ആഫ്റ്റർഇമേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
5-60 സെക്കൻഡ് ഈ ചിത്രം ഉറ്റുനോക്കിയ ശേഷം ഒരു വെളുത്ത പ്രതലത്തിലേക്ക് നോക്കുകയാണെങ്കിൽ, ഒരു നെഗറ്റീവ് ആഫ്റ്റർ ഇമേജ് ദൃശ്യമാകും (ഈ സാഹചര്യത്തിൽ മജന്തയിലെ സിയാൻ).  കണ്ണുകൾ അടച്ച് തല മുകളിലേക്ക് ചായ്ക്കുന്നതിലൂടെയും ഇത് കാണാനാകും.

ഒരു വസ്തുവിനെ കുറേ നേരം നോക്കിയ ശേഷം നോട്ടം മാറ്റിയാൽ കണ്ണുകളിൽ തുടർന്നും പ്രത്യക്ഷപ്പെടുന്ന വസ്തുവിന്റെ പ്രതിബിംബമാണ് ആഫ്റ്റർഇമേജ്. ഒരു ആഫ്റ്റർഇമേജ് ഒരു സാധാരണ പ്രതിഭാസമോ (ഫിസിയോളജിക്കൽ ആഫ്റ്റർഇമേജ്) അല്ലെങ്കിൽ പാത്തോളജിക്കലോ ( പാലിനോപ്സിയ ) ആകാം. ഫിസിയോളജിക്കൽ ആഫ്റ്റർഇമേജിൻ്റെ ഒരു പാത്തോളജിക്കൽ എക്സാജറേഷൻ ആണ് ഇല്യൂഷറി പാലിനോപ്സിയ. കണ്ണുകൾക്ക് യഥാർത്ഥ ഉത്തേജനം അനുഭവപ്പെടാതിരിക്കുമ്പോൾ പോലും റെറ്റിനയിലെ ഫോട്ടോകെമിക്കൽ പ്രവർത്തനം തുടരുന്നതിനാൽ ആണ് ആഫ്റ്റർഇമേജ് സംഭവിക്കുന്നത്.[1][2]

ഈ ലേഖനത്തിന്റെ ബാക്കി ഭാഗം പ്രധാനമായും ഫിസിയോളജിക്കൽ ആഫ്റ്റർഇമേജുകളെ സൂചിപ്പിക്കുന്നു. ക്യാമറ ഫ്ലാഷ് പോലുള്ള ഒരു പ്രകാശ സ്രോതസ്സിലേക്ക് ഹ്രസ്വമായി നോക്കിയ ശേഷം കണ്ണുകൾക്ക് മുന്നിൽ പൊങ്ങിക്കിടക്കുന്നതായി തോന്നുന്ന മങ്ങിയ പാടുകൾ ഒരു സാധാരണ ഫിസിയോളജിക്കൽ ആഫ്റ്റർഇമേജ് ആണ്. വിഷ്വൽ സ്നോയുടെ ഒരു സാധാരണ ലക്ഷണമാണ് പാലിനോപ്സിയ.

നെഗറ്റീവ് ആഫ്റ്റർഇമേജ്[തിരുത്തുക]

കണ്ണിന്റെ ഫോട്ടോറിസെപ്റ്റർ കോശങ്ങളായ റോഡ് കോശങ്ങളുടെയും കോൺ കോശങ്ങളുടെയും അമിത ഉത്തേജനം മൂലം അവയുടെ സംവേദനക്ഷമത നഷ്ടപ്പെടുമ്പോൾ നെഗറ്റീവ് ആഫ്റ്റർഇമേജുകൾ ഉണ്ടാകുന്നു. ഇതിൽ കോർട്ടിക്കൽ സംഭാവനയും ഉണ്ടെന്ന് പുതിയ തെളിവുകൾ സൂചിപ്പിക്കുന്നു.[3] സാധാരണഗതിയിൽ, അമിതപ്രതികരണം മൂലമുണ്ടാകുന്ന ചിത്രം റെറ്റിനയുടെ മറ്റൊരു ഭാഗത്തേക്ക് മൈക്രോസാക്കേഡുകൾ എന്നറിയപ്പെടുന്ന ചെറിയ നേത്ര ചലനങ്ങളിലൂടെ നീക്കുന്നു. എന്നിരുന്നാലും, ചിത്രം വലുതാണെങ്കിലോ കണ്ണ് വളരെ സ്ഥിരത പുലർത്തുന്നുണ്ടെങ്കിലോ, ഈ ചെറിയ ചലനങ്ങൾ മൂലം ചിത്രം റെറ്റിനയുടെ പുതിയ ഭാഗങ്ങളിലേക്ക് നീങ്ങില്ല. ഒരേ ഉത്തേജകത്തിന് നിരന്തരം വിധേയമാകുന്ന ഫോട്ടോറിസെപ്റ്ററുകൾ ക്രമേണ അവയുടെ ഫോട്ടോപിഗ്മെന്റ് വിതരണം കുറയ്ക്കുക വഴി തലച്ചോറിലേക്കുള്ള സിഗ്നൽ കുറയുന്നു. ശോഭയുള്ള അന്തരീക്ഷത്തിൽ നിന്ന് മങ്ങിയ ഒന്നിലേക്ക് നീങ്ങുമ്പോൾ, തിളക്കമുള്ള മഞ്ഞുവീഴ്ചയുള്ള ദിവസത്തിനുള്ളിൽ വീടിനകത്തേക്ക് നടക്കുന്നത് പോലെ ഈ പ്രതിഭാസം കാണാൻ കഴിയും. ഫോട്ടോഗ്രാഫിയിലെ കളർ ബാലൻസ് ക്രമീകരണത്തിന് സമാനമായ തലച്ചോറിന്റെ ആൻസിപിറ്റൽ ലോബിലെ ന്യൂറൽ അഡാപ്റ്റേഷനുകൾക്കൊപ്പം ഈ ഇഫക്റ്റുകളും ഉണ്ട്. ഡൈനാമിക് ലൈറ്റിംഗിൽ കാഴ്ച സ്ഥിരത നിലനിർത്താൻ ഈ അഡാപ്റ്റേഷനുകൾ സഹായിക്കുന്നു. ഒരു ഏകീകൃത പശ്ചാത്തലം ഉള്ളപ്പോൾ ഈ അഡാപ്റ്റേഷനുകൾ ഒരു വ്യക്തിയെ ആഫ്റ്റർഇമേജുകൾ കാണാൻ അനുവദിക്കും.

വർണ്ണ ദർശനത്തിന്റെ യംഗ്-ഹെൽംഹോൾട്ട്സ് ട്രൈക്രോമാറ്റിക് സിദ്ധാന്തം, കണ്ണിൽ ഹ്രസ്വ-തരംഗദൈർഘ്യ കോണുകൾ, ഇടത്തരം-തരംഗദൈർഘ്യ കോണുകൾ, ദീർഘ-തരംഗദൈർഘ്യ കോണുകൾ എന്നിങ്ങനെ മൂന്ന് തരം ഫോട്ടോറിസെപ്റ്ററുകൾ ഉണ്ടെന്ന് അഭിപ്രായപ്പെട്ടു. അവ ഓരോന്നും ദൃശ്യപ്രകാശത്തിന്റെ ഒരു പ്രത്യേക ശ്രേണിയിൽ സംവേദനക്ഷമമാണ് എന്നും സിദ്ധാന്തം പറയുന്നു. ട്രൈക്രോമാറ്റിക് സിദ്ധാന്തത്തിന് എല്ലാ ആഫ്റ്റർഇമേജുകളും വിശദീകരിക്കാൻ കഴിയില്ല. പ്രത്യേകിച്ചും, പ്രത്യേകിച്ചും, അനുരൂപമാക്കുന്ന ഉത്തേജകത്തിന്റെ പൂരക നിറമാണ് ആഫ്റ്റർഇമേജിനുള്ളത്, ട്രൈക്രോമാറ്റിക് സിദ്ധാന്തം ഈ വസ്തുത കണക്കിലെടുക്കുന്നതിൽ പരാജയപ്പെടുന്നു.[4]

ട്രൈക്രോമാറ്റിക് സിദ്ധാന്തത്തിന്റെ ആഫ്റ്റർഇമേജ് കണക്കിലെടുക്കുന്നതിലെ പരാജയം മൂലം ഇവാൾഡ് ഹെറിംഗ് (1878) ആവിഷ്കരിച്ചതും ഹർ‌വിച്ചും ജെയിംസണും (1957) വികസിപ്പിച്ചതുമായ ഒപ്പൊണന്റ് പ്രോസസ് സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടു.[4] കോണുകളിൽ നിന്നും റോഡുകളിൽ നിന്നുമുള്ള സിഗ്നലുകൾ വിരുദ്ധമായി പ്രോസസ്സ് ചെയ്യുന്നതിലൂടെ മനുഷ്യ വിഷ്വൽ സിസ്റ്റം വർണ്ണ വിവരങ്ങളെ വ്യാഖ്യാനിക്കുന്നുവെന്ന് ഒപ്പൊണന്റ് പ്രോസസ് സിദ്ധാന്തം പറയുന്നു. ചുവപ്പ്പ-ച്ച, നീല-മഞ്ഞ, കറുപ്പ്വെ-ള്ള എന്നിങ്ങനെ മൂന്ന് ഒപ്പൊണന്റ് ചാനലുകൾ ഉണ്ടെന്ന് ഒപ്പൊണന്റ് കളർ തിയറി സൂചിപ്പിക്കുന്നു. ഒരു ഒപ്പൊണന്റ് ചാനലിന്റെ ഒരു വർണ്ണത്തോടുള്ള പ്രതികരണങ്ങൾ മറ്റ് വർണ്ണത്തിന് വിരുദ്ധമാണ്. അതിനാൽ, ഒരു പച്ച ചിത്രം ഒരു മജന്ത ആഫ്റ്റർഇമേജ് ഉണ്ടാക്കും.

പോസിറ്റീവ് ആഫ്റ്റർഇമേജ്[തിരുത്തുക]

പോസിറ്റീവ് ആഫ്റ്റർഇമേജ് സാധാരണയിൽ നിന്ന് വ്യത്യസ്ഥമായി യഥാർത്ഥ ചിത്രത്തിന്റെ അതേ നിറത്തിൽ ദൃശ്യമാകുന്നു. അവ പലപ്പോഴും വളരെ ഹ്രസ്വമാണ് അര സെക്കൻഡിൽ താഴെ മാത്രം നീണ്ടുനിൽക്കുന്നവ). പോസിറ്റീവ് ആഫ്റ്റർഇമേജുകളുടെ കാരണം കൂടുതൽ അറിവായിട്ടില്ല,. റെറ്റിനൽ ഫോട്ടോറിസെപ്റ്റർ സെല്ലുകൾ ഓക്സിപിറ്റൽ ലോബിലേക്ക് ന്യൂറൽ ഇമ്പൾസുകൾ അയക്കുന്നത് തുടരുന്നത് മൂലമുണ്ടാകുന്ന തലച്ചോറിലെ തുടർച്ചയായ പ്രവർത്തനത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ ആവാം ഇത് എന്ന് കരുതുന്നു.[5]

ഒരു പോസിറ്റീവ് ഇമേജ് ഉണ്ടാക്കുന്ന ഒരു ഉത്തേജനം സാധാരണയായി അഡാപ്റ്റേഷൻ പ്രക്രിയയിലൂടെ ഒരു നെഗറ്റീവ് ആഫ്റ്റർഇമേജ് വേഗത്തിൽ പ്രവർത്തനക്ഷമമാക്കും. ഈ പ്രതിഭാസം അനുഭവിക്കാൻ, ഒരാൾ ഒരു തിളക്കമുള്ള പ്രകാശ ഉറവിടം നോക്കിയതിന് ശേഷം ഇരുണ്ട പ്രദേശത്തേക്ക് നോക്കിയാൽ മതി. ആദ്യം ഒരു മങ്ങിയ പോസിറ്റീവ് ആഫ്റ്റർഇമേജ് കാണും, അതിനുശേഷം ഉണ്ടാകുന്ന നെഗറ്റീവ് ആഫ്റ്റർഇമേജ് കൂടുതൽ നേരം നീണ്ടുനിൽക്കും. തെളിച്ചമില്ലാത്ത റാൻഡം ഒബ്‌ജക്റ്റുകളുടെ ആഫ്റ്റർഇമേജുകളും കാണാൻ കഴിയും, ഇവ കുറച്ച് സെക്കൻഡുകൾ മാത്രമേ നിലനിൽക്കൂ എന്നതിനാൽ മിക്ക ആളുകളുടെയും ശ്രദ്ധയിൽപ്പെടില്ല. 

അവലംബം[തിരുത്തുക]

  1. Bender, MB; Feldman, M; Sobin, AJ (Jun 1968). "Palinopsia". Brain: A Journal of Neurology. 91 (2): 321–38. doi:10.1093/brain/91.2.321. PMID 5721933.
  2. Gersztenkorn, D; Lee, AG (Jul 2, 2014). "Palinopsia revamped: A systematic review of the literature". Survey of Ophthalmology. 60 (1): 1–35. doi:10.1016/j.survophthal.2014.06.003. PMID 25113609.
  3. Shimojo, S; Kamitani, Y; Nishida, S (2001). "Afterimage of perceptually filled-in surface". Science. 293 (5535): 1677–80. Bibcode:2001Sci...293.1677S. doi:10.1126/science.1060161. PMID 11533495.
  4. 4.0 4.1 Horner, David. T. (2013). "Demonstrations of Color Perception and the Importance of Colors". In Ware, Mark E.; Johnson, David E. (eds.). Handbook of Demonstrations and Activities in the Teaching of Psychology. Vol. Volume II: Physiological-Comparative, Perception, Learning, Cognitive, and Developmental. Psychology Press. pp. 94–96. ISBN 978-1-134-99757-2. Retrieved 2019-12-06. {{cite book}}: |volume= has extra text (help) Originally published as: Horner, David T. (1997). "Demonstrations of Color Perception and the Importance of Contours". Teaching of Psychology. 24 (4): 267–268. doi:10.1207/s15328023top2404_10. ISSN 0098-6283.
  5. "positiveafterimage". www.exo.net.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആഫ്റ്റർഇമേജ്&oldid=3801393" എന്ന താളിൽനിന്ന് ശേഖരിച്ചത്