Jump to content

ആന്ധ്ര ഇക്ഷ്വാകു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇക്ഷ്വാകു, കൃഷ്ണ നദിയുടെ കിഴക്കൻ താഴ്വാരത്തിൽ വിജയപുരി(ആധുനിക നാഗാർജ്ജുനകൊണ്ട, ആന്ധ്രാപ്രദേശ്) ആസ്ഥാനമാക്കി ഭരിച്ചിരുന്ന രാജവംശമായിരുന്നു. ഇതിഹാസനാമമായ ഇക്ഷാകുവിൽനിന്ന് വേർതിരിച്ചറിയാൻ വിജയപുരിയിലെ ഇക്ഷ്വാകു അല്ലെങ്കിൽ ആന്ധ്ര ഇക്ഷ്വാകു എന്നും ഇക്ഷ്വാകുകൾ അറിയപ്പെടുന്നു.

ഇക്ഷ്വാകു രാജാക്കന്മാർ ശൈവന്മാരായിരുന്നെങ്കിലും ബുദ്ധമതവും അവരുടെ ഭരണകാലത്ത് അഭിവൃദ്ധി പ്രാപിച്ചു. ബുദ്ധ സ്മാരകങ്ങളുടെ നിർമ്മാണത്തിന് നിരവധി ഇക്ഷ്വാകു രാജ്ഞികളും രാജകുമാരന്മാരും സംഭാവനകൾ നൽകി.

ചരിത്രം[തിരുത്തുക]

പുരാതന സംസ്കൃതഗ്രന്ഥങ്ങളായ ഋഗ്വേദം, അഥർവ്വവേദം, ജൈമിനിയ ഉപനിഷത്ത് ബ്രാഹ്മണം, എന്നിവ ഇക്ഷ്വാകു എന്നു പേരുള്ള ഒരു ഐതിഹാസിക രാജാവിനെ പരാമർശിക്കുന്നു. പിൻകാല ഗ്രന്ഥങ്ങളായ രാമായണം, പുരാണങ്ങൾ എന്നിവ ഇക്ഷ്വാകുവിന്റെ പിൻഗാമികളുടെ രാജവംശത്തെ ഉത്തരേന്ത്യയിലെ കോസല രാജ്യത്തിന്റെ തലസ്ഥാനമായ അയോദ്ധ്യയുമായി ബന്ധിപ്പിച്ചു. [1] വിജയപുരി രാജാവായ ഇഹുവാല ചംതാമൂലയുടെ ഒരു രേഖ തന്റെ പൂർവികരെ ഇതിഹാസത്തിലെ ഇക്ഷ്വാകുകളുമായി ബന്ധിപ്പിക്കുന്നു.[2]

മത്സ്യപുരാണത്തിൽ പരാമർശിച്ചിരിക്കുന്ന "ശ്രീപാർവതീയ ആന്ധ്രർ", വിജയപുരിയിലെ ഇക്ഷ്വാകുക്കൾ തന്നെയെന്നു കരുതുപ്പെടുന്നു. [1]

ചംതാമൂല[തിരുത്തുക]

വീര-പുരുഷദത്തയുടെനാഗാർജുനകൊണ്ട ആയക സ്തംഭ ലിഖിതം (എ.ഡി 250-275)

സാമ്രാജ്യ സ്ഥാപകനായ വാസിഷ്ഠിപുത്ര ചംതാമൂല ശതവാഹനസാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം അധികാരത്തിൽ വന്നു.റെന്റാല, കേസനപ്പള്ളി ലിഖിതങ്ങൾ ഇദ്ദേഹത്തിന്റെ ഭരണത്തെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്തിലെ അഞ്ചാമത്തെ വർഷത്തേതെന്ന് കണക്കാക്കുന്ന റെന്റാല ലിഖിതം അദ്ദേഹത്തെ " ശ്രീ ചംതാമൂല" എന്ന് വിളിക്കുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്തെ പതിമൂന്നാം വർഷത്തേതെന്ന് കണക്കാക്കുന്ന, ഒരു ബുദ്ധ സ്തൂപത്തിന്റെ തൂണിൽ ആലേഖനം ചെയ്ത 4 വരികളുള്ള കേസനപ്പള്ളി ലിഖിതം ഇക്ഷ്വാകു രാജവംശത്തിന്റെ സ്ഥാപകനായി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. [3]

ചംതാമൂലയുടെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. ചംതാമൂലയ്ക്ക് ചാംതശ്രീ ഹമാശ്രീ എന്നു പേരായ രണ്ട് സഹോദരന്മാരുണ്ടായിരുന്നു, . പുക്കിയ കുടുംബത്തിലെ മഹാതലവര സ്കന്ദശ്രീയെ വിവാഹം കഴിച്ച ചാംതശ്രീ ബുദ്ധമതസ്ഥാനമായമഹാചൈത്യത്തിന്റെ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിച്ചു. [3]

പിൽക്കാല ഇക്ഷ്വാകു രാജാക്കന്മാരുടെ രേഖകളനുസരിച്ച് ചംതാമൂല അഗ്നിഷ്ടോമയാഗം, വാജപേയയാഗം, അശ്വമേധയാഗം എന്നിവ നടത്തി. പുരാവസ്തുഗവേഷണങ്ങൾ ഈ രേഖകളെ ശരിവക്കുന്നു. ഗവേഷണങ്ങൾ, ചംതാമൂലയുടെ അശ്വമേധയാഗം രേഖപ്പെടുത്തിയിരിക്കുന്ന നാണയങ്ങൾ, അവഭ്രിഥ ചടങ്ങിൽ ഉപയോഗിക്കപ്പെടുന്ന കുളം, കൂർമ്മ-ഛിതി (ഒരു ആമയുടെ ആകൃതിയിലുള്ള യാഗസ്ഥാനം) എന്നിവ കണ്ടെടുത്തിട്ടുണ്ടു. [3]

ചംതാമൂലയ്ക്ക് ധാരാളം ഭാര്യമാരുണ്ടായിരുന്നു. [4] അദ്ദേഹത്തിന്റെ മകൾ അദ്വായി ചാംതിശ്രി, ധനക കുടുംബത്തിലെ മഹസേനാപതി മഹാതലവര ദണ്ടനായക കംദാവിശാഖയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന് ശേഷം മകൻ വീരപുരുഷദത്ത അധികാരത്തിലേറി. [3] വീരപുരുഷദത്തയുടെ ഭരണകാലത്തിലെ 20-ാം കൊല്ലത്തിലെ ലിഖിതത്തിൽ ചംതാമൂലയുടെ മരണത്തിനെ പരാമർശിച്ചിരിക്കുന്നു.[5]

വിരപുരുഷദത്ത[തിരുത്തുക]

" സിഥിയൻ " പട്ടാളക്കാരൻ, നാഗാർജുനകൊണ്ട [6] [7]

മാഥരീപുത്ര വീരപുരുഷദത്ത, 24 വർഷമെങ്കിലും ഭരിച്ചുവെന്ന് അദ്ദേഹത്തിന്റെ ഭരണകാലത്തെ 24-ാം വർഷത്തെ ഒരു ലിഖിതം അടിസ്ഥാനമാക്കി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിനു ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു. ഇവരിൽ തന്റെ പിതൃസഹോദരിമാരുടെ (ചാംതശ്രീ, ഹമാശ്രീ) മക്കളും, [4] [8] ഉജ്ജൈനിലെ ഭരണാധികാരിയുടെ (ഇന്തോ-സിഥിയൻ പടിഞ്ഞാറൻ ക്ഷത്രപ രാജാവായ രുദ്രസേന രണ്ടാമൻ എന്നു കരുതപ്പെടുന്നു. [9] [8] [10]) മകളായ രുദ്രധാര-ഭട്ടാരികയും ഉൾപ്പെടുന്നു. തൊപ്പികളും കോട്ടും ധരിച്ച സിഥിയൻ സൈനികരുടെ കൊത്തുപണികളിൽനിന്ന് നാഗാർജുനകൊണ്ട കൊട്ടാരത്തിൽ സിഥിയൻ സ്വാധീനം കാണാം. [6] [7] നാഗാർജുനകൊണ്ടയിലെ ഒരു ലിഖിതം അടിസ്ഥാനമാക്കി ഇക്ഷ്വാകു രാജാക്കന്മാർ നിയോഗിച്ചിരുന്ന സിഥിയൻ കാവൽക്കാരുടെ ഒരു സൈനികപ്പാളയം അവിടെ നിലയുറപ്പിച്ചിരിന്നുവെന്ന് അനുമാനിക്കുന്നു. [11]

അദ്ദേഹത്തിന്റെ മകൾ കൊദബലിശ്രീ വനവാസ രാജ്യത്തിന്റെ ഭരണാധികാരിയെ വിവാഹം കഴിച്ചു. [12] വീരപുരുഷദത്തക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു, ഇലി ഇഹാവുലദാസ (അമ്മ യഖിലിനിക), ഇവുവാല ചംതാമൂല (അദ്ദേഹത്തിന്റെ അമ്മ ഖംദുവൂല). ഇഹുവാല ചംതാമൂല, വീരപുരുഷദത്തക്കുശേഷം അധികാരം ഏറ്റെടുത്തു.

ഇഹുവാല ചംതാമൂല[തിരുത്തുക]

വസിഷ്ഠിപുത്ര ഇഹുവാല ചംതാമൂല കുറഞ്ഞത് 24 വർഷമെങ്കിലും ഭരിച്ചുവെന്ന് 2, 8, 9, 11, 13, 16, 24 ഭരണകാലങ്ങളിലെ ലിഖിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇക്ഷ്വാകു രാജ്യം അതിന്റെ ഉന്നതിയിലെത്തി. [9] അദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി ഹിന്ദു, ബുദ്ധ ആരാധനാലയങ്ങൾ നിർമ്മിക്കപ്പെട്ടു. [9] ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് അറിയപ്പെടുന്ന ഏറ്റവും പഴയ ചെമ്പ് ഫലക ചാർട്ടറാണ് അദ്ദേഹത്തിന്റെ പടഗണ്ടിഗുഡെം ലിഖിതം. [13]

ഇഹുവാലയുടെ ഭരണകാലത്ത് ഇക്ഷ്വാകു രാജ്യം വിദേശ ആക്രമണങ്ങൾ നേരിട്ടതായി കരുതുന്നു. സർവ്വദേവ ക്ഷേത്രത്തിലെ ലിഖിതം അദ്ദേഹത്തിന്റെ സൈന്യാധിപൻ അനിക്കെയുടെ യുദ്ധക്കളത്തിലെ വിജയങ്ങളെക്കുറിച്ചുള്ളതാണ്. ഇഹുവാലയുടെ മഹസേനാപതി ചംതാപൂലയുടെ ഓർമ്മക്കായുള്ള സ്തംഭത്തിൽ യുദ്ധക്കളത്തിലെ വിജയങ്ങളെക്കുറിച്ചുള്ള സൂചനകളുണ്ട്. [14]

ഇഹുവാലയുടെയും രാജ്ഞിയായ കപനശ്രീയുടെയുംമകനും ഹരിതിപുത്ര വീരപുരുഷദത്ത, കിരീടാവകാശിയുടെ സ്ഥാനപ്പേരുകളാൽ അലങ്കരിക്കപ്പെട്ടിരിന്നുവെങ്കിലും അധികാരത്തിൽ കയറുന്നതിനു മുമ്പു മരിച്ചുവെന്നു കരുതപ്പെടുന്നു. രുദ്രപുരുഷദത്ത ഇഹുവാലയുടെ പിൻഗാമിയായി അധികാരമേറ്റു. രുദ്രപുരുഷദത്ത ഇഹുവാലക്ക് പടിഞ്ഞാറൻ ക്ഷത്രപ ഭരണാധികാരിയുടെ മകളായ വമ്മഭട്ടയിൽ ഉണ്ടായ മകനാണ്. [14]

ഇഹുവാലയുടെ ഭരണകാലത്ത് ശകർ (പടിഞ്ഞാറൻ സത്രപർ) ഇക്ഷ്വാകു രാജ്യത്തിനെ അത്യന്തം സ്വാധീനച്ചതായി കാണപ്പെടുന്നു. ഈ കാലയളവിൽ പുറത്തിറക്കിയ ചില ലിഖിതങ്ങളിൽ രാജാവിന് സ്വാമിൻ എന്ന ശകന്മാരുപയോഗിച്ചിരുന്ന ശീർഷകം ഉപയോഗിക്കുന്നു. വമ്മഭട്ടയുടെ സ്മരണയ്ക്കായി ഇഹുവാലയുടെ മകൻ രുദ്രപുരുഷദത്തയുടെ പതിനൊന്നാം ഭരണകാലത്ത് പുറത്തിറക്കിയ ഒരു ലിഖിതത്തിൽ മുൻ ഇക്ഷ്വാകുരാജാക്കന്മാർക്ക് സ്വാമിൻ എന്ന തലക്കെട്ട് ഉപയോഗിക്കുന്നു. [14]

രുദ്രപുരുഷദത്ത[തിരുത്തുക]

വസിഷ്ഠിപുത്ര രുദ്രപുരുഷദത്തയുടെ പേരു രണ്ട് ലിഖിതങ്ങളാൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്തെ നാലാം വർഷത്തേതെന്നു ഗണിച്ചിട്ടുള്ള ഗുരാസല ലിഖിതത്തിൽ, കേശ്രിയുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനായി നോഡു കേശ്രി ഹലാംപുരസ്വാമിൻ ദേവന് ഭൂമി നൽകിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. രാജാവിന്റെ അമ്മ വമ്മഭട്ടയുടെ സ്മരണയ്ക്കായി ഒരു സ്തംഭം സ്ഥാപിച്ചതായി രുദ്രപുരുഷദത്തയുടെ ഭരണകാലത്തെ പതിനൊന്നാം വർഷത്തിലെ നാഗാർജുനകൊണ്ട ലിഖിതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. [14]

അധഃപതനം[തിരുത്തുക]

അഭിര രാജാവ് വസിഷ്ഠിപുത്ര വാസുസേനയുടെ നാഗാർജ്ജുനകൊണ്ടയിലെ ഒരു ലിഖിതം അടിസ്ഥാനമാക്കി അഭിര രാജാക്കന്മാർ ഇക്ഷ്വാകു രാജ്യം ആക്രമിക്കുകയും അധിനിവേശം നടത്തുകയും ചെയ്തുവെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും ഇത് ഉറപ്പാക്കാൻ കഴിയുന്ന തെളിവുകൾ ലഭ്യമല്ല. [1] [3]

നാലാം നൂറ്റാണ്ടിന്റെ പകുതിയോടെ പല്ലവന്മാർ ഇക്ഷ്വാകു പ്രദേശങ്ങളുടെ നിയന്ത്രണം നേടിയിരുന്നു. അതോടെ ഇക്ഷ്വാകു ഭരണാധികാരികൾ സാമന്ത രാജാക്കന്മാരുടെ പദവിയിലേക്ക് ചുരുങ്ങിയിരിക്കാം എന്നു അനുമാനിക്കുന്നു. [15]

നാഗാർജുനകൊണ്ടയിൽ നിന്നുള്ള ഒരു ദേവിപ്രതിമ
ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങളുടെ വിഭജനം ചിത്രീകരിക്കുന്ന നാഗാർജുനകൊണ്ടയിൽ നിന്നുള്ള ഒരു ശില്പം

മതം[തിരുത്തുക]

ഇക്ഷ്വാകു രാജാക്കന്മാർ വിവിധ യാഗങ്ങൾ നടത്തിയിരുന്നു. [4] വസിഷ്ഠിപുത്ര ചംതാമൂല അഗ്നിഷ്ടോമം, വാജപേയം, അശ്വമേധം എന്നീ യാഗങ്ങൾ നടത്തി. [3] [16] ഇഹുവാല ചംതാമൂലയുടെ ഭരണവാഴ്ചയിൽ ബ്രാഹമണമതം വളർച്ച പ്രാപിക്കുകയും നിരവധി ക്ഷേത്രങ്ങളുടെ നിർമ്മാണം. നടക്കുകയും ചെയ്തു.[9] ഇതിൽ നോഡഗീശ്വരസ്വാമി, പുഷ്പഭദ്രസ്വാമി, സർവ്വദേവ എന്നീ ദേവതകളുടെ ഉൾപ്പെടുന്നു. ഇഹുവാലയുടെ ഭരണകാലത്തിന്റെ പതിനൊന്നാമത്തെ വർഷത്തിൽ അദ്ദേഹത്തിന്റെ സൈന്യാധിപൻ എലിശ്രീ, സർവദേവന്റെ ക്ഷേത്രം നിർമ്മിച്ചു. ഹരിതിപുത്ര വീരപുരുഷദത്ത രാജകുമാരൻ പുഷ്പഭദ്രസ്വാമി ക്ഷേത്രം നിർമ്മിച്ചത് ഇഹുവാലയുടെ ഭരണത്തിന്റെപതിനാലാം വർഷത്തിലാണ്. നോഡഗീശ്വരസ്വാമിയുടെ ദേവാലയം ഇഹുവാലയുടെ ഭരണകാലത്ത് പണികഴിപ്പിക്കുകയും അതിന്റെ പരിപാലനത്തിന് അദ്ദേഹം സ്ഥിരമായ ഒരു സഹായധനം അനുവദിക്കുകയും ചെയ്തു. [9]

ഇക്ഷ്വാകു രാജ്യത്തിൽ ബുദ്ധമതം തഴച്ചുവളർന്നു, നിരവധി രാജകുമാരന്മാരും രാജ്ഞികളും ബുദ്ധ ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് സംഭാവന നൽകി. [4] ചംതാശ്രി, വസിഷ്ഠിപുത്ര ചംതാമൂലയുടെ സഹോദരി മഹാചൈത്യത്തിന്റെ നിർമ്മാണത്തിന് ഉദാരമായി സംഭാവന ചെയ്തു. [17] മഹാചൈത്യത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഗൗതമബുദ്ധന്റെ പല്ല് (പ്രദേശത്തുനിന്നു കിട്ടിയ ലിഖിതമനുസരിച്ച്) അടങ്ങിയ ഒരു തിരുശേഷിപ്പ് കണ്ടെത്തി. ബുദ്ധമത പാരമ്പര്യമനുസരിച്ച്, ഈ ഭൗതികാവശിഷ്ടങ്ങൾ കൊണ്ടുവന്നത് 3-ആം നൂറ്റാണ്ട് ബി.സി.ഇ യിൽ അശോകചക്രവർത്തി ബുദ്ധമതം പ്രചരിപ്പിക്കാൻ അയച്ച മഹാദേവ എന്ന ബുദ്ധസന്യാസിയാണ്. [4]

വീരപുരുഷദത്തയുടെ ഭരണത്തിലെ 6, 10, 14, 15, 18, 19, 20, 24 വർഷങ്ങളിലെ ലിഖിതങ്ങൾ രാജകീയ സ്ത്രീകളും സാധാരണക്കാരും ബുദ്ധ സ്മാരകങ്ങൾ നിർമ്മിച്ചതായി രേഖപ്പെടുത്തുന്നു. [4] ഇഹുവാല ചംതാമൂലയുടെ ഭരണകാലത്ത്, മഹാദേവി ഭത്തിദേവ, ഭൌശ്രുതീയ ബുദ്ധമത വിഭാഗത്തിന്റെ അധ്യാപകർക്കായി ഒരു ആശ്രമം പണികഴിച്ചു. മഹാദേവി കോഡബാലിശ്രീ മഹിശാസാക വിഭാഗത്തിലെ സന്യാസികൾക്കായി ഒരു മഠം നിർമ്മിച്ചു. അപര-മഹാവിന-സെല്ലിയ വിഭാഗത്തിന് അനുകൂലമായി ചന്ദ്രശ്രീ എന്ന ഉപാസിക നിരവധി മതപരമായ പ്രവർത്തനങ്ങൾ നടത്തി. ഇഹുവാലയുടെ ഭരണകാലത്ത് ഒരു സ്തൂപം (ഇപ്പോൾ നാഗാർജുനകൊണ്ടയിൽ സ്തൂപം നമ്പർ 9 എന്ന് വിളിക്കുന്നു) നവീകരിച്ചു. കുമാര-നന്ദിൻ എന്ന വ്യാപാരി ഇതേ കാലയളവിൽ ബുദ്ധന്റെ ഒരു പ്രതിമ സ്ഥാപിച്ചു. [9]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 K. Krishna Murthy 1977, പുറം. 3.
 2. Kotra Raghunath 2001, പുറം. 4.
 3. 3.0 3.1 3.2 3.3 3.4 3.5 K. Krishna Murthy 1977, പുറം. 4.
 4. 4.0 4.1 4.2 4.3 4.4 4.5 K. Krishna Murthy 1977, പുറം. 5.
 5. K. Krishna Murthy 1977, പുറം. 8.
 6. 6.0 6.1 "In Nagarjunakonda Scythian influence is noticed and the cap and coat of a soldier on a pillar may be cited as an example.", in Sivaramamurti, C. (1961). Indian Sculpture (in ഇംഗ്ലീഷ്). Allied Publishers. p. 51.
 7. 7.0 7.1 "A Scythian dvarapala standing wearing his typical draperies, boots and head dress. Distinct ethnic and sartorial characteristics are noreworthy.", in Ray, Amita (1982). Life and Art of Early Andhradesa (in ഇംഗ്ലീഷ്). Agam. p. 249.
 8. 8.0 8.1 P.R.Rao 1993, പുറം. 23.
 9. 9.0 9.1 9.2 9.3 9.4 9.5 K. Krishna Murthy 1977, പുറം. 6.
 10. (India), Madhya Pradesh (1982). Madhya Pradesh District Gazetteers: Ujjain (in ഇംഗ്ലീഷ്). Government Central Press. p. 26.
 11. "The Iksvakus Kings employed Scythian soldiers as their palace guards, and also an inscription hints that a colony of Scythians existed at Nagarjunakonda.", in The Journal of the Institution of Surveyors (India) (in ഇംഗ്ലീഷ്). Institution of Surveyors. 1967. p. 374.
 12. Michael Mitchiner (1983). "The Chutus of Banavasi and their Coinage". The Numismatic Chronicle. 143: 101. JSTOR 42665170.
 13. Upinder Singh 2017, പുറം. 173.
 14. 14.0 14.1 14.2 14.3 K. Krishna Murthy 1977, പുറം. 7.
 15. K. Krishna Murthy 1977, പുറങ്ങൾ. 8–9.
 16. Himanshu Prabha Ray 2003, പുറം. 140.
 17. K. Krishna Murthy 1977, പുറങ്ങൾ. 4–5.
"https://ml.wikipedia.org/w/index.php?title=ആന്ധ്ര_ഇക്ഷ്വാകു&oldid=3344432" എന്ന താളിൽനിന്ന് ശേഖരിച്ചത്