ആഗ്നേയഗ്രന്ഥിയുടെ വീക്കം
പാൻക്രിയാറ്റിറ്റിസ് അഥവാ ആഗ്നേയഗ്രന്ഥിയെ ബാധിക്കുന്ന വീക്കം സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ്. ആഗ്നേയഗ്രന്ഥി നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയിൽ വളരെ സുപ്രധാനമായ പങ്കുവഹിക്കുന്ന ഒരു അവയവമാണ് . ആഗ്നേയഗ്രന്ഥി നമ്മുടെ ഉദരത്തിനുള്ളിൽ ഏറ്റവും പുറകിൽ നട്ടെല്ലിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത് . ആഗ്നേയഗ്രന്ഥിയുടെ പ്രധാന ജോലി ദഹനപ്രക്രിയയെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ ആവശ്യമായ ഇൻസുലിൻ ഹോർമോണിനെ ഉത്പാദിപ്പിക്കുകയും ആണ് . പാൻക്രിയാസിനെ ബാധിക്കുന്ന ഏതു രോഗവും ദഹനപ്രക്രിയ തകരാറിൽ ആക്കുകയും പ്രമേഹ രോഗത്തിന്റെ സാധ്യത വർധിപ്പിക്കുകയും ചെയ്യും .
ആഗ്നേയഗ്രന്ഥിയുടെ വീക്കം (പാൻക്രിയാറ്റിറ്റിസ് ) രണ്ടു വിധത്തിൽ കാണപ്പെടാറുണ്ട് . പെട്ടെന്നുണ്ടാവുന്ന ആഗ്നേയഗ്രന്ഥിയുടെ വീക്കവും (അക്യൂട്ട് പാൻക്രിയാറ്റിറ്റിസ് ) ദീർഘകാലമായുണ്ടാകുന്ന ആഗ്നേയഗ്രന്ഥിയുടെ വീക്കവും(ക്രോണിക് പാൻക്രിയാറ്റിറ്റിസ് ) . പേരിൽ സാമ്യമുണ്ടെങ്കിലും ഇവ രണ്ടും വ്യത്യസ്തമായിട്ടുള്ള രോഗാവസ്ഥകളാണ് .
ആഗ്നേയഗ്രന്ഥിയുടെ പെട്ടെന്നുള്ള വീക്കം
[തിരുത്തുക]രോഗലക്ഷണങ്ങൾ
[തിരുത്തുക]പെട്ടെന്നുണ്ടാവുന്ന അതികഠിനമായ വയറുവേദനയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം . ഉദരത്തിന്റെ മുകൾഭാഗത്തായിട്ടാണ് വേദന സാധാരണയായി അനുഭവപ്പെടാറുള്ളത് . ചില രോഗികളിൽ വേദനയോടു കൂടി ഛർദിയും ഓക്കാനവും അനുഭവപ്പെടാറുണ്ട് . ഈ അസുഖത്തിന്റെ വേദന മറ്റു പല രോഗങ്ങളെയും (വയറിലെ പുണ്ണ്) ,പിത്തസഞ്ചിയിലെ കല്ല് , കുടലിലെ രക്തചംക്രമണം നിലക്കുക ) പോലെ തന്നെയാണ് ഉണ്ടാവാറുള്ളത് അതുകൊണ്ടു തന്നെ രോഗലക്ഷണങ്ങൾ കൊണ്ട് മാത്രം രോഗനിർണയം പലപ്പോഴും സാധ്യമാവാതെ വരാറുണ്ട് .
കാരണങ്ങൾ
[തിരുത്തുക]പിത്തസഞ്ചിയിലെ കല്ല് പിത്തനാളിയിലേക്കു ഇറങ്ങി ആഗ്നേയഗ്രന്ഥിയുടെ നാളിയെ തടസ്സപ്പെടുത്തുന്നതാണ് ഈ രോഗത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് . പിത്തനാളിയിലെ കല്ലുകൾ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരാറുള്ളത്. വേദനയോടൊപ്പം ചില രോഗികളിൽ മഞ്ഞപ്പിത്തവും പനിയും വിറയലും കണ്ടു വരാറുണ്ട് . അമിതമായ മദ്യപാനമാണ് മറ്റൊരു പ്രധാന കാരണം. ആഗ്നേയഗ്രന്ഥിക്ക് പറ്റുന്ന പരുക്കുകൾ ചില രോഗികളിൽ ആഗ്നേയഗ്രന്ഥിയിൽ വീക്കമുണ്ടാക്കാറുണ്ട് . അപൂർവുമായി ചില മരുന്നുകളുടെ പാർശ്വഫലമായി ആഗ്നേയഗ്രന്ഥിയുടെ വീക്കം ഉണ്ടാവാറുണ്ട് . അപസ്മാരചികിത്സക്കുപയോഗിക്കുന്ന വാൽപ്രോയിക് ആസിഡ്, കാൻസർ , ഓട്ടോഇമ്മ്യൂൺ എന്നീ രോഗങ്ങളുടെ ചികിത്സക്കുപയോഗിക്കുന്ന അസതിയോപ്രിൻ എന്നിവ ഉദാഹരണങ്ങളാണ് . രക്തത്തിലെ കാൽസ്യം ലവണത്തിന്റെ അളവ് ക്രമാധീനമായി വർധിക്കുന്നതും ഈ രോഗത്തിന് കാരണമായേക്കാം. വളരെ അപൂർവമായി ചില പകർച്ചവ്യാധികളുടെ ഭാഗമായും'ആഗ്നേയഗ്രന്ഥിക്ക് വീക്കമുണ്ടാവാറുണ്ട് . മുണ്ടി വീക്കം(മമ്പ്സ് ) ഒരു ഉദാഹരണമാണ്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളിലും അപൂർവമായി ആഗ്നേയഗ്രന്ഥിയുടെ വീക്കം ഉണ്ടാവാറുണ്ട് . ചില രോഗികളിൽ ആഗ്നേയഗ്രന്ഥിയുടെ വീക്കത്തിന് പ്രത്യേകകാരണങ്ങൾ ഒന്നും കണ്ടെത്താൻപറ്റാറില്ല (ഇഡിയോപ്പതിക് പാൻക്രിയാറ്റിറ്റിസ് )
രോഗതീവ്രത
[തിരുത്തുക]രോഗതീവ്രത അനുസരിച്ചു ഈ അസുഖത്തെ നേരിയ തോതിലുള്ള പാൻക്രിയാറ്റിറ്റിസ് എന്നും ഗുരുതരമായിട്ടുള്ള പാൻക്രിയാറ്റിറ്റിസ് എന്നും തരം തിരിക്കാം . ഗുരുതരമായ രീതിയിലുള്ള പാൻക്രിയാറ്റിറ്റിസ് മാരകമായേക്കാവുന്ന ഒരു രോഗമാണ് . ഇങ്ങനെയുള്ള രോഗികൾക്ക് ഐ സി യൂ ചികിത്സ ആവശ്യം വരാറുണ്ട് . അതിഗുരുതരാവസ്ഥയിലുള്ള ആഗ്നേയഗ്രന്ഥിയുടെ വീക്കം ചില രോഗികളുടെ വൃക്കയുടെയും ശ്വാസകോശത്തിന്റെയും ദഹനേന്ദ്രിയ വ്യവസ്ഥയുടെയും പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചലപ്പോൾ മരണ കാരണമാവുകയും ചെയ്യാം
രോഗനിർണയം
[തിരുത്തുക]അതികഠിനമായ വയറുവേദനയുമായി വരുന്ന രോഗികളിൽ ആഗ്നേയഗ്രന്ഥിയുടെ വീക്കത്തിന് സാധ്യതയുണ്ട് . എന്നാൽ രോഗനിർണയം ചില പരിശോധനകൾ കൊണ്ട് മാത്രമേ ഉറപ്പിക്കാൻ കഴിയുകയുള്ളു. ഇതിനായി രക്തത്തിലെ അമൈലേസ്, ലിപേസ് എന്നീ ദഹനരസങ്ങളുടെ അളവ് നിർണയിക്കാറുണ്ട് . ആഗ്നേയഗ്രന്ഥിയുടെ വീക്കം ഉള്ള രോഗികളിൽ ഈ ദഹനരസങ്ങൾ രക്തത്തിൽ കൂടുതലായി കാണപ്പെടുന്നു . സ്കാനിംഗ് വഴി ആഗ്നേയഗ്രന്ഥിയുടെ ഘടനയിലുണ്ടാവുന്ന മാറ്റങ്ങൾ നിരീക്ഷിക്കാൻ സാധിക്കുന്നതാണ് . ഇതിനായി അൾട്രാസൗണ്ട് സ്കാനിംഗ് , സി റ്റീ സ്കാനിംഗ് , എം ആർ ഐ സ്കാനിംഗ് എന്നിവ രോഗിയുടെ രോഗാവസ്ഥ അനുസരിച്ചു ഉപയോഗപ്പെടുത്താറുണ്ട് .
സങ്കീർണതകൾ
[തിരുത്തുക]ആഗ്നേയഗ്രന്ഥിയിലെ വീക്കം സങ്കീർണമായ ചില അവസ്ഥകളിൽ രോഗിയെ എത്തിക്കാറുണ്ട് . പാൻക്രിയാസിൻറെ ചുറ്റും നീര് വരുക ,പഴുപ്പുണ്ടാകുക ,വയറിൻറെയോ ശ്വാസകോശത്തിന് ചുറ്റുമോ ആഗ്നേയരസങ്ങൾ കെട്ടികിടക്കുക , ആന്തരിക രക്തസ്രാവം ഉണ്ടാവുക എന്നിവ ഇവയിൽ ചിലതാണ് . ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉള്ള രോഗികൾക്കു എൻഡോസ്കോപ്പി ഉപയോഗിച്ചുള്ള ചികിത്സയോ അല്ലെങ്കിൽ ശസ്ത്രക്രിയയോ ചിലപ്പോൾ വേണ്ടി വരാറുണ്ട്.
രോഗീപരിചരണം
[തിരുത്തുക]നേരിയരീതിയിൽ ഉള്ള ആഗ്നേയഗ്രന്ഥി വീക്കം കുറച്ചു ദിവസത്തെ ചികിത്സ കൊണ്ട് ശരി ആക്കിയെടുക്കാൻ കഴിയുന്ന രോഗമാണ് . എന്നാൽ ഗുരുതരമായ രീതിയിൽ ഉള്ള രോഗങ്ങൾ ബാധിച്ച രോഗികൾക്കു തീവ്രപരിചരണവിഭാഗത്തിലെ ചികിത്സയും എൻഡോസ്കോപ്പ് ഉപയോഗിച്ചുള്ള ശസ്ത്രക്രിയയോ വേണ്ടിവരാറുണ്ട് .
ദീർഘകാലമായുള്ള ആഗ്നേയഗ്രന്ഥിവീക്കം
[തിരുത്തുക]ഈ രോഗം പ്രധാനമായും മൂന്ന് തരം രോഗലക്ഷണങ്ങളോട് കൂടിയാണ് പ്രത്യക്ഷപെടാറുള്ളത് . വയറു വേദന , ഭക്ഷണപദാർത്ഥങ്ങളെ ദഹിപ്പിക്കാൻ ഉള്ള കഴിവില്ലായ്മ , പ്രമേഹ രോഗം എന്നിവയാണീ ലക്ഷണങ്ങൾ . ചില രോഗികളിൽ ഒന്നോ രണ്ടോ ലക്ഷണങ്ങൾ മാത്രമായോ അല്ലെ ങ്കിൽ എല്ലാ ലക്ഷണങ്ങളോടും കൂടിയോ രോഗം പ്രത്യക്ഷപ്പെടാം
കാരണങ്ങൾ
[തിരുത്തുക]ചില ജനിതകവൈകല്യങ്ങൾ ആഗ്നേയഗ്രന്ഥിയുടെ ദീർഘകാലവീക്കത്തിന് കാരണമാകാം. അമിതമായ മദ്യപാനമാണ് ഈ രോഗത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്. രക്തത്തിലെ കാൽസ്യം ലവണം അമിതമാവുന്നതും കൊളെസ്ട്രോൾ ( ട്രൈഗ്ലിസറൈഡ് ) വർധിക്കുന്നതും ആഗ്നേയഗ്രന്ഥിയുടെ ദീർഘകാലവീക്കത്തിന് കാരണമാകാം.
ഉഷ്ണമേഖലാപ്രദേശത്തു ജീവിക്കുന്ന ആളുകളിൽ ദീർഘകാലമായുള്ള പാൻക്രീയാസിന്റെ വീക്കം കണ്ടു വരാറുണ്ട്. ഇങ്ങനെയുള്ള അസുഖം കൂടുതലായും കണ്ടുവരുന്നത് കേരളസംസ്ഥാനത്തിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലുമാണ് (ട്രോപ്പിക്കൽ പാൻക്രിയാറ്റിറ്റിസ് ). അപൂർവമായി ഈ രോഗം മറ്റു പ്രദേശങ്ങളിലും കാണാറുണ്ട് .
രോഗലക്ഷണങ്ങൾ
[തിരുത്തുക]കഠിനമായ വയറുവേദന., ഭക്ഷണപദാർത്ഥങ്ങൾ ആഗിരണം ചെയ്യുന്നതിലുണ്ടാവുന്ന കുറവുകൾ കൊണ്ടുള്ള വയറിളക്കം, പോഷകാഹാരക്കുറവ്, ചെറുപ്പത്തിലേ കാണപ്പെടുന്ന പ്രമേഹ രോഗം എന്നിവ ഈ രോഗത്തിൻറെ പ്രത്യേകതകളാണ് . ഈ ലക്ഷണങ്ങൾ ഒറ്റക്കായോ എല്ലാം കൂടിയോ രോഗികളിൽ കണ്ടു വരാറുണ്ട്. ദീർഘകാലം ഈ രോഗം നീണ്ടു നിൽക്കുമ്പോൾ ആഗ്നേയഗ്രന്ഥിയുടെ ഘടനയെ ബാധിക്കുകയും , ഗ്രന്ഥിക്കുള്ളിലും, നാളിക്കുള്ളിലും കല്ലുകൾ ഉണ്ടാവുന്നതായും കാണാറുണ്ട് .
രോഗനിർണയം
[തിരുത്തുക]പ്രമേഹരോഗത്തിനുള്ള രക്തപരിശോധനയും പോഷകങ്ങളുടെ കുറവ് കണ്ടു പിടിക്കാനുള്ള പരിശോധനയും ആവശ്യമാണ് . ഭക്ഷണം ആഗിരണം ചെയ്യപ്പെടാത്തതു മൂലം മലത്തിൽകൂടി നഷ്ടപ്പെടുന്ന കൊഴുപ്പിന്റെ അളവ് രോഗിയുടെ മലം പരിശോധിക്കുന്നതിലൂടെ കണ്ടുപിടിക്കാൻ സാധിക്കുന്നതാണ്. ഇതിനായി വിവിധപരിശോധനകൾ നിലവിൽ ഉണ്ട് . ദീർഘകാലമായുള്ള ആഗ്നേയഗ്രന്ഥി വീക്കം ഗ്രന്ഥിയുടെ ഘടന മാറ്റിമറിക്കുകയും ഗ്രന്ഥിയുടെ ഉള്ളിൽ കല്ലുകൾ ഉണ്ടാക്കുകയും ചെയ്യുന്നു .ഗ്രന്ഥിയിലെ മാറ്റത്തിന്റെ തോതു കണ്ടുപിടിക്കാൻ എക്സ് റേ പരിശോധന,അൾട്രാസൗണ്ട് സ്കാനിംഗ്, സി ടി സ്കാനിംഗ് , എം ആർ ഐ സ്കാനിംഗ് എന്നിവ ഉപയോഗിക്കുന്നു
ചികിത്സ
[തിരുത്തുക]ദീർഘകാലമായുള്ള ആഗ്നേയഗ്രന്ഥി വീക്കത്തിന് ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ചികിത്സ ആവശ്യമായി വരാറുണ്ട് . വിവിധ തരം വേദന സംഹാരികൾ, പോഷകങ്ങൾ വലിച്ചെടുക്കാൻ സഹായിക്കുന്ന കൃത്രിമ ദഹനരസങ്ങൾ ,പ്രമേഹത്തിന്റെ ചികിത്സ എന്നിവയാണ് ചികിത്സയുടെ കാതലായ ഭാഗം. ഭൂരിപക്ഷം രോഗികളിലും മരുന്നുകൾ കൊണ്ടുള്ള ചികിത്സ ഫലപ്രദമാവാറുണ്ട് . ഒരു ചെറിയ വിഭാഗം രോഗികളിൽ അപൂർവമായി ശസ്ത്രക്രിയ വേണ്ടിവരാറുണ്ട് .
സങ്കീർണതകൾ
[തിരുത്തുക]ഈ രോഗം ദീർഘകാല ചികിത്സ ആവശ്യപ്പെടുന്ന ഒന്നാണ് . ചില രോഗികളിൽ ആഗ്നേയഗ്രന്ഥിക്ക് ചുറ്റും നീർക്കെട്ടുണ്ടാകുകയും അണുബാധ ഉണ്ടാവുകയും ചെയ്യാറുണ്ട് . വളരെ അപൂർവമായി ആഗ്നേയഗ്രന്ഥി അർബുദം ഈ രോഗികളിൽ ഉണ്ടാവാറുണ്ട് .
അവലംബം
[തിരുത്തുക]1.pg.313, "Acute and Chronic Pancreatitis." Harrison's Principles of Internal Medicine, 18e.
2. Pancreatitis, Yamada's Textbook of Gastroenterology.