അഹോം രാജവംശം
Ahom dynasty | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സുഖാപ എന്ന രാജാവിന്റെ പിന്തുടർച്ചക്കാരാണ് അഹോം രാജവംശം. ഇന്നത്തെ അസോമിന്റെ ഒരു ഭാഗം 13-ആം നൂറ്റാണ്ടുമുതൽ 19-ആം നൂറ്റാണ്ടുവരെ (600-ഓളം വർഷം) അഹോം രാജവംശം ഭരിച്ചു.
സ്വർഗദിയോ (അഹോം ഭാഷയിൽ: ചാവോ-ഫാ) എന്ന് അറിയപ്പെട്ടിരുന്ന അഹോം രാജാക്കന്മാർ മോങ്ങ് മാവോയിൽ നിന്ന് ആസ്സാമിലേക്ക് വന്ന ആദ്യത്തെ സുഖാപ രാജാവിന്റെ (1228-1268) പിന്തുടർച്ചക്കാരായിരുന്നു.
ചരിത്രം
[തിരുത്തുക]പതിമൂന്നാം നൂറ്റാണ്ടിൽ ഇന്നത്തെ മ്യാന്മർ പ്രദേശത്തു നിന്ന് ബ്രഹ്മപുത്ര തടത്തിലേക്ക് ചേക്കേറിയവരാണ് അഹോമുകൾ. ഭുയിയന്മാർ എന്ന ജന്മിമാരുടെ പഴയ രാഷ്ട്രീയവ്യവസ്ഥയെ അടിച്ചമർത്തി അഹോമുകൾ ഒരു പുതിയ രാജ്യം രൂപവത്കരിച്ചു. 1523-ൽ അവർ ഛുതിയ സാമ്രാജ്യത്തേയും, 1581-ൽ കോച്-ഹാജോ സാമ്രാജ്യത്തേയും അഹോമുകൾ തങ്ങളുടെ സാമ്രാജ്യത്തോടു ചേർത്തു. ഇതിനു പുറമേ മറ്റനേകം വർഗങ്ങളെയും അവർ കീഴടക്കി. അങ്ങനെ ഒരു വലിയ രാജ്യം അഹോമുകൾ കെട്ടിപ്പടുത്തു. ഇതിനായി 1530-ൽ ത്തന്നെ അവർ തോക്കുകളും പീരങ്കികളും ഉപയോഗിച്ചിരുന്നു. 1660-ൽ വളരെ ഉയർന്ന ഗുണമേന്മയുള്ള വെടിമരുന്നും, പീരങ്കികളും നിർമ്മിക്കുന്നതിൽ അവർ വിദഗ്ദ്ധരായിരുന്നു[1].
1662-ൽ മിർ ജുംലയുടെ നേതൃത്വത്തിൽ മുഗളർ അഹോം സാമ്രാജ്യം ആക്രമിച്ചു. ശക്തമായ ചെറുത്തു നില്പ്പ് നടത്തിയെങ്കിലും അഹോമുകൾ പരാജയപ്പെട്ടു. എങ്കിലും അഹോമുകൾക്കു മേലുള്ള മുഗളരുടെ നേരിട്ടുള്ള ആധിപത്യം അധികനാൾ നീണ്ടുനിന്നില്ല[1].
സമ്പദ്‌ഘടന
[തിരുത്തുക]അഹോം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നിർബന്ധിതതൊഴിലെടുപ്പിക്കലിനെ ആശ്രയിച്ചായിരുന്നു. രാജ്യത്തിനു വേണ്ടി നിർബന്ധിതതൊഴിലെടുപ്പിക്കലിനു വിധേയമായിരുന്നവരെ പൈക്കുകൾ എന്നാണ് വിളിച്ചിരുന്നത്. ഓരോ ഗ്രാമത്തിൽ നിന്നും ഒരു നിശ്ചിത എണ്ണം ആളുകളെ മാറി മാറി ഇത്തരത്തിൽ പൈക്കുകളായി അയക്കേണ്ടതുണ്ടായിരുന്നു.
ജനങ്ങൾ ജനസംഖ്യയേറിയ പ്രദേശങ്ങളിൽ നിന്ന് കുറഞ്ഞയിടങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയതോടെ അഹോം വംശങ്ങൾ പലതായി വേർപിരിഞ്ഞു. പതിനേഴാം നൂറ്റാണ്ടിന്റെ പകുതിയോടെ ഭരണം തികച്ചും കേന്ദ്രീകൃതമായി.
മിക്കവാറും എല്ലാ പ്രായപൂർത്തിയായ പുരുഷന്മാരും യുദ്ധകാലത്ത് സനികസേവനം നടത്തിയിരുന്നു. മറ്റു സമയങ്ങളിൽ അവർ അണക്കെട്ടുകൾ, ജലസേചനപദ്ധതികൾ, മറ്റു മരാമത്തുപണികൾ എന്നിവയിലേർപ്പെട്ടു. നെൽകൃഷിക്കുള്ള പുതിയ രീതികൾ അഹോമുകൾ ആവിഷ്കരിച്ചു[1].
സാമൂഹ്യക്രമം
[തിരുത്തുക]അഹോം സമൂഹം ഖേലുകൾ എന്നറിയപ്പെട്ടിരുന്ന ഗോത്രങ്ങളായി വിഭജിച്ചിരുന്നു. ഇതിനു പുറമേ വളരെ കുറച്ച് കരകൗശലവിദഗ്ദ്ധരും ഇവർക്കിടൈലുണ്ടായിരുന്നു. ഇവർ സമീപരാജ്യങ്ങളിൽ നിന്നും എത്തിയവരായിരുന്നു. സാധാരണ ഒരു ഖേൽ അനേകം ഗ്രാമങ്ങളെ നിയന്ത്രിച്ചിരുന്നു. കൃഷിക്കാരന് അവന്റെ ഗ്രാമസമൂഹമാണ് കൃഷി ചെയ്യുന്നതിനുള്ള ഭൂമി നൽകിയിരുന്നത്. ഗ്രാമസമൂഹത്തിന്റെ അനുമതിയില്ലാതെ രാജാവിനു പോലും ഭൂമി കൃഷിക്കാരനിൽ നിന്നും ഏറ്റെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല.
അഹോമുകൾ അവരുടെ ഗോത്രദെവങ്ങളെയാണ് ആരാധിച്ചിരുന്നത്. പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ബ്രാഹ്മണരുടെ സ്വാധീനം വർദ്ധിച്ചു. രാജാക്കന്മാർ ക്ഷേത്രങ്ങൾക്കും ബ്രാഹ്മണർക്കും ഭൂമി നൽകാൻ തുടങ്ങി. 1714 മുതൽ 1744 വരെയുള്ള സിബ് സിങ്ങിന്റെ ഭരണകാലയളവിൽ ഹിന്ദുമതം പ്രധാനമതമായി. ഹിന്ദുമതം സ്വീകരിച്ചതിനു ശേഷവും അഹോം രാജാക്കന്മാർ അവരുടെ പാരമ്പര്യാചാരങ്ങളും വിശ്വാസങ്ങളും പൂർണമായി കൈവെടിയാൻ തയ്യാറായില്ല[1].
സംസ്കാരം
[തിരുത്തുക]അഹോം സമൂഹം കലകളോടും സാഹിത്യത്തോടും ആഭിമുഖ്യമുള്ളവരായിരുന്നു. കവികൾക്കും പണ്ഡിതർക്കും ഭൂമി ദാനമായി ലഭിച്ചിരുന്നു. നാടകത്തിനും കാര്യമായ പ്രോൽസാഹനം ലഭിച്ചിരുന്നു. പ്രധാനപ്പെട്ട സംസ്കൃതഗ്രന്ഥങ്ങൾ തദ്ദേശീയഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരുന്നു. ബുരഞ്ജികൾ (buranjis) എന്നറിയപ്പെടുന്ന ചരിത്രരചനകൾ ആദ്യം അഹോം ഭാഷയിലും പിന്നീട് അസാമീ ഭാഷയിലും രചിക്കപ്പെട്ടു[1].
പിന്തുടർച്ചാവകാശം
[തിരുത്തുക]രാജവംശത്തിലെ പിന്തുടർച്ച സാധാരണയായി ഏറ്റവും മുതിർന്ന മകനായിരുന്നു. എന്നാൽ മന്ത്രിസഭയ്ക്ക് (പാത്ര മന്ത്രികൾക്ക്) ഈ പിന്തുടർച്ചയെ എതിർക്കുവാനും മറ്റൊരാളെ രാജാവായി അവരോധിക്കുവാനും ഉള്ള അധികാരമുണ്ടായിരുന്നു. സുഖാപയുടെ പിന്തുടർച്ചക്കാർക്കു മാത്രമേ അഹോം രാജാവകാശത്തിന് അർഹത ഉണ്ടായിരുന്നുള്ളൂ. രാജാവാകാൻ അർഹതയുള്ള രാജകുമാരന്മാർക്ക് മന്ത്രിയാകാൻ അർഹത ഇല്ലായിരുന്നു.