Jump to content

ആലീസ് നഹോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലീസ് നഹോൺ
Alice Nahon
Alice Nahon (1921)
ജനനം
(1896-08-23)23 ഓഗസ്റ്റ് 1896
മരണം21 മേയ് 1933(1933-05-21) (പ്രായം 36)
ദേശീയതബൽജിയം
തൊഴിൽpoet

ആലീസ് നഹോൺ (ജീവിതകാലം: 23 ഓഗസ്റ്റ് 1896 - 21 മെയ് 1933) ആന്റ്‌വെർപ്പിൽ നിന്നുള്ള ബെൽജിയൻ കവിയത്രിയായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

1896 ഓഗസ്റ്റ് 23 ന് ആന്റ്‌വെർപ്പിലാണ് ആലീസ് നഹോൺ ജനിച്ചത്. പതിനൊന്ന് കുട്ടികളുള്ള ഒരു കുടുംബത്തിലെ മൂന്നാമത്തെ കുട്ടിയായിരുന്നു അവർ. അവരുടെ പിതാവ് ജെറാർഡ് എൽ. നഹോൺ ജനിച്ചത് നെതർലാൻഡിലായിരുന്നുവെങ്കിലും ഹ്യൂഗനോട്ട് വംശജനായിരുന്നു.[1] മാതാവ് ജൂലിയ ഗിജ്സെമാൻസ് ജനിച്ച മെചെലനിനു[2] സമീപസ്ഥമായ പുട്ടെയിലാണ് ആലീസ് തന്റെ കുട്ടിക്കാലത്തെ കൂടുതൽ സമയവും ചെലവഴിച്ചത്. ഔഡ് ഗോഡിലെ പ്രൈമറി സ്കൂളിൽ (ഇംഗ്ലീഷ്: ഓൾഡ് ഗോഡ്) പ്രാഥമിക വിദ്യാഭ്യാസം നേടിയ ആലിസ് 1911 മുതൽ ഓവർജിസിലെ സ്കൂൾ ഫോർ അഗ്രികൾച്ചറിൽ ചേരുകയും അവിടെനിന്നു ബിരുദം നേടുകയും ചെയ്തു.

എന്നിരുന്നാലും, ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് ആന്റ്‌വെർപ്പിലെ സ്റ്റുയിൻ‌ബെർഗ് ആശുപത്രിയിൽ ആതുരസേവന പരിശീലനം നടത്തുകയായിരുന്നു അവർ. ആഴ്ചകളോളംനീണ്ട കഠിനാധ്വാനത്തിനുശേഷം, കേവലം പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള അവർക്ക് അസുഖം പിടിപെടുകയും ശ്വാസകോശത്തിന് തകരാർ സംഭവിച്ചതായി അനുഭവപ്പെടുകയും ചെയ്തു. അപ്പോഴും അക്കാദമി വാൻ ആന്റ്‌വെർപെനിൽ (ഇംഗ്ലീഷ്: അക്കാദമി ഓഫ് ആന്റ്‌വെർപ്), പോൾ ഡി മോണ്ടിന്റെ സാഹിത്യ ക്ലാസുകളിലും മറ്റും അവർ പഠനം നടത്തിയിരുന്നു. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ അവർക്ക് സാനട്ടോറിയയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുകയും 1917 മുതൽ ആറ് വർഷം ടെസെൻഡെർലോയിലെ സിന്റ്-ജോസെഫ്സിൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയ്ക്കായി താമസിക്കുകയും ചെയ്തു. ക്ഷയരോഗബാധിതയാണെന്നും കൂടുതൽ കാലം ജീവിച്ചിരിക്കാൻ സാദ്ധ്യതയില്ലെന്നും ഇൻസ്റ്റിറ്റ്യൂട്ടിലെ വൈദ്യന്മാർ അവരെ ബോധ്യപ്പെടുത്തി. അതോടെ ഒരു വിഷാദരോഗിയായിത്തീർന്ന അവർ ഗ്വിഡോ ഗെസെല്ലെ പോലുള്ള പ്രിയപ്പെട്ട കവികളുടെ കൃതികൾ വായിക്കാൻ തുടങ്ങുകയും സ്വന്തമായി കവിതകൾ എഴുതുന്നതിൽ ആശ്വാസം കണ്ടെത്തുകയും ചെയ്തു.

ടെസെൻഡെർലോയിൽ താമസിക്കുന്നതിനിടെ അവരുടെ ആദ്യ കവിതകൾ വ്ലാംഷ് ലെവനിൽ പ്രസിദ്ധീകരിക്കപ്പെട്ടു. സിന്റ്-ജോസെഫ്സിൻ‌സ്റ്റിറ്റ്യൂട്ടിൽ താമസിക്കുന്നതിനിടെ അവൾ വൊണ്ടലിംഗ്‌സ്കെൻസ് (1920), ഓപ്പ് സാച്ചെ വൂയിസെകെൻസ് (1921) എന്നിങ്ങനെ രണ്ട് കവിതാസമാഹാരങ്ങൾ എഴുതുകയും വളരെയധികം പ്രചാരം നേടിയ അവ കാൽ ദശലക്ഷത്തിൽ കുറയാത്ത പകർപ്പുകൾ വിറ്റഴിക്കുകയും ചെയ്തു. പ്രകൃതിയോടുള്ള സ്‌നേഹം, ലളിതമായ കാര്യങ്ങളോടുള്ള ആദരവ്, സ്വന്തം ദുഖത്തോടൊപ്പം മറ്റുള്ളവരുടെയും കഷ്ടപ്പാടുകളിൽ പങ്കുചേരുക, മതപരമായ പ്രചോദനം എന്നിവയെ സാക്ഷ്യപ്പെടുത്തുന്നവയായിരുന്നു അവരുടെ കവിതകൾ.

നിരവധി ആരാധകരുടെ ഔദാര്യത്തിന് നന്ദി പറഞ്ഞുകൊണ്ട്, അവർ ഒരു വിദേശ ഡോക്ടറെ സമീപിക്കാൻ തീരുമാനിച്ചു. 1923 ജനുവരിയിൽ അവർ ബെൽജിയം വിട്ട് സ്വിറ്റ്‌സർലൻഡിലെ ലുസെർനിലേക്ക് പോയി. പുതിയ അന്വേഷണങ്ങൾക്ക് ശേഷം, അവരുടെ അസുഖം ക്ഷയരോഗമല്ല, വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ് ആണെന്നു കണ്ടെത്തി. വർഷങ്ങൾ സാനിറ്റോറിത്തിൽ നഷ്ടപ്പെട്ട അവർ ഇറ്റലിയിലേക്ക് അയക്കപ്പെടുകയും അവിടെയെത്തിയശേഷം താമസിയാതെ സുഖപ്പെടുകയും ചെയ്തു. ലാൻഡെസിലും പാരീസിലും കുറച്ചുകാലം ചെലവഴിച്ച ശേഷം ആന്റ്‌വെർപ്പിലേക്ക് മടങ്ങിയെത്തുകയും ഹേഗിലും ആംസ്റ്റർഡാമിലും പുതിയ വൈദ്യചികിത്സ നടത്തുകയും ചെയ്തു.

വീണ്ടുകിട്ടിയ സ്വാതന്ത്ര്യം അവർ ആവോളം ആസ്വദിക്കുകയും ഫ്ലാൻഡേഴ്സിലൂടെയും നെതർലാൻഡിലൂടെയും പ്രശസ്ത കവിയത്രിയെന്ന നിലയിൽ യാത്ര ചെയ്യുകയും കലാകാരന്മാർക്കിടയിൽ ധാരാളം സുഹൃത്തുക്കളെ നേടുകയും ചെയ്തു. 1927 ൽ മെക്കലനിൽ ടൗൺ ലൈബ്രേറിയനായി നിയമിതയായി. ഇവിടെ അവൾ തികച്ചും സ്വതന്ത്രമായ ഒരു ജീവിതരീതി ആരംഭിക്കുകയും, ഫെർണാണ്ട് ബെർക്ക്‌ലേഴ്‌സ്, ഗിയർട്ട് പിജ്‌നെൻബർഗ് തുടങ്ങിയ കലാകാരന്മാരുമായി പരിചയപ്പെടുകയും ചെയ്തു. എന്നിരുന്നാലും മൗറിറ്റ്സ് സാബ്ബെ, ജെറാർഡ് വാൾഷാപ്പ് തുടങ്ങിയ പരമ്പരാഗത എഴുത്തുകാരുമായും അവർ സൌഹൃദത്തിലായിരുന്നു.

അവലംബം

[തിരുത്തുക]
  1. "Manu van der Aa, 'Love is what I have loved'. The life of Alice Nahon (1896–1933)" (PDF). University of Groningen. Retrieved 17 May 2015.
  2. "Manu van der Aa, 'Love is what I have loved'. The life of Alice Nahon (1896–1933)" (PDF). University of Groningen. Retrieved 17 May 2015.
"https://ml.wikipedia.org/w/index.php?title=ആലീസ്_നഹോൺ&oldid=3769932" എന്ന താളിൽനിന്ന് ശേഖരിച്ചത്