Jump to content

അർ‌ണ്ണോസ് പാതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അർണ്ണോസ് പാതിരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Johann Ernst Hanxleden
Arnos Pathiri
ജനനം1681 (1681)
മരണം1732 (വയസ്സ് 50–51)
((Pazhuvil, Thrissur]], Kerala, India
അന്ത്യ വിശ്രമംPazhuvil
മറ്റ് പേരുകൾArnos Pathiri
തൊഴിൽJesuit priest, missionary, poet, grammarian, lexicographer, philologist
അറിയപ്പെടുന്ന കൃതി
  • Puthen Pana
  • Malayalam–Portuguese Dictionary
  • Malayalavyaakaranam
  • Sidharoopam

ആധുനിക കേരളത്തിന്റെ സാംസ്കാരിക സാഹിത്യമേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ഒരു വൈദേശിക സന്ന്യാസിയാണ് അർണ്ണോസ് പാതിരി (ജനനം 1681- മരണം: 1732 മാർച്ച് 20). യഥാർത്ഥനാമം Johann Ernst Hanxleden എന്നാണ്.(യൊവാൻ ഏർണസ് ഹാങ്സിൽഡൻ). ജെഷ്വിത് (jesuit,) അഥവാ 'ഈശോ സഭ' സന്ന്യസിയായാണ് അദ്ദേഹം പ്രവർത്തിച്ചത്.

പേരിനു പിന്നിൽ

[തിരുത്തുക]

യൊവാൻ ഏർണസ് ഹാങ്സിൽഡൻ എന്നായിരുന്നു പേരെങ്കിലും നാട്ടുഭാഷയിൽ അത് അർണ്ണോസ് എന്നായി

ജർമ്മനിയിലെ ഹാനൊവർ

1681-ൽ ജർമ്മനിയിലെ ഹാനോവറിൽ ഓസ്നാബ്റൂക്കിനു സമീപമുള്ള ഓസ്റ്റർ കാപ്ലൻ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.[1]എന്നാൽ അന്നാളുകളിൽ ഇത് ഹംഗറിയുടെ ഭാഗമായിരുന്നെന്നും അതിനാൽ അദ്ദേഹം ഹംഗറിക്കാരനാണേന്നു ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്.

ചെറുപ്പകാലം

[തിരുത്തുക]

പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല. എങ്കിലും ഏതാണ്ട് പതിനെട്ടു ഇരുപതു വയസ്സുവരെ അന്നാട്ടിലെ നാട്ടുനടപ്പനുസരിച്ചുള്ള വിദ്യാഭ്യാസവും തത്ത്വശാസ്ത്രവും പഠിച്ചു എന്നു കരുതുന്നു...

വഴിത്തിരിവ്

[തിരുത്തുക]

പഠിച്ചു കൊണ്ടിരിക്കുംപോൾ ഈശോ സഭാ സന്ന്യാസിയായ വെബ്ബർ പാതിരിയെ കാണാൻ ഇടയായതാണ് തന്നെയാണ്‌ ജീവിതത്തിലെ വഴിത്തിരിവായി അർണ്ണോസ് പാതിരി കണക്കാക്കിയത്. ഇന്ത്യയിലെ ആത്മീയ പ്രവർത്തനങ്ങൾക്ക് സന്നദ്ധ പ്രവർത്തകരെ തിരഞ്ഞെടുക്കുവാനായാണ് അന്ന് വെബ്ബർ പാതിരി ഓസ്നാബ്രൂക്കിൽ എത്തുന്നത്. കോഴിക്കോട്ട് കേന്ദ്രമാക്കി അന്നു പ്രവർത്തിച്ചിരുന്ന ഈശോ സഭയുടെ അധികാരികളാൽ നിയുക്തനായിരുന്നു ഫാ. വെബ്ബർ. ഫാ, വെബ്ബറിന്റെ വ്യക്തി മഹാത്മ്യം ചെറുപ്പക്കാരനായ അർണ്ണോസിനെയും അർണ്ണോസിന്റെ വിനയവും വിജ്ഞാനതൃഷ്ണയും സ്നേഹശീലവും വെബ്ബർ പാതിരിയേയും ആകർഷിച്ചു. മാതാ പിതാക്കളോടും സഹോദരങ്ങളോടും വിടപറഞ്ഞ് അദ്ദേഹം വെബ്ബറിന്റെ സംഘത്തിൽ ചേർന്നു.

ഇന്ത്യയിലേയ്ക്ക്

[തിരുത്തുക]

ആഗ്സ്ബർഗിലെത്തി പ്രഥമിക പരീക്ഷ തൃപ്തികരമായി വിജയിച്ചു അദ്ദേഹം സന്ന്യാസാർത്ഥിപട്ടം നേടി. വെബ്ബർ അദ്ദേഹത്തിന്റെ അദ്ധ്യാത്മിക പിതൃത്വം ഏറ്റെടുത്തു. 1699 ഒക്ടോബർ 3 ന് ഇന്ത്യയിലേയ്ക്ക് തിരിച്ചു. ആദ്യഘട്ടത്തിൽ വെബ്ബറും അർണോസും മാത്രമായിരുന്നു 8 ന് മറ്റൊരു വൈദികനായിരുന്ന വില്യം മേയറും, ഫ്രാൻസ് കാസ്പർ ഷില്ലിങർ എന്നൊരു ക്ഷുരകനും അവരുടെ ഒപ്പം ചേർന്നു. ലിവെർണൊയിലേയ്ക്കായിരുന്നു അടുത്ത യാത്ര. ഇൻസ്ബ്രൂക്ക്, റ്റ്രെൻറ്, വെനിക്എ, ഫൊറാറാ, ബൊളോഞ്ഞോ, ഫ്ലോറൻസ് എന്നീ സ്ഥലങ്ങളിലൂടെ നാലാഴ്ച്കൊണ്ട് അവർ ലിവെർണൊയിൽ എത്തി. യാത്രയിലെല്ലാം വൈദികപഠനവും നടക്കുന്നുണ്ടായിരുന്നു. ലിവെർണോയിൽ ഒരു ഫ്രഞ്ചുകപ്പിത്താൻ അവരെ സിറിയയിൽ എത്തിക്കാമെന്നേറ്റു. എന്നാൽ ഭക്ഷണാവശ്യത്തിലേക്കായി ആടിനേയും 48 പൂവൻ കോഴിയേയും അവർ കൊണ്ടുപോവേണ്ടതായി വന്നു. ആറാഴച കഴിഞ്ഞപ്പോൾ അവർ അലക്സാണ്ഡ്രിയയിൽ എത്തിച്ചേർന്നു. നവംബർ 3 ന് ആരംഭിച്ച് ഡിസംബർ 15 ന് അവസാനിച്ച ഈ യാത്രക്കിടയിൽ വെബ്ബർ ഈശോ സഭയുടെ സന്ന്യാസ മുറകളിലും നിയമാവലികളിലും ഉള്ള അവശ്യവിജ്ഞാനം ആ യുവാവിന് പകർന്നു കൊടുത്തു. ഈ യാത്രക്കിടയിൽ 1699 നവംബർ 30 ന് അർണ്ണോസ് ഈശോസഭാംഗമായി സന്യാസ വ്രതവാഗ്ദാനം ചെയ്തു.

സിറിയയിൽ നിന്ന് അർമേനിയ വഴി പേർഷ്യൻ ഗൾഫിലെ ബന്ദർ അബ്ബാസ് തുറമുഖത്തേക്ക് കരമാർഗ്ഗം സഞ്ചരിച്ചു. അവിടെ നിന്ന് സൂറത്തിലേയ്ക്ക് കപ്പൽ കയറി. കരമാർഗ്ഗം സഞ്ചരിക്കുന്നതിനിടയിൽ തുർക്കിയിൽ വച്ച് കോർസാ നദി (corsa) കടക്കുന്നതിനിടെ അധിക ചുങ്കം കൊടുക്കേണ്ടിവരികയും പിന്നീട് തുർക്കി പട്ടാളത്തിന്റെ കിരാതമായ ചോദ്യം ചെയ്യലുകൾക്ക് വിധേയരാവേണ്ടിവന്നതുമെല്ലാം ഷില്ലിങര്റിന്റെ കുറിപ്പുകളിൽ നിന്ന് മനസ്സിലാക്കാം. സഞ്ചാരത്തിനിടയിൽ വച്ച് വില്യം പാതിരിയും വെബ്ബറും പുതിയ സന്യാസാർത്ഥികൾക്ക് നിരന്തരമായി തത്ത്വദീക്ഷ നൽകിയിരുന്നു. ബന്ദർ അബ്ബാസിലെത്തിയപ്പൊഴേയ്ക്കും യാത്രക്കാരിൽ പലരും രോഗഗ്രസ്തരായിക്കഴിഞ്ഞിരുന്നു.

തുടർന്ന് അഞ്ച് ആഴ്ചയും അഞ്ചുദിവസവും കപ്പലിൽ യാത്ര ചെയ്ത് 1700 ഡിസംബർ 13ന് സൂറത്തിലെത്തി. അവിടെവെച്ച് രോഗാതുരരായ വെബ്ബർ പാതിരിയും ഫാ. വില്യം മേയറും മൃതിയടഞ്ഞു.

തുടർന്നു് പാതിരി ഗോവയിലേയ്ക്ക് യാത്ര തിരിച്ചു. 1701ന്റെ ആരംഭത്തിൽ ഗോവയിലെത്തി. അവിടെയുള്ള പോർട്ടുഗീസ് മിഷണറി കേന്ദ്രത്തിൽ തന്റെ സന്യാസപരിശീലനം പൂർത്തിയാക്കി. റോമൻ പ്രൊപ്പഗാന്താ മിഷനിൽ പെട്ട അർണ്ണോസിനെ പാദ്രുവാഡോയുടെ കീഴിലുള്ള പോർട്ടുഗീസ് സന്യാസ മഠത്തിൽ പരിശീലനം നൽകിയത് അവിടത്തെ അധികാരിയുടെ മഹാമനസ്കതയും അർണ്ണോസിന്റെ വിനയവും മൂലമാണ് എന്ന് കരുതപ്പെടുന്നു.

കേരളത്തിൽ

[തിരുത്തുക]

ഗോവയിൽ നിന്ന് അർണ്ണോസ് കൊച്ചി രാജ്യത്തിലുള്ള സമ്പാളൂർ എത്തുകയും (ഇന്ന് കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ) വൈദിക പട്ടം സ്വീകരിക്കുകയും ചെയ്തു. ഭാഷാ പഠനത്തിൽ മുൻപന്തിയിലായിരുന്ന അദ്ദേഹം സംസ്കൃതം പഠിക്കാൻ കാണിച്ചിരുന്ന താല്പര്യം മാനിച്ച് അന്നത്തെ സാംസ്കാരിക പണ്ഡിതന്മാരുടെ ആസ്ഥാനമായിരുന്ന തൃശൂരിലേയ്ക്ക് അയച്ചു. അദ്ദേഹം പല സാഹിത്യകാരന്മാരോടും സുഹൃദ്ബന്ധം സ്ഥാപിച്ചു. എന്നാൽ സംസ്കൃതം പഠിക്കുക അത്ര എളുപ്പമല്ലായിരുന്നു. അന്ന് ശൂദ്രന്മാരെപോലും സംസ്കൃതം പഠിക്കാൻ സമ്മതിച്ചിരുന്നില്ല. കടൽ കടന്നുവന്ന ഒരു വിദേശിയെ സംസ്കൃതം അഭ്യസിപ്പിക്കാൻ അന്നത്തെ നമ്പൂരിമാർ ഒട്ടും തയ്യാറായില്ല. എന്നാൽ നമ്പൂതിരിമാരിൽ ഉൽപ്പതിഷ്ണുക്കളായ ചിലർ പാതിരിയുടെ വ്യക്തിപ്രഭാവത്തിലും വിനയ, വിജ്ഞാനത്തിലും പ്രാഭാവിതരായി അദ്ദേഹവുമായി അടുത്തിരുന്നു. ഇപ്രകാരം പാതിരിയുടെ ചങ്ങാതിമാരായി മാറിയവരായിരുന്നു അങ്കമാലിക്കാരായ കുഞ്ഞൻ, കൃഷ്ണൻ എന്നീ രണ്ടു നമ്പൂതിരിമാർ. അവർ അദ്ദേഹത്തിനെ സംസ്കൃതം അഭ്യസിപ്പിച്ചു. താളിയോലയിലെഴുതിയ സിദ്ധരൂപം അവർ അദ്ദേഹത്തിന് നൽകി. മഹാഭാരതം, രാമായണം എന്നീ ഇതിഹാസകൃതികൾ പഠിച്ചു. ഒട്ടുമിക്ക യൂറോപ്യന്മാർക്കു ബാലികേറാമലയായിരുന്ന സംസ്കൃതം അദ്ദേഹം ഗുരുമുഖത്തുനിന്നുതന്നെ പഠിച്ചെടുത്തു. അതു പോരാഞ്ഞ് യൂറോപ്യൻ ഭാഷയിൽ സംസ്കൃതത്തിനു വ്യാകരണഗ്രന്ഥവും എഴുതി. ഇതിനു അദ്ദേഹത്തിന്റെ നമ്പൂതിരി ചങ്ങാതിമാർ നല്ലവണ്ണം സഹായം ചെയ്തിരുന്നു. കൊടുങ്ങല്ലൂർ രൂപതാ മെത്രാൻ ജോൺ റിബെറോയുടെ കൂടെ നാലു‌‌വർഷത്തോളം സഹവസിച്ച് ‌പഠനം നിർവ്വഹിച്ചതായി രേഖകളുണ്ട്. പുത്തൻചിറയിൽ വെച്ച് ഉദരസംബന്ധിയായ അസുഖബാധിതനായ അർണോസ് പാതിരി ചികിത്സാർത്ഥം വേലൂർ ഗ്രാമത്തിലേയ്ക്ക് മാറിത്താമസിച്ചതായി കരുതപ്പെടുന്നു.[2] ചതുരംഗം, വാസ്തുവിദ്യ, ജ്യോതിഷം, ഭാഷാശാസ്ത്രം, കാവ്യരചന എന്നിവയെ കുറിച്ച് വിമർശനാത്മകമായ പഠനം നടത്തിയ ആദ്യകാല യൂറോപ്യന്മാരിൽ ഒരാളായിരുന്നു അർണോസ് പാതിരി.[3]

വേലൂരിലെ പള്ളി

[തിരുത്തുക]

വേലൂരിലെ പഴയങ്ങാടിയിലെത്തിയ അർണോസ് ആദ്യം അവിടെ താൽക്കാലികമായി ഒരു ചെറിയ പള്ളി പണിയാൻ ശ്രമം ആരംഭിച്ചു. അതിനായി സ്ഥലം നൽകാമെന്ന് കൊച്ചി രാജാവ് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് പിൻമാറുകയാണുണ്ടായത്. എന്നാൽ സാമൂതിരിക്കെതിരെയുള്ള യുദ്ധത്തിൽ കൊച്ചിരാജാവിനെ സഹായിച്ച കമാന്റർ ബെർണാർഡ് കെറ്റെൽ നിന്ന അർണോസിനെ ‌സഹായിച്ചു. എന്നാൽ ഇത് നാടുവാഴി ആയിരുന്ന ചെങ്ങഴി നമ്പ്യാർ , കൊച്ചി രാജാവുമായും ഉള്ള അസ്വാരസ്യങ്ങൾക്ക് വഴി തെളിയിച്ചു. എങ്കിലും ‌ആഴ്‌‌വാഞ്ചേരി തമ്പ്രാക്കൾ , ഇല്ലിക്കൾ ഇളയത് എന്നിവരുമായി പാതിരി സൗഹൃദത്തിലാകുന്നു. പാതിരിയ്‌‌ക്ക് താമസിക്കാനുള്ള പടിപ്പുര മാളിക പണിയിച്ചത് ആഴ്‌‌വാഞ്ചേരി തമ്പ്രാക്കളാണെന്ന് അഭിപ്രായമുണ്ട്. പടിപ്പുരമാളിക എന്ന ഗോപുരമാണ് ആദ്യം നിർമ്മിച്ചത് അവിടെ താമസിച്ചുകൊണ്ടാണ് അർണോസ് പാതിരി പള്ളി പണിയുന്നതിനുള്ള മേൽനോട്ടം നിർവ്വഹിച്ചത്. രാജാവിൽ നിന്നും, തദ്ദേശീയരായ അക്രൈസ്തവരിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വന്നതു കാരണം അർണോസ് പാതിരി വേലൂരിന് തൊട്ടടുത്തുള്ള ചിറമ൯കാട് (ശ്രമംകാട്) വെങ്ങിലശേരി അയ്യപ്പൻ കുന്നിലേയ്‌‌ക്ക് താമസം മാറ്റുകയുണ്ടായി. അവിടെയിരുന്നാണ് ‌നിർമ്മാണപ്രവർത്തനങ്ങൾക്ക് ‌നേതൃത്വം കൊടുത്തത്. പടിപ്പുരമാളിക എന്ന ഗോപുരമാണ് ആദ്യം നിർമ്മിച്ചത് അവിടെ താമസിച്ചുകൊണ്ടാണ് അർണോസ് പള്ളി പണിയുന്നതിനുള്ള മേൽനോട്ടം നിർവ്വഹിച്ചത്. വി. ഫ്രാൻസിസ് സേവ്യറിന്റെ പേരിലാണ് അർണോസ് വേലൂരിലെ ദേവാലയം പണി കഴിപ്പിച്ചത്. പള്ളി നിർമ്മാണത്തിന് അനുമതി ‌നൽകിയുള്ള ചെമ്പോലയിലെ വട്ടെഴുത്തിൽ കുന്നത്ത് കീഴൂട്ട് കുമാരൻ തമ്പിമാരും കുന്നത്തു പറമ്പിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പത്തു പറയ്‌‌ക്ക് സ്ഥലം ചിറമങ്ങാട്ട് പള്ളിയിൽ പിറഞ്ചാങ്കുന്ന് പുണ്യാളൻ തീരുമാനപ്പേരിൽ ചാമ്പാളൂരുകാരൻ അർണോസ് പാതിരിക്കും... എന്ന് ‌രേഖപ്പെടുത്തിയിരിക്കുന്നു.

വധശ്രമം, മരണം.

[തിരുത്തുക]

വേലൂരിൽ അർണോസ് ‌പാതിരിയെ വധിക്കാൻ ‌ചില ജന്മികളും, അവരുടെ ആജ്ഞാനുവർത്തികളായ കുടിയാന്മാരും ചേർന്ന് ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയുണ്ടായി. തന്നെ വധിക്കാനുള്ള ഗൂഢാലോചനയിൽ നിന്ന് രക്ഷപ്പെട്ട പാതിരി പഴുവിൽ എന്ന സ്ഥലത്തെത്തി വിശുദ്ധ അന്തോണീസിന്റെ പള്ളിയിൽ അഭയം തേടി. പിന്നീട് അവിടെ ജീവിച്ചുകൊണ്ടാണ് പ്രേഷിത - സാഹിത്യ പ്രവർത്തനങ്ങൾ തുടർന്നത്.[4] മുപ്പതു വർഷത്തോളം സേവനനിരതമായ താപസ ജീവിതം നയിച്ച് കേരളീയനായി ജീവിച്ച അദ്ദേഹം പഴയൂർ(പഴുവിൽ) പള്ളിയിൽ വച്ച് നിര്യാതനായി എന്നു കരുതപ്പെടുന്നു. എന്നാൽ വേലൂർ വച്ചാണ് മരിച്ചതെന്നും അഭിപ്രായമുണ്ട്. [5] പാതിരിയുടെ മരണം സംഭവിച്ചത് 907 മീനം 20ന് (1832 ഏപ്രിൽ 3) ആണെന്നും, അതല്ല 1732 മാർച്ച് 20ന് ആണെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്. അനുരഞ്ജന ചർച്ചയ്ക്ക് എന്ന വ്യാജേന പാതിരിയെ പറഞ്ഞു വിശ്വസിപ്പിച്ച് ശത്രുക്കൾ അദ്ദേഹത്തെ വേലൂരിൽ എത്തിക്കുകയും അവിടെ വെച്ച്‌ ബന്ധനസ്ഥനാക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. അവിടെ വെച്ച് അദ്ദേഹം ക്രൂരമായ പീഡകൾക്ക് ഇരയായി. സുവിശേഷവേല അവസാനിപ്പിക്കണമെന്നും ആ ദേശം വിട്ടു പൊയ്ക്കോളണം എന്നും ശത്രുക്കൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതിൽ കുപിതരായ ജന്മിമാർ ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട് പാതിരിയെ കൊത്തിച്ച് അദ്ദേഹത്തെ കൊലപ്പെടുത്തുകയാണ് ഉണ്ടായത്.[4] പഴുവിലെ പള്ളിയിൽ തന്നെയാണ് അദ്ദേഹത്തെ സംസ്കരിച്ചത്. 1732 ജൂലൈ 27ന് ജർമ്മൻകാരനായ ഫാദർ ബെർണാർഡ് ബിഷോപ്പിങ്ക് അർണോസ് പാതിരിയുടെ മരണക്കുറിപ്പ് റോമിലേയ്ക്ക് അയച്ചതിന് രേഖകളുണ്ട്. ആർച്ച് ബിഷപ്പ് പി. മെൻറൽ പൊട്ടിക്കരഞ്ഞുവെന്നും കൊച്ചി രാജാവ് വരെ അനുശോചനം അറിയിച്ചുവെന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.[6]

അർ‌ണ്ണോസ് പാതിരിയുടെ സംഭാവനകൾ

[തിരുത്തുക]

സാഹിത്യ സംഭാവനകൾ

[തിരുത്തുക]

ഉള്ളൂർ എസ്. പരമേശ്വരയ്യർ പാതിരിയെ പറ്റി പറയുന്നത് ഇപ്രകാരമാണ് “ വിദേശീയനായ ക്രിസ്ത്യാനികളിൽ കവിത്വം കൊണ്ട് പ്രഥമഗണനീയനായി പരിശോഭിക്കുന്നത് അർണ്ണോസു പാതിരിയാകുന്നു..” അത്രയ്ക്കും നിസ്തുലമാണ് പദ്യസാഹിത്യത്തിൽ അർണ്ണോസ് പാതിരിയുടെ സംഭാവനകൾ . ഗദ്യഗ്രന്ഥങ്ങൾ ഒന്നും എഴുതിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സംസ്കൃത വ്യാകരണഗ്രന്ഥവും (സിദ്ധ രൂപത്തെ അടിസ്ഥാനമാക്കിയിട്ടുള്ളത്) പോർട്ടുഗീസ്-മലയാള നിഘണ്ടുവും ആ വിടവു നികത്തുന്നവണ്ണം ഉള്ളതാണ്. അദ്ദേഹം തയ്യാറാക്കികൊണ്ടിരുന്ന നിഘണ്ടു ‘ത’ എന്നക്ഷരം വരെ പൂർത്തീകരിക്കാനേയായുള്ളൂ.[7]നിഘണ്ടു പൂർത്തിയാക്കിയത് അടുത്ത നൂറ്റാണ്ടിൽ ജീവിച്ച ബിഷപ്പ് പി. മെൻറൽ ആണ്. നാനാജാതി മതസ്ഥരായ കേരളീയ വിദ്യാർത്ഥികൾ വളരെക്കാലം ആധാരമാക്കിയിരുന്നത് പാതിരിയുടെ വൃക്ഷസിദ്ധരൂപമാണെന്ന് മഹാകവി ഉള്ളൂർ പറയുന്നുണ്ട്. അന്ന് നിലവിലുണ്ടായിരുന്ന ഗദ്യങ്ങൾ സംസ്കൃതത്തിന്റെ അതി പ്രസരം മൂലം സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റാത്തവയായിരുന്നു. ഇതിനു മാറ്റം വരുത്തിയ അന്നത്തെ പാശ്ചാത്യ സന്ന്യാസിമാരിൽ അഗ്രഗണ്യൻ അർണ്ണോസ് പാതിരി ആയിരുന്നു.

അദ്ദേഹത്തിന്റെ പ്രധാനകൃതികൾ താഴെപറയുന്നവയാണ്

  1. ചതുരന്ത്യം മലയാള ക്രിസ്തീയകാവ്യം
  2. പുത്തൻ പാന മലയാള ക്രിസ്തീയകാവ്യം
  3. ഉമ്മാപർവ്വം മലയാള ക്രിസ്തീയകാവ്യം
  4. ഉമ്മാടെ ദുഃഖം
  5. വ്യാകുലപ്രബന്ധം മലയാള കാവ്യം
  6. ആത്മാനുതാപം മലയാള കാവ്യം
  7. വ്യാകുലപ്രയോഗം മലയാള കാവ്യം
  8. ജനോവ പർവ്വം മലയാള കാവ്യം
  9. മലയാള-സംസ്കൃത നിഘണ്ടു
  10. മലയാളം-പോർട്ടുഗീസു നിഘണ്ടു
  11. മലയാളം-പോർട്ടുഗീസ് വ്യാകരണം (Grammatica malabarico-lusitana)
  12. സംസ്കൃത-പോർട്ടുഗീസ് നിഘണ്ടു (Dictionarium samscredamico-lusitanum)
  13. അവേ മാരീസ് സ്റ്റെല്ലാ ( സമുദ്രതാരമേ വാഴ്ക) ഇതു കണ്ടു കിട്ടിയിട്ടില്ല.

സംസ്കൃതഭാഷയെ അധികരിച്ച് ലത്തീൻ ഭാഷയിൽ എഴുതിയ പ്രബന്ധങ്ങൾ

  1. വാസിഷ്ഠസാരം
  2. വേദാന്തസാരം
  3. അഷ്ടാവക്രഗീത
  4. യുധിഷ്ടിര വിജയം

മറ്റൊരു സംഭാവന ഭാഷാ പഠനത്തിലാണ്. നേരിട്ടല്ലെങ്കിൽ കൂടിയും പാതിരിയുടെ സംസ്കൃത നിഘണ്ടുവും രചനകളും കാണാനിടയായ സർ വില്യം ജോൺസ് ലത്തീൻ ഭാഷയിലും സംസ്കൃതത്തിലുമുള്ള സാമ്യങ്ങൾ ശ്രദ്ധിക്കുകയും അതു വഴി ഭാഷയുടെ വികാസത്തെപറ്റി പഠിക്കുകയും ചെയ്തു. ഇത് ഭാഷാ പഠനത്തിലെ ഒരു വഴിത്തിരിവാണ്. [8]

ആദ്ധ്യാത്മികം

[തിരുത്തുക]

അന്നത്തെ കാലത്ത് കലങ്ങിമറിഞ്ഞ അന്തരീക്ഷമായിരുന്നു ഇവിടത്തെ ക്രിസ്ത്യാനികളുടെ ഇടയിൽ ഉണ്ടായിരുന്നത തന്നെയുമല്ല ഇന്നാട്ടുകാരായവരുടെ എതിർപ്പും ശക്തമായിരുന്നു, ചില സ്ഥലങ്ങളിൽ. അദ്ദേഹം മലയാളഭാഷയിലും അഗാധമായ പാണ്ഡിത്യം നേടിയിരുന്നതിനാൽ സുവിശേഷം പ്രസംഗിക്കുവാൻ അദ്ദേഹത്തിന് അസാമാന്യമായ കഴിവുണ്ടായിരുന്നു. വാമൊഴിയായും വരമൊഴിയായും അദ്ദേഹം സുവിശേഷം എത്തിച്ചു. പ്രാർത്ഥനചൊല്ലുവാനായി ആദ്യമായി മലയാളഭാഷയിൽ പാട്ടുകൾ ചിട്ടപ്പെടുത്തിയത് അദ്ദേഹമാണ്. ഇന്നും അനേകം ക്രിസ്തീയ ഭവനങ്ങളിൽ അദ്ദേഹം ചിട്ടപ്പെടുത്തിയ പ്രാർത്ഥനാ ഗാനങ്ങൾ കേൾക്കുവാൻ സാധിക്കും. അജപാലനകർമ്മത്തിലും ആത്മീയ ശുശ്രൂഷയിലും അദ്ദേഹം വ്യാപരിച്ചു. അമ്പഴക്കാട്ടുനിന്നും പുത്തഞ്ചിറയിലേയ്ക്ക് കൊടുങ്ങല്ലൂർ മെത്രോപൊലീത്തയുടെ സെക്രട്ടറി (കാര്യസ്ഥൻ) ആയപ്പോൾ താമസം മാറി. പാദ്രുവാഡോയുടെ കീഴിലിരുന്ന മെത്രൊപോലീത്തയെ സഹായിക്കുന്നതിൽ അർണ്ണോസ് പാതിരിക്ക് വലിയ മടിയൊന്നും ഇല്ലായിരുന്നു. അന്നത്തെ കാലത്തെ വിവിധ സഭകളുടെ ശീത സമരമൊന്നും അദ്ദേഹം കണക്കാക്കിയതേയില്ല. ഉദയം‍പേരൂർ തുടങ്ങിയ പള്ളികളിൽ അദ്ദേഹം തുടർന്ന് സേവനം അനുഷ്ഠിച്ചു. പിന്നീട് വേലൂരിലേയ്ക്ക് താമസം മാറ്റി [9]അവിടെ അദ്ദേഹം ഒരു ദേവാലയവും മേടയും പണികഴിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികൾ ഉണ്ടായതെന്ന് കരുതപ്പെടുന്നു. അദ്ദേഹം കേരളത്തിൽ വച്ച് പഠിച്ച ചതുരംഗക്കളിയുടെ ഒരു വലിയ മാതൃക തന്നെ അദ്ദേഹം തറയിൽ ചെയ്യിച്ചു. അദ്ദേഹം ഇതിനിടയ്ക്ക് രോഗഗ്രസ്തനായിക്കഴിഞ്ഞിരുന്നു. ഇതേ മാതൃകയിൽ തലപ്പള്ളിയിലെ പള്ളിയും അദ്ദേഹം നിർമ്മിച്ചതാണ്[10]

പാതിരിയെപറ്റി ചരിത്രകാരന്മാർ പറഞ്ഞത്

[തിരുത്തുക]
  • മാക്സ് മുള്ളർ:
  • ഷ്ളീഗൽ
  • ശൂരനാട്ട് കുഞ്ഞൻ പിള്ള:‘കേരള സാഹിത്യം എന്നും കൃതജ്ഞതയോടെ ഓർമ്മിക്കേണ്ട സേവനങ്ങൾ കൊണ്ട് അനശ്വര കീർത്തി നേടിയിട്ടുള്ള ഒരു ധന്യനാണ് അർണ്ണോസ് പാതിരി... ഈ മഹാനെ പറ്റി ഇന്നും കേരളീയർ, പ്രത്യേകിച്ച് ക്രിസ്ത്യാനികൾ വേണ്ട പോലെ അറിഞ്ഞിട്ടില്ലാ എന്നത് ഖേദകരമാണ്. ‘

അവലംബം

[തിരുത്തുക]
  • നവകേരള ശില്പികൾ- അർണ്ണോസ് പാതിരി എന്ന പുസ്തകം, എഴുതിയത്:പ്രൊ: മാത്യു ഉലകംതറ; പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം, കേരള., 1982. എന്ന ഗ്രന്ഥത്തെ അവലംബിച്ചാണ് ഈ ലേഖനത്തിന്റെ ആദ്യരൂപം തയ്യാറാക്കിയിട്ടുള്ളത്.

റഫറൻസുകൾ

[തിരുത്തുക]
  1. കത്തോലിക്കാ എൻസൈക്ലോപീഡിയ
  2. അർണോസ് പാദ്രി (ആധുനിക മലയാളത്തിന്റെ ആധിമഘട്ടം) , സാഹിത്യ തിലകൻ സി.കെ മറ്റം, അജന്ത പ്രസ്സ്, പെരുന്ന , 1957
  3. അർണോസ് പാദ്രി (ആധുനിക മലയാളത്തിന്റെ ആധിമഘട്ടം), സാഹിത്യ തിലകൻ സി.കെ മറ്റം, അജന്ത പ്രസ്സ്, പെരുന്ന , 1957
  4. 4.0 4.1 സാഹിത്യ തിലകൻ സി.കെ മറ്റം, അർണോസ് പാദ്രി (ആധുനിക മലയാളത്തിന്റെ ആധിമഘട്ടം) , അജന്ത പ്രസ്സ്, പെരുന്ന , 1957
  5. http://www.economicexpert.com/a/Johann:Ernest:Hanxleden.htm[പ്രവർത്തിക്കാത്ത കണ്ണി]
  6. പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികൾ- അർണ്ണോസ് പാതിരി, പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം, കേരള; 1982.
  7. "അർ‌ണ്ണോസ് പാതിരി". കേരള സാഹിത്യ അക്കാദമി.
  8. [ http://language-directory.50webs.com/languages/sanskrit.htm സംസ്കൃതത്തെപ്പറ്റിയുള്ള സൈറ്റ്]
  9. http://www.namboothiri.com/articles/chathurangam.htm. ചതുരംഗത്തെ പറ്റിയുള്ള സൈറ്റ്
  10. "നരവംശശസ്ത്രശാഖയുടെ സൈറ്റ്". Archived from the original on 2004-12-22. Retrieved 2007-01-03.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അർ‌ണ്ണോസ്_പാതിരി&oldid=4074178" എന്ന താളിൽനിന്ന് ശേഖരിച്ചത്