ആഡിറ്റോറിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂണിവേഴ്സിറ്റി ആഡിറ്റോറിയം ഗോട്ടിംഗൻ ജർമനി

ആളുകൾ കൂട്ടമായി സംബന്ധിക്കുന്നതിനു സജ്ജമാക്കിയിട്ടുള്ള പൊതു കെട്ടിടങ്ങളിലെ ഹാളുകളെ അതായത് ആളുകൾക്ക് ഇരിപ്പിടം സജ്ജീകരിച്ചിട്ടുള്ള ഭാഗത്തെ സൂചിപ്പിക്കുന്ന സാങ്കേതികപദമാണ് ആഡിറ്റോറിയം. നാടകശാലകൾ, ഗാനമേളാശാലകൾ, പ്രസംഗശാലകൾ, സിനിമാശാലകൾ, പള്ളികൾ തുടങ്ങിയവയിലെ ഇരിപ്പിടഭാഗമാണ് ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ആഡിറ്റോറിയം എന്ന വാക്കിന്റെ നിർവചനം ഇങ്ങനെയാണെങ്കിലും, പ്രസംഗം, പാട്ടുകച്ചേരി ആദിയായ ശബ്ദപ്രധാനമായ ചടങ്ങുകൾക്കു വേണ്ടി സജ്ജീകരിച്ചിരിക്കുന്ന കെട്ടിടങ്ങൾ പൊതുവായി ഈ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.

ആഡിറ്റോറിയങ്ങൾ പലവിധം[തിരുത്തുക]

മുനിസിപ്പൽ തിയേറ്റർ ജർമനി
ആഡിറ്റോറിയം ബിൽഡിങ് ചിക്കാഗൊ

നാടകങ്ങൾ ഒരേ സമയത്തു ദൃശ്യപ്രധാനവും ശ്രവ്യപ്രധാനവും ആയതുകൊണ്ട് നാടകശാലകൾക്ക് ആഡിറ്റോറിയത്തിന്റെ പരിഗണനകൾ പ്രസക്തമാണ്. സിനിമയും ടെലിവിഷൻ പരിപാടികളും എല്ലാം ഇപ്പോൾ ശബ്ദായമാനമായതുകൊണ്ട് അവയുടെ പ്രദർശനവേദികളും ഇക്കൂട്ടത്തിൽപ്പെടുന്നു. ക്രൈസ്തവ-മുസ്ലിം പ്രാർഥനാലയങ്ങൾ സമൂഹപ്രാർഥനാവേദികളാണ്. അവിടെ പ്രസംഗങ്ങളും സംഗീതാത്മകമായ ശുശ്രൂഷകളും നടക്കാറുണ്ട്. ആഡിറ്റോറിയനിർമ്മാണത്തിൽ പ്രസക്തമായ പല കാര്യങ്ങളും അവയുടെ നിർമ്മാണത്തിലും ശ്രദ്ധിക്കാനുണ്ടെങ്കിലും അവയെ ആഡിറ്റോറിയങ്ങളായി കരുതാറില്ല. കലാലയങ്ങളിലെ പ്രസംഗശാലകൾ, സർവകലാശാലകളിലെ കോൺവൊക്കേഷൻ ഹാളുകൾ, നഗരതലസ്ഥാനങ്ങളിലെ പൊതുയോഗമണ്ഡപങ്ങൾ, സംഗീതക്കച്ചേരികളെ മുഖ്യലക്ഷ്യമാക്കിയുള്ള ഹാളുകൾ എന്നിവയെ സാമാന്യമായി ഉൾപ്പെടുത്തിയാണ് ആഡിറ്റോറിയം എന്ന പദം ഇപ്പോൾ ഉപയോഗിക്കപ്പെടുന്നത്. അവയിൽത്തന്നെ അതിപ്രധാനമായ ഒരു വിഭാഗം പാട്ടുകച്ചേരികൾ നടത്താനുള്ള ഹാളുകളാണ്.

നിർമ്മാണപ്രശ്നങ്ങൾ[തിരുത്തുക]

ഒരു യോഗശാലയുടെ നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട പല സംഗതികളിൽ പ്രധാനമായവ,

 • അത് ഉപയോഗപ്പെടുത്തുന്ന ആളുകൾക്ക് സുഗമമായി അവിടെ എത്തിച്ചേരുന്നതിനും പിരിഞ്ഞുപോകുന്നതിനും വേണ്ട സൗകര്യം ഉണ്ടാക്കുക ചടങ്ങുകൾ എല്ലാവർക്കും സുഗമമായും സൗകര്യമായും ഇരുന്ന് സംബന്ധിക്കുന്നതിനു സൌകര്യപ്പെടുത്തുക
 • ചടങ്ങുകൾ എല്ലാവർക്കും സുഖമായി വീക്ഷിക്കുന്നതിനും കേൾക്കാനുള്ളത് എല്ലാവർക്കും വ്യക്തമായി കേൾക്കുന്നതിനും സൗകര്യം ഉണ്ടാക്കുക ആദിയായവയാണ്.

അതിനാൽ

 • സ്ഥാനനിർണയം
 • പരിസരസംവിധാനം
 • കെട്ടിടസംവിധാനം
 • ഇരിപ്പിടസംവിധാനം
 • വായുസഞ്ചാരക്രമീകരണം
 • താപസാഹചര്യനിയന്ത്രണം
 • പ്രകാശസംയമം
 • ശബ്ദാനുകൂലനം എന്നിവ ആഡിറ്റോറിയനിർമ്മാണത്തിൽ പ്രത്യേകം ശ്രദ്ധേയങ്ങളാണ്.

സ്ഥാനനിർണയവും പരിസരസംവിധാനവും[തിരുത്തുക]

ബേക്ക്മാൻ ആഡിറ്റോറിയം കാലിഫോർണിയ

സ്ഥാനനിർണയവും പരിസരസംവിധാനവും നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ

 • ശരിയായ ഗതാഗതസൗകര്യങ്ങൾ ഉള്ള സ്ഥലത്തായിരിക്കണം ഒരു ആഡിറ്റോറിയം സ്ഥാപിക്കേണ്ടത്.
 • പട്ടണങ്ങളിലെ കേന്ദ്രഭാഗങ്ങളിലോ, പ്രധാനപ്പെട്ട തെരുവുകളുടെ സമീപമോ ആഡിറ്റോറിയം പണിക്കഴിപ്പിക്കുന്നതു നന്നായിരിക്കും.
 • നല്ല വെളിച്ചവും വായുസഞ്ചാരവും കിട്ടുക, അടുത്തുള്ള തെരുവിൽനിന്നുള്ള ശബ്ദം, പൊടി ആദിയായവയിൽനിന്നുമുള്ള ശല്യം തടയുക, പരിസരങ്ങളിൽ തിരക്ക് ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങൾ പ്രാപിക്കാൻ കെട്ടിടങ്ങളുടെ ചുറ്റുമായി ധാരാളം സ്ഥലം തുറസ്സായി ഇടേണ്ടതുണ്ട്. മനോഹരങ്ങളായ മരങ്ങളും ചെടികളും ചുറ്റും വച്ചുപിടിപ്പിക്കുന്നതും വളരെ അഭികാമ്യമാണ്.

കെട്ടിടസംവിധാനവും ഇരിപ്പിടസംവിധാനവും[തിരുത്തുക]

മേൽക്കൂര താങ്ങാനായി നടുക്ക് തൂണുകളും ഇടഭിത്തികളും തടസ്സങ്ങളും ഉണ്ടാക്കിയാൽ കാഴ്ച മറയ്ക്കുമെന്നത് ഓർക്കേണ്ടതാണ്. ബാൽക്കണികൾ ഉള്ള ശാലകളിൽ അവയെ താങ്ങിനിർത്തുന്ന തൂണുകളും കാഴ്ചക്കാർക്ക് അസൌകര്യം ഉണ്ടാക്കും. നിർമ്മാണശാസ്ത്രപുരോഗതിയുടെ ഫലമായി തൂണുകൾ കൂടാതെ പ്രദർശനശാലകൾ നിർമ്മിക്കാൻ കഴിയുന്നതുകൊണ്ട് ഇത് ഒരു വലിയ പ്രശ്നമായി ഇപ്പോൾ അനുഭവപ്പെടുന്നില്ല.

കാഴ്ചയുടെ കാര്യത്തിൽ ശ്രദ്ധിക്കാനുള്ള മറ്റൊരു കാര്യം പിന്നിൽ ഇരിക്കുന്നവരുടെ കാഴ്ച മുന്നിൽ ഇരിക്കുന്നവർ മറയ്ക്കാതിരിക്കണം എന്നതാണ്. ഇതിനു പിന്നിലോട്ട് പിന്നിലോട്ട് തറ ഏകസമാനമായോ പടിപടിയായോ ഉയർത്തിക്കൊണ്ടു വരുന്ന സമ്പ്രദായമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. കേന്ദ്രസ്ഥാനത്തുനിന്നുള്ള ദൂരം വർധിക്കുന്തോറും കാഴ്ചയുടെ വ്യക്തത കുറഞ്ഞുവരുമല്ലോ. അതുകൊണ്ട് ആളുകളെ പ്രവേശിപ്പിക്കേണ്ട ശാലകളിൽ ഹാളിന്റെ മൊത്തം വലിപ്പം വർധിപ്പിക്കാതെ, പല നിരകളിലുള്ള ബാൽക്കണികൾ പണിത് വേണ്ട സൌകര്യങ്ങൾ ഉണ്ടാക്കാം. ഹാളിന്റെ പിന്നിലും രണ്ടു വശങ്ങളിലുമായി പടിപടിയായി കെട്ടി താഴ്ത്തിയോ, ഏകസമാനമായി മുമ്പോട്ട് ചരിഞ്ഞോ ഉള്ള ഒന്നോ അതിലധികമോ ബാൽക്കണികൾ സംഘടിപ്പിച്ചിട്ടുള്ള സംഗീതശാലകളും സിനിമാതിയെറ്ററുകളും ഇന്നു ധാരാളമുണ്ട്.

വായുസഞ്ചാരക്രമീകരണവും താപസാഹചര്യനിയന്ത്രണവും[തിരുത്തുക]

ശരിയായ വായുസഞ്ചാരക്രമീകരണം (ventilation) ആഡിറ്റോറിയങ്ങളിൽ വളരെ ആവശ്യമാണ്. ഏതാണ്ടു മണിക്കൂറൊന്നിന് ഒരാൾക്ക് 100 ഘ. മീ-ൽ കുറയാതെ ശുദ്ധവായുസഞ്ചാരം ആവശ്യമാണ്.

വലിയ ശാലകളിൽ സ്വാഭാവിക വായുസഞ്ചാരം (natural ventilation)[1] മതിയാകാത്തതിനാൽ കൃത്രിമമായി സൃഷ്ടിക്കുന്ന വായുസഞ്ചാരത്തെ (mechanical ventilation)[2] ആശ്രയിക്കുന്നു. സാധാരണരീതിയിലുള്ള ഫാനുകൾ മച്ചുകളിൽനിന്നും തൂക്കിയിട്ടിരുന്നാൽ പലപ്പോഴും അതു കാഴ്ചത്തടസ്സം സൃഷ്ടിക്കുന്നു. ആയതിനാൽ പുറംഭിത്തികളിൽ ഘടിപ്പിച്ചാണ് ഫാനുകൾ ഉപയോഗിക്കുന്നത്. ഇങ്ങനെ ഉപയോഗിക്കുന്ന ഫാനുകൾ നിശ്ശബ്ദമായി പ്രവർത്തിക്കുന്നവയായിരിക്കണം. ചിലപ്പോൾ ഭിത്തികളിലും കൂരകളിലും നിർവാതീകരണഫാനുകൾ (exhaust fans)[3] കൂടി ഘടിപ്പിക്കുന്നത് വളരെ സൗകര്യമായിരിക്കും. ഇവ കൂടാതെ വലിയ ശാലകളിൽ ഒരു വലിയ ഫാൻ പ്ലാന്റിൽ (fan plant) നിന്നും ഹാളിന്റെ എല്ലാഭാഗത്തും ശരിയായി വായുസഞ്ചാരം ലഭിക്കത്തക്കവണ്ണം കുഴലുകൾവഴിയായി വായുസഞ്ചാരം ക്രമപ്പെടുത്തുന്നുണ്ട്. ആധുനികശാലകളിൽ ഇങ്ങനെയുള്ള വായുസഞ്ചാരം ക്രമപ്പെടുത്തുന്നത് താപസാഹചര്യനിയന്ത്രണത്തോടുകൂടിയാണ്. ഹാളിൽ ഇരിക്കുന്ന ആളുകളുടെ സുഖത്തിനായി വായുവിന്റെ ആർദ്രത (humidity), ചൂട് ആദിയായവ ക്രമപ്പെടുത്തുന്നതിനും വായുവിലെ മലിനവസ്തുക്കളെ ദൂരീകരിക്കുന്നതിനും വേണ്ട സജ്ജീകരണങ്ങളാണുള്ളത്.

പ്രകാശസംയമം[തിരുത്തുക]

ആഡിറ്റോറിയങ്ങളിൽ സ്റ്റേജിൽ നിന്നുള്ള വെളിച്ചത്തിന്റെ (stage light)[4] ക്രമീകരണം വളരെ പ്രധാനപ്പെട്ട സംഗതിയാണ്. സ്റ്റേജിൽ പ്രത്യക്ഷപ്പെടുന്നവർക്ക് അസുഖകരമാവാത്ത രീതിയിലും, എന്നാൽ അവർക്ക് ഉചിതമായ വെളിച്ചം കിട്ടത്തക്ക വിധത്തിലും ഇതു ക്രമപ്പെടുത്തേണ്ടതാണ്.കൂടാതെ ആളുകൾക്ക് ഇരിപ്പിടങ്ങളിലേക്ക് എത്തത്തക്കവിധത്തിൽ ഹാളിനുള്ളിലും പ്രകാശം ലഭിക്കേണ്ടതാണ്. കവാടങ്ങളുടെ അടുത്ത് പ്രത്യേകിച്ചും വിളക്കുകൾ സംവിധാനം ചെയ്യേണ്ടതാണ്. ഹാളിനെ മോടിപിടിപ്പിക്കത്തക്ക വിധത്തിൽ പൊതുവേ പ്രകാശസംവിധാനം നടത്തുന്നത് ഉചിതമായിരിക്കും

ശബ്ദാനുകൂലനം[തിരുത്തുക]

സുഗമമായ ശ്രവണസൗകര്യം ആഡിറ്റോറിയത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന സംഗതിയാണ്. ഗാനമേള, പ്രസംഗം ആദിയായവ ഹാളിന്റെ എല്ലാ ഭാഗത്തും അനായാസമായും വ്യക്തമായും കേൾക്കാനുള്ള സജ്ജീകരണമാണാവശ്യം.

ഒരു പ്രസംഗകൻ സംസാരിക്കുമ്പോൾ ഓരോ അക്ഷരവും വ്യക്തമായി ഹാളിന്റെ എല്ലാ ഭാഗത്തും കേൾക്കത്തക്കവണ്ണം ഉച്ചമായിരിക്കുകയും പൊടുന്നനേ അടുത്ത അക്ഷരം ശ്രവിക്കത്തക്കവണ്ണം തൊട്ടുമുൻപുള്ള ശബ്ദം നശിക്കുകയും ചെയ്യുകയാണ് പ്രസംഗശാലകളെ സംബന്ധിച്ചുള്ള ശബ്ദാനുകൂലനംകൊണ്ട് സാധിക്കേണ്ടത്. ഒരു ഗാനം ആലപിക്കുമ്പോൾ അതിന്റെ ഒരു കൂട്ടം നോട്ടുകൾ (notes) ഹാളിൽ ഇരിക്കുന്ന എല്ലാവരുടെയും ശ്രവണപുടത്തിൽ വ്യക്തമായി പതിഞ്ഞയുടൻതന്നെ അടുത്ത കൂട്ടം ശരിയായി ശ്രവിക്കത്തക്കവണ്ണം മുൻപുള്ള നോട്ടുകൾ മറഞ്ഞിരിക്കേണ്ടതാണ്. ഒരു ആഡിറ്റോറിയത്തിലെ സ്റ്റേജിൽനിന്നും പുറപ്പെടുന്ന ശബ്ദവീചികൾ പാഞ്ഞുചെന്ന് ഹാളിന്റെ എല്ലാ ഭിത്തികളിലും തട്ടുകയും ഉടൻതന്നെ പ്രതിഫലിക്കുകയുമാണ് സാധാരണ സംഭവിക്കാറുള്ളത്. പ്രതിഫലിച്ചുവരുന്ന വീചികൾ ഒരു പരിധിക്കപ്പുറം വൈകിയാണ് ശ്രവണേന്ദ്രിയങ്ങളിൽ എത്തുന്നതെങ്കിൽ പ്രതിധ്വനി മൂലം കേൾവി സ്ഫുടമാകാതെ പോകുന്നു. പതിനേഴ് മീ.-ൽ കൂടുതൽ നീളമുള്ള ഹാളുകളിൽ ശബ്ദപ്രതിപതനം മൂലം സ്ഫുടത നഷ്ടപ്പെടുന്നതിനാൽ ശബ്ദവീചികളെ വേണ്ടത്ര അവശോഷണം ചെയ്യത്തക്കവിധത്തിൽ സജ്ജീകരണം ആവശ്യമാണ്. ഫർണിച്ചർ, ഹാളിലുള്ള ആളുകൾ എന്നിവയെല്ലാം ശബ്ദം അവശോഷണം ചെയ്യുമെങ്കിലും പ്രധാനമായും ഭിത്തികൾ, മച്ച്, തറ ആദിയായവയ്ക്കുപയോഗിക്കുന്ന നിർമ്മാണവസ്തുക്കളെയും നിർമ്മാണരീതിയെയും ആശ്രയിച്ചാണ് ഒരു ഹാളിലെ ശബ്ദസ്ഫുടത ക്രമപ്പെടുത്തുവാൻ സാധിക്കുന്നത്. ഗാനങ്ങൾ ശ്രവിക്കുന്നതിന് പ്രഭാഷണത്തെക്കാൾ കൂടുതൽ അനുരണന (reverberation) സ്വഭാവമുള്ള ഹാളുകളാണ് നല്ലത്. ഒരു ശാല തന്നെ പലപല ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ ശബ്ദാനുകൂലനം വേണ്ടത്ര തൃപ്തികരമാക്കുവാൻ ബുദ്ധിമുട്ടുണ്ട്. എന്നിരുന്നാലും അനുരണനം കുറയ്ക്കേണ്ട സന്ദർഭങ്ങളിൽ നല്ല തിരശ്ശീലകളും മറ്റും ഉപയോഗിച്ച് കുറെയെല്ലാം ശബ്ദം അവശോഷണം ചെയ്യുവാൻ സാധിക്കും.

ഒരു ഹാളിലെ ശബ്ദസ്ഫുടതയ്ക്കു പ്രതിപതനം ഉപകാരപ്രദവുംകൂടിയാണ്. ശരിരായ വിധത്തിൽ സംവിധാനം നടത്തിയാൽ പ്രതിപതിച്ചു വരുന്ന ശബ്ദം നേരിട്ട് കിട്ടുന്ന ശബ്ദവുമായി ചേർന്ന് ശക്തമാക്കുവാൻ സാധിക്കുന്നതാണ്. ആയതിനാൽ ആഡിറ്റോറിയങ്ങളുടെ സംവിധാനത്തിൽ ശബ്ദപ്രതിഫലനവും അവശോഷണവും തമ്മിലുള്ള ഒരു അനുരഞ്ജനമാണ് പലപ്പോഴും ആവശ്യം.

സാധാരണമായി വലിയ ഹാളുകളിൽ ഉച്ചഭാഷിണി ഘടിപ്പിച്ച് ശബ്ദം ശക്തമാക്കുക പതിവാണ്. ശബ്ദം പ്രത്യേക ഭാഗങ്ങളിൽ കേന്ദ്രീകരിക്കാതിരിക്കുന്നതിനും, ഭിത്തി, മച്ച് ആദിയായവയിൽ നിന്നും പ്രതിഫലിച്ച് ശബ്ദകോലാഹലം ഉണ്ടാകാതിരിക്കത്തക്കവിധത്തിലും ഉച്ചഭാഷിണിയുടെ സ്ഥാനം വളരെ സൂക്ഷ്മമായി നിർണയിക്കേണ്ടതാണ്.

ചില പ്രധാനപ്പെട്ട ആഡിറ്റോറിയങ്ങൾ[തിരുത്തുക]

ഒരു ആഡിറ്റോറിയത്തിലെ ഇരിപ്പിടങ്ങളുടെ എണ്ണത്തോട് ബന്ധപ്പെടുത്തിയാണ് അതിന്റെ വലിപ്പം സാധാരണയായി അറിയപ്പെടുന്നത്. ഉദാഹരണങ്ങൾ താഴെ ചേർക്കുന്നു:

ആഡിറ്റോറിയം ഇരിപ്പിടങ്ങൾ
പർഡ്യൂ യൂണിവേഴ്സിറ്റി. ലഫയറ്റ്, യു. എസ്. 6107
ക്രെംലിൻ പാലസ്, റഷ്യ 6000
റോയൽ ആൽബർട്ട് ഹാൾ, ലണ്ടൻ 6000
ടാംഗിൾ വുഡ് ന്യൂസിക് ഹാൾ, മസാച്ചുസെച്ച്, യു. എസ്. 6000
ഏരിക്രൗൺ, ചിക്കാഗോ, യു. എസ്. 5081
ഇൻഡ്യാന യൂണിവേഴ്സിറ്റി.ബ്ലൂമിങ്ടൺ, യൂ. എസ്. 3788
ഈസ്റ്റ്മാൻ തിയേറ്റർ, റോച്ചസ്റ്റർ, യൂ. എസ്. 3347
വാർമെമ്മോറിയൽ, സാൻഫ്രാസിസ്കൊ, യൂ. എസ്. 3252
ബീനയാനിഹ് ഊമ, ഇസ്രായേൽ 3142
റേഡിയോ സിറ്റി മ്യൂസിക് ഹാൾ, ന്യൂയോർക്, യു. എസ്. 8000

വിജ്ഞാനഭവൻ, ന്യൂഡൽഹി[തിരുത്തുക]

വിജ്ഞാൻഭവനിൽ വലിയ ഒരു അസംബ്ലിഹാളും സെമിനാറുകളും കോൺഫറൻസുകളും നടത്താനുള്ള പല ചെറിയ കോൺഫറൻസ് മുറികളും ഉണ്ട്. അന്തർദേശീയ കോൺഫറൻസുകൾ നടത്തുമ്പോൾ പ്രസംഗം പല ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്. ഓരോ സീറ്റിനടുത്തും പ്രസംഗിക്കുന്നതിനുള്ള മൈക്കും, പരിഭാഷപ്പെടുത്തിയ പ്രസംഗം കേൾക്കുന്നതിനു വേണ്ട ഇയർഫോണും സജ്ജീകരിച്ചിട്ടുണ്ട്.

കേരളത്തിലെ ചില ആഡിറ്റോറിയങ്ങളുടെ പേരുകൾ താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു. ഏതാണ്ട് 700 മുതൽ 1400 വരെ ആളുകൾക്ക് ഇരിക്കുവാൻ സൗകര്യപ്പെടുത്തിയിട്ടുള്ളവയാണ് ഇവ.

ആഡിറ്റോറിയം സ്ഥലം
കാർത്തികതിരുനാൾ തിയെറ്റർ തിരുവനന്തപുരം
ടാഗോർ സെന്റിനറി ഹാൾ തിരുവനന്തപുരം
യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ തിരുവനന്തപുരം
വിക്ടോറിയ ജൂബിലി ടൗൺ ഹാൾ തിരുവനന്തപുരം
കോർപ്പറേഷൻ ടൗൺ ഹാൾ എറണാകുളം
കോർപ്പറേഷൻ ടൗൺ ഹാൾ മട്ടാഞ്ചേരി
ഫൈൻ ആർട്ട്സ് ഹാൾ എറണാകുളം
മോഡൽ റീജിയണൽ കം ടാഗോർ തിയെറ്റർ കോഴിക്കോട്
കോർപ്പറേഷൻ ടൗൺ ഹാൾ കോഴിക്കോഡ്
ശ്രീനാരായണ സെന്റിനറി ഹാൾ കോഴിക്കോഡ്
മുനിസിപ്പൽ ടൗൺ ഹാൾ പാലക്കാട്
മോഡൽ റീജിയണൽ തിയേറ്റർ തൃശൂർ
ടൗൺ ഹാൾ തൃശൂർ
മുനിസിപ്പൽ ടൗൺ ഹാൾ കണ്ണൂർ
മാമൻ മാപ്പിള ഹാൾ കോട്ടയം

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഡിറ്റോറിയം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആഡിറ്റോറിയം&oldid=3658436" എന്ന താളിൽനിന്ന് ശേഖരിച്ചത്