Jump to content

അർത്തുങ്കൽ പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

17-ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ പണിത വി. ആൻഡ്രൂസ് പള്ളി

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ അർത്തുങ്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയമാണ് അർത്തുങ്കൽ പള്ളി എന്നറിയപ്പെടുന്ന സെന്റ് ആൻഡ്രൂസ് ബസിലിക്ക . പോർച്ചുഗീസുകാർ പണിത പുരാതനമായ ഈ ദേവാലയം വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള കേരളത്തിലെ ഒരു പ്രമുഖ തീർഥാടനകേന്ദ്രവുമാണ്. ആലപ്പുഴ രൂപതയുടെ കീഴിലാണ് ഈ ദേവാലയം പ്രവർത്തിക്കുന്നത്. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇവിടെ ആഘോഷപൂർവ്വം കൊണ്ടാടാറുണ്ട്. ശബരിമല ദർശനം കഴിഞ്ഞെത്തുന്ന ഈ ഭാഗത്തുള്ള അയ്യപ്പഭക്തർ അർത്തുങ്കൽ പള്ളിയിൽ വെളുത്തച്ചന്റെ സവിധത്തിലെത്തിലെത്തി നേർച്ചകൾ സമർപ്പിച്ച് മാലയൂരുന്ന ഒരു പതിവും ഉണ്ട്.[1][2][൧][൨]

ചരിത്രം

[തിരുത്തുക]

കേരളത്തിലെ നാട്ടുരാജ്യങ്ങളിലൊന്നായിരുന്ന മൂത്തേടത്ത് രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു അർത്തുങ്കൽ. വ്യവസായികകേന്ദ്രംകൂടെയായിരുന്ന ഈ പ്രദേശത്ത്, ധാരാളം ക്രൈസ്തവരുണ്ടായിരുന്നു. പക്ഷേ, ദൈവാലയത്തിന്റെയും വൈദികരുടെയും അഭാവംമൂലം മാമോദീസയടക്കമുള്ള കൂദാശകൾ സ്വീകരിക്കുവാൻ ഇവർക്ക് മാർഗ്ഗമുണ്ടായിരുന്നില്ല. വാസ്കോ ഡ ഗാമയുടെ കേരളസന്ദർശനത്തിനുശേഷം ഇവിടെയെത്തിയ പോർട്ടുഗീസ് മിഷണറിമാരിൽ ചിലർ മൂത്തേടവും സന്ദർശിച്ചു. തദ്ദേശവാശികളായ ക്രൈസ്തവർ ഇവരെ ഏറെ സന്തോഷത്തോടെ സ്വീകരിച്ചു. അർത്തുങ്കൽ കേന്ദ്രമാക്കി അന്ന് ഈ പ്രദേശം ഉൾപ്പെട്ടിരുന്ന അങ്കമാലി രൂപതയുടെ മെത്രാനായിരുന്ന മാർ അബ്രഹാമിന്റെ അനുവാദപ്രകാരം മതപ്രബോധനവും കൂദാശനൽകലും ആരംഭിച്ചു.

പള്ളിയുടെ മുൻഭാഗം

1560 മുതൽ മിഷണറിമാരും നാട്ടുകാരായ ക്രൈസ്തവരും ഒരു ദൈവാലയംപണിയുന്നതിനായി, മൂത്തേടത്തുരാജാവിന്റെ അനുവാദംതേടിയെങ്കിലും അദ്ദേഹം ആദ്യം സമ്മതംനൽകിയില്ല. എന്നാൽ നിരന്തരാഭ്യർത്ഥനയും മിഷണറിമാരിൽനിന്നു തനിക്ക് ലഭിച്ച സഹായങ്ങളും പരിഗണിച്ച്, രാജാവ് ദൈവാലയനിർമ്മാണത്തിന് അനുമതി നൽകുകയും തടിയുടെ ആവശ്യത്തിലേക്കായി തന്റെ ഉദ്യാനത്തിൽനിന്ന് മരങ്ങൾ നൽകി സഹായിക്കുകയുംചെയ്തു. ഇപ്രകാരം 1581-ൽ അർത്തുങ്കലിൽ വിശുദ്ധ അന്ത്രയോസിന്റെ നാമധേയത്തിൽ, തടിയിലും തെങ്ങോലയിലും വടക്കോട്ട് ദർശനമായി പണികഴിപ്പിച്ച ദൈവാലയത്തിന്റെ പ്രതിഷ്ഠാകർമ്മം നടന്നത്, വിശുദ്ധ അന്ത്രയോസിന്റെ തിരുനാൾദിനമായ നവംബർ 30-നായിരുന്നു. ഫാദർ ഗാസ്പർ പയസ് ആയിരുന്നു ആദ്യവികാരി.
1584-ൽ പള്ളിയുടെ വികാരിയായി ചുമതലയേറ്റ ഫാദർ ഫെനിഷ്യോ, പള്ളിയുടെ നവീകരണത്തിൽ താല്പര്യമെടുക്കുകയും കല്ലിലും കുമ്മായത്തിലും പുതുക്കി നിർമ്മിക്കുകയുംചെയ്തു. ഫെനിഷ്യോയെ സാധാരണക്കാരായ ജനങ്ങളും ഭരണാധികാരികളും വളരെയധികം ഇഷ്ടപ്പെടുകയും ഒരു വിശുദ്ധനായി കരുതി ബഹുമാനിക്കുകയുംചെയ്തു. ജനങ്ങൾ യൂറോപ്യൻ പുരോഹിതനായിരുന്ന അദ്ദേഹത്തെ "വെളുത്ത അച്ചൻ" എന്നു ആദരപൂർവ്വം വിളിച്ചിരുന്നു. 'വെളുത്തച്ചൻ' എന്നത്, പിന്നീട് വിശുദ്ധ സെബസ്ത്യാനോസിന്റെ മറ്റൊരുപേരായി മാറുകയാണ് ഉണ്ടായത്. 1632-ൽ ഫാദർ ഫെനോഷ്യ മരണമടയുകയും വലിയൊരു ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പള്ളിയുടെ ഉള്ളിൽത്തന്നെ സംസ്കരിക്കുകയുംചെയ്തു.

1640-ൽ പള്ളി പടിഞ്ഞാറോട്ടഭിമുഖമായി വിപുലവും മനോഹരവുമായി പുനർനിർമ്മിച്ചു. ഗതാഗതസൗകര്യങ്ങൾ പരിമിതമായിരുന്നകാലത്ത്, നിർമ്മാണാവശ്യത്തിനുള്ള കരിങ്കല്ലുകൾ വള്ളങ്ങളിലായിരുന്നു അർത്തുങ്കലിൽ എത്തിച്ചത്. ഇക്കാലയളവിലാണ് ഇറ്റലിയിലെ മിലാനിൽനിന്നുള്ള വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം പള്ളിയിൽ പ്രതിഷ്ഠിക്കുന്നത്.

ബസിലിക്ക

[തിരുത്തുക]

2010 ജൂലൈ 9 നാണ് ഈ പള്ളിയെ ബസിലിക്കയായി ഉയർത്തിയത്. പള്ളിയുടെ ദീർഘകാല ചരിത്രപ്രാധാന്യം കണക്കിലെടുത്താണ് ബസിലിക്കയാക്കിയത്. കേരളത്തിലെ ഏഴാമത്തെയും ആലപ്പുഴ രൂപതയിലെ ആദ്യത്തെയും മൈനർ ബസിലിക്കയാണ് അർത്തുങ്കൽ. രൂപതയിലെ രണ്ടാമത്തെ മൈനർ ബസിലിക്ക പദവിക്ക് അർഹവും സ്ഥാനം പിടിക്കാനും പോകുന്നത് തുമ്പോളിപ്പള്ളിയാണ്.[3].

തിരുനാൾ

[തിരുത്തുക]

എല്ലാ വർഷവും ജനുവരി 10-ന് ആരംഭിക്കുന്ന ചരിത്രപ്രസിദ്ധമായ അർത്തുങ്കൽ തിരുനാൾ ജനുവരി 27നാണ് സമാപിക്കുന്നത്. ഈ തിരുനാളിനാരംഭമായി ഉയർത്തുവാനുള്ള കൊടി പാലായിൽ നിന്നുമാണ് എത്തിക്കുക. ഈ കൊടി ആലപ്പുഴ കത്തിഡ്രൽ പള്ളിയിൽ എത്തിച്ചു അവിടെനിന്നും വൈകിട്ട് അർത്തുങ്കളിലേക്ക് കൊണ്ടുപോകും വഴി തുമ്പോളി മാതാവിന്റെ അനുഗ്രഹവും , പ്രാർത്ഥനയും ഏറ്റുവാങ്ങിക്കൊണ്ടു കടന്നുപോകുന്നു. ഈ പെരുന്നാൾക്കാലത്ത് എല്ലാ മത വിഭാഗങ്ങളിലുമുള്ള ധാരാളം ഭക്തജനങ്ങൾ അർത്തുങ്കൽ പള്ളിയിൽ എത്തിച്ചേരുന്നു. കൊടിയ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷപെട്ടവരുമാണ് വിശുദ്ധ സെബസ്ത്യാനോസിന് നന്ദി പ്രകാശിപ്പിക്കുവാൻ പെരുന്നാളിന് എത്തുന്നത്. അവർ അടുത്തുള്ള കടൽത്തീരത്തുനിന്ന് പള്ളി വരെ മുട്ടിൽ ഇഴഞ്ഞ് വിശുദ്ധനോടുള്ള കൃതജ്ഞത കാണിക്കുന്നു. സ്വർണ്ണം, വെള്ളി, എന്നിവയിൽ തീർത്ത മനുഷ്യാവയവങ്ങളുടെയും അമ്പ്, വില്ല് എന്നിവയുടെയും രൂപങ്ങളും വിശ്വാസികൾ ഇവിടെ കാണിക്കയായി അർപ്പിക്കുന്നു. ജനുവരി 20-നാണ് പ്രധാന തിരുനാൾ. ആലപ്പുഴ ജില്ലയിൽ അർത്തുങ്കൽ പള്ളി കഴിഞ്ഞാൽ ജില്ലയിലെ ഏറ്റവും വലിയ പെരുന്നാൾ ആഘോഷത്തോടും , തീർത്ഥാടനം നടത്തുന്നതുമായ ക്രൈസ്തവ ദേവാലയങ്ങളാണ് തുമ്പോളിപ്പള്ളിയും , എടത്വാപള്ളിയും.

എത്തിച്ചേരാനുള്ള വഴി

[തിരുത്തുക]

സ്റ്റേഷൻ: ചേർത്തല.

  • ഏറ്റവും അടുത്തുള്ള KSRTC ബസ് സ്റ്റേഷൻ: ചേർത്തല
  • ആലപ്പുഴ - തുമ്പോളി - മാരാരിക്കുളം - -അർത്തുങ്കൽ - ചെല്ലാനം - തോപ്പുംപടി, കൊച്ചി തീരദേശ (State Highway ( SH66 ) -Road സംസ്ഥാന പാത)റോഡ് വഴി.

കുറിപ്പുകൾ

[തിരുത്തുക]

൧. ^ അർത്തുങ്കൽ വെളുത്തച്ചനും ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട് ധാരാളം ഐതിഹ്യങ്ങൾ നിലവിലുണ്ട്. അയ്യപ്പന്റേയും വാവരുടേയും അടുത്ത സുഹൃത്തായിരുന്നു വി. ആൻഡ്രൂ എന്ന് ഫ്രാൻസിസ് ഡേയ് കേരളത്തെക്കുറിച്ച് 1863-ൽ എഴുതിയ ഗ്രന്ഥത്തിൽ വിവരിക്കുന്നു.[4] എന്നാൽ ഐതിഹ്യങ്ങളിൽ സൂചിപ്പിക്കുന്ന വെളുത്തച്ചൻ യൂറോപ്യനായ ഫാദർ ഫെനോഷ്യ ആണെന്നാണ് മറ്റൊരു അഭിപ്രായം. കലകളിലും ദർശനങ്ങളിലും തത്പരനായിരുന്ന ഈ വൈദികശ്രേഷ്ഠൻ കളരിപ്പയറ്റ് പഠിക്കുവാനായി ചീരപ്പൻചിറയിലെത്തി. അയ്യപ്പന്റെ ഗുരുകുലവും ചീരപ്പൻചിറയായിരുന്നുവെന്നും അവിടെ ഇരുവരും സഹോദരതുല്യമായ സ്നേഹത്തോടെ താമസിച്ചു പഠിച്ചുവെന്നും ഇവരുടെ ഭാഷ്യം.[5]

ചിത്രശാല

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. http://www.deepika.com/Archives/Cat2_sub.asp?ccode=Cat2&hcode=149260[പ്രവർത്തിക്കാത്ത കണ്ണി]
  2. അർത്തുങ്കൽ ബസലിക്കയിൽ അയ്യപ്പൻമാരുടെ തിരക്കേറുന്നു Archived 2013-12-23 at the Wayback Machine. - മാതൃഭൂമിദിനപത്രം
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-15. Retrieved 2011-01-08.
  4. https://archive.org/stream/landpermaulsorc01daygoog#page/n26/mode/2up
  5. അർത്തുങ്കൽ പള്ളി,മനോരമ ഓൺലൈൻ, ശേഖരിച്ചത് 14 ഒക്ടോബർ 2010

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അർത്തുങ്കൽ_പള്ളി&oldid=4104761" എന്ന താളിൽനിന്ന് ശേഖരിച്ചത്