അശോകസുന്ദരി
Ashokasundari | |
---|---|
Goddess of Imagination | |
ദേവനാഗിരി | अशोकसुंदरी |
സംസ്കൃതം | Aśokasundarī |
പദവി | Devi, Tripurasundari |
ജീവിത പങ്കാളി | Nahusha |
മാതാപിതാക്കൾ | Parvati (mother) and Shiva (father) |
സഹോദരങ്ങൾ | Kartikeya and Ganesha (elder brothers) |
വാഹനം | Kailash |
ചന്ദ്രവംശത്തിലെ പ്രശസ്തനായ ചക്രവർത്തി നഹുഷന്റെ പത്നിയാണ് അശോകസുന്ദരി. പദ്മപുരണത്തിലാണ് അശോക സുന്ദരിയെ സംബന്ധിക്കുന്ന കഥയുള്ളത്.
ഒരിക്കൽ നന്ദനോദ്യാനത്തിൽവച്ച് പാർവതി ശിവനോട് ആ ഉദ്യാനത്തിലെ ഏറ്റവും ശ്രേഷ്ഠമായ വനസ്പതി ഏതാണ്' എന്നുചോദിച്ചു. ശിവൻ 'കല്പവൃക്ഷം' എന്ന ഉത്തരം കൊടുത്തു. ആരുടെയും ഏതഭീഷ്ടവും ആ വൃക്ഷം സാധിച്ചുകൊടുക്കും എന്നുകേട്ടപ്പോൾ 'തനിക്ക് ഒരു സുന്ദരിയായ പെൺകുഞ്ഞ് വേണമെന്നായി' പാർവതി. അഭീഷ്ടം ഉടനടി സാധിതപ്രായമായി. ആ കുഞ്ഞിന് 'അശോകസുന്ദരി' എന്ന പേരിട്ടു. ഒരിക്കൽ അവൾ തോഴിമാരോടൊത്ത് നന്ദനോദ്യാനത്തിൽ നടക്കുമ്പോൾ ഒരസുരൻ അവളുടെ മുൻപിൽ പ്രത്യക്ഷനായി പ്രേമാഭ്യർഥന നടത്തി. വിപ്രചിത്തിയുടെ പുത്രനായ ഹുണ്ഡനായിരുന്നു അത്. അശോകസുന്ദരി ആ ദുഷ്ടന്റെ അഭ്യർഥന നിരസിച്ചു. എന്നുമാത്രമല്ല ചന്ദ്രവംശരാജാവായ ആയുസ്സിന് ഇന്ദുമതിയിൽ പിറക്കുന്ന നഹുഷൻ എന്ന രാജകുമാരൻ ആയിരിക്കും തന്നെ പരിണയിക്കുന്നത് എന്നുമറിയിച്ചു. നഹുഷൻ ജനിക്കുകപോലും ചെയ്തിട്ടില്ലെന്നും അയാൾ യുവാവാകുമ്പോൾ നീ വൃദ്ധയാകും എന്നും ഹുണ്ഡൻ പറഞ്ഞു. 'അമ്മയുടെ അനുഗ്രഹം മൂലം ഞാൻ നിത്യയുവതിയായിരിക്കും. നഹുഷനെ മാത്രമേ ഞാൻ വരിക്കൂ' എന്ന് അശോക സുന്ദരി ഉറപ്പിച്ചു പറഞ്ഞു.
ഇക്കാലത്താണ് ഇന്ദുമതി ഒരു കുഞ്ഞിനു ജന്മം നൽകിയത്. അതിനെ വളരാൻ അനുവദിച്ചുകൂടാ എന്നു നിശ്ചയിച്ച് ഹുണ്ഡൻ ഒരു ദാസിയുടെ വേഷത്തിൽ ചെന്ന് ശിശുവിനെ തട്ടിയെടുത്തശേഷം അതിന്റെ മാംസം വേവിച്ചുതരാൻ ഭാര്യയോടാവശ്യപ്പെട്ടു. ഭാര്യ കുഞ്ഞിനെ വസിഷ്ഠമഹർഷിയുടെ ആശ്രമത്തിലാക്കി ഏതോ മൃഗത്തിന്റെ മാംസം വേവിച്ച് ഹുണ്ഡനു നൽകി. കുഞ്ഞ് മരിച്ചെന്നറിഞ്ഞാൽ അശോകസുന്ദരി തന്നെ ഇഷ്ടപ്പെട്ടേക്കുമെന്നു വ്യാമോഹിച്ച് ഹുണ്ഡൻ അവളുടെയടുത്തുചെന്ന് കാര്യം പറഞ്ഞു. ദുഃഖിതയായ അവളെ വിദ്യുന്ധരൻ എന്ന കിന്നരൻ സമാധാനിപ്പിച്ചിട്ട് നഹുഷൻ ജീവിച്ചിരിക്കുന്നെന്നും ഒരുനാൾ ഇവിടെയെത്തി അവളെ വരിക്കുമെന്നും അറിയിച്ചു. ഉന്മേഷവതിയായ അവൾ 'നഹുഷനാൽ നീ വധിക്കപ്പെടട്ടെ' എന്ന് ഹുണ്ഡനെ ശപിച്ചു.[1][2][3]
പ്രവചനം സഫലമായി. നഹുഷൻ, ഉഗ്രമായ യുദ്ധത്തിൽ ഹുണ്ഡാസുരനെ വധിച്ച് സിംഹാസനാരൂഢനാവുകയും , അശോകസുന്ദരിയെ പട്ടമഹിഷിയാക്കുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ Gaṅgā Rām Garg (1992). Encyclopaedia of the Hindu World Vol. 3. Concept Publishing Company. p. 712. ISBN 978-81-7022-376-4.
- ↑ Vettam Mani (1975). Puranic Encyclopaedia: a Comprehensive Dictionary with Special Reference to the Epic and Puranic Literature. Motilal Banarsidass Publishers. pp. 62, 515–6. ISBN 978-0-8426-0822-0.
- ↑ George M. Williams (27 March 2008). Handbook of Hindu Mythology. Oxford University Press. pp. 217–8, 230. ISBN 978-0-19-5332-61-2.