ആബൂനാ പൗലോസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആബൂനാ പൗലോസ്
എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ ആബൂനയും പാത്രിയർക്കീസും
സഭ എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ
സ്ഥാനാരോഹണം 1992
ഭരണം അവസാനിച്ചത് 2012
മുൻഗാമി ആബൂനാ മെർക്കാറിയോസ്
വ്യക്തി വിവരങ്ങൾ
ജനന നാമം ഗെബ്രെ മേധിൻ
ജനനം 1935 നവംബർ 3(1935-11-03)
അഡ്വാ, ടിഗ്രെ പ്രവിശ്യ, എത്യോപ്യ
മരണം 2012 ഓഗസ്റ്റ് 16(2012-08-16) (പ്രായം 76)
ആഡിസ് അബാബ, എത്യോപ്യ
Alma mater ഹോളി ട്രിനിറ്റി തിയോളജിക്കൽ കോളേജ്
സെയിന്റ് വ്ലാദിമേഴ്സ് തിയോളജിക്കൽ സെമിനാരി
പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരി

1992 മുതൽ 2012 വരെ എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസായിരുന്നു ആബൂനാ പൗലോസ്‌ (3 നവംബർ 1935 – 16 ഓഗസ്റ്റ് 2012). 'എത്യോപ്യയുടെ പാത്രിയർക്കീസും കാതോലിക്കോസും വിശുദ്ധ തെക്ലേഹൈമനോത്തിന്റെ സിംഹാസനത്തിലെ എച്ചിഗ്വേയും' എന്നാണ് ഇദ്ദേഹത്തിന്റെ സ്ഥാനനാമം. എത്യോപ്യൻ സഭയുടെ അഞ്ചാമത്തെ പാത്രിയർക്കീസും 62-ആമത്തെ എച്ചിഗ്വേയുമാണ് ഇദ്ദേഹം.[1] അഗോള സഭാ കൗൺസിലിന്റെ ഏഴു പ്രസിഡണ്ടുമാരിൽ ഒരാളായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

ജീവിതരേഖ[തിരുത്തുക]

1935 നവംബർ 3-ന് എത്യോപിയയിലെ ടിഗ്രെ പ്രവിശ്യയിലെ അഡ്വാ എന്ന സ്ഥലത്തായിരുന്നു ആബൂന പൗലോസിന്റെ ജനനം. ഗെബ്രെ മേധിൻ എന്നായിരുന്നു ആദ്യനാമം. ചെറുപ്പകാലത്ത് തന്നെ സ്വഭവനത്തിനു സമീപത്തുള്ള അബ്ബ ഗരിമ എന്ന സന്യാസാശ്രമത്തിൽ ചേർന്ന അദ്ദേഹം പിന്നീട് വൈദികനായി. പാത്രിയർക്കീസ് ആയിരുന്ന ആബൂന തെയോഫിലോസിന്റെ ശിക്ഷണത്തിൽ ആഡിസ് അബാബയിലെ ഹോളി ട്രിനിറ്റി തിയോളജിക്കൽ കോളേജിൽ തുടർപഠനത്തിനു ചേർന്നു. പിന്നീട് അമേരിക്കയിലെ സെന്റ്‌ വ്ലാദിമിർ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ ഉന്നത പഠനത്തിനു ചേർന്നു. തുടർന്ന് അവിടെയുള്ള പ്രിൻസ്ടൻ തിയോളജിക്കൽ സെമിനാരിയിൽ ഡോക്ടറൽ പഠനത്തിനു ചേർന്നെങ്കിലും എത്യോപ്യയിൽ ഉണ്ടായ വിപ്ലവം മൂലം പഠനം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. എത്യോപ്യയിൽ തിരിച്ചു ചെന്ന അദ്ദേഹത്തെ മറ്റു നാല് പേരോടൊപ്പം എപ്പിസ്കോപ്പയായി വാഴിച്ചു. എന്നാൽ അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുമതി ഇല്ലാതെയായിരുന്നു ഈ സ്ഥാനാരോഹണം എന്ന് ആരോപിച്ചു അന്ന് വാഴിക്കപ്പെട്ട അഞ്ചു മെത്രാപ്പോലീത്താമാരെയും ഭരണകൂടം ജയിലിൽ അടച്ചു. ഏതാണ്ട് ഒമ്പത് വർഷകാലം ജയിലിൽ ആയിരുന്നു. 1984-ൽ പ്രിൻസ്ടൻ കോളേജിൽ തിരിച്ചു ചെന്ന് ഡോക്ടറൽ പഠനം പൂർത്തിയാക്കി. 1986-ൽ ആർച്ച് ബിഷപ്പായി സ്ഥാനാരോഹിതനായി. 1992-ൽ ആബൂന പൗലോസ്‌ എന്ന പേരിൽ പാത്രിയർക്കീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

സഭയിൽ വളരെയധികം പരിഷ്കാരങ്ങൾ നടപ്പിലാക്കുവാനും ഇതര ഓർത്തഡോക്സ് സഭകളുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുവാനും ആബൂനാ പൗലോസ്‌ പരിശ്രമിച്ചു. എത്യോപ്യ എന്ന രാജ്യം വിഭജിച്ച് എറിത്രിയ എന്ന രാജ്യം ഉണ്ടായപ്പോൾ സമാധാനവും സഹവർത്തിത്വവും ഉറപ്പാക്കുവാനുള്ള ശ്രമങ്ങൾ നടത്തി. കോപ്റ്റിക് - എത്യോപ്യൻ സഭകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ച സമാധാന ഉടമ്പടിയുടെ മുഖ്യശില്പിയുമായിരുന്നു ഇദ്ദേഹം.

അവലംബം[തിരുത്തുക]

  1. പൗലോസ് മാർ മിലിത്തിയോസ്. "എത്യോപ്യൻ പാത്രിയർക്കീസ്". മനോരമ ഓൺലൈൻ. Retrieved 18 ഓഗസ്റ്റ് 2012. 
"https://ml.wikipedia.org/w/index.php?title=ആബൂനാ_പൗലോസ്‌&oldid=2785319" എന്ന താളിൽനിന്നു ശേഖരിച്ചത്