അവനീന്ദ്ര വോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അസമിയ കവിയും ഉപന്യാസകാരനും പത്രപ്രവർത്തകനുമാണ് അവനീന്ദ്ര വോറ.

ജീവിതരേഖ[തിരുത്തുക]

അസമിലെ നവഗോങ്ലെ നഗാവ് എന്ന സ്ഥലത്ത് 1930-ൽ ജനിച്ചു. സ്വാതന്ത്രസമര സേനാനിയും ചെറുകഥാകൃത്തുമായിരുന്ന മോഹിചന്ദ്ര വോറയാണ് പിതാവ്. പ്രശസ്ത സംസ്കൃത പണ്ഡിതനായ ആനന്ദറാം ബറുവയുടെ അടുത്ത ബന്ധുവായിരുന്നു മാതാവ്. ഇദ്ദേഹം 1959-61 കാലത്ത് കോളെജദ്ധ്യാപകനായി ജോലി നോക്കി. 1962-1969 കാലത്ത് അസം പ്രസിദ്ധീകരണ വിഭാഗത്തിൽ ലെയ്സൺ ഓഫീസറായി പ്രവർത്തിച്ചു. ഇതിനിടയ്ക്കു ഒരു വർഷം (1964-65-ൽ) ഗുവാഹത്തി പ്രക്ഷേപണനിലയത്തിൽ ഗ്രാമവേദിയുടെ മുഖ്യ സംഘാടകനായിരുന്നു. 1969 മുതൽ അസം ഗവൺമെന്റിന്റെ വയോജന വിദ്യാഭ്യാസപ്രസിദ്ധീകരണമായ ജനശിക്ഷയുടെ പത്രാധിപരായി പ്രവർത്തിച്ചു. അസമിയ ജ്യോതിഷമാസികയായ കാൽപുരുഷിന്റെ പത്രാധിപരായും ഒറീസയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ദേവീശക്തിയുടെ സഹപത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജ്യോതിഷത്തിലും ഹസ്തരേഖാശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും വളരെയേറെ താത്പര്യമുള്ളതിനാൽ ഉപവൃത്തിയായി ഇവയും ഇദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്.

1970-ൽ യു.പി.യിലെ സഹാറൻപൂരിൽ നടന്ന ഓൾ ഇന്ത്യാ വരാഹമിഹിരോത്സവസമിതിയിലെ അംഗം, 1980-ൽ കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അസ്ട്രോളജിയുടെ സ്ഥാപക അംഗം, കൊൽക്കത്തയിൽ തന്നെ വിശ്വ ജ്യോതിർവിദ് സംഘത്തിലെ അംഗം തുടങ്ങി ഒട്ടേറെ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1985-ൽ അഹമ്മദാബാദിലെ ഓൾ ഇന്ത്യാ അസ്ട്രോളജേഴ്സ് ഫെഡറേഷൻ 'ജ്യോതിഷ മഹാ മഹോപാധ്യായ' എന്ന ബഹുമതിയും 1985-ൽ ഒറീസയിലെ അസ്ട്രോളജിക്കൽ സൊസൈറ്റി 'ജ്യോതിഷ് സരസ്വതി' എന്ന ബഹുമതിയും 1987-ൽ ജയ്പൂരിലെ ഇന്ത്യൻ ഇൻസ്ററിറ്റ്യൂട്ട് ഒഫ് അസ്ട്രോളജി ആൻഡ് ഒക്കൾട്ടിസം 'ജ്യോതിഷ്ഭുവൻ ഭാസ്കർ' ബഹുമതിയും നല്കി ആദരിച്ചു. അസം സാഹിത്യസഭ എക്സിക്യൂട്ടീവ് ഉൾപ്പെടെയുള്ള നിരവധി സാഹിത്യസംഘടനകളുമായി ഇദ്ദേഹത്തിനു ബന്ധമുണ്ട്. 1950-ൽ പ്രസിദ്ധീകൃതമായ ധൂളി (കവിത), 1959-ൽ പ്രസിദ്ധീകരിച്ച സതീർഥാ (ജീവചരിത്രം), 1974-ൽ പുറത്തിറക്കിയ ഹസ്തരേഖാത്പ്രണയ് ഔർ വിവാഹ് (ഹസ്തരേഖാശാസ്ത്രം) തുടങ്ങിയവയാണ് മുഖ്യ കൃതികൾ. കൂടാതെ സാഹിത്യം, സംസ്കാരം, കലകൾ എന്നീ വിഭാഗങ്ങളിലായി അഞ്ഞൂറോളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദിസാഹിത്യത്തെക്കുറിച്ചു അസമിയഭാഷയിൽ ഇദ്ദേഹം ഗ്രന്ഥരചന നടത്തി. ഗാനങ്ങൾ രചിക്കുകയും റേഡിയോ സ്ക്രിപ്റ്റുകൾ തയ്യാറാക്കുകയും ചെയ്യുന്നതിൽ ഇദ്ദേഹം താത്പര്യം കാണിച്ചിട്ടുണ്ട്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അവനീന്ദ്ര വോറ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അവനീന്ദ്ര_വോറ&oldid=1308465" എന്ന താളിൽനിന്ന് ശേഖരിച്ചത്