ഉള്ളടക്കത്തിലേക്ക് പോവുക

അല ആർച്ച ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അല ആർച്ച ദേശീയോദ്യാനം
Looking up the Ala Archa river valley
Map showing the location of അല ആർച്ച ദേശീയോദ്യാനം
Map showing the location of അല ആർച്ച ദേശീയോദ്യാനം
സ്ഥലംചുയി മേഖല, കിർഗിസ്ഥാൻ
അടുത്തുള്ള നഗരംബിഷ്കെക്ക്
നിർദ്ദേശാങ്കങ്ങൾ42°35′N 74°29′E / 42.583°N 74.483°E / 42.583; 74.483
വിസ്തീർണ്ണം164.8 ച. �കിലോ�ീ. (64  മൈ)
സ്ഥാപിതം1976
alaarchapark.kg

കിർഗിസ്ഥാന്റെ തലസ്ഥാന നഗരിയായ ബിഷ്കെക്കിൽ നിന്നും ഏകദേശം 35 കിലോമീറ്റർ തെക്ക് ഭാഗത്തായി, കിർഗിസ്ഥാനിലെ ടിയാൻ ഷാൻ പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്ന ഒരു ആൽപൈൻ ദേശീയോദ്യാനമാണ് അല-ആർച്ച ദേശീയോദ്യാനം (കിർഗിസ്ഃ Ала-арча кыргыз малекетик яратылыsh паркы, റഷ്യൻഃ государstвеный природныy насиональныy park Алa-аарchаль) .[1] 1976 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനത്തിന് നിലവിൽ 16,485 ഹെക്ടർ വിസ്തൃതിയുണ്ട്.[2] 

ഈ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന അല-ആർച്ച നദിയുടെ പേരിൽ നിന്നാണ് ദേശീയോദ്യാനത്തിന് നിലവിലെ പേര് ലഭിച്ചത്. ഈ നദിയ്ക്കും ദേശീയോദ്യാനത്തിനും അതിൻ്റെ പേര് ലഭിച്ചത് ഈ മേഖലയിൽ പലവർണ്ണങ്ങളിൽ സമൃദ്ധിയായി കാണപ്പെടുന്ന ആർച്ച എന്ന പേരുള്ള ജൂനിപ്പർ വിഭാഗത്തിലുള്ള മരത്തിൽ നിന്നാണ്. കിർഗിസ്ഥാനിലെ ജനങ്ങൾ പരമ്പരാഗതമായി പ്രത്യേക ബഹുമാനത്തോടെയാണ് ഈ മരത്തെ കാണുന്നത്. അതിൻ്റെ കത്തുന്ന തടിയിൽ നിന്നുള്ള പുക പ്രദേശവാസികൾ ദുഷ്ടാത്മാക്കളെ തുരത്താൻ ഉപയോഗിക്കുന്നു. ഈ പ്രദേശത്ത് താമസിക്കുന്നവർ ആർച്ച മരം വീടിനടുത്ത് നടുകയില്ല. കാരണം ഇത് ക്രമേണ അടുത്തുള്ള മനുഷ്യരിൽ നിന്ന് ഊർജ്ജം ആഗിരണം ചെയ്യുമെന്നാണ് അവർ വിശ്വസിക്കുന്നത്.

ഭൂമിശാസ്ത്രം

[തിരുത്തുക]

165 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനത്തിന്റെ ഉയരം അതിന്റെ പ്രവേശന കവാടത്തിൽ ഏകദേശം 1,500 മീറ്റർ മുതൽ ടിയാൻ ഷാനിലെ കിർഗിസ് അല-ടൂ പർവതനിരയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ സെമെനോവ്-ടിയാൻ-ഷാൻസ്കി കൊടുമുടിയിൽ പരമാവധി 4,895 മീറ്റർ വരെയുമാണ്. ചെറുതും വലുതുമായി ഏകദേശം 20-ലധികം ഹിമാനികളും 50-ഓളം പർവതശിഖരങ്ങളും ഈ ദേശീയോദ്യാനത്തിനുള്ളിലായുണ്ട്. ദേശീയോദ്യാനത്തിലെ ഹിമാനികളുടെ ആകെ വിസ്തീർണ്ണം 53,6 ചതുരശ്ര കിലോമീറ്റർ (20,7 ചതുരശ്ര മൈൽ) ആണ്.

ഈ ഹിമാനികളിൽനിന്ന് ഉരുകിയെത്തുന്ന വെള്ളത്തിൽ നിന്നാണ് അഡിജീൻ, അക്-സായ് എന്നീ രണ്ട് ചെറു നദികൾ ഉത്ഭവിക്കുന്നത്. വെള്ളച്ചാട്ടങ്ങളും നീരുറവകളും സമൃദ്ധമായ ട്രൌട്ട് മത്സ്യങ്ങളുമുള്ള ഒരു വനപ്രദേശമാണ് അഡിജീൻ മലയിടുക്ക്.

അല-ആർച്ച നദിയുടെ മലയിടുക്കും ചുറ്റുമുള്ള പർവതങ്ങളും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.

4000 മീറ്റർ ഉയരമുള്ള നിരവധി കൊടുമുടികൾ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിലെ ഒരു ജനപ്രിയ വിനോദസഞ്ചാരമാണ് പർവ്വതാരോഹണം.

  • സെമെനോവ്-ടിയാൻ-ഷാൻസ്കി കൊടുമുടി (4895 മീറ്റർ)
  • കൊറോണ കൊടുമുടി (4860 മീറ്റർ)
  • ഫ്രീ കൊറിയ പീക്ക് (4740 മീറ്റർ)

ജൈവമണ്ഡലം

[തിരുത്തുക]

അമു ദര്യാ ട്രൌട്ടിനെക്കുറിച്ച് പഠിക്കുന്നതിനായി കാർഗയ്-ബുലക് നദിയിൽ ഒരു ചെറിയ ജലസംഭരണി നിർമ്മിക്കപ്പെട്ടു. ഇവിടെ കാണപ്പെടുന്ന വന്യജീവികളിൽ വളരെ അപൂർവമായ ഹിമപ്പുലിയും (കിർഗിസ്ഃ "ഇൽബിർസ്") കൂടാതെ 2,500 മീറ്റർ ഉയരത്തിലുള്ള ആൽപൈൻ പുൽമേടുകളിലും മഞ്ഞുപാളികളിലുമായി കാട്ടുപോത്തുകൾ, റോ ഡീർ, നിലയണ്ണാൻ എന്നിവ ഉൾപ്പെടുന്നു.

2017 മെയ് മാസത്തിൽ ഈ ദേശീയോദ്യാനത്തിൽ സ്ഥാപിക്കപ്പെട്ട ഒരു ക്യാമറ ആദ്യമായി ഒരു ഹിമപ്പുലിയുടെ ഫോട്ടോ എടുത്തു.

ക്രോക്കസ് അലാറ്റാവികസ് ഉൾപ്പെടെ നിരവധി സസ്യയിനങ്ങളും ദേശീയോദ്യാനത്തിൽ കാണാം.[3]

വിനോദസഞ്ചാരം

[തിരുത്തുക]

വാരാന്ത്യത്തിൽ പിക്നിക്കിന് പോകുന്നവർ, പർവ്വതാരോഹകർ, കുതിരസവാരിക്കാർ, സ്കീ ചെയ്യുന്നവർ, ഐസ്, പാറ തുടങ്ങിയ മിശ്രിത വഴികൾ തേടുന്ന പർവതാരോഹകർ എന്നിവരുടെ ഒരു ലക്ഷ്യസ്ഥാനമാണ് ഈ ദേശീയോദ്യാനം. ദേശീയോദ്യാനം വർഷം മുഴുവനും തുറന്നിരിക്കും, എന്നിരുന്നാലും ഇവിടുത്തെ ഏറ്റവും ജനപ്രിയമായ സീസൺ വേനൽക്കാലത്തിന്റെ അവസാനവും ശരത്കാലത്തിന്റെ തുടക്കവുമാണ്. എല്ലാ മെയ് 1 നും, നൂറുകണക്കിന് ആളുകൾ ഈ താഴ്‌വരയിൽ ക്യാമ്പ് ചെയ്ത് ആൽപിനാഡ ഉത്സവത്തിനായി കൊംസോമോലെറ്റ്സ് പർവതത്തിൽ കയറുന്നു.[ അവലംബം ആവശ്യമാണ് ]

ദേശീയോദ്യാനത്തിലേയ്ക്കുള്ള പ്രവേശനത്തിതിന് നാമമാത്രമായ ഫീസാണ് ഈടാക്കാറുള്ളത്. പ്രവേശന കവാടത്തിനടുത്തായി, പുതുതായി നവീകരിച്ച ഒരു ലോഡ്ജ് സ്ഥിതിചെയ്യുന്നുണ്ട്. 12 കിലോമീറ്റർ വരെ റോഡിനിരുവശവും അങ്ങിങ്ങായി ഇവിടെ കെട്ടിടങ്ങൾ കാണാം. റോഡിന്റെ അവസാനത്തിൽ, ഇടതുവശത്തുള്ള ഒരു പാതയിലാണ് (കിഴക്ക്) അക്-സായ് ഗ്ലേസിയർ സ്ഥിതിചെയ്യുന്നത്. അവിടെ സോവിയറ്റ് കാലത്തുള്ള ഒരു പർവ്വതാരോഹക ബേസ് ക്യാമ്പിന്റെ അവശിഷ്ടങ്ങൾ കാണാം. ഇത് പണ്ടുമുതലേ ഇവിടെ പർവതാരോഹണം നടന്നിട്ടുള്ളതിനെയാണ് സൂചിപ്പിക്കുന്നത്. സോവിയറ്റ് പർവ്വതാരോഹക ബേസ് (റാറ്റ്സെക് ഹട്ട്) അടുത്തിടെ മെച്ചപ്പെടുത്തുകയും കൊടുമുടികയറ്റക്കാരുടെ ബേസ് ക്യാമ്പായി പ്രവർത്തിക്കുകയും ചെയ്യുന്നു.[4] ഈ മേഖലയിലെ ഏറ്റവും പ്രശസ്തമായ കൊടുമുടികൾ കൊറോണ കൊടുമുടി (4860 മീറ്റർ), ഫ്രീ കൊറിയ കൊടുമുടി, (4740 മീറ്റർ) എന്നിവയുൾപ്പെടെ അക്-സായ് ഹിമാനിയിലാണ് സ്ഥിതിചെയ്യുന്നത്. അലാ ആർച്ച താഴ്വരയുടെ പടിഞ്ഞാറ് വശത്ത് അഡിജീൻ താഴ്വരയിലേക്ക് നയിക്കുന്ന ഒരു പാതയുണ്ട്. അവിടെ പർവതാരോഹകരുടെ ഒരു സെമിത്തേരി സ്ഥിതിചെയ്യുന്നു. മൂന്നാമത്തെ പ്രധാന പാത അല-ആർച്ച താഴ്വരയുടെ മധ്യഭാഗത്ത് നിന്ന് 10 കിലോമീറ്റർ അകലെ പഴയതും ഇപ്പോൾ ഉപേക്ഷിക്കപ്പെട്ടതുമായ സ്കീ മേഖലയിലേക്കുള്ളതാണ്. ഈ പാത മറ്റ് നിരവധി കൊടുമുടികളിലേക്കും തുടരുന്നു. ഈ കൊടുമുടികൾക്ക് ഏകദേശം 4000 മീറ്ററോളം ഉയരമുണ്ട്. 

2016 ഡിസംബറിൽ, ട്രിപ്പ് അഡ്വൈസർ പ്രസിദ്ധീകരിച്ച എല്ലാ രാജ്യങ്ങളിലെയും ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഒരു ഭൂപടം സൂചിപ്പിക്കുന്നത് പ്രകാരം കിർഗിസ്ഥാനിലെ ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനമാണ് അല ആർച്ച ഗോർജ് എന്ന കേന്ദ്രം.

ചിത്രശാല

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "Ala-Archa". protected planet.
  2. "Specially protected natural territories of the Kyrgyz Republic". Department of Biodiversity Conservation and Specially Protected Natural Areas. Archived from the original on 14 November 2019. Retrieved 11 January 2022.
  3. Hayes, Patrick. "KYRGYZSTAN" (PDF). kewguild.org.uk. Archived from the original (PDF) on 19 October 2014. Retrieved 11 October 2014.
  4. "Ala Archa - Central Asia Guide". Central Asia Guide.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അല_ആർച്ച_ദേശീയോദ്യാനം&oldid=4617421" എന്ന താളിൽനിന്ന് ശേഖരിച്ചത്