അലേറ്റ ബോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Aleta Baun
ജനനം
ദേശീയതIndonesian, Asian
വിദ്യാഭ്യാസംUniversitas Tritunggal Surabaya
അറിയപ്പെടുന്നത്environmental activist

ഇന്തോനേഷ്യക്കാരിയായ ഒരു പരിസ്ഥിതിപ്രവർത്തകയാണ് അലേറ്റ ബോൻ Aleta Baun. ഇന്തോനേഷ്യയിലെ അവതാർ എന്ന് അറിയപ്പെടുന്നു. തിമോറിലെ മുടിസ് മലനിരകളിൽ നാട്ടുകാർ വിശുദ്ധവനമായിക്കരുതപ്പെടുന്ന കാടുകളുടെ നാശത്തിനു വഴിവക്കുന്ന മാർബിൾ ഖനനത്തിനെതിരെ നൂറുകണക്കിനു ഗ്രാമീണരെയും കൂട്ടി സമാധാനപരമായ മാർഗ്ഗത്തിൽ തുണി നെയ്തുകൊണ്ട് സമരം നടത്തിയതിന് 2013 -ൽ ഇവർക്ക് ഗോൾഡ്‌മാൻ പരിസ്ഥിതി പുരസ്കാരം ലഭിക്കുകയുണ്ടായി.[1]

മൊള്ളോ എന്ന ആദിവാസി വിഭാഗത്തിന്റെ നേതാവായ അലേറ്റ ഒരു കർഷകകുടുംബത്തിലാണ് പിറന്നത്. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട അലേറ്റയെ സമുദായത്തിലെ മുതിർന്നവരും സ്ത്രീകളും ആണ് വളർത്തിയത്. അവരുടെ ആധ്യാത്മികസ്വത്വത്തിന്റെയും ജീവിതത്തിന്റെയും അടിസ്ഥാനമാണ് പരിസ്ഥിതി എന്ന് അവരിൽ നിന്നാണ് അലേറ്റ മനസ്സിലാക്കിയത്. നാട്ടറിവുകൾ പങ്കുവയ്ക്കുന്ന സമുദായ നേതാവെന്ന രീതിയിൽ അവർ അലേറ്റ അമ്മ എന്ന് അറിയപ്പെട്ടു.

ഖനനത്തിന് എതിരു നിന്നതിന് പ്രാദേശികഭരണകൂടത്തിന്റെയും ഖനനലോബിയുടെയും ശത്രുവായിമാറിയ അലേറ്റയ്ക്കെതിരെ നടന്ന ഒരു വധശ്രമത്തിന് ശേഷം കുഞ്ഞിനേയും കൊണ്ട് അവർക്ക് വനത്തിലേക്ക് രക്ഷപ്പെടേണ്ടിവന്നു. ഇങ്ങനെ ഭീഷണികൾ നിലനിന്ന സാഹചര്യങ്ങളിലും നൂറുകണക്കിന് ഗ്രാമീണരെ ഖനിവിരുദ്ധപ്രക്ഷോഭങ്ങൾക്കായി സംഘടിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. അതിനൊടുവിൽ 150 സ്ത്രീകൾ ഒരു വർഷത്തോളം ഖനിയുടെ പ്രവർത്തനത്തിനെതിരെ തുന്നൽ നടത്തിക്കൊണ്ട് ഉപരോധം നടത്തി.

പരമ്പരാഗതമായി ഭക്ഷണം, തുണിക്കുള്ള ചായങ്ങൾ, ഔഷധങ്ങൾ എന്നിവ മലകളിൽ നിന്നും കൊണ്ടുവരേണ്ട ഉത്തവാദിത്തം ഈ സ്ത്രീകൾക്കായിരുന്നതുകൊ ണ്ട് ആ മലകളിൽ നടത്തുന്ന ഖനനം അവരുടെ ജീവിതത്തെ താറുമാറാക്കി. സ്ത്രീകൾ ഖനിക്കെതിരെ സമരം ചെയ്യുമ്പോൾ വീട്ടുകാര്യങ്ങൾ നോക്കി ആണുങ്ങൾ അവർക്ക് ശക്തമായ പിന്തുണ നൽകി. ഇങ്ങനെ വർദ്ധിച്ചുവന്ന പ്രതിഷേധത്തിനൊടുവിൽ കമ്പനിക്ക് മോള്ളോ വിഭാഗങ്ങൾ വസിക്കുന്ന സ്ഥലങ്ങളിലെ ഖനനം പൂർണ്ണമായി നിർത്തേണ്ടി വന്നു. ഇപ്പോൾ അലേറ്റ പശ്ചിമതിമൂറിലെ ആദിമനിവാസികളെ അവരുടെ കാട് സംരക്ഷിക്കുവാനും ജലം സരക്ഷിക്കുവാനും അവരുടെ അവകാശങ്ങളെപ്പറ്റി ബോധവൽക്കരിക്കാനും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.[2]

മറ്റു മൊള്ളൊ ആദിവാസികളെപ്പോലെ ചെറുപ്പത്തിൽ തന്നെ ചെടികൾക്ക് ജീവനും ആത്മാവും ഉണ്ടെന്ന് പഠിച്ചാണ് അലേറ്റയും വളർന്നത്. ഭൂമിയിൽ ഉള്ള എല്ലാ വസ്തുക്കളും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അവർ വിശ്വസിക്കുന്നു. ഭൂമിയെ മനുഷ്യശരീരമായിത്തനെ അവർ കാണുന്നു. ഭൂമിയെ മാംസമായും ജലത്തെ രക്തമായും പാറകളെ എല്ലുകളായും കാടുകളെ ഞരമ്പും മുടിയുമായും അവർ കരുതുന്നു. ഇതിൽ ഏതെങ്കിലും ഒന്നിൽ നിന്നും മാറുകയോ ഏതെങ്കിലും ഒന്ന് നഷ്ടമാവുകയോ ചെയ്താൽ അവരുടെ അസ്തിത്വം നഷ്ടമാകുമെന്നും അത് മരണത്തിന്റെ തുടക്കമാകുമെന്നും അവർ വിശ്വസിക്കുന്നു. അതിനാൽ ഭൂമിയുടെ സംരക്ഷണം അതിപ്രധാനമാണ് അവർക്ക്.[2]

മാമാ അലെറ്റ ഇപ്പോൾ പശ്ചിമ തിമോറിലുടനീളമുള്ള കമ്മ്യൂണിറ്റികളെ അവരുടെ പരമ്പരാഗത വനങ്ങൾ മാപ്പ് ചെയ്യാൻ സഹായിക്കുന്നു.[3] ജലസുരക്ഷ, തദ്ദേശവാസികളുടെ പ്രകൃതിവിഭവ മാനേജ്‌മെന്റ്, ഭൂമി അവകാശം എന്നിവയിൽ അവർ പ്രവർത്തിക്കുന്നു. അവർ ജക്കാർത്ത പോസ്റ്റിനോട് പറഞ്ഞു: “ഞങ്ങളുടെ പ്രദേശത്തിന്റെ അപ്‌സ്ട്രീം പ്രദേശം സംരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, കാരണം ഇത് മുഴുവൻ ദ്വീപിന്റെയും നീർത്തടമാണ്. ഞങ്ങളുടെ മൂന്ന് കമ്മ്യൂണിറ്റികൾക്കും ഒരു സംയുക്ത പട്ടയം ഞങ്ങൾ പരിഗണിക്കുകയും ഭൂമി കമ്മ്യൂണിറ്റികളുടെ കൂട്ടായ ഉടമസ്ഥതയിൽ സ്ഥാപിക്കുകയും ചെയ്യുന്നു".[4] ഇതിനെ സഹായിക്കാൻ അവർ 2011-ൽ യൂണിവേഴ്‌സിറ്റാസ് തൃത്തുങ്കൽ സുരബായയിൽ നിന്ന് നിയമബിരുദം നേടി.[5]


ഉദ്ധരണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.goldmanprize.org/recipient/aleta-baun
  2. 2.0 2.1 http://www.thejakartapost.com/news/2013/04/18/aleta-baun-environmental-heroine-molo.html
  3. "Prize Recipient Aleta Baun". Goldman_Environmental_Prize. Retrieved 11 October 2013.
  4. "Aleta Baun: Aleta Baun: Environmental heroine from Molo". Jakarta Post. April 18, 2013.
  5. http://go.galegroup.com/ps/i.do?p=AONE&u=lom_aquinascoll&id=GALE%7CA352615266&v=2.1&it=r&sid=AONE&asid=610aca3f

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലേറ്റ_ബോൻ&oldid=3736973" എന്ന താളിൽനിന്ന് ശേഖരിച്ചത്