Jump to content

ആബേലച്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആബേലച്ചൻ
ജനനം1920 ജനുവരി 19
മരണം2001 ഒക്ടോബർ 27
ദേശീയതഇന്ത്യൻ
തൊഴിൽവൈദികൻ
അറിയപ്പെടുന്നത്കൊച്ചിൻ കലാഭവൻ സ്ഥാപകൻ

കത്തോലിക്കാ സഭയിലെ സി.എം.ഐ. സന്യാസ സമൂഹത്തിൽ വൈദികനായിരുന്നു ആബേലച്ചൻ (ജനനം: 1920 ജനുവരി 19; മരണം: 2001 ഒക്ടോബർ 27)[1]. കൊച്ചിൻ കലാഭവന്റെ സ്ഥാപകൻ, പത്രപ്രവർത്തകൻ, ക്രിസ്തീയ ഭക്തിഗാന ശാഖക്ക് നിസ്തുല സംഭാവനകൾ നൽകിയ വ്യക്തി തുടങ്ങിയ നിലകളിൾ അറിയപ്പെടുന്നു. ശബ്ദാനുകരണ കലയെ മിമിക്സ് പരേഡ് എന്ന ശ്രദ്ധേയ കലാരൂപമാക്കി മാറ്റിയതിൽ നിർണായക പങ്കുവഹിച്ച ഇദ്ദേഹം ഒട്ടേറെ കലാകാരൻമാരുടെ വളർച്ചക്ക് വഴിയൊരുക്കി. ജയറാം, കലാഭവൻ മണി തുടങ്ങി‍ കലാഭവന്റെ സംഭാവനകളായ അനേകംപേർ മലയാള സിനിമയിൽ സജീവസാന്നിധ്യമറിയിക്കുന്നു.

ആദ്യകാലം[തിരുത്തുക]

1920 ജനുവരി 19-ന് എറണാകുളം ജില്ലയിലെ മുളക്കുളത്ത് പെരിയപ്പുറത്ത് മാത്തൻ വൈദ്യരുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ചു. മാത്യു എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. നന്നേ ചെറുപ്പത്തിലെ സാഹിത്യത്തോട് ആഭിമുഖ്യം പുലർത്തിയിരുന്നു. ചങ്ങമ്പുഴയുടെയും കുമാരനാശാന്റേയും രചനകളോടായിരുന്നു കൂടുതൽ ആഭിമുഖ്യം. സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ കവിതകൾ എഴുതിയിരുന്നു.

ഇരുപതാം വയസിൽ സി.എം.ഐ. സന്യാസ സഭയിൽ വൈദികാർത്ഥിയായി ചേർന്നു.മാന്നാനം, തേവര, കൂനമ്മാവ് എന്നിവിടങ്ങളിലെ സി.എം.ഐ. ആശ്രമങ്ങളിൽ വൈദിക പഠനവും മംഗലാപുരത്ത് ഉന്നത പഠനവും പൂർത്തിയാക്കിയശേഷം 1951-ൽ സഭാവസ്ത്രം സ്വീകരിച്ചു. 1952-ൽ കോട്ടയത്ത് ദീപിക ദിനപത്രത്തിൽ ചേർന്നു. തൊട്ടടുത്ത വർഷം റോമിലേക്ക് പോയി. അവിടെ ഇൻറർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് റോമിൽനിന്ന് ജേർണലിസം ആൻറ് പൊളിറ്റിക്കൽ സയൻസിൽ ഉന്നത ബിരുദം നേടി.

കേരളത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം 1957-1961 കാലയളവിൽ ദീപിക ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചു. അദ്ദേഹം തുടക്കം കുറിച്ച ദീപിക ചിൽഡ്രൻസ് ലീഗ് (ഡി.സി.എൽ.) വളരെ പെട്ടെന്ന് കുട്ടികളുടെ വലിയ കൂട്ടായ്മയായി വളർന്നു. ഡി.സി.എലിന്റെ അമരക്കാരൻ (കൊച്ചേട്ടൻ) എന്ന നിലയിൽ അദ്ദേഹം ഏറെ ഖ്യാതി നേടി. 1961 മുതൽ 1965 വരെ കോഴിക്കോട് ദേവഗിരി കോളേജ് ആധ്യാപകനായിരുന്നു.

വഴിത്തിരിവ്[തിരുത്തുക]

ആബേലച്ചന്റെ പ്രതിഭ തിരിച്ചറിഞ്ഞ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ സീറോ മലബാർ സഭയുടെ ആരാധനാക്രമം സുറിയാനിയിൽനിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിന് നിയോഗിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിലും സഭയുടെ ചരിത്രത്തിലും സാംസ്കാരിക ലോകത്തും പുതിയ വഴിത്തിരിവായി.

മലയാളികൾക്ക് ദുർഗ്രാഹ്യമായിരുന്ന സുറിയാനി ആരാധനാക്രമവും ഗാനങ്ങളും അദ്ദേഹം ലളിത സുന്ദര മലയാളത്തിലേക്ക് മൊഴിമാറ്റി. അദ്ദേഹം രചിച്ച്, കെ.കെ. ആന്റണി മാസ്റ്റർ ഈണം പകർന്ന നൂറുകണക്കിന് ക്രിസ്തീയ ഭക്തിഗാനങ്ങൾ ജനഹൃദയങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ തുടങ്ങി അക്കാലത്തെ പ്രധാനപ്പെട്ട എല്ലാ ഗായകരും ഈ ഗാനങ്ങൾ പാടിയിട്ടുണ്ട്.

ലളിതവും കാവ്യാത്മകവുമായ വരികളായിരുന്നു ആ ഗാനങ്ങളുടെ സവിശേഷത. പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തിൽ..., ഈശ്വരനെത്തേടി ഞാൻ അലഞ്ഞു.., നട്ടുച്ച നേരത്ത്..,തുടങ്ങിയ ഗാനങ്ങൾ ഉദാഹരണം. സീറോ മലബാർ സഭയുടെ തിരുക്കർമങ്ങളിൽ ഉപയോഗിക്കുന്ന ഗാനങ്ങളിൽ അധികവും ആബേലച്ചന്റെ രചനകളാണ്.

കലാഭവൻ[തിരുത്തുക]

കൊച്ചിൻ കലാഭവനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള ആബേലച്ചന്റെ പ്രതിമ

എറണാകുളം അതിമെത്രാസന മന്ദിരത്തോടനുബന്ധിച്ചുള്ള ചെറിയ മുറിയിൽ ലളിതമായ രീതിയിൽ തുടങ്ങിയ സ്ഥാപനമാണ് പിൽക്കാലത്ത് കലാഭവൻ എന്ന വൻ പ്രസ്ഥാനമായി മാറിയത്.

1974 ഓഗസ്റ്റ് 15-ന് കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ എറണാകുളം നോർത്തിൽ ടൗൺഹാളിനു സമീപം കലാഭവന്റെ കെട്ടിടത്തിന് ശിലാസ്ഥാപനം നിർവഹിച്ചു. ആബേലച്ചനും ആന്റണി മാസ്റ്ററും ചേർന്നൊരുക്കിയ ഭക്തിഗാനങ്ങൾ അടങ്ങുന്ന കാസെറ്റുകൾ കലാഭവൻ പുറത്തിറക്കി. ഗാനമേളയിലേക്കും മിമിക്സ് പരേഡിലേക്കും ചുവടു മാറ്റിയതോടെ ആബേലച്ചന്റെയും കലാഭവന്റെയും ഖ്യാതിയേറി.

അക്കാലം വരെ വ്യക്തിഗത ഇനമായി അവതരിപ്പിച്ചിരുന്ന മിമിക്രി, കലാഭവന്റെ ഗാനമേളകൾക്കിടയിലും പരീക്ഷിച്ചിരുന്നു. ഏതാനും കലാകാരൻമാരെ ഒന്നിച്ച് അണിനിരത്തി മിമിക്സ് പരേഡ് എന്ന കലാരൂപത്തിന് തുടക്കം കുറിച്ചത് ആബേലച്ചനാണ്.

ഇന്ന് ചലച്ചിത്ര നടനും സംവിധായകനും നിർമാതാവുമായ ലാൽ, സംവിധായകൻ സിദ്ദിഖ്, ജയറാം, വർക്കിയച്ചൻ പെട്ട തുടങ്ങിയവരായിരുന്നു ആദ്യകാല മിമിക്സ് പരേഡ് സംഘത്തിലുണ്ടായിരുന്നത്. പിൽക്കാലത്ത് ഇവരുടെ പാത പിന്തുടർന്ന് ഒട്ടേറെ കാലാകാരൻമാർ കലാഭവനിലും അതുവഴി മലയാള സിനിമയിലുമെത്തി.

അൻസാർ കലാഭവൻ, കലാഭവൻ മണി, കലാഭവൻ റഹ്മാൻ, കലാഭവൻ നവാസ്, കലാഭവൻ ഷാജോൺ, മനുരാജ് കലാഭവൻ, തെസ്നി ഖാൻ,സുജാത (ഗായിക) തുടങ്ങി കലാഭവനിൽനിന്ന് ചലച്ചിത്ര രംഗത്ത് എത്തിയവർ അനവധിയാണ്. കലാഭവനെ പിന്തുടർന്ന് എറണാകുളം നോർത്തിൽ കൂടുതൽ മിമിക്സ് പരേഡ് സംഘങ്ങൾ പ്രവർത്തനമാരംഭിച്ചു. കേരളത്തിൽ അങ്ങോളമിങ്ങോളം അലയടിച്ച മിമിക്സ് പരേഡ് തരംഗത്തിന്റെ തുടക്കമായിരുന്നു അത്.

ഉപകരണ സംഗീതവും നൃത്തവുമുൾപ്പെടെ വിവിധ വിഷയങ്ങളിൽ പരിശീലനം ആരംഭിച്ചതോടെ വിദൂര ജില്ലകളിൽനിന്നുവരെ കുട്ടികൾ കലാഭവനിലേക്ക് ഒഴുകി.

അധികം വൈകാതെ കേരളത്തിനു പുറത്തും വിദേശ രാജ്യങ്ങളിലും കലാഭവന്റെ ഖ്യാതിയെത്തി. യൂറോപ്പിൽനിന്നും ഗൾഫ് രാജ്യങ്ങളിൽനിന്നും ബുക്കിംഗുകൾ പ്രവഹിച്ചപ്പോൾ ആബേലച്ചനും കലാകാരൻമാർക്കും വിശ്രമമില്ലാതായി. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആബേലച്ചന്റെ നേതൃത്വത്തിലുള്ള കാലാഭവൻ സംഘത്തെ മലയാളികൾ നിറമനസോടെ വരവേറ്റു.

ടാലൻറ് റസിഡൻഷ്യൽ സ്കൂളും സ്റ്റുഡിയോയും[തിരുത്തുക]

കലാഭവന്റെ അഭ്യുദയകാംക്ഷികളുടെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് വിദ്യാഭ്യാസ മേഖലയിൽ വേറിട്ട പരീക്ഷണവുമായി കലാഭവൻ ടാലൻറ് റസിഡൻഷ്യൽ സ്കൂൾ ആരംഭിച്ചത്. കാക്കനാടിനടുത്ത് ഇടച്ചിറയിൽ പ്രവർത്തനമാരംഭിച്ച സ്കൂളിലേക്ക് വിവിധ രാജ്യങ്ങളിൽനിന്നുള്ള മലയാളി വിദ്യാർത്ഥികളെത്തി. പാഠ്യഭാഗങ്ങൾക്കൊപ്പം കലാപരിശീലനത്തിനും പ്രാധാന്യം നൽകുന്നതായിരുന്നു ഈ സ്കൂളിന്റെ സിലബസ്.

ഇതിനു പുറമെ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റുഡിയോയും ചലച്ചിത്ര പരിശീലന കേന്ദ്രവും ആബേലച്ചന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായിരുന്നു.

അന്ത്യം[തിരുത്തുക]

കലാഭവൻ സ്റ്റുഡിയോസ് യാഥാർത്ഥ്യമാകുന്നതിനു മുൻപ് 2001 ഒക്ടോബർ 27-ന് ആബേലച്ചൻ അന്തരിച്ചു. തൊടുപുഴയിലെ ഒരു ആയുർവേദ കേന്ദ്രത്തിലായിരുന്നു അന്ത്യം. സന്ധിവാതത്തിന് ചികിത്സയിലിരിയ്ക്കേ പെട്ടെന്ന് ഹൃദയാഘാതം വന്നതായിരുന്നു മരണകാരണം. അദ്ദേഹത്തിന്റെ മൃതദേഹം കലാഭവനിൽ പൊതുദർശനത്തിനു വച്ചശേഷം കുര്യനാട് സെൻറ് ആൻസ് ആശ്രമ ദേവാലയത്തിൽ സംസ്കരിച്ചു.

ആബേലച്ചൻ രചിച്ച ഗാനങ്ങൾ[തിരുത്തുക]

കേരള കത്തോലിക്കാസഭയിൽ ആരാധനാശുശ്രൂഷകളിൽ ഉപയോഗിക്കുന്ന ഹൃദയസ്പർശിയും ഭക്തിരസം തുളുമ്പുന്നവയുമായ ഒട്ടേറെ ഗാനങ്ങളുടെ കർത്താവാണ് ആബേലച്ചൻ. ആബേലച്ചൻ രചിച്ച ക്രിസ്തീയ ഭക്തിഗാനങ്ങളിൽ ചിലത് താഴെപ്പറയുന്നവയാണ്:-

 • പരിശുദ്ധാത്മാവേ നീയെഴുന്നള്ളി

വരണമേ എൻറെ ഹൃദയത്തിൽ...

 • ദൈവമേ നിൻ ഗേഹമെത്ര മോഹനം

നിൻ ഗൃഹത്തിൽ വാഴുവോർ ഭാഗ്യവാൻമാർ...

 • നട്ടുച്ച നേരത്ത് കിണറിൻറെ തീരത്ത്

വെള്ളത്തിനായി ഞാൻ കാത്തിരിപ്പൂ...

 • മഹേശ്വരാ നിൻ സുദിനം കാണാൻ

കഴിഞ്ഞ കണ്ണിനു സൗഭാഗ്യം

 • മനുഷ്യാ നീ മണ്ണാകുന്നു

മണ്ണിലേക്കു മടങ്ങും നൂനും
അനുതാപക്കണ്ണുനീർ വീഴ്ത്തി പാപ-
പരിഹാരം ചെയ്തുകൊൾക നീ

 • മഞ്ഞും തണുപ്പും നിറഞ്ഞരാവിൽ

വെള്ളിലാവെങ്ങും പരന്ന രാവിൽ
ദൈവകുമാരൻ പിറന്നു ഭൂവിൽ...

 • പൊന്നൊളിയിൽ കല്ലറ മിന്നുന്നു

മഹിമയൊടെ നാഥനുയിർക്കുന്നു...

 • ഞാനെൻ നാഥനെ വാഴ്ത്തുന്നു

മോദംപൂണ്ടു പുകഴ്ത്തുന്നു....

 • കാൽവരി മലയുടെ ബലിപീഠത്തിൽ

തിരികൾ കൊളുത്തുന്നു...

 • മാലാഖമാരുടെ ഭാഷയറിഞ്ഞാലും

മാലാഖമാരൊത്തു ജീവിച്ചാലും....

 • പുലരിയിൽ നിദ്രയുണർന്നങ്ങേ

പാവനസന്നിധിയണയുന്നു...

 • അഗാധത്തിൽനിന്നു നിന്നെ വിളിക്കുന്നു ഞാൻ

ദൈവമേ എൻ പ്രാർത്ഥന കേൾക്കേണമേ...

 • ഓശാന ഓശാന

ദാവീദിൻ സുതനോശാന
സെഹിയോൻപുത്രി മോദം പുണരുക
നിന്നുടെ നാഥനിതാ...

 • കരയുന്ന ദൈവത്തെ കണ്ടോ പാരി-

ലയയുന്ന ദൈവത്തെ കണ്ടോ...

 • ദീപമേ സ്വർലോക ദീപമേ

ജീവൻ പകർന്നിടുന്ന ദീപമേ...

 • പാവനാത്മാവേ നീ വന്നനേരം

ഞാനൊരു പുത്തൻ മനുഷ്യനായി.

 • ആദിയിലഖിലേശൻ

നരനെ സൃഷ്ടിച്ചു
അവനൊരു സഖിയുണ്ടായ്
അവനൊരു തുണയുണ്ടായ്.......

 • പുതിയ കുടുംബത്തിൻ

കതിരുകളുയരുന്നു
തിരുസ്സഭ വിജയത്തിൻ
തൊടുകുറിയണിയുന്നു...

 • അവനീപതിയാമഖിലേശ്വരനെ

വാഴ്ത്തപ്പാടുവിനാദരവോടെ...

 • ശ്ലീഹൻമാരിലിറങ്ങിവസിച്ചൊരു

പരിശുദ്ധാത്മാവേ..

 • ഓശാന പാടുവിൻ നാഥനെ വാഴ്ത്തുവിൻ

ദിവ്യാപദാനങ്ങൾ കീർത്തിക്കുവിൻ

 • ഓശാന ഓശാന

ദാവീദിൻസുതനോശാന
കർത്താവിൻ പൂജിത നാമത്തിൽ
വന്നവനെ വാഴ്ത്തിപ്പാടിടുവീൻ..

 • മാലാഖമാരുടെ അപ്പം

സ്വർഗീയ ജീവൻറെ അപ്പം
കാരുണ്യവാനായ ദൈവം
മാനവലോകത്തിനേകി...

 • താലത്തിൽ വെള്ളമെടുത്തു

വെൺകച്ചയുമരയിൽ ചുറ്റി
മിശിഹാതൻ ശിഷ്യൻമാരുടെ
പാദങ്ങൾ കഴുകി....

 • സ്വന്തം ജനങ്ങൾക്കു ജീവനേകാൻ

സർവ്വേശ നന്ദനൻ ഭൂവിൻ വന്നു....

 • കുരിശിനാലേ ലോകമൊന്നായ് വീണ്ടെടുത്തവനേ

താണുഞങ്ങൾ വണങ്ങുന്നു ദിവ്യപാദങ്ങൾ...

 • മിശിഹാകർത്താവേ മാനവരക്ഷകനേ

നരനുവിമോചനമേകിടുവാൻ
നരനായ് വന്നു പിറന്നവനേ...

 • ദൈവസൂനോ ലോകനാഥാ

കുരിശിനാൽ മർത്യനെ വീണ്ടെടുത്തു നീ....

 • താതാ മാനവനുയിരേകാൻ

ബലിയായ് തീർന്നോരാത്മജനേ
തൃക്കൺ പാർക്കണമലിവോടെ..

 • ഞാനെൻ പിതാവിൻറെ പക്കൽ

പോകുന്നിതാ യാത്ര ചൊൽവൂ....

 • ഗാഗുൽത്താ മലയിൽനിന്നും

വിലാപത്തിൻ മാറ്റൊലി കേൾപ്പൂ...

 • ദൈവമേ എന്നിൽ കനിയേണമേ

പാപങ്ങൾ പൊറുക്കേണമേ
ഘോരമാമെൻറെ അപരാധങ്ങൾ...

 • കർത്താവാം മിശിഹാതൻ കാരുണ്യവും

താതനാം ദൈവത്തിൻ സംപ്രീതിയും
പരിശുദ്ധാത്മാവിൻ സഹവാസവും
നമ്മിലുണ്ടാകേണമെന്നുമെന്നും.

 • കർത്താവേ കനിയണമേ

മിശിഹായേ കനിയണമേ
കർത്താവേ ഞങ്ങളണയ്ക്കും
പ്രാർത്ഥന സദയം കേൾക്കണമേ
(കർത്താവിൻറെ ലുത്തീനിയ)

 • കർത്താവേ കനിയണമേ...

കന്യാമേരി വിമലാംബേ...
(മാതാവിൻറെ ലുത്തീനിയ)

 • കർത്താവേ കനിയണമേ...

ക്രൂശിതനായൊരു ദൈവത്തിൻ...
(വിശുദ്ധരുടെ ലുത്തീനിയ)

 • മിശിഹാ കർത്താവേ

നരകുല പാലകനേ
ഞങ്ങളണച്ചിടുമീ...

 • അമലോത്ഭവയാം മാതാവേ നിൻ

പാവന പാദം തേടുന്നു...

 • ലോകത്തിൻ വഴികലിളിലുഴലാതെ

പാപത്തിൻ പാതകൾ പുണരാതെ...

 • സ്വസ്തീ ദാവീദിൻ പുത്രീ മലാഖാ

മറിയത്തോടരുളീ....

 • സ്വർഗ്ഗത്തിൽ വാഴും പിതാവാം ദൈവമേ

നിൻനാമം പൂജിതമായിടേണേ...

 • ശബ്ദമുയർത്ത പാടിടുവിൻ

സർവ്വരുമൊന്നായ് പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ...

 • എല്ലാമറിയുന്നു ദൈവം മനുജൻറെ

ഗൂഢവിചാരങ്ങൾ...

 • ദൈവകുമാരൻ കാൽവരിക്കുന്നിൽ

ബലിയണച്ചു സ്വയം ബലിയണച്ചു..

 • ശബ്ദമുയർത്തി പാടിടുവിൻ

സർവ്വരുമൊന്നായ് പാടിടുവിൻ
എന്നെന്നും ജീവിക്കും...........

 • വിശ്വസിക്കുന്നു ഞങ്ങൾ(2)

ദൃശ്യാദൃശ്യങ്ങൾ സർവ്വവും സൃഷ്ടിച്ച
താതനാം ദൈവത്തൽ
വിശ്വസിക്കുന്നു ഞങ്ങൾ

 • കർത്താവാം മിശിഹാതൻ കാരുണ്യവും

പാവനാത്മാവിൻ സംപ്രീതിയും...

 • മോദംകലർന്നു നിന്നെ-

യുൾക്കൊണ്ട നിൻറെ ദാസരിൽ...

 • ആഴത്തിൽനിന്നു ഞാൻ ആർദ്രമായി കേഴുന്നു

ദൈവമേ എന്നെ നീ കേൾക്കേണമേ...

 • സർവാധിപനാം കർത്താവേ

നിന്നെ വണങ്ങി നമിക്കുന്നു
ഈശോ നാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു..

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആബേലച്ചൻ&oldid=3310651" എന്ന താളിൽനിന്ന് ശേഖരിച്ചത്