അഷികാഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ashikaga Shogunate

足利幕府
അഷികാഗ
1338–1573
{{{coat_alt}}}
CapitalKyoto
Common languagesLate Middle Japanese
Religion
Shinbutsu shūgō
GovernmentFeudal military dictatorship
Emperor 
• 1332–1334
Kōgon
• 1557–1586
Ōgimachi
ഷോഗൺ 
• 1338–1358
Ashikaga Takauji
• 1568–1573
Ashikaga Yoshiaki
History 
• Established
August 11 1338
• Surrender of Emperor Go-Kameyama
October 15, 1392
• Ōnin War
1467–1477
• Oda Nobunaga captures Kyoto
September 2 1573
CurrencyMon
Preceded by
Succeeded by
Kenmu restoration
Ashikaga clan
Azuchi-Momoyama period

1338 മുതൽ 1573 വരെ കിയോട്ടോ ആസ്ഥാനമാക്കി ജപ്പാൻ ഭരിച്ച ഷോഗൺവംശമാണ് അഷികാഗ. ചക്രവർത്തിയെ പേരിനുമാത്രം അധികാരിയാക്കി മാറ്റി യഥാർഥ ഭരണം നടത്തിയിരുന്ന ഉന്നത പട്ടാള ഉദ്യോഗസ്ഥനെയാണ് ഷോഗൺ എന്നു വിളിച്ചിരുന്നത്.

അഷികാഗ ഷോഗൺവംശ സ്ഥാപനകൻ[തിരുത്തുക]

ടക്കോജിയായിരുന്നു അഷികാഗ ഷോഗൺവംശ സ്ഥാപനകൻ. ജപ്പാൻ ഭരിച്ചിരുന്ന കാമകുറ ഷോഗൺ വംശത്തെയും ഹോജൊകുടുംബത്തെയും ഉൻമൂലനം ചെയ്യാൻ ഗോദൈ-യാഗോ ചക്രവർത്തി (ഭരണകാലം 1318-1339) ചില പദ്ധികളാവിഷ്കരിച്ചു. അസംതൃപ്തരായ ചില പട്ടാള നേതാക്കാന്മാരെയും സാമന്തന്മാരെയും അദ്ദേഹം കൂട്ടുപിടിച്ചു. ആദ്യം വിജയിച്ചെങ്കിലും ഒടുവിൽ അദ്ദേഹത്തിനു ഒകിയിലേക്ക് ഓടി രക്ഷപ്പെടേണ്ടിവന്നു. അവിടെനിന്നും സൈന്യശേഖരം നടത്തിയ ഗോ-ദൈ-യാഗോ കാമകുറയെ എതിരിട്ടു. കാമകുറഭാഗത്തെ സൈന്യനേതാവായിരുന്ന അഷികാഗ ടക്കോജി (1305-58) ഗോ-ദൈ-യാഗോയുടെ പക്ഷത്തേക്കു ചാഞ്ഞു. 1333-ൽ ഹോജൊ രാജവംശത്തിന്റെ ഭരണം അവസാനിച്ചു. തുടർന്നു ചക്രവർത്തിയായിത്തീർന്ന ഗോ-ദൈ-യാഗോയെ മിനാട്ടൊ-ഗാവയുദ്ധത്തിൽ (1336) അഷികാഗ ടക്കോജി തോല്പിക്കുകയും കിയോട്ടോയിൽ കോമിയോയെ ചക്രവർത്തിയായി വാഴിക്കുകയും ചെയ്തു.

ഷോഗൺ[തിരുത്തുക]

അഷികാഗ ടക്കോജി 1338-ൽ ഷോഗണായിത്തീർന്നു. 1358-ൽ ഇദ്ദേഹം നിര്യാതനാകുന്നതുവരെയുള്ള കാലം ആഭ്യന്തര കുഴപ്പങ്ങൾ അവസാനിപ്പിക്കാനുള്ള യുദ്ധങ്ങൾക്കുവേണ്ടി ചെലവഴിച്ചു. ഹോജൊ വംശത്തെയും ഗോ-ദൈ-യാഗോ ചക്രവർത്തിയെയും ചതിച്ചതിനാൽ, അഷികാഗ ഷോഗണേറ്റിന്റെ സ്ഥാപകനായ അഷികാഗ ടക്കോജിക്കു ജപ്പാൻ ചരിത്രത്തിൽ അർഹമായ സ്ഥാനം ലഭിച്ചിട്ടില്ല. അഷികാഗയുമായുള്ള യുദ്ധത്തിൽ പരാജിതനായ ഗോ-തൈ-യാഗോ ചക്രവർത്തി, നാറ സമതലത്തിന്റെ തെക്കുള്ള പർവതങ്ങൾ നിറഞ്ഞ യോഷിനൊ പ്രദേശത്തേക്കു മാറിത്താമസിച്ചു. അദ്ദേഹത്തെയും ചക്രവർത്തിയായി ചിലർ കരുതിയതിനാൽ 1392 വരെ രണ്ടു ചക്രവർത്തിമാർ ജപ്പാനിലുണ്ടായി.

അഷികാഗഭരണം[തിരുത്തുക]

അഷികാഗ ഷോഗണേറ്റിന്റെ ആസ്ഥാനം കിയോട്ടോ ആയിരുന്നു; കാമകുറവംശത്തിന്റെ ഒരു ശാഖ കിഴക്കേ ജപ്പാനും ഭരിച്ചിരുന്നു. ഇങ്ങനെ വിഭക്തമായ ജപ്പാനെ ഏകീകരിക്കുവാൻ അഷികാഗ ഷോഗൻമാർക്കു കഴിഞ്ഞില്ല. 1368 മുതൽ 1394 വരെ ജപ്പാൻ ഭരിച്ച യോഷിമിറ്റ്സു ആയിരുന്നു അഷികാഗ ഷോഗണേറ്റിലെ ഏറ്റവും പ്രബലനായ ഭരണാധികാരി. രാഷ്ട്രീയമായ അസ്വസ്ഥതകളും അരക്ഷിതാവസ്ഥയും ഈ കാലത്ത് ജപ്പാനിൽ നടമാടിയിരുന്നെങ്കിലും, സാമൂഹിക ചരിത്രത്തിൽ അഷികാഗഭരണത്തിനു വലിയ സ്ഥാനമുണ്ട്.

വണിക് വർഗം[തിരുത്തുക]

വണിക്‌വർഗം ജപ്പാനിൽ വളർന്നുതുടങ്ങിയത് അഷികാഗമാരുടെ കാലംമുതൽക്കാണ്. വമ്പിച്ച ഭൂസ്വാമികളായിരുന്നു അഷികാഗ ഷോഗൺമാരെങ്കിലും വിദേശവ്യാപാരത്തിലായിരുന്നു അവർക്ക് ആഭിമുഖ്യം. കപ്പം വാങ്ങാൻ ചൈനയിൽപോയ ജപ്പാൻകാർ വിലപിടിച്ച വസ്തുക്കളുമായി നാട്ടിൽ തിരിച്ചെത്തി. കപ്പൽ നിർമ്മാണം ഇക്കാലത്തു ജപ്പാനിൽ വികസിച്ചു; കപ്പലുകൾ വാടകയ്ക്കു കൊടുത്ത് വമ്പിച്ച ധനവും അവർ സമ്പാദിച്ചു. കിയോട്ടോയിലെ സെൻ ബുദ്ധ വിഹാരങ്ങൾ അഷികാഗ ഷോഗൺമാരുടെ ഏറ്റവും വലിയ നേട്ടമായി കരുതപ്പെടുന്നു. കലയെയും കലാകാരന്മാരെയും അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചിരുന്ന ഷോഗണായിരുന്നു യോഷിമിറ്റ്സു. ലോകസാഹിത്യത്തിനു ജപ്പാന്റെ മികച്ച സംഭാവനയായ നോ നാടകം (No Drama) വികസിച്ചതും ഇക്കാലത്താണ്. മുറോമാച്ചിയിൽ ഉടലെടുത്ത നിരവധി ശില്പവേലകൾ ഇന്നും നിലവിലുണ്ട്. 1397-ൽ യോഷിമിറ്റ്സു സ്ഥാപിച്ച സുവർണഗോപുരം (കിൻകാകുജി) അദ്ദേഹത്തിന്റെ പിൻഗാമിയായ യോഷിമാസ സ്ഥാപിച്ച രജതഗോപുരം (ജിൻകാകുജി) എന്നിവ ലോകപ്രശസ്തങ്ങളാണ്. 1467-ലെ യുദ്ധംമൂലം അഷികാഗ ഷോഗൺമാരുടെ നിരവധി സംഭാവനകൾ നാശോന്മുഖമായി; അനവധി പ്രഭുകുടുംബങ്ങളും സാമന്തൻമാരും നശിച്ചു; പകരം ഗ്രാമപ്രദേശങ്ങളിലെ ജനത ശക്തരാകാനും തുടങ്ങി.

1428-ൽ ഗ്രാമത്തിലെ നികുതി ഇളവു ചെയ്യണമെന്നു വാദിച്ച് ചില നേതാക്കന്മാർ നിവേദനം സമർപ്പിച്ചു. ഈ നിവേദനം നിരാകരിക്കപ്പെട്ടതിനെത്തുടർന്നു നാട്ടിലുടനീളം കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ബുദ്ധമതവിശ്വാസങ്ങളിൽ പല പരിവർത്തനങ്ങളും ഇക്കാലത്തുണ്ടായി.

ഷോഗൺ ഭരണത്തിന്റെ അവസാനം[തിരുത്തുക]

ഈ പരിതഃസ്ഥിതികളെ തികച്ചും ചൂഷണം ചെയ്തു മുന്നോട്ടുവന്ന ഒഡനൊബുനഗ (1534-82) ഓവാരിയിലെ 4 ജില്ലകളിൽ അധികാരം ഉറപ്പിച്ചു. 1560-ൽ ടോട്ടോമിപ്രഭുവായ ഇമഗാവയെ തോല്പിച്ചതോടെ അദ്ദേഹം പ്രശസ്തിയിലേക്കുയർന്നു. പുതിയതരം യുദ്ധായുധങ്ങളുമായി ഒഡനൊബുനഗ കിയോട്ടോയിൽ പ്രവേശിച്ച് അവസാനത്തെ അഷികാഗ ഷോഗണായ യോഷ്യാകിയെ ചക്രവർത്തിയായി വാഴിച്ചു. യോഷ്യാകി 1573-ൽ മറ്റൊരു സൈന്യശക്തിയെ കൂട്ടുപിടിച്ച് നൊബുനഗയെ പുറംതള്ളാൻ പദ്ധതി തയ്യാറാക്കി. ഇതറിഞ്ഞ ഒഡ നൊബുനഗ യോഷ്യാകിയെ സമാധാനപരമായി സിംഹാസനത്തിൽനിന്നും 1573-ൽ ഒഴിവാക്കി. അതോടെ അഷികാഗ ഷോഗൺഭരണം ജപ്പാനിൽ അസ്തമിച്ചു.

അഷികാഗ ഷോഗൺ ഭരണകാലത്താണ് ജപ്പാനിൽ ആദ്യമായി യൂറോപ്യന്മാർ പ്രവേശിക്കുന്നത്. 1543-ൽ ഉത്തര ചൈനിയിലേക്കു തിരിച്ച ഒരു പോർച്ചുഗീസ് കപ്പൽ കൊടുങ്കാറ്റുമൂലം ക്യുഷുവിന്റെ തെക്കേ അറ്റത്തെ ഒരു ചെറു ദ്വീപായ ടെനിഗഷിമയിൽ വന്നടുത്തു. ഈ കപ്പൽ യാത്രക്കാരെ ജപ്പാൻകാർ ഹാർദമായി സ്വീകരിച്ചു. 1549-ൽ ഫ്രാൻസിസ് സേവിയർ ഇവിടെ എത്തി ക്രിസ്തുമത പ്രചാരണം നടത്തി.

ടോക്കിയോയ്ക്ക് 80 കി.മീ. വടക്ക് ഹോൺഷുവിൽ അഷികാഗ എന്ന പേരിൽ ഒരു നഗരം ഉണ്ട്; ജപ്പാനിലെ ഒരു നെയ്ത്തു വ്യവസായ കേന്ദ്രമാണിത്.

ഇതുംകൂടി കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വീഡിയോ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഷികാഗ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഷികാഗ&oldid=3795047" എന്ന താളിൽനിന്ന് ശേഖരിച്ചത്