Jump to content

ആനച്ചൊറിയണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആനച്ചൊറിയണം
ആനച്ചൊറിയണം ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
U. parviflora'
Binomial name
Urtica parviflora
Roxb.

അർട്ടിക്കേസി കുടുംബത്തിൽപ്പെടുന്ന ഒരു സസ്യമാണ് ആനച്ചൊറിയണം. ശാസ്ത്രനാമം: അർട്ടിക്ക പാർവിഫ്ളോറ (Urtica parviflora); അർട്ടിക്ക ക്രെനുലേറ്റ (Urtica Crenulata); ലാപോർട്ടിയ ക്രെനുലേറ്റ (Laportea Crenulata); ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ആനച്ചൊറിയണം ധാരാളമായി വളരുന്നത്. കേരളത്തിൽ പശ്ചിമഘട്ടത്തിലെ 1500 മീറ്റർ വരെ ഉയരുമുള്ള പ്രദേശങ്ങളിൽ ഇത് വളരുന്നു. അസം, സിക്കിം എന്നിവിടങ്ങളിലാണ് ഈ സസ്യം കൂടുതലായി കാണുന്നത്.

ചൊറിച്ചിൽ ഉണ്ടാക്കുന്നവ

[തിരുത്തുക]

ചൊറിയണ വിഭാഗത്തിൽപ്പെടുന്ന സസ്യങ്ങളിൽ വച്ചേറ്റവും തീക്ഷ്ണമായ ചൊറിച്ചിലുണ്ടാക്കുന്നത് ആനച്ചൊറിയണമാണ്.[അവലംബം ആവശ്യമാണ്] ഇതിന്റെ രോമങ്ങളുടെ സ്പർശമേറ്റാൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പുകച്ചിലോടുകൂടിയ വേദനയുണ്ടാകുന്നു. പുഷ്പകാലത്ത് ഇവയുടെ ലോമങ്ങൾക്ക് വിഷശക്തികൂടുതലാണ്.[അവലംബം ആവശ്യമാണ്] അപ്പോൾ ഇത് ശക്തിയായ തുമ്മലും പനിയും ഉറക്കക്കുറവും ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. അതിനാൽ ഇത് ഡെവിൾ നെറ്റിൽ എന്ന പേരിലും അറിയപ്പെടുന്നു.

രൂപവിവരണം

[തിരുത്തുക]

മൂന്നോ നാലോ മീറ്റർ വരെ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയെന്നോ ചെറുവൃക്ഷമെന്നോ ആനച്ചൊറിയണത്തെ വിശേഷിപ്പിക്കാം. സസ്യത്തിലാകമാനം ചെറുരോമങ്ങളുണ്ട്. കാണ്ഡം കട്ടികുറഞ്ഞതാണ്. വളരെ ലഘുവായ ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. ആയതാകൃതിയോ കുന്താകാരമോ ആയ ഇലകൾ 12-30 സെ.മീ. നീളവും കട്ടിയും ഉള്ളതാണ്. അനുപർണങ്ങൾ വളരെച്ചെറുതാണ്. ആൺപെൺ പുഷ്പങ്ങൾ വെവ്വേറെ ചെടികളിലാണുണ്ടാവുക. ഇലയുടെ കക്ഷ്യങ്ങളിൽ നിന്ന് പൂങ്കുലകളുണ്ടാകുന്നു. പുഷ്പങ്ങൾ വളരെ ചെറുതാണ്. ആൺ പുഷ്പങ്ങളിൽ നാലോ അഞ്ചോ പരിദളപുടങ്ങളും കേസരങ്ങളും ഉണ്ടായിരിക്കും. പെൺപുഷ്പങ്ങൾ താരതമ്യേന വലിപ്പം കുറഞ്ഞതും മൂന്നോ നാലോ പരിദളപുടങ്ങളോടുകൂടിയതുമായിരിക്കും. വർത്തിക കനം കൂടിയതാണ്; പൂങ്കുലകൾ രോമാവൃതവും. കായ് അക്കീൻ (achene) ആണ്.

ആനച്ചൊറിയണത്തിന്റെ കാണ്ഡം, ഇല, പൂവ് എന്നിവ വിഷമയമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വിഷവസ്തു ഫോമിക് അമ്ലമാണ്.[അവലംബം ആവശ്യമാണ്] കൂടാതെ ലെസിതിൻ, കാർബോളിക് അമ്ലം, അമോണിയ, പലതരം ലവണങ്ങൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതിന്റെ വേരുകൊണ്ടുണ്ടാക്കുന്ന കഷായം സേവിച്ചാൽ പനി കുറയും.[അവലംബം ആവശ്യമാണ്] ശരീരത്തിലുണ്ടാകുന്ന നീര്, മുഴ എന്നിവയ്ക്ക് ഇതിന്റെ വേരും ഇലയും അരച്ച് പുറമെ പുരട്ടുന്നത് പ്രയോജനപ്രദമാണ്.വ് മൂത്രാശയസംബന്ധിയായ രോഗങ്ങൾക്കും രക്തസ്രാവത്തിനും ഔഷധങ്ങളുണ്ടാക്കാനും ഇതുപയോഗിക്കുന്നു.[അവലംബം ആവശ്യമാണ്]

ഉപയോഗങ്ങൾ

[തിരുത്തുക]

ആനച്ചൊറിയണത്തിന്റെ തളിരിലകൾ ഭക്ഷ്യയോഗ്യമാണ്. കാണ്ഡത്തിന്റെ പട്ടയിൽ ബലമുള്ള ഒരിനം നാരുണ്ട്. അസമിലെ ഗോത്രവർഗക്കാർ ഇത്തരം നാരുകൊണ്ട് വസ്ത്രങ്ങളുണ്ടാക്കാറുണ്ട്. ചാക്ക് നിർമ്മിക്കുന്നതിനും ഈ നാര് പ്രയോജനപ്പെടുന്നു.[അവലംബം ആവശ്യമാണ്]

ഇതും കാണുക

[തിരുത്തുക]

ആനക്കൊടിത്തൂവ

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആനച്ചൊറിത(യ)ണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആനച്ചൊറിയണം&oldid=3987984" എന്ന താളിൽനിന്ന് ശേഖരിച്ചത്