ആലത്തൂർ അനുജൻ നമ്പൂതിരിപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും വൈദ്യശാസ്ത്രത്തിലും വിജയം വരിച്ച ഒരു കേരളീയപണ്ഡിതനായിരുന്നു ആലത്തൂർ അനുജൻ നമ്പൂതിരിപ്പാട്‍. കൊച്ചി വടക്കാഞ്ചേരി ആലത്തൂർ ജനാർദനൻ നമ്പൂതിരിയുടെ പുത്രനായി കൊല്ലവർഷം 1057 മേടം 12-ന് (1882 ഏപ്രിൽ) ജനിച്ചു. കൃഷ്ണൻ എന്നായിരുന്നു പേര്. ഗുരുകുല സമ്പ്രദായപ്രകാരം പ്രഗല്ഭൻമാരായ ആചാര്യൻമാരുടെ അടുത്തുനിന്നു കാവ്യനാടകാലങ്കാരങ്ങളും വേദശാസ്ത്രങ്ങളും വൈദ്യവും അഭ്യസിച്ച് നമ്പൂതിരിസമുദായത്തിന്റെ സർവതോമുഖമായ പുരോഗതിക്കുവേണ്ടിയുള്ള യത്നങ്ങളിൽ പങ്കെടുത്തു. അസാധാരണമായ കവിതാവാസനയാൽ അനുഗൃഹീതനായിരുന്ന ഇദ്ദേഹം 22-ആമത്തെ വയസ്സിൽ ബ്രഹ്മാനന്ദവിലാസം കാവ്യവും വേളീമഹോത്സവം തുള്ളലും രചിച്ചു. സാഹിത്യസൌരഭം (കവിതാസമാഹാരം), ഭർത്തൃഹരിസുഭാഷിതം (കിളിപ്പാട്ട്), ശ്രീമൂലശതകം (കാവ്യം), റാണി ഗംഗാധര ലക്ഷ്മി (ചരിത്രാഖ്യായിക) എന്നിവയാണ് മറ്റു പ്രധാന കൃതികൾ. ലന്തക്കാർ പറങ്കികളെ തോല്പിച്ചു കൊടുങ്ങല്ലൂരിലെയും കൊച്ചിയിലെയും കോട്ടകൾ പിടിച്ചടക്കിയ കൊല്ലം 9-ആം നൂറ്റാണ്ടിന്റെ പൂർവാർധത്തിലെ കൊച്ചി രാജ്യചരിത്രം പശ്ചാത്തലമാക്കി നിർമിച്ചിട്ടുള്ള റാണി ഗംഗാധരലക്ഷമിയാണ് ഇവയിൽ ഏറ്റവും ശ്രദ്ധേയം. 1943 ജനുവരി 7-ന് ഇദ്ദേഹം അന്തരിച്ചു.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുജൻ_നമ്പൂതിരിപ്പാട്,_ആലത്തൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.