Jump to content

ആഞ്ഞം കൃഷ്ണൻ നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഞ്ഞം കൃഷ്ണൻ നമ്പൂതിരി
ജനനം(1934-05-31)മേയ് 31, 1934
മരണംസെപ്റ്റംബർ 4, 2011(2011-09-04) (പ്രായം 77)
തൊഴിൽഭാഗവത ആചാര്യൻ
മാതാപിതാക്ക(ൾ)തൊണ്ടയന്നൂർ ആഞ്ഞത്ത് മനയ്ക്കൽ മധുസൂദനൻ സോമയാജിപ്പാട്, പാഞ്ഞാൾ വൈക്കാക്കര മകൾ പാർവതി പത്തനാടി

കേരളത്തിൽ ജീവിച്ചിരുന്ന ഒരു ഭാഗവതാചാര്യനായിരുന്നു ആഞ്ഞം കൃഷ്ണൻ നമ്പൂതിരി [1]. ഭാഗവതസപ്താഹരംഗത്തെ ജനകീയമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 'തിരുനാമാചാര്യൻ' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഭാഗവതകുലപതി ബ്രഹ്മശ്രീ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ അനുജനും ശിഷ്യനും സന്തതസഹചാരിയുമായിരുന്നു അദ്ദേഹം.

കുട്ടിക്കാലം

[തിരുത്തുക]

ഇന്നത്തെ പാലക്കാട് ജില്ലയിൽ പട്ടാമ്പിക്കടുത്ത് തൊണ്ടയന്നൂരിൽ വേദപണ്ഡിതനും പുരോഹിതനുമായിരുന്ന ആഞ്ഞത്ത് മനയ്ക്കൽ മധുസൂദനൻ സോമയാജിപ്പാടിന്റേയും പാഞ്ഞാൾ വൈക്കാക്കര മകൾ പാർവതി പത്തനാടിയുടെയും[1] മകനായി 1934 മെയ് 31 (1109 എടവം 18) ന് [2] ഇടവമാസത്തിലെ പൂരാടം നക്ഷത്രത്തിലാണ് കൃഷ്ണൻ നമ്പൂതിരി ജനിച്ചത്. [3] മധുസൂദനൻ നമ്പൂതിരിപ്പാടിന്റെ നാല് ആണ്മക്കളിൽ ഇളയവനായിരുന്നു അദ്ദേഹം. അച്ഛന്റെ ആദ്യഭാര്യ ആര്യ അന്തർജനത്തിന്റെ മക്കളായ മൂന്ന് ജ്യേഷ്ഠന്മാർ അദ്ദേഹത്തിനുണ്ടായിരുന്നു. ആഞ്ഞം മാധവൻ നമ്പൂതിരിയായിരുന്നു അവരിൽ മൂത്തയാൾ.

പിതാവ് ആഞ്ഞത്ത് മധുസൂദനൻ സോമയാജിപ്പാടിൽനിന്ന് വേദാധ്യായനത്തിന്റെ പ്രാഥമികപാഠങ്ങൾ അഭ്യസിച്ച ശേഷം കൃഷ്ണൻ നമ്പൂതിരി പണ്ഡിതശിരോമണി ഗുരുവായൂർ രാമചന്ദ്രശാസ്ത്രിയിൽനിന്ന് സംസ്‌കൃതഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടി. പിന്നീട് തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിൽ നിന്ന് വേദപാഠങ്ങളും ഹൃദ്യസ്ഥമാക്കി. [1]

ആദ്ധ്യാത്മികരംഗത്ത്

[തിരുത്തുക]

യശശ്ശരീരനായ തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ അനുജനായിരുന്ന കൃഷ്ണൻ നമ്പൂതിരി, പതിനഞ്ചാമത്തെ വയസ്സിൽ ജ്യേഷ്ഠന്റെ ശിഷ്യത്വം സ്വീകരിച്ചു. ജ്യേഷ്ഠനിൽനിന്നുതന്നെ ഭാഗവതപാരായണത്തിൽ ശിക്ഷണവും ലഭിച്ചു. ജ്യേഷ്ഠന്റെ സപ്താഹത്തിന് ഒട്ടേറെ വർഷം മൂലപാരായണവും കൃഷ്ണൻ നമ്പൂതിരി നടത്തിയിട്ടുണ്ട്.

ആറുപതിറ്റാണ്ടിലേറെ ആദ്ധ്യാത്മികരംഗത്ത് പ്രവർത്തിച്ച അദ്ദേഹം ഭാരതത്തിനകത്തും പുറത്തും മൂന്നരപതിറ്റാണ്ടോളം ഭാഗവതസപ്താഹങ്ങളും ആദ്ധ്യാത്മിക പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. [1]

1977-ൽ ജ്യേഷ്ഠൻ ആഞ്ഞം മാധവൻ നമ്പൂതിരിയിൽ നിന്ന് ഭാഗവതോപദേശം സ്വീകരിച്ച കൃഷ്ണൻ നമ്പൂതിരി ഭാഗവതസപ്താഹയജ്ഞങ്ങൾ നടത്താനാരംഭിച്ചു. ആദ്യം തിരുനാമാചാര്യനോടൊപ്പമായിരുന്നു സപ്താഹവായന നടത്തിയിരുന്നത്. 1988-ൽ തിരുനാമാചാര്യന്റെ മരണശേഷം സ്വന്തമായി സപ്താഹയജ്ഞങ്ങൾ നടത്തിവന്നു. കൂടാതെ തിരുനാമാചാര്യൻ തുടങ്ങിവെച്ച ഭാഗവതസപ്താഹങ്ങൾ, നാമസപ്താഹങ്ങൾ, ക്ഷേത്രത്തിലെ നിത്യനാമജപം, കുട്ടികൾക്ക് പ്രസാദവിതരണം, സാധുക്കൾക്കുള്ള അന്നദാനം, ഗുരുവായൂരപ്പൻെ ദശമിവിളക്ക്, ശ്രീഗുരുവായൂരപ്പൻ മാസിക, ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ് എന്നിവയുടെ ചുമതലയും അദ്ദേഹം നിർവഹിച്ചു.

ഇന്ത്യയ്ക്കുപുറത്ത് ആദ്യമായി കേരളീയരീതിയിൽ സപ്താഹയജ്ഞം നടത്തിയ ആചാര്യനായിരുന്നു കൃഷ്ണൻ നമ്പൂതിരി.[1] 1992-ൽ മലേഷ്യയിലാണ് അദ്ദേഹം ഈ പദവി സ്വന്തമാക്കിയത്. ഇതിനെ തുടർന്ന് 1997 - 98 വർഷങ്ങളിൽ ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലും അദ്ദേഹം സപ്താഹവായന നടത്തി. ബദരിനാഥം, പരീക്ഷിത്ത് മഹാരാജാവിന് ശ്രീ ശുകബ്രഹ്മർഷി ഭാഗവതം ഉപദേശിച്ചതായി പറയപ്പെടുന്ന ഗംഗാതീരം, നൈമിശാരണ്യം എന്നിവിടങ്ങളിലും കൃഷ്ണൻ നമ്പൂതിരി സപ്താഹം നടത്തിയിടുണ്ട്. ആയിരത്തോളം സപ്താഹങ്ങൾക്ക് ആചാര്യനായിട്ടുണ്ട്.[1]

നൈഷ്ഠികബ്രഹ്മചാരിയായിരുന്ന ആഞ്ഞം കൃഷ്ണൻ നമ്പൂതിരിയുടെ സപ്തതി 2004 ജൂണിൽ ഗുരുവായൂരിൽ വിപുലമായി ആഘോഷിച്ചിരുന്നു. ഈ സമയത്തിനുള്ളിൽ അദ്ദേഹം ആയിരത്തോളം ഭാഗവതസപ്താഹങ്ങൾ നടത്തിക്കഴിഞ്ഞിരുന്നു.

ബഹുമതികൾ

[തിരുത്തുക]

ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയിൽ നിന്ന് ഭാഗവതഭാസ്വാൻ എന്ന ബഹുമതി ലഭിച്ചിരുന്നു.[1]

.2011 സെപ്റ്റംബർ നാലാം തിയതി ഞായറാഴ്ച, ശ്വാസകോശസംബന്ധമായ അസുഖം മൂലം ഇദ്ദേഹം കുന്നംകുളത്തിനടുത്തുള്ള കാണിപ്പയ്യൂരിലെ യൂണിറ്റി ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[1] [4] [5] [6] 77 വയസ്സായിരുന്നു ഇദ്ദേഹത്തിന്. 2011 ജൂലൈ മൂന്നാം വാരത്തിൽ ശ്വാസകോശരോഗത്തെത്തുടർന്ന് ആശുപത്രിയിലായ ഇദ്ദേഹം അർദ്ധബോധാവസ്ഥയിലും നാമം ജപിച്ചിരുന്നതായി ആശുപത്രിവൃത്താന്തങ്ങൾ പറയുന്നു. മൃതദേഹം പട്ടാമ്പി ആഞ്ഞത്ത് മനവളപ്പിൽ ജ്യേഷ്ഠന്റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്ത് സംസ്കരിച്ചു. ഭക്തരും സഹപ്രവർത്തകരുമടക്കം നിരവധി പേർ അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു. ഭാഗവതഭാസ്വാൻ ബഹുമതി നൽകിയ മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ മരണം നടന്ന് ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 ആഞ്ഞം കൃഷ്ണൻ നമ്പൂതിരി - മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]
  2. "നാമയുഗ ദീപം - ജന്മഭൂമി". Archived from the original on 2013-01-17. Retrieved 2013-03-28.
  3. "ആഞ്ഞം കൃഷ്ണൻ നമ്പൂതിരി - പുണ്യഭൂമി". Archived from the original on 2011-09-26. Retrieved 2013-03-28.
  4. "- IBM LIve". Archived from the original on 2014-12-03. Retrieved 2013-03-29.
  5. - ദി ഹിന്ദു
  6. "- ഓർമ: ഉണ്ണികൃഷ്ണൻ പുതൂർ". Archived from the original on 2012-04-19. Retrieved 2013-03-29.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ് Archived 2013-05-16 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ആഞ്ഞം_കൃഷ്ണൻ_നമ്പൂതിരി&oldid=3624147" എന്ന താളിൽനിന്ന് ശേഖരിച്ചത്