ആകാശത്തിന്റെ നിറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആകാശത്തിന്റെ നിറം
സംവിധാനംഡോക്ടർ ബിജു
നിർമ്മാണംകെ. അനിൽ കുമാർ
രചനഡോക്ടർ ബിജു
അഭിനേതാക്കൾപൃഥ്വിരാജ്,
ഇന്ദ്രജിത്ത്,
നെടുമുടി വേണു,
അനൂപ് ചന്ദ്രൻ,
ഇന്ദ്രൻസ്,
ശ്രീരാമൻ,
മാസ്റ്റർ ഗോവർധൻ,
അമല പോൾ
സംഗീതംരവീന്ദ്ര ജയിൻ
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംമനോജ്
ബാനർഅമ്പലക്കര ഗ്ലോബൽ ഫിലിംസ്
റിലീസിങ് തീയതി2012 ജൂലൈ 20
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം117 മിനിറ്റ്

2010 - ലെ ദേശീയപുരസ്കാരം നേടിയ വീട്ടിലേക്കുള്ള വഴി എന്ന ചലച്ചിത്രത്തിന്റെ സംവിധായകനായ ഡി. ബിജുവിന്റെ നാലാമത് ചിത്രമാണ് ആകാശത്തിന്റെ നിറം. അമ്പലക്കര ഗ്ലോബൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിച്ചത്. ആൻഡമാൻ നിക്കോബാർ ദ്വീപിലെ നാല് പേരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആൻഡമാൻ നിക്കോബാർ ദ്വീപിലെ നീൽ ദ്വീപിലാണ് ചിത്രീകരണം നടന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നെടുമുടി വേണു, അനൂപ് ചന്ദ്രൻ, ഇന്ദ്രൻസ്, ശ്രീരാമൻ, സി.ജെ. കുട്ടപ്പൻ, ഗീഥ, സലാം, മാസ്റ്റർ ഗോവർധൻ, അമല പോൾ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജുവിന്റെ 8 വയസ്സ് പ്രായമുള്ള മകനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ചിത്രീകരണ വേളയിൽ തന്നെയാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ രേഖപ്പെടുത്തിയത്. ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് പ്രത്യേകം പേരുകളില്ല.

2011-ൽ ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നവംബർ 24-ന് വിദേശ പ്രതിനിധികൾക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തി. 2012-ൽ ചൈനയിൽ നടന്ന ഷാങ്ഹായ് മേളയിൽ ഈ ചിത്രം പ്രദർശിപ്പിച്ചു[1]. 17 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 106 രാജ്യങ്ങളിൽ നിന്നുള്ള 1806 ചലച്ചിത്രങ്ങളിൽ നിന്നുമാണ് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. 11 വർഷങ്ങൾക്കു ശേഷമാണ് ഒരു മലയാളചിത്രം ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്[2] 2011-ലെ സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ ജൂറിയുടെ പ്രത്യേക പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു[3].

കസാഖിസ്ഥാനിലെ യുറേഷ്യ രാജ്യാന്തര ചലച്ചിത്രാത്സവത്തിന്റെ മത്സര വിഭാഗത്തിലേക്കു ആകാശത്തിന്റെ നിറം തിരഞ്ഞെടുക്കപ്പെട്ടു[4]. മികച്ച ചിത്രത്തിനുള്ള ഓസ്‌കാർ പുരസ്‌കാരത്തിന്റെ നോമിനേഷനുള്ള ചുരുക്കപ്പട്ടികയിലും ചിത്രം സ്ഥാനം നേടി[5].

കഥാസംഗ്രഹം[തിരുത്തുക]

ചെറുപ്പക്കാരനായ പോക്കറ്റടിക്കാരൻ (ഇന്ദ്രജിത്) ഒരു തുറമുഖ നഗരത്തിലെ കരകൗശല വിൽപ്പനകേന്ദ്രത്തിൽ കണ്ടുമുട്ടുന്ന വൃദ്ധനെ (നെടുമുടി വേണു) കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവരാൻ ശ്രമിക്കുന്നു. എന്നാൽ ചെറുപ്പകാരന്റെ പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ട് വൃദ്ധൻ പെട്ടെന്ന് ബോട്ട് മുന്നോട്ടെടുത്തു. ഒറ്റപ്പെട്ട ഒരു ദ്വീപിലാണ് ആ ബോട്ട് എത്തിച്ചേർന്നത്. അവിടെ വൃദ്ധനെക്കൂടാതെ വേലക്കാരൻ (അനൂപ് ചന്ദ്രൻ), ബധിരയും മൂകയുമായ യുവതി (അമല പോൾ), ഒരാൺകുട്ടി (ഗോവർദ്ധൻ) എന്നിവർ മാത്രമാണ് ഉണ്ടായിരുന്നത്. ദ്വീപിൽ നിന്നും രക്ഷപ്പെടാൻ യാതൊരു വഴിയുമില്ലെന്നു ചെറുപ്പക്കാരൻ തിരിച്ചറിയുന്നു. അതിനാലുള്ള ദേഷ്യവും അസ്വസ്ഥതയും അയാൾ പലവിധത്തിൽ പുറത്തുകാണിക്കുന്നു. എന്നാൽ അതിനൊന്നും യാതൊരു ഫലവും കാണുന്നില്ല. വൃദ്ധന്റെ യാത്രകളിലുള്ള ദുരൂഹതകളും പലപ്പോഴും ദ്വീപിലെത്തിച്ചേരുന്ന ഒരു യുവാവും (പൃഥ്വിരാജ്) ചെറുപ്പക്കാരനെ അസ്വസ്ഥനാക്കുന്നു.

നഗരത്തിന്റെ അഴുക്കു ജീവിതത്തിൽ പൂണ്ടിരുന്ന ചെറുപ്പക്കാരൻ പതിയെ ദ്വീപിലെ സ്വച്ഛവും ശാന്തവുമായ ജീവിതവുമായി പൊരുത്തപ്പെടുന്നു. ഈ വേളയിൽ പ്രകൃതിയെക്കുറിച്ചും തനിക്കു വേണ്ടി മാത്രമല്ലാതെ ജീവിക്കുന്നതെക്കുറിച്ചുമൊക്കെയുള്ള തിരിച്ചറിവുകൾ അയാളിൽ ജനിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആകാശത്തിന്റെ നിറം ഷാങ്ഹായ് മേളയിൽ പ്രദർശിപ്പിച്ചു". മൂലതാളിൽ നിന്നും 2012-06-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-15.
  2. മലയാള മനോരമ, ഞായറാഴ്ച, 2012 ജൂലൈ 15, പേജ് 4.
  3. "ഇന്ത്യൻ റുപ്പി മികച്ച ചിത്രം; ദിലീപ് നടൻ, ശ്വേത നടി". മൂലതാളിൽ നിന്നും 2012-07-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-19.
  4. "". മൂലതാളിൽ നിന്നും 2012-08-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-16.
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-12-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-15.
"https://ml.wikipedia.org/w/index.php?title=ആകാശത്തിന്റെ_നിറം&oldid=3624112" എന്ന താളിൽനിന്ന് ശേഖരിച്ചത്