ആനക്കയം കാർഷിക ഗവേഷണകേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Coordinates: 11°5′23.91″N 76°7′13.11″E / 11.0899750°N 76.1203083°E / 11.0899750; 76.1203083

മഞ്ചേരി ഭാഗത്ത് നിന്നുള്ള പ്രവേശനകവാടം

കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങളിൽ ഒന്നായ ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള ആനക്കയത്ത് സഥിതി ചെയ്യുന്നു. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഈ സ്ഥാപനം പ്രധാനമായും കശുമാവിലും മറ്റു ഫലവൃക്ഷങ്ങളിലും ഗവേഷണം നടത്തി വരുന്നു.


ചരിത്രം[തിരുത്തുക]

പ്രധാന ഓഫീസ് കെട്ടിടം

സംസ്ഥാന കൃഷിവകുപ്പിന് കീഴിൽ 1963 ലാണ് കശുമാവ് ഗവേഷണ കേന്ദ്രം സ്ഥാപിതമായത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കർഷകർക്ക് വിവിധ കൃഷിരീതികളെക്കുറിച്ച് അറിവ് നൽകുന്നതോടൊപ്പം കശുമാവ് ഗവേഷണ രംഗത്ത് പ്രവർത്തനം വിപുലപ്പെടുത്തുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യകാല പ്രവ‍ർത്തനങ്ങൾ. ഈ മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാനും സ്ഥാപനത്തിന് സാധിച്ചു. [1] 18 ഇനം മാതൃസസ്യങ്ങളിൽ നിന്നായി 216 സങ്കരബീജങ്ങളാണു് ഇവിടെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്നതു്. ഇതിൽ ആനക്കയം-1, ധാരാശ്രീ, മൃദുല എന്നീ ഇനം കശുമാവുകൾ കാർഷികോൽപ്പാദനത്തിനായി വിതരണം ചെയ്യുന്നുണ്ടു്. [2]. 9.92 ഹെൿടർ ആണ്‌. ഇതിൽ 8 ഹെക്ടറും കശുമാവ് കൃഷിക്കു വേണ്ടിയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. [2]. അവസാനം ഇവിടെനിന്ന് പുറത്തിറക്കിയ ശ്രീ എന്ന കശുമാവ് ഇനം ഉയർന്ന ഉദ്പാദനക്ഷമതയുള്ളതും കശുവണ്ടിയുടെ വലിപ്പത്തിന്റെ കാര്യത്തിലും കീടപ്രതിരോധശേഷയിലും മുന്നിട്ട് നി‍ൽക്കുന്നതും തേയിലകൊതുകിനെതിരെ പ്രതിരോധശേഷിയുള്ളതുമാണ്. സംസ്ഥാനത്ത് കശുവണ്ടിയുദ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗുണമേന്മയേറിയ പതിനായിരക്കണക്കിനു കശുമാവിൻ തൈകൾ ഇവിടെ ഉത്പാദിപ്പിച്ച് വിവിധ കൃഷിഭവനുകൾ വഴി ഇവിടെ നിന്ന് വിതരണം ചെയ്തിട്ടുണ്ട്.

കാർഷിക ഗവേഷണ കേന്ദ്രം[തിരുത്തുക]

തൊഴിൽപരിശീലന കേന്ദ്രം

25 ഏക്കർ വിസ്തൃതിയുള്ള ഈ ഗവേഷണ കേന്ദ്രം 1972 ൽ കൃഷിവകുപ്പിൽനിന്നും കേരള കാർഷിക സർവകലാശാല ഏറ്റെടുത്തു. കാർഷിക ഗവേഷണ കേന്ദ്രം ആനക്കയം എന്ന പേരി‍ൽ അതിന് ശേഷം പുനർനാമകരണം ചെയ്യുകയുണ്ടായി. പത്തോളം ഹെക്ടറിൽ ഒരിഞ്ച് സ്ഥലവും പാഴാക്കാതെയുള്ള പ്രവ‍ർത്തനങ്ങളാണ് ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തെ ശ്രദ്ധേയമാക്കുന്നത്. അത്യൂൽപാദന ശേഷിയുള്ള മാവ്, പ്ലാവ്, മാങ്കോസ്റ്റീൻ, റമ്പുട്ടാൻ, നെല്ലി, സപ്പോട്ട, നാരകം, മുന്തിരി, തുടങ്ങിയ നിരവധിയിനത്തിൽപെട്ട ഫലവൃക്ഷതൈകൾ, അലങ്കാരച്ചെടികൾ, പൂച്ചെടികൾ, എന്നിവയെല്ലാം ഇവിടെ ഉദ്പാദിപ്പിച്ച് കുറഞ്ഞ നിരക്കിൽ ഇവിടെ നിന്ന് വിതരണം ചെയ്ചുന്നുണ്ട്. വാഴ, തെങ്ങ്, കൊക്കോ എന്നിവയുടെ തൈകളും വിതരണം ചെയ്യുന്നു. മികച്ചയിനം പച്ചക്കറി വിത്തിനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. [1]

സീഡ് വില്ലേജ് പദ്ധതി[തിരുത്തുക]

വിത്തിനങ്ങളും തൈകളും കേന്ദ്രത്തി‍ൽ നിർമിച്ച് വിതരണം ചെയ്യുന്നതിന് പുറമെ വിവിധപ്രദേശങ്ങളിലെ ക‍ർഷകർക്ക് ആവശ്യമായ സഹായവും നിർദ്ദേശവും നൽകി ക‍ർഷകരുടെ പങ്കാളിത്തത്തോടെ വിത്തുഗ്രാമങ്ങൾക്ക് രൂപം ന‍ൽകുകയും അവരിലൂടെ ലഭിക്കുന്ന വിത്തുകളും തൈകളും ശേഖരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് സീഡ് വില്ലേജ് പദ്ധതി. മാവ്, പ്ലാവ്, മാങ്കോസ്റ്റീൻ, റമ്പുട്ടാൻ അലങ്കാര ചെടികൾ തുടങ്ങിയവയുടെ തൈകൾ ഉൽപാദിപ്പിക്കുന്നതിന് റൂട്ട് സ്റ്റോക്ക് നഴ്സറിയും ഇവിടെ സജ്ജമാക്കിയിരിക്കുന്നു.

പച്ചക്കറി കൃഷി[തിരുത്തുക]

പച്ചക്കറി കൃഷിയിൽനിന്ന്

അത്യു‍ൽപാദന ശേഷിയുള്ള ധാരാളം പച്ചക്കറികൾ ഈ ഗവേഷണ കേന്ദ്രത്തിൽനിന്ന് വിത്തായും തൈ ആയും വിതരണം ചെയ്തുവരുന്നു. തക്കാളി, മുളക്, വെണ്ട തുടങ്ങിയവയും കാബേജ്, കോളിഫ്ലവർ എന്നിവയും വിപുലമായ രീതിയിൽ തന്നെ ഇവിടെ കൃഷിചെയ്യുകയും വിത്തുകളുൽപാദിപ്പിച്ച് വിതരണത്തിനായി തയ്യാറാക്കുകയും ചെയ്യുന്നു.

പരിശീലന കോഴ്സ്[തിരുത്തുക]

വൊക്കേഷണൽ ഹയർസെക്കണ്ടറി പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് 6 മാസത്തെ ഒരു പരിശീലന കോഴ്സ് 2008 മുതൽ ഇവിടെ ആരംഭിക്കുകയുണ്ടായി. പ്രതിമാസ സ്റ്റൈപന്റ് നൽകുന്ന ഈ കോഴ്സുകൊണ്ട് ഉദ്ദേശിക്കുന്നത് വിവിധയിനം കൃഷിരീതികൾ വരും തലമുറക്ക് പരിചയപ്പെടുത്തുക, കാർഷികമേഖലയോട് പുതുതലമുറക്ക് താ‍ൽപര്യമുണ്ടാക്കുക എന്നതാണ്. ഈ കോഴ്സിലൂടെ ഇതിനകം നൂറുകണക്കിന് വിദ്യാർഥികൾക്ക് വിവിധകൃഷിരീതികളിൽ ഇവിടെ നിന്ന് പരിശീലനം നേടി പുറത്തിറങ്ങിയിട്ടുണ്ട്.

പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾ സ്വയം സഹായ സംഘമെന്ന കൂട്ടായ്മ രൂപീകരിച്ച് കാർഷിക വികസന കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്രത്തിലേക്ക് ആവശ്യമായ നടീൽ വസ്തുക്കളുടെ ഉദ്പാദനത്തിൽ ഈ യുവ കൂട്ടായ്മയുടെ പങ്ക് നിസ്സീമമാണ്. ലാഭം പങ്കുവെക്കുന്ന തരത്തിലാണ് ഇവരുടെ പ്രവർത്തനമെന്നതിനാൽ ഇതിൽ പങ്കാളികളായ വിദ്യാർഥികൾക്ക് നല്ല വരുമാനം കണ്ടെത്താനും കഴിയുന്നുണ്ട്.

കർഷകർക്കും കാർഷിക വിദ്യാർഥികൾക്കും, വനിതകൾക്കും യുവാക്കൾക്കും തുടർച്ചയായി വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനും അതുവഴി കാർഷിക രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിനും ഈ സ്ഥാപനത്തിന് സാധിക്കുന്നുണ്ട്. ഹോർട്ടികൾച്ചർ, പ്ലാന്റ് പ്രോപ്പഗേഷൻ, ടിഷ്യൂകൾച്ചർ, ബയോടെക്നോളജി, ഹൈടെക് ഹോ‍ർട്ടികൾച്ചർ, റെയിൻവാട്ടർ കൺസർവേഷൻ, കോമേഴ്സ്യൽ ക്രോപ്പ് പ്രൊഡക്ഷൻ എന്നിവയിലാണ്. അഗ്രികൾച്ചർ പി.ജി. വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. ബിരുദധാരികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കും ഇവിടെ പരിശീലനം നൽകാറുണ്ട്. കർഷകർക്കും വിദ്യാർഥികൾക്കും വിവിധ കാർഷിക വിളകൾ ഉൽപാദിപ്പിക്കാൻ വേണ്ട പ്രായോഗിക പരിശീലനം ഇവിടെ ലഭ്യമാണ്. [1]

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം[തിരുത്തുക]

കാലവസ്ഥാ നിരീക്ഷണ കേന്ദ്രം

ഈ കേന്ദ്രത്തിന്റെ ഉയരമുള്ള സ്ഥലത്ത് സ്ഥാപിതമായ കാലാവസ്ഥനിരീക്ഷണ കേന്ദ്രം കൃഷിവകുപ്പിനും മറ്റും വേണ്ട കാലാവസ്ഥ വിവരങ്ങൾ നൽകി വരുന്നു.

ആഗ്രോടൂറിസ്റ്റ് കേന്ദ്രം[തിരുത്തുക]

കാർഷിക ഗവേഷണവും അനുബന്ധ പ്രവർത്തനങ്ങളും നടക്കുന്ന ഒരിടം എന്നതിൽ കവിഞ്ഞ്, വർണചെടികളും പുഷ്പങ്ങളും കായഫലങ്ങളും നിറഞ്ഞ ഒരു ഉദ്യാനമെന്ന തലത്തിലേക്ക് വികസിച്ച ഈ കേന്ദ്രം കുളി‍ർമയേകുന്ന ഒരു സന്ദർശന അനുഭവം കൂടി നൽകുന്നു. അതുകൊണ്ട് തന്നെ സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുനിന്നുമുള്ള വിദ്യാർഥികളും കർഷകരും പഠനപ്രവ‍ർത്തനങ്ങളുടെ ഭാഗമായി ഇവിടെ സന്ദർഷിക്കാനെത്തുന്നു. സന്ദർശകർക്ക് ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചുനൽകാനും സംശയദൂരീകരണത്തിനും ഇവിടുത്തെ ജീവനക്കാർ സദാസന്നദ്ധരാണ്. പുതുതലമുറയിൽ കൃഷിയോട് ആഭ്യമുഖ്യം വളർത്തുന്നതിന് ഈ സന്ദർശനങ്ങൾ ഏറെ സഹായകമാകും. ഇക്കാര്യങ്ങളിൽ കൂടുതൽ മുന്നോട്ട് പോകുന്നതിനായി കേരളാ സർവകലാശാലയുടെ പ്രഥമ ആഗ്രോടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചു. അതോടെ പഠനയാത്രയുടെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും കർഷക യൂണിറ്റുകളിൽനിന്നും ഇവിടെ എത്തുന്നവർക്ക് ഇന്നുള്ളതിൽനിന്നും കൂടുതൽ സൗകര്യം ലഭിക്കുന്നതിനും ഇത് ഗുണകരമാകും. ഗവേഷണ കേന്ദ്രത്തെ Centre of Excellence in Hi-tech Horticulture ആയി അംഗീകരിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. [1]

ചിത്രശാ‍ല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 ദേശചരിത്രവും വർത്തമാനവും - Page: 224-227 Published by: Gramapanchayath Anakkayam, Year: Feb. 2014
  2. 2.0 2.1 [1] കേരളാ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി വെബ്സൈറ്റ്. Retrieved on 2010-07-27.