ആബെബെ ബിക്കില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആബെബെ ബിക്കില
വ്യക്തിവിവരങ്ങൾ
ജനനം(1932-08-07)ഓഗസ്റ്റ് 7, 1932
ജാത്തോ, എത്യോപ്യ
മരണംഒക്ടോബർ 25, 1973(1973-10-25) (പ്രായം 41)
അഡിസ് അബെബ, എത്യോപ്യ
ഉയരം1.77 മീ (5 അടി 10 ഇഞ്ച്)
ഭാരം57 കി.ഗ്രാം (126 lb)
Sport
രാജ്യം Ethiopia
കായികയിനംഅത്‌ലെറ്റിക്സ്

ഒളിമ്പിക്സിന്റെ ചരിത്രത്തിൽ സ്വർണ്ണം നേടുന്ന ആദ്യ ആഫ്രിക്കക്കാരൻ. [1]1960 ലെ റോം ഒളിമ്പിക്സിൽ മാരത്തണിൽ നഗ്നപാദനായി ഓടി സ്വർണം നേടിയതിലൂടെ പ്രശസ്തനായി. 1960 സെപ്തംബർ 10 എന്ന ഒറ്റ ദിവസം കൊണ്ട് അടിച്ചമർത്തപ്പെട്ട ആഫ്രിക്കയുടെ ദേശീയ നായകനായി.

ആദ്യകാല ജീവിതം[തിരുത്തുക]

1932 ഓഗസ്ത് ഏഴിന് നിയഡെൻബ ജില്ലയിലെ ജാതൊ എന്ന ഗ്രാമത്തിൽ ആബെബ ബിക്കില ജനിച്ചു. ആട്ടിടയനായി കുട്ടിക്കാലം ചെലവിട്ടു. പതിനേഴാം വയസ്സിൽ പട്ടാളത്തിൽ ചേർന്നു. ഇമ്പീരിയൽ ഗാർഡ് എന്ന സൈനിക വിഭാഗത്തിൽ അംഗമായിരിക്കെ മെൽബൺ ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന പട്ടാളക്കാരായ അത്‌ലെറ്റുകളെ ബിക്കില നോക്കി നിൽക്കുമായിരുന്നു.അവരുടെ കുപ്പായത്തിനു പിന്നിൽ മുദ്രണം ചെയ്തിരുന്ന "എത്യോപ്യ" എന്ന രാജ്യനാമമാണ് ബിക്കിലയെ ആകർഷിച്ചത്. അത്‌ലറ്റാവണമെന്നുള്ള അദമ്യമായ ആഗ്രഹം ബിക്കിലയിൽ മൊട്ടിടുകയും ചെയ്തൂ.

1960-ലെ ഒളിമ്പിക്സ്[തിരുത്തുക]

ബിക്കില 1960-ലെ ഒളിമ്പിക്സിൽ

1960 ലെ റോം ഒളിമ്പിക്സ് മാരത്തോൺ വേദി. നിരന്നു നിന്ന ഓട്ടക്കാർക്കിടയിൽ ആ മെലിഞ്ഞ മനുഷ്യനുമുണ്ടായിരുന്നു. ഭൂരിപക്ഷവും വെള്ളക്കാരായ ഓട്ടക്കാർക്കിടയിൽ ഒരു കറുത്ത മനുഷ്യൻ. നഗ്നപാദൻ. ആൽകൂട്ടത്തിന് അയാൾ ഒരു കൗതുകവസ്തുവായിരുന്നു. കായിക രംഗത്തെ കഠിനപരീക്ഷണമായ മാരത്തണിൽ ഒരു നഗ്നപാദനായ കറുത്തമനുഷ്യൻ എന്തുചെയ്യാൻ. എന്നാൽ മത്സരാന്ത്യത്തിൽ ചരിത്രം തിരിഞ്ഞു വീണു. അയാൾ ചരിത്രം സൃഷ്ടിക്കുകയാണെന്നു പറഞ്ഞാലേ ശരിയാവൂ. സ്വർണ്ണമെഡൽ മാത്രമല്ല ഒളിമ്പിക്സ് റെക്കോർഡും സൃഷ്ടിച്ചു കൊണ്ട് ആബെബെ ബിക്കില ആൾക്കൂട്ടത്തിന്റെ കൗതുകത്തെ അത്ഭുതസ്തബ്തതയും ആരാധനയുമാക്കി മാറ്റി.[2][3]


രണ്ടാമതും ഒന്നാമനാവുന്ന ഒന്നാമൻ[തിരുത്തുക]

1964-ലെ ടോക്യോ ഒളിമ്പിക്സിൽ എത്തുമ്പോഴേക്കും ലോകത്തെ ഏറ്റവും മികച്ച ദീർഘദൂര ഓട്ടക്കാരനായി ബിക്കില അറിയപ്പെട്ടു തുടങ്ങിയിരുന്നു. തുടർച്ചയായി രണ്ട് തവണ മാരത്തണിൽ സ്വർണ്ണം നേടുക അന്നുവരെ ഒളിമ്പിക്സ് ചരിത്രത്തിൽ ഇല്ലായിരുന്നു. ഇത്തവണ ഷൂസ് ധരിച്ച് ഓടിയ ബിക്കില ലോകറെക്കോഡുമായി (2:12:1) തന്റെ രണ്ടാം ഒളിമ്പിക് മാരത്തൺ സ്വർണ്ണം ടോക്യോയിൽ നേടി.

മൂന്നാമത്തെ ഒളിമ്പിക്സിൽ[തിരുത്തുക]

1968-ൽ മെക്സിക്കോ ഒളിമ്പിക്സിൽ ബിക്കില മൂന്നാം സ്വർണ്ണം നേടുമോ എന്നതായിരുന്നു പ്രധാന ചോദ്യം. പക്ഷേ മാരത്തൺ തുടങ്ങി 17 കിലോമീറ്റർ പിന്നിട്ടപ്പോഴേയ്ക്കും കഠിനവേദനയാൽ ബിക്കില പിൻമാറി.

ജീവിതത്തിൽ 26 മാരത്തൺ ഓട്ടങ്ങളിലാണ് ബിക്കില പങ്കെടുത്തത്. മിക്കവയിലും വിജയിക്കുകയും ചെയ്തു. 1960,1962 വർഷങ്ങളിലെ ലോകചാമ്പ്യൻഷിപ്പും ബിക്കിലയ്ക്കായിരുന്നു.

വഴിത്തിരിവ്[തിരുത്തുക]

ബിക്കില:എത്യോപ്യയുടെ നഗ്നപാദനായ ഒളിമ്പ്യൻ എന്ന പുസ്തകത്തിൽ നിന്ന്[4]

1969-ൽ,ആഡിസ് അബാബയിൽ വെച്ച് ഒരു ഫോക്സ് വാഗൺ കാറിൽ സഞ്ചരിക്കുമ്പോൾ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ബിക്കിലയ്ക്ക് സാരമായ അപകടം പിണഞ്ഞു. ചികിത്സാർത്ഥം ഇംഗ്ലണ്ടിലേയ്ക്ക് അയച്ചുവെങ്കിലും അവിടേയും ഡോക്ടർമാർക്ക് ഒന്നും ചെയ്യാനായില്ല. ബിക്കിലയുടെ അരയ്ക്ക് താഴേയ്ക്ക് തളർന്നുപോവുകയാണുണ്ടായത്. സ്ട്രെക്‌ചറിൽ കിടത്തി എത്യോപ്യയിലേക്ക് മടങ്ങിയ ബിക്കിലയെ വമ്പിച്ച ജനാവലിയാണ് സ്വീകരിച്ചത്. ജീവിതത്തിൽ പിന്നീട് അദ്ദേഹത്തിന് നടക്കാനായില്ല.

പുതിയ വഴിയേ[തിരുത്തുക]

പക്ഷേ അദ്ദേഹം നിരാശനായില്ല. ചക്രക്കസേരയിലിരുന്നുകൊണ്ട് അംഗഭംഗം വന്നവർക്കായുള്ള പാരാലിമ്പിക്സിൽ അമ്പെയ്ത്ത് മത്സരത്തിലും 1970 നോർവേയിൽ ഒരു സ്ലെഡ്ജിങ് മത്സരത്തിലും പങ്കെടുത്തു. ഇവിടേയും സ്വർണ്ണം നേടി.

1972-ലെ മ്യൂണിച്ച് ഒളിമ്പിക്സിൽ ബിക്കിലയെ പ്രത്യേകാതിഥിയായി ക്ഷണിക്കപ്പെട്ടു. തന്റെ വീൽചെയറിലിരുന്നുകൊണ്ട് മാരത്തണിൽ അമേരിക്കക്കാരനായ ഫ്രാങ്ക് ഷോർട്ടർ സ്വർണ്ണം നേടുന്നത് കണ്ടു. കഴുത്തിലണിഞ്ഞ മെഡലുമായി ഷോർട്ടർ ബിക്കിലയുടെ അടുത്തെത്തി-നഗ്നപാദനായി ഉയർച്ചകളിലേയ്ക്ക് പറന്നുകയറിയ ബിക്കിലയ്ക്ക് ഹസ്തദാനം ചെയ്യാൻ.

അവസാനനാളുകൾ[തിരുത്തുക]

1973 ഒക്ടോബർ 25-ന് 41-ആം വയസ്സിൽ മസ്തിഷ്ക രക്തസ്രാവത്താൽ അന്തരിച്ചു. നാനാദേശങ്ങളിൽ നിന്നുള്ള 75,000-ത്തോളം പേർ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു.[5] കോളനിവാഴ്ച്ച കൊണ്ട് അടിച്ചമർത്തപ്പെട്ട ആഫ്രിക്കയുടെ ഉണർച്ചയുടെ പ്രതീകങ്ങളിലൊന്നായാണ് ഇന്ന് അദ്ദേഹം വിലയിരുത്തപ്പെടുന്നത്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആബെബെ ബിക്കില". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. ശേഖരിച്ചത് 26 ജൂലൈ 2015.[പ്രവർത്തിക്കാത്ത കണ്ണി]
  2. ലോകരാഷ്ട്രങ്ങൾ. മാതൃഭൂമി. ISBN 81-264-1465-0. മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 ജൂലൈ 2015.
  3. "1960 ലെ റോം ഒളിമ്പിക്സിൽ നഗ്നപാദനായുള്ള പ്രകടനം". olympic.org. ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റി. ശേഖരിച്ചത് 26 ജൂലൈ 2015.
  4. Tim, Judah. Bikila: Ethiopia's Barefoot Olympian. Reportage Press this week.
  5. "ആബെബെ ബിക്കില: ദി ലെജന്റ്". abebebikila11.com. മൂലതാളിൽ നിന്നും 2013-08-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂലൈ 4. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ആബെബെ_ബിക്കില&oldid=3801396" എന്ന താളിൽനിന്ന് ശേഖരിച്ചത്