ആറയൂർ ശ്രീ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആറയൂർ മഹാദേവക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തിരുവനന്തപുരം
പ്രദേശം:ആറയൂർ
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::പരമശിവൻ, പാർവ്വതി
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം, ശിവരാത്രി, തിരുവാതിര
History
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാലയ്ക്ക് സമീപം ചെങ്കൽ വില്ലേജിൽ ആറയൂരിൽ സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് ആറയൂർ ശ്രീ മഹാദേവക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു മേജർ ക്ഷേത്രമാണ് ഇത്. ഇവിടെ പരമശിവൻ ധ്യാനഭാവത്തിൽ കിഴക്കോട്ട് ദർശനമായി കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. കൂടാതെ ധാരാളം ഉപദേവതകളുമുണ്ട്.

ഐതിഹ്യം[തിരുത്തുക]

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം പണ്ട് ഒരു കൊടുംകാടായിരുന്നുവത്രേ. അവിടെ ഒരുപാട് മഹർഷിമാർ താമസിച്ചിരുന്നു. ഒരിയ്ക്കൽ അവർക്ക് ഒരു സ്വപ്നദർശനമുണ്ടായി. സാക്ഷാൽ പരമശിവൻ പാർവ്വതീദേവിയോടൊത്ത് അടുത്തുള്ള നദിയിലൂടെ തോണിയിൽ ഉല്ലാസയാത്ര നടത്തിവരുന്നതായിരുന്നു ആ സ്വപ്നം. പിന്നീട് അവർ അവിടെ പാർവ്വതീസമേതനായി ശിവനെ ഭജിച്ചുവന്നു. ഒടുവിൽ പാർവ്വതീപരമേശ്വരന്മാർ അവർക്ക് ദർശനമേകുകയും അവിടെത്തന്നെ നിത്യസാന്നിദ്ധ്യം ചെയ്തുകൊള്ളാമെന്ന് പറയുകയും ചെയ്തു.

ഒരുപാട് വർഷങ്ങൾക്കുശേഷം ഇവിടെ പുല്ലരിയാൻ വന്ന സ്ത്രീകൾ തങ്ങളുടെ അരിവാളിന് മൂർച്ഛ കൂട്ടാനായി ഒരു കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെ രക്തപ്രവാഹമുണ്ടായി. തുടർന്ന് അവർ സ്ഥലത്തെ ചില പ്രമാണിമാരെപ്പോയി ഈ വിവരം അറിയിച്ചു. അന്വേഷിച്ചപ്പോൾ സ്വയംഭൂവായ ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടായതെന്ന് അവർ കണ്ടു. തുടർന്ന് അവിടെയൊരു ക്ഷേത്രവും പണിതു. അതാണ് ആറയൂർ ശ്രീ മഹാദേവക്ഷേത്രം.

ക്ഷേത്രം[തിരുത്തുക]

തിരുവനന്തപുരം നഗരത്തിൽ നിന്ന് ഉദ്ദേശം 30 കിലോമീറ്റർ തെക്കുമാറിയാണ് ആറയൂർ ഗ്രാമം. ചരിത്രനോവലുകളുടെ സ്രഷ്ടാവായ സി.വി. രാമൻ പിള്ളയുടെ ജന്മഗൃഹം ഇവിടെയാണ്. അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് അല്പം കൂടിപ്പോയാൽ ക്ഷേത്രകവാടത്തിനരികിലെത്താം. പ്രകൃതിരമണീയമായ സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചുറ്റും നെൽപ്പാടങ്ങളും തോട്ടങ്ങളുമാണ്. അതായത്, ഇന്നും ബാക്കിനിൽക്കുന്ന ഗ്രാമസൗന്ദര്യത്തിന്റെ കാഴ്ചകൾ അങ്ങിങ്ങായി കാണാം.

ക്ഷേത്രമതിൽക്കകത്ത് സ്ഥലം താരതമ്യേന കുറവാണ്. സാധാരണ ക്ഷേത്രങ്ങളുടെ വലിപ്പമേയുള്ളൂ. കിഴക്കുഭാഗത്തുകൂടെ ഒരു ചെറിയ തോട് ഒഴുകുന്നു. പണ്ട് ഈ തോട് വലിയൊരു നദിയായിരുന്നുവത്രേ. ഈ നദിയിലൂടെയാണ് പാർവ്വതീപരമേശ്വരന്മാർ ഉല്ലാസയാത്ര നടത്തിവരുന്നതായി മഹർഷിമാർക്ക് സ്വപ്നത്തിൽ ദൃശ്യമായതത്രേ. ഈ തോട് പിന്നീടൊഴുകി നെയ്യാർ നദിയിൽ ചെന്നുചേർന്ന് കടലിൽ പതിയ്ക്കുന്നു. വടക്കുഭാഗത്ത് ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രമുറ്റത്ത് ധാരാളം മരങ്ങൾ കാണാം. അവയിൽ വടക്കുകിഴക്കുഭാഗത്തുള്ള ഒരു ആൽമരത്തിന്റെ ചുവട്ടിൽ നാഗദൈവങ്ങളുടേയും യക്ഷിയമ്മയുടെയും പ്രതിഷ്ഠ കാണാം. നാഗദൈവങ്ങൾക്ക് ഇവിടെ നിത്യവും നൂറും പാലും സമർപ്പണമുണ്ട്. തൊട്ടടുത്ത് നവഗ്രഹപ്രതിഷ്ഠയും കാണാം. അത്യപൂർവ്വമായ ഈ പ്രതിഷ്ഠ ഈയടുത്ത കാലത്താണ് ഉണ്ടായത്.

മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ആനക്കൊട്ടിൽ പണിതിട്ടില്ല. എന്നാൽ കൊടിമരമുണ്ട്. ഇവിടെ ചെമ്പുകൊടിമരമാണുള്ളത്. ഭഗവദ്വാഹനമായ നന്തിയെ ശിരസ്സിലേറ്റുന്ന ഈ കൊടിമരം കടന്നാൽ ബലിക്കൽപ്പുരയാണ്. താരതമ്യേന ചെറിയ ബലിക്കൽപ്പുരയാണ്. ബലിക്കല്ലും തീരെ ചെറുതാണ്. ഇത് രണ്ടും കടന്നാൽ പരമപവിത്രമായ നാലമ്പലത്തിലെത്താം. നാലമ്പലവും താരതമ്യേന ചെറുതാണ്. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും കാണാം. പ്രവേശനകവാടത്തിന് ഇരുവശവും വാതിൽമാടങ്ങളാണ്. ഇവ നാമജപം മുതലായ പരിപാടികൾക്ക് ഉപയോഗിയ്ക്കുന്നു.

സാമാന്യം വലിപ്പമുള്ള ഒറ്റനില വട്ടശ്രീകോവിലാണിവിടെ. ചെമ്പുമേഞ്ഞ മേൽക്കൂരയോടും സ്വർണ്ണത്താഴികക്കുടത്തോടും കൂടി പരിശോഭിയ്ക്കുന്ന ഈ ശ്രീകോവിലിലാണ് ആറയൂരപ്പന്റെ പ്രതിഷ്ഠ. ധ്യാനഭാവത്തിലുള്ള ശിവനായാണ് (ദക്ഷിണാമൂർത്തി) പ്രതിഷ്ഠാസങ്കല്പം. ഒന്നരയടി പൊക്കം വരുന്ന സ്വയംഭൂവായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവി ഭഗവാനോടൊത്ത് നിത്യസാന്നിദ്ധ്യം ചെയ്യുന്നുവെന്നാണ് വിശ്വാസം.ഈയടുത്ത് നടന്ന ദേവപ്രശ്നത്തിൽ ദേവിയ്ക്ക് പ്രത്യേകം പ്രതിഷ്ഠ വേണമെന്ന് നിർദ്ദേശിച്ചിരുന്നു.

നാലമ്പലത്തിനകത്ത് വേറെയും മൂന്ന് ശ്രീകോവിലുകൾ കാണാം. തെക്കുപടിഞ്ഞാറുഭാഗത്ത് ഒന്നും, വടക്കുപടിഞ്ഞാറുഭാഗത്ത് രണ്ടുമാണ് ശ്രീകോവിലുകൾ. തെക്കുപടിഞ്ഞാറുഭാഗത്തെ ശ്രീകോവിലിൽ ഗണപതിയും വടക്കുപടിഞ്ഞാറുഭാഗത്തെ ശ്രീകോവിലുകളിൽ യഥാക്രമം സുബ്രഹ്മണ്യനും ദുർഗ്ഗാദേവിയുമാണ് കുടികൊള്ളുന്നത്. ഇവർക്കുമുന്നിൽ പ്രത്യേകമണ്ഡപങ്ങളുമുണ്ട്.

ക്ഷേത്രനാലമ്പലത്തിന് പുറത്ത് തെക്കുകിഴക്കേമൂലയിൽ രക്ഷസ്സ് പ്രതിഷ്ഠയുണ്ട്. തെക്കുപടിഞ്ഞാറേമൂലയിൽ ശാസ്താവ് കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. ഇവിടെ ശാസ്താ സാന്നിദ്ധ്യം നേരത്തെ ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ, ഒരു ഉപദേവതയിൽ കവിഞ്ഞ പ്രാധാന്യം ഇവിടെ ശാസ്താവിനുണ്ട്. ശാസ്താവിന് സമീപം ഭൂതത്താൻ കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. ശ്രീഭൂതനാഥൻ എന്ന ഭൂതത്താൻ ശ്രീ മഹാദേവൻറെ പരിവാര ദേവനാണ്. പൂജാഭാഗമായി അഭിഷേകം , രണ്ടുനേരം നിവേദ്യം, സന്ധ്യായ്ക്ക് ദീപാരാധന തുടങ്ങിയവയുണ്ട്. ആറയൂരിലെ ഭൂതത്താൻ സ്വയംഭൂവായ ശിവചൈതന്യമാണ്.

പൂജാക്രമങ്ങളും വഴിപാടുകളും[തിരുത്തുക]

നിത്യേന മൂന്നുപൂജകളും മൂന്നുശീവേലികളുമുള്ള ക്ഷേത്രമാണ് ആറയൂർ മഹാദേവക്ഷേത്രം. പുലർച്ചെ അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. ആദ്യം നിർമ്മാല്യദർശനമാണ്. പിന്നീട് അഭിഷേകം തുടങ്ങുന്നു. അതിനുശേഷം മലർ നിവേദ്യമാണ്. പിന്നെ ഉഷഃപൂജ. ഉഷഃപൂജയ്ക്കുശേഷം ഉഷഃശീവേലി നടക്കുന്നു. പിന്നീടാണ് ക്ഷേത്രത്തിലെ ധാര. പത്തുമണിയ്ക്ക് ഉച്ചപ്പൂജയും പത്തരയ്ക്ക് ഉച്ചശീവേലിയും കഴിഞ്ഞ് പതിനൊന്നുമണിയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് നട വീണ്ടും തുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടക്കുന്നു. പിന്നീട് ഏഴുമണിയ്ക്ക് അത്താഴപ്പൂജയും ഏഴരയ്ക്ക് അത്താഴശീവേലിയും കഴിഞ്ഞ് എട്ടുമണിയ്ക്ക് വീണ്ടൂം നടയടയ്ക്കുന്നു.

ഇവിടത്തെ പ്രധാന വഴിപാട് ധാരയാണ്. ഉമാമഹേശ്വരസാന്നിദ്ധ്യമായതിനാൽ ദമ്പതിപൂജ പോലുള്ള വഴിപാടുകളുമുണ്ട്. നവഗ്രഹങ്ങൾക്ക് ദിവസവും വിശേഷാൽ പൂജകളുണ്ട്. ഗണപതിയ്ക്ക് ഒറ്റയപ്പവും മോദകവും മഹാഗണപതിഹോമവും, ശാസ്താവിന് നീരാജനവും നെയ്യഭിഷേകവും, സുബ്രഹ്മണ്യന് പഞ്ചാമൃതവും ഭസ്മാഭിഷേകവും നാഗദൈവങ്ങൾക്ക് നൂറും പാലും പ്രധാനമാണ്. ദുർഗ്ഗാദേവിയ്ക്ക് കുങ്കുമാർച്ചനയാണ് വിശേഷം. പ്രധാനദേവന്റെ ഉച്ചിഷ്ടമാണ് ഭൂതത്താന്റെ നിവേദ്യം.

വിശേഷദിവസങ്ങൾ[തിരുത്തുക]

കുംഭമാസത്തിൽ തിരുവാതിര നക്ഷത്രദിവസം ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലേത്. പത്തുദിവസവും വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകാറുണ്ട്. ക്ഷേത്രത്തിന് മുന്നിലൂള്ള ക്ഷേത്രക്കുളത്തിൽ ആണ് ആറാട്ട്. കൊടിയേറ്റ് ഉത്സവം കൂടാതെ കുംഭമാസത്തിൽ തന്നെയുള്ള ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, മേടമാസത്തിൽ വിഷു, ചിങ്ങമാസത്തിൽ ഓണം തുടങ്ങിയവയും ക്ഷേത്രത്തിൽ വിശേഷമാണ്.

എത്തിച്ചേരാൻ[തിരുത്തുക]

തിരുവനന്തപുരത്തുനിന്നും 30 കിലോമീറ്റർ തെക്കുമാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തുനിന്നും കന്യാകുമാരി ദേശീയപാതയിൽ 28 കിലോമീറ്റർ സഞ്ചരിച്ചാൽ ഉദിയൻകുളങ്ങരയ്ക്ക് സമീപം കൊറ്റാമം എന്ന സ്ഥലത്തെത്തും. അവിടെനിന്നും സി.വി.ആർ പുരം റോഡ് വഴി രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രകവാടത്തിനരികിലെത്താം. നെയ്യാറ്റിൻകരയിൽ നിന്ന് 8 കിലോമീറ്ററും പാറശ്ശാലയിൽ നിന്ന് 6 കിലോമീറ്ററും ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നു കിലോമീറ്ററുമാണ് ദൂരം.