അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊൽക്കത്തയിൽ 1910-ൽ സ്ഥാപിതമായ വാർത്താ ഏജൻസി. പ്രസിദ്ധ പത്രപ്രവർത്തകനായിരുന്ന കെ.സി. റോയി ആണ് ഈ വാർത്താ ഏജൻസിക്ക് രൂപം നല്കിയത്.[1] [2] ഈ നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ ഇന്ത്യൻ പത്രങ്ങൾ വാർത്തകൾക്കുവേണ്ടി വിദേശീയ ഏജൻസികളെയാണ് മുഖ്യമായും ആശ്രയിച്ചിരുന്നത്. ഒരു ഭാരതീയ വാർത്താ ഏജൻസിയുടെ ആവശ്യം പലർക്കും ബോധ്യപ്പെട്ടു. എന്നാൽ കെ.സി. റോയി മാത്രമാണ് ഇതിനു മുന്നിട്ടിറങ്ങിയത്. യു.എസ്സിലെ അസോസിയേറ്റഡ് പ്രസ്സിന്റെയും ബ്രിട്ടനിലെ റായിട്ടറുടെയും ചുവടുപിടിച്ച് അദ്ദേഹം 1910-ൽ കൊൽക്കത്തയിൽ സ്ഥാപിച്ച ഇന്ത്യൻ വാർത്താ ഏജൻസിയാണ് അസോസിയേറ്റഡ് പ്രസ് ഒഫ് ഇന്ത്യ (എ.പി.ഐ).

വാർത്താവിനിമയസമ്പ്രദായം അപര്യാപ്തമായിരുന്ന അക്കാലത്ത് അസോസിയേറ്റഡ് പ്രസ്സിന്റെ രംഗപ്രവേശം ഇന്ത്യൻ പത്രങ്ങൾക്ക് വലിയ അനുഗ്രഹമായിത്തീർന്നു. പ്രായേണ അവിദഗ്ദ്ധരായ ലേഖകൻമാരുടെ വിരസമായ കുറിപ്പുകളായിരുന്നു വാർത്തകൾ എന്ന പേരിൽ അന്നു ലഭിച്ചിരുന്നത്. എ.പി.ഐ. ഈ നിലയ്ക്ക് ഗണ്യമായ മാറ്റം വരുത്തി; വാർത്തകൾക്കു നിറം പിടിപ്പിക്കാതെ യഥാർഥ രൂപത്തിൽ ചൂടോടെ പത്രങ്ങൾക്ക് എത്തിച്ചുകൊടുത്തു.

വാർത്താ ഏജൻസിയുടെ സുഗമമായ പ്രവർത്തനത്തിനു സാമ്പത്തിക‌ക്ലേശം തടസ്സമായി വന്നു. അതിനും പുറമേ മാനേജ്മെന്റിലുണ്ടായ അഭിപ്രായവ്യത്യാസം സ്ഥാപകാംഗമായ റോയിയുടെ പിൻമാറ്റത്തിൽ കലാശിച്ചു. റോയി തന്നെ പിന്നീട് രൂപം നല്കിയ 'ഇന്ത്യൻ ന്യൂസ് ബ്യൂറോ' യുടെ മത്സരത്തെ ഇതിനു നേരിടേണ്ടതായും വന്നു.

1931-ൽ അസോസിയേറ്റഡ് പ്രസ്, ഇന്ത്യൻ ന്യൂസ് ബ്യൂറോ, ഇന്ത്യൻ ന്യൂസ് ഏജൻസി എന്നിവ റോയിട്ടർ വിലയ്ക്കെടുക്കുകയും 'ഈസ്റ്റേൺ ന്യൂസ് ഏജൻസി' എന്ന പേരിൽ ഒരു കമ്പനി രൂപവത്കരിക്കുകയും ചെയ്തു.

ഒരു ബ്രിട്ടീഷ് ഏജൻസിയുടെ കീഴിലായിത്തീർന്ന അസോസിയേറ്റഡ് പ്രസ്സിന് അന്നത്തെ ഇന്ത്യയുടെ ആഭ്യന്തരസാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ കഴിഞ്ഞില്ല. ഇന്ത്യയിലുടനീളം അലയടിച്ചുയർന്ന ദേശീയ പ്രബുദ്ധതയോ സ്വാതന്ത്ര്യസമരങ്ങളോ സത്യസന്ധമായി പ്രതിഫലിപ്പിക്കാൻ ഈ ഏജൻസി ശ്രദ്ധിച്ചിരുന്നില്ല. എന്നിരുന്നാലും ഇന്ത്യയിലെ ആദ്യത്തെ ഒരു വാർത്താ ഏജൻസിയെന്ന നിലയിൽ ഇതിനു പ്രാധാന്യമുണ്ട്.

ഇതും കൂടി കാണുക[തിരുത്തുക]

പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അസോസിയേറ്റഡ്_പ്രസ്_ഒഫ്_ഇന്ത്യ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]