരക സാഹിത്യ വേദി, പെരുമ്പാവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെരുമ്പാവൂർ ആസ്ഥാനമായി 1974 തുടങ്ങിയ സാഹിത്യ കൂട്ടായ്മയാണ് ആശാൻ സ്മാരക സാഹിത്യ വേദി. കുന്നത്തുനാട് എസ്.എൻ.ഡി.പി ലൈബ്രറിയിൽ തുടങ്ങിയ ആശാൻ കോർണർ ആണ് പിന്നീട് ആശാൻ സ്മാരക സാഹിത്യ വേദിയായി മാറുന്നത്.

കുന്നത്തുനാട് യൂണിയൻ സ്ഥാപക നേതാവായ ഇ.വി കൃഷ്ണൻ മുൻകയ്യെടുത്താണ് സാഹിത്യവേദി തുടങ്ങുന്നത്. എങ്കിൽ പോലും എല്ലാ മത, സമുദായ, രാഷ്ട്രീയ ചിന്താഗതിക്കാർക്കും സാഹിത്യ വേദിയിൽ തുടക്കം മുതൽ തന്നെ പ്രവേശനം ലഭിച്ചിരുന്നു.

പ്രശസ്ത നോവലിസ്റ്റ് എസ്.കെ മാരാർ, ഡോ.കെ.എ ഭാസ്‌കരൻ, മലയാറ്റൂർ രാമകൃഷ്ണൻ തുടങ്ങിയ പ്രമുഖരാണ് സാഹിത്യവേദിയുടെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചിരുന്നവരിൽ ചിലർ. പാലാ ശ്രീധരൻ, മുളക്കുളം പരമേശ്വരൻ, പി.ആർ ഹരികുമാർ, ഇ.വി നാരായണൻ, സുരേഷ് കീഴില്ലം തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ സെക്രട്ടറിമാരായി.

തകഴി ശിവശങ്കരപ്പിള്ള, ഉറൂബ്, എസ്.കെ പൊറ്റക്കാട് തുടങ്ങിയ പ്രമുഖ സാഹിത്യകാരൻമാർ പെരുമ്പാവൂർ പട്ടണത്തിലെത്തിയത് സാഹിത്യവേദിയുടെ ക്ഷണം സ്വീകരിച്ചായിരുന്നു.

ഇന്നും സാഹിത്യ വേദി പെരുമ്പാവൂരിലെ സജീവ സാന്നിദ്ധ്യമാണ്. മുടങ്ങാത്ത പ്രതിമാസ കൂട്ടായ്മകളിൽ വിശിഷ്ട വ്യക്തികൾ അതിഥികളായെത്തുന്നു. അംഗങ്ങൾ തങ്ങളുടെ രചനകൾ വായിച്ച് ചർച്ച ചെയ്യുന്നു. പുസ്തക പ്രകാശനം, പുസ്തക ചർച്ച, അനുസ്മരണങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായുണ്ട്. 2013 മുതൽ സാഹിത്യ വേദി സാഹിത്യ പുരസ്‌കാരം ഏർപ്പെടുത്തുകയുണ്ടായി. ആദ്യ കഥാ പുരസ്‌കാരം അരുൺ രാമകൃഷ്ണനും കവിതാ പുരസ്‌കാരം അശ്വതി നാരായണനും ലഭിച്ചു.