അൽതമാസ് കബീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽതമാസ് കബീർ

നിലവിൽ
പദവിയിൽ 
2012 സെപ്റ്റംബർ 29
അവരോധിച്ചത് ഇന്ത്യൻ രാഷ്ട്രപതി
മുൻ‌ഗാമി എസ്.എച്ച്. കപാഡിയ

പദവിയിൽ
2005 മാർച്ച് 01 – 2005 സെപ്റ്റംബർ 08
മുൻ‌ഗാമി ജസ്റ്റിസ് പി.കെ. ബാലസുബ്രഹ്മണ്യം
പിൻ‌ഗാമി ജസ്റ്റിസ് എൻ. ദിനകർ

പദവിയിൽ
1990 ആഗസ്റ്റ് 06 – 2005 ഫെബ്രുവരി 29

ജനനം 1948 ജൂലൈ 19
കൊൽക്കത്ത, വെസ്റ്റ് ബംഗാൾ, ഇന്ത്യ
ദേശീയത ഇന്ത്യൻ
ജീവിതപങ്കാളി(കൾ) മീന കബീർ

ഇന്ത്യയുടെ നിലവിലെ ചീഫ് ജസ്റ്റിസാണ് അൽതമാസ് കബീർ. ഇദ്ധേഹം ഇന്ത്യയുടെ മുപ്പത്തിയൊൻപതാമത് ചീഫ് ജസ്റ്റിസാണ്. ഇപ്പോഴത്തെ ബംഗ്ലാദേശിലെ ഫരീദ്പുരിൽ 1948 ജൂലൈ 19നാണ് അദ്ദേഹം ജനിച്ചത്. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ന്യായാധിപനാണ് ഇദ്ദേഹം. 2012 സെപ്റ്റംബർ 29നാണ് ചീഫ് ജസ്റ്റിസായി അധികാരമേറ്റത്. 2013 ജൂലൈ 19 വരെയാണ് ഇദ്ദേഹത്തിന്റെ കാലാവധി[1]. മുസ്‌ലിം സമുദായത്തിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്ന നാലാമത്തെ വ്യക്തിയുമാണ് അൽതമാസ് കബീർ.[2]

ജീവിതരേഖ[തിരുത്തുക]

ബംഗാളിൽ അജോയ് മുഖർജിയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയിൽ അംഗമായിരുന്ന ജഹാംഗീർ കബീറാണ് പിതാവ്. മുൻ കേന്ദ്രമന്ത്രി ഹുമയൂൺ കബീർ പിതൃ സഹോദരനാണ്. ഡാർജിലിങ്ങിലെ മൗണ്ട് ഹെർമോൺ സ്‌കൂൾ, കൊൽക്കത്ത ബോയ്‌സ് സ്‌കൂൾ, പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിലായിരുന്നു അൽതമാസ് കബീറിന്റെ വിദ്യാഭ്യാസം.

കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽനിന്ന് എൽഎൽബിയും എംഎയും നേടി. 1973ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1990 ഓഗസ്റ്റ് ആറിന് കൊൽക്കത്ത ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി. 2005 ജനുവരി 11ന് കൊൽക്കത്ത ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയ കബീർ, 2005 മാർച്ച് ഒന്നിന് ജാർഖണ്ഡ് ചീഫ് ജസ്റ്റിസായി. 2005 സെപ്തംബർ ഒൻപതിനാണ് സുപ്രീംകോടതി ജഡ്ജിയായത്. കൊൽക്കത്ത ഹൈക്കോടതിയുടെയും കൊൽക്കത്തയിലെ മറ്റു കോടതികളുടെയും കംപ്യൂട്ടർവൽക്കരണത്തിന് നേതൃത്വം നൽകി.[3]

പ്രധാന വിധികൾ[തിരുത്തുക]

കരുതൽ തടങ്കലുമായി ബന്ധപ്പെട്ട് നിർണായകവിധിയാണ് ജസ്റ്റിസ് കബീർ പുറപ്പെടുവിച്ചത്. സാധാരണനിയമത്തിന് പകരമാവില്ല കരുതൽ തടങ്കലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, വിചാരണ കൂടാതെ ഒരു വ്യക്തിയെ തടവിൽ വെക്കാൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്നും വിധിച്ചു.[2] സ്വന്തം പാർട്ടി പുറത്താക്കുന്ന എം.എൽ.എ.യ്ക്ക് നിയമസഭാംഗത്വം നഷ്ടമാകുന്നില്ലെന്ന തീർപ്പും പാർട്ടിയിൽനിന്ന് പുറത്താക്കപ്പെടുന്നത് പാർലമെന്റ് അംഗമായി തുടരുന്നതിന് തടസ്സമല്ലെന്ന ഉത്തരവും ജസ്റ്റിസ് കബീർ നേതൃത്വം നൽകിയ ബെഞ്ചിന്റേതാണ്. കള്ളപ്പണം തിരികെക്കൊണ്ടുവരാൻ കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന സർക്കാറിന്റെ ഹർജിയിൽ അനുകൂല നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഭിന്നവിധിയെത്തുടർന്ന് വിപുലമായ ബെഞ്ചിനു മുന്നിലാണ് ഇപ്പോൾ സർക്കാറിന്റെ ഹർജി.

ഭീകരസംഘടനയിൽ അംഗമായതുകൊണ്ടുമാത്രം ഒരാളെ കുറ്റക്കാരനായി കാണാനാവില്ലെന്ന ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ വിധി പുനപ്പരിശോധിക്കണമെന്ന സർക്കാറിന്റെ ഹർജിയും അദ്ദേഹം പരിഗണിക്കും. കേരളത്തിന്റെ തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിൽ കേരളാപോലീസിന് അധികാരപരിധിയില്ലെന്നു കാണിച്ച് ഇറ്റലി നൽകിയ ഹർജി അൽതമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേൾക്കുന്നത്. ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് സംസാരിച്ച അഭിഭാഷകനായ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യകേസ് പരിഗണിക്കുന്നതും കബീർ അധ്യക്ഷനായ ബെഞ്ചാണ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ സി.ബി.ഐ. അന്വേഷണ ഉത്തരവ് പുനഃപരിശോധിക്കണമെന്ന സമാജ്‌വാദി പാർട്ടി നേതാവ് മുലായംസിങ് യാദവിന്റെയും മകനും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റേയും ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് കബീറിന്റെ ബെഞ്ചാണ്. 2007-ൽ ജസ്റ്റിസ് ലക്ഷ്മണിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട് തന്നെ ടെലിഫോണിലൂടെ സ്വധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്ന ജസ്റ്റിസ് എ. ആർ. ലക്ഷ്മണന്റെ വെളിപ്പെടുത്തൽ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അൽതമാസ്_കബീർ&oldid=1735463" എന്ന താളിൽനിന്നു ശേഖരിച്ചത്