അഹ്മദ് കബീർ അൽ രിഫാഈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഹ്മദ് കബീർ അൽ രിഫാഈ
ജനനംഹിജ്റ 500 (ക്രി.1106 സെപ്റ്റംബർ)
മരണം ഹിജ്റ 12 -05 -578
കാലഘട്ടംഇസ്ലാമിക സുവർണ്ണ കാലം , മധ്യകാലഘട്ടം
പ്രദേശംഇസ്‌ലാമിക തത്വചിന്തകൻ/
ഇസ്‌ലാമിക പണ്ഡിതൻ
ചിന്താധാരഅഹ്‌ലുസുന്ന , സൂഫിസം,
പ്രധാന താത്പര്യങ്ങൾഇസ്‌ലാമിക തത്ത്വശാസ്ത്രം , ആതുര സേവനം
സ്വാധീനിച്ചവർ
  • ശൈഖ് മൻസൂർ , അലിയ്യുൽ ഖാരി വാസിത്വി
സ്വാധീനിക്കപ്പെട്ടവർ
  • ,

ലോക പ്രശസ്തരായ നാല് ഖുഥുബുകളിലൊരാളാണ് ശൈഖ് അഹ്മദ് കബീർ അൽ രിഫാഈ [1]. രിഫായി ശൈഖ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇറാഖിലെ ബസ്വറയുടെയും വാസിത്വിൻറെയും ഇടയിലുള്ള ഗ്രാമമാണ് രിഫാഈ. ഈ ഗ്രാമത്തിൽ ബനീ രിഫാഅഃ ഗോത്രത്തിൽ ആയിരുന്നു ഇദ്ദേഹത്തിൻറെ ജനനം. പ്രസിദ്ധമായ സൂഫി സരണി രിഫാഇയ്യ ത്വരീഖത്തിൻറെ സ്ഥാപക ഗുരുവായ ശൈഖ് അഹ്മദ് രിഫാഇയെ സുൽത്താനുൽ ആരിഫീൻ (ആത്മീയ ജ്ഞാനികളുടെ ചക്രവർത്തി ) എന്ന അപര നാമത്തിലാണ് സൂഫികൾ വിശേഷിപ്പിക്കുന്നത്.[2]

ജീവചരിത്രം[തിരുത്തുക]

ഹസൻ പ്രവിശ്യയിൽ ഹിജ്റ 500-ൽ (ക്രി.1106 സെപ്റ്റംബർ ) പ്രവാചക പരമ്പരയിൽ പെട്ട കുടുംബത്തിലായിരുന്നു ശൈഖ് രിഫായിയുടെ ജനനം. സമുന്നത പണ്ഡിതനും ഖുർആൻ പാരായണ വിദഗ്ദ്ധനുമായ സയ്യിദ് അബുൽ ഹസ്സൻ അലി പിതാവും , ഫാത്വിമ അൻസാരിയ്യ മാതാവും ആണ്. മാതാപിതാക്കൾ ആത്മീയ തേജസ്വികളായിരുന്നതും,അമ്മാവൻ ശൈഖ് മൻസൂർ സ്സാഹിദ് അറിയപ്പെടുന്ന അധ്യാത്മിക ഗുരുവായിരുന്നതും ശൈഖ് രിഫാഇക്ക് അധ്യാത്മികതയോട് ചെറുപ്പത്തിലേ പ്രതിപത്തിയുണ്ടാകാൻ കാരണമായി എന്ന് വിശ്വസിക്കപ്പെടുന്നു.[3]

വിദ്യാഭ്യാസം[തിരുത്തുക]

മാതുലനായ ശൈഖ് മൻസൂർ ആയിരുന്നു രിഫാഇയുടെ പ്രഥമ ഗുരു. അലിയ്യുൽ ഖാരി അൽ വാസ്വിത്വിയുടെ ശിഷ്വത്വം സ്വീകരിച്ചു ഖുറാൻ മുഴുവൻ ഹൃദിസ്ഥമാക്കി. ശൈഖ് അബുല്ലൈസ് , ശൈഖ് അബൂബക്കർ അൽ വാസിത്വി, അബ്ദുൽ മലിക്കുൽ ഖർനുബി, ശൈഖ് മൻ സൂറിൽ ബത്വാഇഹി, തുടങ്ങിയ ഗുരുക്കന്മാരിൽ നിന്ന് തജ്വീദ് (ഖുറാൻ പാരായണ ശാസ്ത്രം) , ഫിഖ്ഹ് (കർമ്മ ശാസ്ത്രം), തത്ത്വശാസ്ത്രം , തഫ്സീർ (ഖുർആൻ വ്യാഖ്യാനം) , ഹദീസ് (പ്രവാചക സരണി) , തസ്വവ്വുഫ് (ആധ്യാത്മികത ) ബദീഅ് തുടങ്ങിയ വിജ്ഞാന ശാഖകളിൽ പ്രാവീണ്യം നേടിയ ശേഷം ഗുരുവര്യനായ അബുൽ ഫള്ല് അലിയ്യുല്ഖാരിയിൽ നിന്ന് ഇജാസത്ത്(മാർഗ്ഗ ദർശന അനുമതി) നേടി.[4]

ശൈഖ് മൻസൂറുസാഹിദ് , ശൈഖ് അലിയ്യുൽ വാസിത്വി എന്നിവരിൽ നിന്നും ആധ്യാത്മിക ജ്ഞാനം കരസ്ഥമാക്കിയ അഹ്മദ് വിവിധ പാതകൾ പിന്നിട്ട് സാധക മുറകൾക്കും, ഏകാന്ത വാസത്തിനും, ദേശാടനത്തിനും ശേഷം ജന്മ ഗ്രാമത്തിനടുത്ത പ്രദേശമായ ബത്വാഇയിൽ ആശ്രമം പണിയുകയും ആത്മീയ അധ്യാപനം നടത്തുകയും ചെയ്തു.[5] തീർത്തും ഭൗതിക വിരക്തിയിലധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന ഇദ്ദേഹത്തിൽ നിന്നും ലക്ഷ കണക്കിന് മുരീദുകൾ (ശിഷ്യന്മാർ) ബൈഅത് (പ്രതിജ്ഞ ) ചെയ്ത് വിദ്യ നുകർന്നിരുന്നുവന്നു കരുതപ്പെടുന്നു. ആയുധഭ്യാസ പ്രകടനങ്ങളും , സിംഹം , നരി തുടങ്ങിയ ഹിംസ്ര ജന്തുക്കളുമായി ഇട ചേർന്ന് ജീവിക്കുന്നതും രിഫാഇയുടെ മുരീദന്മാരുടെ പ്രതേകതയായിരുന്നു.[6]സാഹസിക പ്രവർത്തനങ്ങളോടൊപ്പം ആതുരാലയങ്ങളിൽ സന്ദർശനം നടത്തിയുള്ള കാരുണ്യ പ്രവർത്തനങ്ങളും അവർ നടത്തിയിരുന്നു.

ലളിത ജീവിതവും , അധ്യാപനവും കാരുണ്യ പ്രവർത്തനങ്ങളും ആയിരുന്നു അഹ്മദ് രിഫാഇയുടെയും മുഖമുദ്ര. കുഷ്ഠ രോഗികളെ കണ്ടെത്തി ഖാൻ ഖാഹിലേക്ക് (ആശ്രമത്തിലേക്ക് ) കൊണ്ട് വന്ന് പരിചരിക്കാനായിരുന്നു ദിവസത്തിൽ ഏറിയ പങ്കും അദ്ദേഹം മാറ്റിവെച്ചിരുന്നത്. കുഷ്ഠരോഗികളുടെയും പക്ഷവാതരോഗികളുടെയും വസ്ത്രങ്ങൾ അലക്കിക്കൊടുക്കാനും, കുളിപ്പിക്കാനും, മുടി വാർന്നു കൊടുക്കാനും , ഭക്ഷണം നൽകി അവരോടൊപ്പം തന്നെ ഭക്ഷിക്കാനും താല്പര്യം കാട്ടിയിരുന്നു. അന്ധന്മാരെ പരിചരിക്കുക , വിറക് ശേഖരിച്ചു ദരിദ്ര വൃദ്ധ വിധവ ജന വിഭാഗങ്ങൾക്ക് എത്തിച്ചുകൊടുക്കുക, രോഗികളെ സന്ദർശിക്കുക, ആവിശ്യമായ സേവനങ്ങൾ ചെയ്തു കൊടുക്കുക തുടങ്ങിയ പ്രവർത്തനങ്ങളാൽ ജന ഹൃദയത്തിൽ അദ്ദേഹം സ്ഥാനം പിടിച്ചു. രോഗം ബാധിച്ചു തെരുവിലുപേക്ഷിക്കപെടുന്ന മൃഗങ്ങളെ ശുശ്രൂഷിക്കാനും അദ്ദേഹം സമയം കണ്ടെത്തിയാതായി കാണാം. ഇത്തരത്തിൽ 40 ദിവസം ഒരു നായയെ പരിചരിക്കുകയും , പരിചരണത്താൽ രോഗം മാറിയ നായ മരണം വരെ രിഫായിയോടൊപ്പം ഉണ്ടായിരുന്നതും അദ്ദേഹത്തിൻറെ മഹിമ വെളിവാക്കുന്ന സംഭവമാണ്.[7] ഒട്ടേറെ അത്ഭുത പ്രവർത്തനങ്ങൾ ജീവിതത്തിൽ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ഇദ്ദേഹം ഹിജ്റ 12 -05 -578 ന് വ്യാഴാഴ്ച ഉച്ച നമസ്കാര സമയത്ത് ലോകത്തോട് വിടപറഞ്ഞു. ഇറാക്കിലെ താൾ ആവാറിലാണ് ഇദ്ദേഹത്തിൻറെ സ്മൃതി മണ്ഡപം സ്ഥിതി ചെയ്യുന്നത്. [8]

അവലംബം[തിരുത്തുക]

  1. ബഹ്ജതുല് അസ്റാര്
  2. The Biography of Imam Master Sayyed Ahmad Al-Rifai Establisher of the Rifai
  3. [1]
  4. Tafseer-e-Rafai by Faqeer Syed Muhammad Rafai Arab
  5. -ത്വബ്ഖാതു ശഅ്റാനീ-
  6. [1]
  7. നൂറുൽ അബ്‌സ്വാർ , പേജ് 253
  8. http://www.bbc.com/news/world-middle-east-28177841
"https://ml.wikipedia.org/w/index.php?title=അഹ്മദ്_കബീർ_അൽ_രിഫാഈ&oldid=3992851" എന്ന താളിൽനിന്ന് ശേഖരിച്ചത്