ആഞ്ഞം മാധവൻ നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഞ്ഞം മാധവൻ നമ്പൂതിരി
പ്രമാണം:Anjam-2.jpg
ജനനം(1919-08-06)ഓഗസ്റ്റ് 6, 1919
മരണംമാർച്ച് 19, 1988(1988-03-19) (പ്രായം 68)
തൊഴിൽഭാഗവത ആചാര്യൻ
മാതാപിതാക്ക(ൾ)തൊണ്ടയന്നൂർ ആഞ്ഞത്ത് മനയ്ക്കൽ മധുസൂദനൻ സോമയാജിപ്പാട്, ആര്യ അന്തർജനം

കേരളത്തിലെ അതിപ്രസിദ്ധനായ ഒരു ഭാഗവതാചാര്യനായിരുന്നു ആഞ്ഞം മാധവൻ നമ്പൂതിരി (ഓഗസ്റ്റ് 6, 1919 - മാർച്ച് 19, 1988). ഏഴുദിവസങ്ങളിലായി ഭാഗവതകഥ മുഴുവൻ പറഞ്ഞുതീർക്കുന്ന 'ഭാഗവതസപ്താഹം' എന്ന രീതിയ്ക്ക് കേരളത്തിൽ വൻ ജനപ്രീതിയുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തികളിലൊരാളായിരുന്നു അദ്ദേഹം. അനുജനും ശിഷ്യനും സന്തതസഹചാരിയുമായിരുന്ന ആഞ്ഞം കൃഷ്ണൻ നമ്പൂതിരിയ്ക്കൊപ്പം ഭാരതത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം കേരളീയ ശൈലിയിൽ ഭാഗവതസപ്താഹം അവതരിപ്പിച്ചിട്ടുണ്ട്. സർവ്വവും ശ്രീഗുരുവായൂരപ്പ തൃപ്പാദങ്ങളിൽ സമർപ്പിച്ച അദ്ദേഹം ഗുരുവായൂരിൽ പണിത 'നാരായണാലയം' എന്ന കെട്ടിടം ഇന്ന് അവിടെ വരുന്ന ഭക്തരുടെ ശ്രദ്ധാകേന്ദ്രമാണ്. ഇവിടെയാണ് അദ്ദേഹം താമസിച്ചിരുന്നതും നാമജപം നടത്തിയിരുന്നതും. ഇന്ന് അദ്ദേഹത്തിന്റെ സ്മാരകം ഇവിടെയുണ്ട്.

ജീവിതരേഖ[തിരുത്തുക]

ഇന്നത്തെ പാലക്കാട് ജില്ലയിൽ പട്ടാമ്പിയ്ക്കടുത്ത് തൊണ്ടയന്നൂർ ആഞ്ഞത്ത് മനയ്ക്കൽ മധുസൂദനൻ സോമയാജിപ്പാടിന്റെയും ആര്യ അന്തർജനത്തിന്റെയും മൂത്ത മകനായി 1919 ഓഗസ്റ്റ് 6-ന് കർക്കടകമാസത്തിൽ അനിഴം നക്ഷത്രത്തിൽ ആഞ്ഞം മാധവൻ നമ്പൂതിരി ജനിച്ചു. ചെറിയ മധുസൂദനൻ നമ്പൂതിരിപ്പാട്, പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവരായിരുന്നു അമ്മയിൽ തന്നെയുണ്ടായ മറ്റ് സഹോദരങ്ങൾ. രണ്ടാനമ്മ പാർവ്വതി പത്തനാടിയുടെ മകനായിരുന്നു ഇളയ അനുജൻ കൃഷ്ണൻ നമ്പൂതിരി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം വി.ടി. ഭട്ടതിരിപ്പാടിന്റെയും എം.ആർ.ബി.യുടെയും മറ്റും സ്വാധീനത്തിലമർന്ന് നമ്പൂതിരി സമുദായത്തിന്റെ നവോത്ഥാനപരിപാടികളിൽ പങ്കെടുത്തു. ഇക്കാലഘട്ടത്തിൽ തികഞ്ഞ ഒരു നിരീശ്വരവാദിയായിരുന്നു ഇദ്ദേഹം. ഒരുപാട് ജാഥകളിൽ അദ്ദേഹം പോയിരുന്നു.

ഇതിനിടയിൽ ഗുരുതരമായ ഒരു വയറുവേദന അദ്ദേഹത്തെ ബാധിച്ചു. അത് അദ്ദേഹത്തെ ഭക്തിമാർഗ്ഗത്തിലേയ്ക്ക് തിരിച്ചുവിട്ടു. ഇതിന് കാരണക്കാരനായത് അന്നത്തെ ഗുരുവായൂർ മേൽശാന്തി കൂടിയായിരുന്ന അമ്മാവൻ ത്രിവിക്രമൻ നമ്പൂതിരിയും നിത്യേന ഗുരുവായൂരിൽ പോയി ഭജനമിരുന്നിരുന്ന ഒരു അയൽവാസിയുമാണ്. നിരീശ്വരവാദത്തിൽ മുഴുകിയ ആഞ്ഞത്തെ അയൽവാസി നിർബന്ധിച്ച് ഗുരുവായൂരിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് ഭക്ഷണം പോലും കഴിയ്ക്കാതിരുന്ന അദ്ദേഹം മണിക്കൂറുകളോളം അവിടത്തെ അഞ്ജനവിഗ്രഹം നോക്കിനിന്നു.

ഭാഗവതലോകത്തേയ്ക്ക്[തിരുത്തുക]

തുടർന്ന് ഗുരുവായൂരിൽ തന്നെ സ്ഥിരതാമസമാക്കാൻ തീരുമാനിച്ച അദ്ദേഹം അവിടെയുണ്ടായിരുന്ന പ്രമുഖ ഭാഗവതപണ്ഡിതൻ മേയ്ക്കാട് നീലകണ്ഠൻ നമ്പൂതിരിയുടെ ശിഷ്യനായി. നിരവധി സപ്താഹപരിപാടികളിൽ മേക്കാടിനൊപ്പം ആഞ്ഞവും പങ്കെടുത്തു. മേക്കാടിന്റെ മരണശേഷം നാമസങ്കീർത്തനപ്രചരണം എന്ന ദൗത്യം ആഞ്ഞം തന്നെ ഏറ്റെടുത്തു. 1949-ൽ അനുജൻ കൃഷ്ണൻ നമ്പൂതിരിയെയും അദ്ദേഹം കൂടെക്കൂട്ടി. അതേ വർഷമാണ് നാരായണാലയത്തിന്റെ പണി പൂർത്തിയായത്. ഇരുവരും അവിടെ താമസമാക്കി.

വളർച്ച[തിരുത്തുക]

ആഞ്ഞം സഹോദരന്മാരുടെ പേരുകൾ വളരെപ്പെട്ടെന്നുതന്നെ കേരളം മുഴുവൻ വ്യാപിച്ചു. നൂറുകണക്കിന് വേദികളിൽ ഇരുവരും ഒന്നിച്ച് പങ്കെടുത്തു. ജ്യേഷ്ഠൻ നടത്തുന്ന വായനയ്ക്ക് അനുജൻ വ്യാഖ്യാനം നൽകി. കലികാലത്ത് മോക്ഷപ്രാപ്തിയ്ക്ക് ഏറ്റവും ഉത്തമമെന്ന് പുരാണങ്ങളിൽ പറയുന്ന നാമജപം ഇവരുടെ നിത്യവൃത്തിയായി. ഗുരുവായൂർ വടക്കേ നടയിലെ നാരായണാലയത്തിലേയ്ക്കും ഭക്തജനങ്ങളുടെ ഒഴുക്കാണ് പിന്നീട് കണ്ടത്. നിരവധി ഭക്തർ പുണ്യാത്മാക്കളായ സഹോദരന്മാരെത്തേടി ഇവിടെയെത്തി.

ഭാഗവതപാരായണത്തിന് പുണ്യകാലമായി അറിയപ്പെടുന്ന വൈശാഖമാസത്തിൽ ഗുരുവായൂരിൽ നിത്യേന ഭാഗവതപാരായണം തുടങ്ങിയത് ആഞ്ഞത്തിന്റെ നേത്വത്തിലാണ്. ഭാഗവതകഥയിൽ ഓരോ ദിവസവും വിവിധ കഥകൾ അദ്ദേഹം അവതരിപ്പിച്ചു. നിരവധി ഭക്തർ ഇത് കാണാനും കേൾക്കാനുമായി ഗുരുവായൂരിലെത്തി. അഷ്ടമിരോഹിണി, മണ്ഡലകാലം എന്നീ ഘട്ടങ്ങളിലും അദ്ദേഹം ഭാഗവതം അവതരിപ്പിച്ചിരുന്നു.

കേരളക്കരയിൽ മുഴുവൻ ഭാഗവതസപ്താഹം നടത്തിയ ഇരുവരും പിന്നീട് കേരളത്തിന് പുറത്തേയ്ക്ക് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചു. മുംബൈ, ചെന്നൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ വൻ നഗരങ്ങളിലും പുണ്യകേന്ദ്രങ്ങളായ വാരാണസി, നൈമിശാരണ്യം, അയോധ്യ, ദ്വാരക തുടങ്ങിയ ഇടങ്ങളിലും ഇവരുടെ ഭാഗവതസപ്താഹങ്ങൾ നടന്നു. പൂർണമായ കേരളീയശൈലിയിലാണ് ഇവരുടെ പാരായണങ്ങളുണ്ടായത്. വർഷത്തിൽ മൂന്ന് തവണയെങ്കിലും ഇവരുടെ സപ്താഹങ്ങളുണ്ടാകുമായിരുന്നു. അവ കാണാനും കേൾക്കാനും നൂറുകണക്കിനാളുകളാണ് വന്നിരുന്നത്. ഭാഗവതതത്വങ്ങൾ സരസമായ ഭാഷയിൽ വ്യാഖ്യാനിച്ചിരുന്ന സഹോദരങ്ങൾ എല്ലാവരുടെയും ശ്രദ്ധ നേടിയെടുത്തു.

1967-ൽ 'ശ്രീ ഗുരുവായൂരപ്പൻ' എന്ന മാസിക ആരംഭിച്ച ആഞ്ഞം മാധവൻ നമ്പൂതിരി ആജീവനാന്തം അതിന്റെ പത്രാധിപരുമായിരുന്നു. 1970-ൽ അദ്ദേഹം തുടങ്ങിയ 'ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്' എന്ന സംഘടനയുടെ വകയാണ് ഗുരുവായൂർ ഏകാദശി ആഘോഷത്തിനിടയിലെ ദശമിവിളക്ക്. ഇത് മുമ്പ് നടത്തിയിരുന്ന കുടുംബം അന്യം നിന്നുപോയപ്പോൾ ഗുരുവായൂർ ദേവസ്വം ആവശ്യപ്പെട്ടതുപ്രകാരമാണ് ദശമിവിളക്ക് ഏറ്റെടുക്കാൻ ട്രസ്റ്റ് തയ്യാറായത്. ആജീവനാന്തം ട്രസ്റ്റിന്റെ സർവ്വസ്വവും അദ്ദേഹമായിരുന്നു.

മരണം[തിരുത്തുക]

അവസാനകാലത്ത് പ്രമേഹം അടക്കമുള്ള രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടിയെങ്കിലും സദാസമയവും നാരായണനാമജപം തന്നെയായിരുന്നു ആഞ്ഞത്തിന്റെ ലോകം. ഇതിനിടയിൽ 1987 ഡിസംബർ 13-ന് നാരായണീയത്തിന്റെ 400-ആം വാർഷികം ആഘോഷിച്ചപ്പോൾ ആ യോഗത്തിന്റെ അദ്ധ്യക്ഷൻ ആഞ്ഞമായിരുന്നു. 1987 ഡിസംബർ 28-ന് ഹൃദയാഘാതത്തെത്തുടർന്ന് കോയമ്പത്തൂരിലെ സെന്തിൽ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട അദ്ദേഹം, മൂന്ന് മാസങ്ങൾക്കുശേഷം 1988 മാർച്ച് 19-ന് പുലർച്ചെ മൂന്നുമണിയോടെ 69-ആം വയസ്സിൽ ഭഗവദ്പാദങ്ങളിൽ വിലയം പ്രാപിച്ചു. മൃതദേഹം ഗുരുവായൂരിലെ നാരായണാലയത്തിലും ആഞ്ഞത്ത് മനയിലും പൊതുദർശനത്തിന് വച്ചശേഷം ആഞ്ഞത്ത് മനവളപ്പിൽ സംസ്കരിച്ചു. അനുജൻ കൃഷ്ണൻ നമ്പൂതിരിയാണ് പിന്നീട് നാരായണാലയത്തിന്റെയും സങ്കീർത്തന ട്രസ്റ്റിന്റെയും ഗുരുവായൂരപ്പൻ മാസികയുടെയും ചുമതലയേറ്റെടുത്തത്. 2011 സെപ്റ്റംബർ 4-ന് അദ്ദേഹവും അന്തരിച്ചു. ഇന്ന്, ഇവരുടെ സഹോദരപുത്രൻ മധുസൂദനൻ നമ്പൂതിരിപ്പാടാണ് നാരായണാലയം കാര്യദർശി.

"https://ml.wikipedia.org/w/index.php?title=ആഞ്ഞം_മാധവൻ_നമ്പൂതിരി&oldid=4074865" എന്ന താളിൽനിന്ന് ശേഖരിച്ചത്