Jump to content

ആണിരോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആണിരോഗം
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata
ആണിരോഗം

മനുഷ്യരുടെ കാൽവെള്ള(Verruca Pedis)യിലുണ്ടാകുന്ന[1] ഒരു രോഗമാണ് ആണിരോഗം. വെരുക്കപെഡിസ് വൈറസാണ് രോഗഹേതു. ഈ വൈറസുകൾ ചർമത്തിനുള്ളിലേക്കു വളരുന്നതോടെ കട്ടിയേറിയ ആണി രൂപം കൊള്ളുന്നു. നടക്കുമ്പോഴും നിൽക്കുമ്പോഴും ആണി ചർമത്തിനുള്ളിലേക്കു തള്ളപ്പെടുന്നതിനാൽ വേദന അനുഭവപ്പെടുന്നു. അമർത്തുമ്പോൾ വളർന്നുമുറ്റിയ ദൃഢീകൃത ശരീരകല (ആണി) നാഡികളുടെ അഗ്രങ്ങളെ (nerve endings) സ്പർശിക്കുന്നതിനാലാണ് വേദന അനുഭവപ്പെടുന്നത്.

രോഗകാരണം[തിരുത്തുക]

ഏതാണ്ട് പത്തു ശതമാനം യുവാക്കൾക്കും ആണിരോഗമുള്ളതായാണ് കണക്കാക്കപ്പെടുന്നത്. നഗ്നപാദരായി നടക്കുന്നതും വൃത്തിഹീനമായ പൊതുകുളിമുറികളുടെ ഉപയോഗവുമാണ് ഈ രോഗമുണ്ടാകാൻ പലപ്പോഴും കാരണമാകുന്നത്. കാൽവെള്ളയിലുണ്ടാകുന്ന പോറലുകൾ, ചെറിയമുറിവുകൾ എന്നിവയിലൂടെ വൈറസ് ചർമത്തിനുള്ളിൽ പ്രവേശിക്കുന്നു. വൈറസുകൾ ചൂടും തണുപ്പും ഉള്ള സാഹചര്യങ്ങളിൽ വളർച്ചാശേഷിയുള്ളവയാണ്. കാൽ പാദരക്ഷകളിൽ തങ്ങിനിൽക്കുന്നത് ഇത്തരം വൈറസുകൾക്ക് വളരാനുള്ള അനുകൂല സാഹചര്യമൊരുക്കുന്നു.

കാൽവെള്ളയിലെ ആണിരോഗം പാദങ്ങളുടെ ഏതു ഭാഗത്തേക്കും വ്യാപിക്കാം. ഇവയിൽ ചിലത് വലിപ്പം കൂടുകയും ഇതിനുചുറ്റിലുമായി ചെറിയ ധാരാളം ആണികൾ ഉണ്ടായി ഒരു മൊസേക് പ്രതീതി ഉളവാക്കുകയും ചെയ്യുന്നു.

കാലുകളിലുണ്ടാകുന്ന സാധാരണ വടുക്ക(തഴമ്പ്-calluses)ളിൽനിന്നും[2] ആണികളെ തിരിച്ചറിയാൻ പ്രയാസമാണ്. ആണിയുടെ ഉപരിതലത്തിലായി വളരെച്ചെറിയ കറുത്തപൊട്ടുകൾ കാണാൻകഴിയും. കാപ്പിലറി രക്തക്കുഴലുകളുടെ അഗ്രഭാഗമാണ് കറുത്തപൊട്ടുകളായി തോന്നിക്കുന്നത്. എന്നാൽ വടുക്കളിൽ രക്തക്കുഴലുകളില്ല. ഇവ മെഴുകുപോലെ ഇരിക്കും. അധിക ബാഹ്യസമ്മർദം മൂലമാണ് തഴമ്പ് ഉണ്ടാകുന്നത്.

പ്രതിവിധി[തിരുത്തുക]

ആദ്യഘട്ടങ്ങളിൽ സാലിസിലിക് അമ്ലം ആണികളിൽ പുരട്ടുന്നത് രോഗം മാറുന്നതിന് സഹായകമാണ്. ക്രമാതീതമായി വളർന്നുകഴിഞ്ഞ ആണി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാം. ചിലപ്പോൾ പലപ്രാവശ്യം ഈ പ്രക്രിയ ആവർത്തിക്കേണ്ടതായി വന്നേക്കാം. ആണിയുള്ള ഭാഗം കുത്തിവച്ച് മരവിപ്പിച്ചശേഷം ദ്രവ നൈട്രജൻ ഉപയോഗിച്ചു തണുപ്പിച്ച് ആണി അലിയിച്ചുകളയുന്നതാണ് മറ്റൊരു ചികിത്സാരീതി. പ്യൂമിക് കല്ലു(Pumic stone)കൊണ്ട്[3] നിത്യേന ഉരച്ചും ആണി അകറ്റാനാകും. പാഡുകളും (corn pade), പ്ലാസ്റ്ററുകളും ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്.

അവലംബം[തിരുത്തുക]

  1. http://www.footmech.co.uk/index.php?pg=19 What is Verrucae Pedis (plantar warts)?
  2. http://www.foot.com/info/cond_calluses.jsp Archived 2012-03-13 at the Wayback Machine. Calluses formation is an accumulation of dead skin cells that harden and thicken over an area of the foot.
  3. http://answers.yahoo.com/question/index?qid=20080826225600AALZBtp Archived 2021-04-21 at the Wayback Machine. How exactly does a Pumice Stone work?

പുറത്തേക്കുള്ളകണ്ണികൾ[തിരുത്തുക]

വീഡിയോ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആണിരോഗം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആണിരോഗം&oldid=3996807" എന്ന താളിൽനിന്ന് ശേഖരിച്ചത്