Jump to content

ആത്മോപദേശശതകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആത്മോപദേശശതകം
വിദ്യാരംഭം പബ്ലീഷേഴ്‌സ് പുറത്തിറക്കിയ പതിപ്പിന്റെ പുറംചട്ട
കർത്താവ്ശ്രീനാരായണഗുരു
രാജ്യം ഇന്ത്യ
ഭാഷമലയാളം
പ്രസിദ്ധീകരിച്ച തിയതി
1897

പ്രശസ്ത സാമൂഹ്യപരിഷ്കർത്താവും ആത്മീയാചാര്യനുമായിരുന്ന ശ്രീനാരായണഗുരുവിന്റെ ഒരു പ്രമുഖ ദാർശനിക കൃതിയാണ് ആത്മോപദേശശതകം. ദീർഘകാലത്തെ വേദാന്തപരിചയം കൊണ്ടും സ്വന്തം മനനശക്തി കൊണ്ടും ആർജ്ജിച്ചെടുത്ത തത്ത്വങ്ങളെ ഗുരു ഈ കൃതിയിൽ ക്രോഡീകരിക്കുന്നു. പരമമായ സത്യം അറിവാണ്. അതാണ് ആത്മാവും. പരമാത്മാവ് അറിവിന്റെ രൂപത്തിൽ എല്ലാ വസ്തുക്കളിലും നിറഞ്ഞിരിക്കുന്നു. ഇന്ദ്രിയനിയന്ത്രണത്തിലൂടെ ആ ആദിമഹസ്സിനെ നാം സാക്ഷാത്കരിക്കണം. ഇതാണ് ആത്മോപദേശശതകത്തിൽ പരാമർശിക്കപ്പെടുന്ന ദർശനങ്ങളിൽ പ്രധാനപ്പെട്ടത്[1].

പേരിനു പിന്നിൽ[തിരുത്തുക]

പ്രധാനമായും ആത്മാവിനെപ്പറ്റിയും മോക്ഷത്തെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നതു കൊണ്ട് 'ആത്മോപദേശം' എന്നും നൂറു ശ്ലോകങ്ങളിൽ നിബന്ധിച്ചിരിക്കുന്നതു കൊണ്ട് 'ശതകം' എന്നും നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ആത്മോപദേശം എന്നതു കൊണ്ട് ആത്മാവിനെക്കുറിച്ചുള്ള ഉപദേശമെന്നും ആത്മാവിനോട് (തന്നോടു തന്നെ) നൽകുന്ന ഉപദേശം എന്നും അർത്ഥം പറയാം.

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ആത്മോപദേശശതകം എന്ന താളിലുണ്ട്.

ഉള്ളടക്കം[തിരുത്തുക]

ആത്മോപദേശശതകം ആരംഭിക്കുന്നത് ജ്ഞാനസ്വരൂപനായ പരബ്രഹ്മത്തെ പഞ്ചേന്ദ്രിയങ്ങൾ അടച്ചു വണങ്ങുവാൻ ആഹ്വാനം ചെയ്തു കൊണ്ടാണ്.

തുടർന്നുള്ള ശ്ലോകങ്ങളിൽ ബ്രഹ്മവും ആത്മാവും രണ്ടല്ലെന്നും പ്രപഞ്ചത്തിലുള്ള സകലവും ഈശ്വരന്റെ ഭിന്നരൂപങ്ങൾ മാത്രമാണെന്നുമുള്ള അദ്വൈത തത്ത്വം വെളിപ്പെടുത്തുന്നതോടൊപ്പം ഈ നിർവ്വികാര രൂപനായ ഈശ്വരനെ മനസ്സിലാക്കാനുള്ള മനുഷ്യന്റെ താല്പര്യമില്ലായ്മയെപ്പറ്റി ഗുരു ആറാം ശ്ലോകത്തിൽ ഇപ്രകാരം പരിതപിക്കുന്നു.

എന്നാൽ ആത്മ ജ്ഞാനിയായവൻ ഇനി ഉറങ്ങരുത്, ലൗകിക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കരുത് ,ബ്രഹ്മജ്ഞാനം പ്രാപിച്ചു ബോധപൂർവ്വം കഴിയുകയാണ് വേണ്ടത് എന്നു ഉദ്ബോധിപ്പിക്കുന്ന ഗുരു, ഒരോ വ്യക്തിയും, താനും മറ്റുള്ളവരും പരബ്രഹ്മത്തിന്റെ ഭിന്നരൂപങ്ങൾ മാത്രമെന്ന് മനസ്സിലാക്കാൻ ആവശ്യപ്പെടുന്നു. 22 മുതൽ 26 വരെയുള്ള ശ്ലോകങ്ങളിൽ മാനവ സമത്വത്തിന്റെയും പരോപകാരത്തിന്റെയും ആവശ്യകതയും പ്രാധാന്യവും ശ്രീനാരായണഗുരു ഊന്നിപ്പറയുന്നുണ്ട്.ഇതിൽ 24-മതു ശ്ലോകം ഇങ്ങനെയാണ്.

ഈ ശ്ലോകത്തിലെ അവസാന ഈരടികൾ പരസ്പര സ്നേഹത്തെപ്പറ്റിയുള്ള പ്രഭാഷണങ്ങളിലെല്ലാം തന്നെ ഉദ്ധരിക്കപ്പെടുന്നവയാണ്.

ഇപ്രകാരം പരബ്രഹ്മപ്രാധാന്യത്തിൽ തുടങ്ങി,ബ്രഹ്മവും ആത്മാവും തമ്മിലുള്ള ബന്ധവും,വ്യക്തികൾ തമ്മിലുള്ള ഭേദമില്ലായ്മയും എല്ലാം സവിസ്തരം വിവരിക്കുന്ന ഗുരു ഈ കൃതിയുടെ മധ്യഭാഗത്തോടടുക്കുമ്പോഴാണ് തന്റെ ഏകമത സിദ്ധാന്തം വിശദമാക്കുന്നത്. 44 മുതൽ 47 വരെയുള്ള ശ്ലോകങ്ങളുടെ ചുരുക്കം ഇപ്രകാരം ആണ്:

വീണ്ടും അദ്വൈത ദർശനങ്ങളുടെ ആഴങ്ങളിലേക്കു പോകുന്ന ആത്മോപദേശം ഗുരു അവസാനിപ്പിക്കുന്നതു ഓംകാര മന്ത്രം ശാന്തമായി ഓതിക്കൊണ്ട് 'അതും ഇതും' അല്ലാത്ത സച്ചിദാനന്ദനായ പരബ്രഹ്മത്തിൽ വിലയിച്ചു ചേരണമെന്ന് ഉപദേശിച്ചു കൊണ്ടാണ്.

വിലയിരുത്തൽ[തിരുത്തുക]

  • ചരിത്രപരമായ വീക്ഷണം

ശ്രീനാരായണഗുരുവിന്റെ അദ്വൈത ദർശനമാണ് ആത്മോപദേശശതകം. ഭാരതം ലോകത്തിന് സംഭാവന ചെയ്ത നിസ്തുല ചിന്താ സമ്പത്താണ് ആത്മ ബോധം. ഈ ആത്മ തത്ത്വത്തിന് പല വ്യാഖ്യാനഭേദങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ കേരളീയനായ ശങ്കരാചാര്യരുടെ അദ്വൈത വാദം അവയിലെല്ലാം സർവ്വോത്തമമായി പരിഗണിക്കപ്പെടുന്നു. കേരളത്തിന്റെ പാരമ്പര്യ മഹിമയിലുള്ള ഈ ആത്മിക ദർശനത്തിന് ആധുനിക കാലത്ത് സിദ്ധിച്ച വികാസമായി ശ്രീനാരായണന്റെ കൃതികളെ , പ്രത്യേകിച്ച് ആത്മോപദേശശതകത്തെ കാണാൻ കഴിയും. ഈ കൃതിയിൽ ഗുരു വേദാന്ത ചിന്തകളെ നവീന മാനവികതയുമായി ഇണക്കി ചേർത്തിരിക്കുകയാണ്[3].

  • സാഹിത്യപരമായ വീക്ഷണം

ഒരു തത്ത്വജ്ഞന്റെ സത്യബോധവും ഒരു കവീന്ദ്രന്റെ കാവ്യബോധവും ഈ കൃതിയിൽ ആദിയോടന്തം പ്രകടമാവുന്നുണ്ട് . അതോടൊപ്പം ചിന്തയിലും ഭാഷാപ്രയോഗത്തിലും ഉള്ള വിശേഷ ഭാവങ്ങളും ദർശിക്കാവുന്നതാണ്. പൊതുവേ ഗഹന കാഠിന്യമേറിയ ഭാഷയും ചിന്തയും ആയതിനാൽ സാധാരണ വായനക്കാർക്ക് വ്യാഖ്യാനം കൂടാതെ ഈ കൃതി ആശയം പൂർണ്ണമായും മനസ്സിലാക്കാൻ പ്രയാസമാണ്.

  • സാമൂഹ്യപരമായ വീക്ഷണം

ഒരു മതത്തിൽ തന്നെ പല ജാതികളും,ഒരേ ജാതിയിൽ തന്നെ പല ഉപജാതികളുമായി സ്വയം തീർത്ത മതിൽക്കെട്ടുകൾക്കുള്ളിൽ ജീവിക്കുകയും തൊട്ടുകൂടായ്മ തുടങ്ങിയ അനാചാരങ്ങൾ കൊടികുത്തി വാഴുകയും ചെയ്ത ഒരു കാലഘട്ടത്തിലാണ് ഗുരു ആത്മോപദേശശതകത്തിലൂടെ തന്റെ ഏകമത സിദ്ധാന്തം വ്യക്തമാക്കുന്നത്. മതവും ദൈവവിചാരവും അദ്ദേഹത്തിന് ജനങ്ങളെ ഭൂതകാല ജീർണ്ണതയിലേക്ക് നയിക്കാനുള്ള മാർഗ്ഗങ്ങളായിരുന്നില്ല, പ്രത്യുത അവ സാമൂഹിക പുരോഗതിക്കും മാനവ ഐക്യത്തിനും വേണ്ടിയുള്ള ജിഹ്വകൾ ആയിരുന്നു.മലയാള സാഹിത്യത്തെ സാമൂഹിക ചിന്തയുടെ ആഴങ്ങളിലേക്കും പരുപരുത്ത ജീവിത യാഥാർത്ഥ്യങ്ങളിലേക്കും നയിക്കുവാൻ ആത്മോപദേശശതകം അടക്കമുള്ള ഗുരുദേവന്റെ കൃതികൾ പ്രേരകമായതായി കരുതപ്പെടുന്നു[4].

അവലംബം[തിരുത്തുക]

  1. ശ്രീനാരായണഗുരു പ്രശ്നോത്തരി, പ്രൊഫ. ടോണി മാത്യു, കറന്റ് ബുക്സ് , 2009 സെപ്തംബർ
  2. ആത്മോപദേശശതകം, ശ്രീനാരായണഗുരു, വിദ്യാരംഭം പബ്ലീഷേഴ്സ്, 2008 ജനുവരി - കായംകുളം പി.എൻ മുരളിയുടെ വ്യാഖ്യാനം
  3. ആത്മോപദേശശതകം, ശ്രീനാരായണഗുരു, വിദ്യാരംഭം പബ്ലീഷേഴ്സ്, 2008 ജനുവരി - ശൂരനാട്ട് കുഞ്ഞൻ പിള്ളയുടെ അവതാരിക
  4. മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ, പ്രൊഫ.എരുമേലി പരമേശ്വരൻ പിള്ള, കറന്റ് ബുക്സ് , 2008 ജുലൈ
"https://ml.wikipedia.org/w/index.php?title=ആത്മോപദേശശതകം&oldid=2719124" എന്ന താളിൽനിന്ന് ശേഖരിച്ചത്