അസ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസ്പ്
L14cobra.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: ഉരഗങ്ങൾ
നിര: Squamata
ഉപനിര: Serpentes
കുടുംബം: Elapidae
ജനുസ്സ്: Naja
വർഗ്ഗം: N. haje
ശാസ്ത്രീയ നാമം
Naja haje
(Linnaeus, 1758)[1]
250px
  Distribution of the Egyptian Cobra

ഈജിപ്തുകാർ വിശുദ്ധമായി കരുതിപ്പോരുന്ന, ഉഗ്രവിഷമുള്ള സർപ്പമാണ് അസ്പ്. ഇതിന്റെ ശാസ്ത്രീയ നാമം നാജ ഹാജെ എന്നാണ്. ഈജിപ്തിൽ രാജകീയ ചിഹ്നമായും ഇതിനെ അംഗീകരിച്ചിരുന്നു. ഈജിപ്ഷ്യൻ സാഹിത്യത്തിൽ അസ്പിന് ഒരു പ്രധാന സ്ഥാനമുണ്ട്. മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികളുടെ നെഞ്ചിൽ അസ്പിനെക്കൊണ്ട് ഒരുപ്രാവശ്യം കൊത്തിച്ചു ശിക്ഷ നടപ്പാക്കിയിരുന്നതായി ഗ്രീക്ക് ഭിഷഗ്വരനായ ഗാലൻ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലിയോപാട്രയുടെ മരണത്തിനു കാരണമായതും അസ്പാണെന്നു കരുതപ്പെടുന്നു.

ഇന്ത്യയിൽ കാണുന്ന മൂർഖന്റേതിനെക്കാൾ വീതികുറഞ്ഞ പത്തിയാണ് അസ്പിനുള്ളത്. അസ്പ് 75 സെന്റിമീറ്റർ വരെ നീളം വയ്ക്കും. ഈജിപ്ഷ്യൻ പാമ്പാട്ടികൾ ഇവയുടെ കഴുത്തിന്റെ ഒരു പ്രത്യേക ഭാഗത്തായി സമ്മർദം ചെലുത്തി വടിപോലെയാക്കാറുണ്ടെന്നു പറയപ്പെടുന്നു. മോശയോടൊപ്പം ഫേറോവിന്റെ മുന്നിലെത്തിയ അഹറോന്റെ കയ്യിലുണ്ടായിരുന്ന വടി താഴെ ഇട്ടപ്പോൾ അത് ഒരു അസ്പായിയെന്ന് പഴയനിയമത്തിൽ പ്രസ്താവിച്ചു കാണുന്നു.

സെറാസ് റെറസ് എന്നറിയപ്പെട്ടിരുന്ന അസ്പിസ് എന്ന അണലികൾക്കും അസ്പ് എന്നു പേരുണ്ട്. സഹാറാമരുഭൂമിയിലാണ് ഇവ കാണപ്പെടുന്നത്. യൂറോപ്പിലും വടക്കേ ആഫ്രിക്കയിലുമുളള പല വിഷപ്പാമ്പുകൾക്കും പൊതുവേ ഈ പേര് പറയാറുണ്ട്. വൈപ്പെറ അസ്പിസ് എന്ന ഇനം അണലികൾക്കു മാത്രമായി ഈ പേരുപയോഗിക്കയാവും ഉത്തമം. മെഡിറ്ററേനിയൻ പ്രദേശങ്ങളിലും മധ്യയൂറോപ്പിലും ഇത്തരം പാമ്പുകൾ ധാരാളമായുണ്ട്. കഷ്ടിച്ച് ഒന്നര മീറ്റർ മാത്രം നീളം വരുന്ന, അധികം വണ്ണമില്ലാത്ത ഈ പാമ്പ് ഉഗ്രവിഷമുള്ളതാണ്.

അവലംബം[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അസ്പ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അസ്പ്&oldid=1697382" എന്ന താളിൽനിന്നു ശേഖരിച്ചത്