ആലൻ അയ്ക്ബോൺ
ആലൻ അയ്ക്ബോൺ | |
---|---|
Sir Alan Ayckbourn at the National Theatre, April 2010 | |
ജനനം | Hampstead, London | ഏപ്രിൽ 12, 1939
തൊഴിൽ | Playwright and director |
ദേശീയത | British |
കാലഘട്ടം | 1959– |
വെബ്സൈറ്റ് | |
http://www.alanayckbourn.net |
ആലൻ അയ്ക്ബോൺ ഇംഗ്ലീഷ് നാടകകൃത്തും നടനും സംവിധായകനുമാണ്. 1939 ഏപ്രിൽ 12-നു ലണ്ടനിൽ ജനിച്ചു.
ജീവിതരേഖ
[തിരുത്തുക]ഹെയ്ലിബറിയിലും ഹാർട്ഫഡ്ഷയറിലെ ഇമ്പീരിയൽ സർവീസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. ഡോനാൾഫ് വോൾഫിറ്റ്സ് കമ്പനിയിലെ നാടകസംവിധായകൻ, സ്റ്റോക്-ഓൺ-ട്രെന്റിലെ വിക്റ്റോറിയാ തിയെറ്ററിന്റെ സ്ഥാപകാംഗം എന്നീ നിലകളിൽ കുറേക്കാലം പ്രവർത്തിച്ചു. 1964 മുതൽ 70 വരെ ലീഡ്സിൽ ബി.ബി.സി.യുടെ റേഡിയോ നാടകനിർമാതാവായിരുന്നു. പിന്നീട് സ്കാർബറോ തിയെറ്റർ ട്രസ്റ്റിന്റെ കലാസംവിധായകനായി.
പ്രധാന നാടകങ്ങൾ
[തിരുത്തുക]- ദ് സ്ക്വയർ കാറ്റ് (1959)
- സ്റ്റാൻഡിങ് റൂം ഒൺലി (1962)
- മിസ്റ്റർ വാട്ട് നാട്ട് (1963)
- റിലേറ്റിവ്ലി സ്പീക്കിങ് (1967)
- ഹൗ ദി അദർ ഹാഫ് ലിവ്സ് (1969)
- റ്റൈം അൻഡ് റ്റൈം എഗെയ് ൻ (1971)
- ആബ്സന്റ് ഫ്രൻഡ്സ് (1975)
- ബെഡ്റൂം ഫാഴ്സ് (1977)
എന്നിവയാണ് അയ്ക്ബോണിന്റെ നാടകങ്ങളിൽ പ്രധാനം. തന്റെ സമകാലികരിൽ പലരെയുംപോലെ ഇദ്ദേഹവും അഭിനയത്തിലൂടെയാണ് നാടകകലയിൽ പരിശീലനം നേടിയത്. നർമബോധം, ഇതിവൃത്താവതരണത്തിലെ ചടുലത, സ്ഥലകാലൈക്യത്തെപ്പറ്റിയുള്ള മൗലികബോധം, കഥാപാത്രങ്ങളുടെ ക്രിയാനൈരന്തര്യം എന്നിവ ഇദ്ദേഹത്തിന്റെ നാടകങ്ങളുടെ സവിശേഷതകളാണ്.
ഹാസ്യനാടകങ്ങൾ
[തിരുത്തുക]പ്രേക്ഷകരെ ചിരിപ്പിക്കുകയാണ് അയ്ക്ബോണിന്റെ മുഖ്യഉദ്ദേശ്യം. ജീവിതത്തെക്കുറിച്ചുള്ള സമഗ്രമായ ദർശനമോ സന്ദേശമോ ഇല്ലെന്നുതന്നെ പറയാം. വിഭ്രമജനകമായ നാടകീയ സന്ദർഭങ്ങളെ വികസിപ്പിച്ചെടുക്കുന്ന പ്രഹസനങ്ങളാണു കൃതികളിൽ പലതും. ലണ്ടൻ നിവാസികൾ ബസുകളിലും കാറുകളിലും താമസമാക്കാൻ ഇടയാക്കുന്ന തരത്തിലുള്ള ഗതാഗതസ്തംഭനത്തെക്കുറിച്ചുള്ള ഹാസ്യഭാവനയാണു സ്റ്റാൻഡിങ് റൂം ഒൺലി എന്ന നാടകം. സുമുഖനായ ഒരു യുവാവു തന്റെ കാമുകിയുടെ വീടാണെന്നു തെറ്റിദ്ധരിച്ച് അവളുടെ ആദ്യകാമുകന്റെ വീട്ടിലേക്കു കയറിച്ചെല്ലുന്നതിനെത്തുടർന്നുണ്ടാകുന്ന ഹാസ്യോദ്ദീപകമായ രംഗങ്ങൾ റിലേറ്റിവ്ലി സ്പീക്കിങ് എന്ന നാടകത്തിൽ വിദഗ്ദ്ധമായി ചിത്രീകരിക്കുന്നു. ഹൗ ദി അദർ ഹാഫ് ലിവ്സ് എന്ന നാടകത്തിലാകട്ടെ, വ്യത്യസ്ത സ്വഭാവങ്ങളോടുകൂടിയ ഒരു ഉപരിമധ്യവർഗകുടുംബത്തെയും ഒരു അധോമധ്യവർഗകുടുംബത്തെയും ഒരേ സ്റ്റേജിൽ അവതരിപ്പിച്ച് അതിൽനിന്നു ഫലിതം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
നാടകനടൻ
[തിരുത്തുക]- സെർവീസ് നോട്ട് ഇൻക്ളൂഡഡ് (1974)
- തിയെറ്റർ (1976)
എന്നു രണ്ടു ടെലിവിഷൻ നാടകങ്ങൾകൂടി അയ്ക്ബോൺ രചിച്ചിട്ടുണ്ട്. ഇദ്ദേഹം സംവിധാനം ചെയ്ത നാടകങ്ങളിൽ പ്രധാനം
- ദ് കെയർറ്റെയ്ക്കർ (ഹാരോൾഡ് പിന്റർ)
- ദ് ഗ്ലാസ് മെനാജറി (റ്റെനസി വില്യംസ്)
- അങ്കിൾ വന്യ (ചെക്കോഫ്)
- ദ് ബ്രെഡ് വിനർ (സോമർസെറ്റ് മോം) എന്നിവയാണ്.
- ദ് ഡം വെയ്റ്റർ (ഹാരോൾഡ് പിന്റർ)
- വെയ്റ്റിങ് ഫോർ ഗോദോ (ബെക്കറ്റ്)
- ദ് ജ്യൂ ഒഫ് മാൾട്ടാ (മാർലോ)
തുടങ്ങിയ നാടകങ്ങളിലെ അഭിനയം ഇദ്ദേഹത്തിന്റെ പ്രശസ്തി വളരെയേറെ വർധിപ്പിച്ചു.
അവലംബം
[തിരുത്തുക]- http://www.alanayckbourn.net/
- http://www.britannica.com/EBchecked/topic/46445/Sir-Alan-Ayckbourn
- http://www.imdb.com/name/nm0043697/
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അയ്ക്ബോൺ, ആലൻ (1939 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |