അഹ്‌ലെ ഹദീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുസ്‌ലിങ്ങൾക്കിടയിലെ ഒരു വിഭാഗമാണ്‌ അഹ്‌ലെ ഹദീസ്. നാല് മദ്ഹബുകളുടെയും കർമശാസ്ത്ര ഗ്രന്ഥങ്ങളെ അവലംബിക്കാതെ സുന്നത്തിൽ നിന്നും ഇസ്ലാമിക കർമശാസ്ത്ര കാര്യങ്ങളിൽ തീരുമാനം എടുക്കാമെന്ന് അഭിപ്രായമുള്ളവരാനിവർ. സലഫിസത്തിന്റെ ഒരു അവാന്തര വിഭാഗമായും ഇവരെ പരിഗണിക്കാറുണ്ട്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ് ഇവർ കൂടുതലായും ഉള്ളത്. പണ്ഡിതനും സ്വതന്ത്ര സമര സേനാനിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ അബ്ദുൽ കലാം ആസാദ് അടക്കമുള്ളവർ അഹ്‌ലെ ഹദീസ് അംഗങ്ങളായിരുന്നുവെന്ന് പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്]

ചരിത്രം[തിരുത്തുക]

1824-ൽ ഷാ ഇസ്മാഈൽ ദഹ്‌ലവിയാണ് ഇന്ത്യയിൽ മുഹമ്മദ്‌ ഇബിനു വഹാബിന്റെ ചിന്താ ധാരക്ക് തുടക്കമിട്ടത്. അദ്ദേഹത്തിന്റെ തഖ്‌വിയത്തുൽ ഈമാൻ പോലുള്ള ഗ്രന്ഥങ്ങളിൽ ആകൃഷ്ടരായ ചിലർ ഉത്തരേന്ത്യയുടെ ഒറ്റപ്പെട്ടയിടങ്ങളിലുണ്ടായിരുന്നെങ്കിലും അവർക്കൊരു സംഘടിത രൂപമുണ്ടായിരുന്നില്ല. 1906-ൽ ഡിസംബർ 22ന് ബീഹാറിലെ ‘അൽ മദ്‌റസത്തുൽ അഹ്മദിയ്യ’യുടെ വാർഷികാഘോഷത്തിൽ വെച്ചാണ് ജംഇയ്യത്ത് അഹ്‌ലെ ഹദീസ് എന്ന സംഘടന രൂപം കൊണ്ടത്‌.

1947-ൽ വിഭജനാനന്തരം മിക്ക അഹ്‌ലെ ഹദീസ് നേതാക്കളും പാകിസ്താനിലേക്കു പോയതോടെ വർഷങ്ങളോളം സംഘടന നിർജീവമായി കിടന്നു. 1952-ൽ അബ്ദുൽ വഹാബ് ആർവിയാണ് പിന്നീട് അഹ്‌ലെ ഹദീസ് പുനഃസംഘടിപ്പിച്ചത്. 1961-ൽ കിഴക്കൻ യു.പിയിലെ നോഗാറിൽ സമ്മേളനം സംഘടിപ്പിച്ചുകൊണ്ട് ഇവർ വീണ്ടും സജീവമായി. ആൾഇന്ത്യാ അഹ്‌ലെ ഹദീസ് കോൺഫ്രൻസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് 41 അംഗ കമ്മിറ്റിയാണ്. ഹാഫിസ് മുഹമ്മദ് യഹ്‌യ ഛബ്രയാണ് പ്രസിഡണ്ട്. അസ്ഗർ അലി ഇമാം മഹ്ദി സലഫി ജനറൽ സെക്രട്ടറിയും. ഡൽഹി ജുമാമസ്ജിദിനടുത്തുള്ള ‘അഹ്‌ലെ ഹദീസ് മൻസിൽ’ ആണ് ആസ്ഥാനം. 1963-ൽ ബനാറസിൽ സ്ഥാപിച്ച ജാമിഅ സലഫിയ്യ, ഉമറാബാദിലെ ജാമിഅ ദാറുസ്സലാം, മുംബൈയിലെ ജാമിഅ ഇസ്‌ലാമിയ്യ എന്നിവയാണ് പ്രധാന സ്ഥാപനങ്ങൾ. ‘തർജുമാൻ’ ഉർദു മാഗസിനാണ് അഹ്‌ലെ ഹദീസിന്റെ മുഖപത്രം. ‘ഇസ്വ്‌ലാഹെ സമാജ്’ എന്ന പേരിൽ ഒരു ഹിന്ദി മാസികയും ഇവർക്കുണ്ട്.

ഇന്ത്യയിലെ ഇരുപതിലധികം സംസ്ഥാനങ്ങളിൽ അഹ്‌ലെ ഹദീസിന് ശാഖകളുണ്ടെന്ന് നേതൃത്വം അവകാശപ്പെടുന്നു. കേരളത്തിൽ അതിനു ശാഖകളില്ലെങ്കിലും കേരള നദ്‌വത്തുൽ മുജാഹിദീൻ അഹ്‌ലെ ഹദീസിന്റെ കേരളാ ഘടകത്തെ പോലെയാണ് പ്രവർത്തിക്കുന്നത്. എങ്കിലും ഉത്തരേന്ത്യയിലാണ് ഇവർക്ക് സ്വാധീനം കൂടുതൽ.[1]

പാകിസ്താനിൽ[തിരുത്തുക]

പാകിസ്താനിൽ 1950-ലാണ് പാകിസ്താൻ അഹ്‌ലെ ഹദീസ് രൂപീകൃതമാകുന്നത്. മുഹമ്മദ് ദാവൂദ് ഗസ്‌നവി (1895-1963)യാണ് സ്ഥാപകനും പ്രഥമ പ്രസിഡണ്ടും. ഫൈസ്വലാബാദിലെ ജാമിഅ സലഫിയ്യ അവരുടെ പ്രധാന സ്ഥാപനമാണ്. തർജുമാനുൽ ഹദീസ്, മുഹദ്ദിസ്, അഹ്‌ലെ ഹദീസ്, സൗത്തുൽ ഉമ്മ, തൗഹീദ് എന്നിങ്ങനെയുള്ള പ്രസിദ്ധീകരണങ്ങൾ അവർക്കുണ്ട്.

ബംഗ്ലാദേശിൽ[തിരുത്തുക]

1972-ൽ ബംഗ്ലാദേശ് രൂപീകൃതമായപ്പോൾ അവിടെയും അഹ്‌ലെ ഹദീസിനു ശാഖയുണ്ടായി. അവിടെ നിന്നും ‘അറഫാത്ത്’ എന്ന വാരിക പ്രസിദ്ധീകരിക്കുന്നു.

അവലംബം[തിരുത്തുക]

  1. http://www.madhyamam.com/archives/news/273396/140226
"https://ml.wikipedia.org/w/index.php?title=അഹ്‌ലെ_ഹദീസ്&oldid=2350059" എന്ന താളിൽനിന്ന് ശേഖരിച്ചത്