Jump to content

അറ്റ്ലാന്റിക് പ്രാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാനഡയുടെ അറ്റ്ലാന്റിക് പ്രാന്തം

അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഉഭയപാർശ്വങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് അറ്റ്ലാന്റിക് പ്രാന്തം.

അമേരിക്കൻ വൻകര കണ്ടുപിടിക്കുകയും അവിടത്തെ പ്രകൃതി വിഭവങ്ങൾ ഉപയോഗയോഗ്യമാക്കുകയും ചെയ്തശേഷം അവിടയുള്ള രാജ്യങ്ങൾ വളരെ വേഗം വികസിച്ച് അവ ലോകത്തിന്റെ രാഷ്ട്രീയ സാമ്പത്തിക നേതൃപദവിയിലേക്ക് അചിരേണ ഉയർന്നു. ഇതിന്റെ ഫലമായി യൂറോപ്പ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ആംഗ്ളോ-അമേരിക്ക എന്നീ പ്രദേശങ്ങളിലെ വികസിതവും വികസ്വരവുമായ രാഷ്ട്രങ്ങൾ അറ്റ്ലാന്റിക് സമുദ്രത്തിന്റെ മറുകരയിലുള്ള മറ്റു രാഷ്ട്രങ്ങളുമായി നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു. ആകാശമാർഗവും ജലമാർഗവുമായി വ്യാപാരസംബന്ധമായ ഗതാഗതവും സൈനികനീക്കങ്ങളും അടിസ്ഥാനമാക്കി നോക്കുമ്പോൾ ലോകത്തിലെ ഏറ്റവും തിരക്കു പിടിച്ച സമുദ്രം അറ്റ്ലന്റിക് ആയിത്തീർന്നു. സൂയസ് കനാൽ അടച്ചതിനുശേഷം, ഗുഡ്ഹോപ്പ് മുനമ്പിനെ ചുറ്റിയുള്ള നാവികമാർഗ്ഗം വീണ്ടും അത്യന്താപേക്ഷിതമായി വന്നതോടെ അറ്റ്ലാന്റിക് പ്രാധാന്യം വീണ്ടും വർധിച്ചു.

വൻകരാവേദി(colcontinental platform)[1]കളുടെയും സമുദ്രതട (ocean basin)ങ്ങളുടെയും[2] ആവിർഭാവത്തെ സംബന്ധിക്കുന്ന വിസ്ഥാപന പരികല്പനകൾ (drift hypotheses)[3] അനുസരിച്ച് അറ്റ്ലാന്റിക്കിന്റെ ഉഭയപാർശ്വങ്ങൾ ഉൾപ്പെട്ട പാൻജിയാ (Pangaea)[4] എന്നൊരു വിസ്തൃത ഭൂഖണ്ഡം കാർബോണിഫെറസ് ഘട്ടം (Carboniferous period)[5] വരെ നിലനിന്നിരുന്നു. പിന്നീടാണ് അവ ഇരുവശങ്ങളിലേക്കും നീങ്ങി സമുദ്രമുണ്ടായത്. സസ്യശാസ്ത്രപരവും, ഭൂവിജ്ഞാനീയപരവും, ജീവാശ്മീയവുമായ (Palaentological)[6] തെളിവുകൾ ഇതിനുപോദ്ബലകമായി ലഭിച്ചിട്ടുണ്ട്. രണ്ടു ഈർച്ചവാളുകളുടെ പല്ലുകൾ കൂട്ടിച്ചേർക്കുമ്പോൾ വിടവുകൾ പരസ്പരം അടയുന്നതുപോലെയുള്ള സ്ഥിതിവിശേഷം, അറ്റ്ലന്റിക്കിന്റെ ഇരുകരകളും കൂട്ടിച്ചേർക്കുമ്പോഴും ഉണ്ടാകും. വടക്കേ അമേരിക്കയിലെയും വടക്കേ യൂറോപ്പിലെയും കാർഡോണിയൻ-ഹെർസീനിയൻ ഗിരിപങ്ക്തികളും, തെക്കേ അമേരിക്കയിലെ പ്രീ-ഡെവോണിയൻ-ട്രയാസിക് പർവതന വലയവും തമ്മിലുള്ള സംരേഖണം ശ്രദ്ധേയമാണ്.

കാർബോണിഫെറസിന്റെ അന്ത്യഘട്ടത്തിലേതായ ടിലൈറ്റ് (Tillite) തടങ്ങൾ തെക്കേ അമേരിക്കയിലും ബ്രസീലിലും (ഇന്ത്യയിലും ആസ്ട്രേലിയയിൽ പോലും) കണ്ടെത്തിയിട്ടുണ്ട്. ഇതിൽനിന്നും താണ അക്ഷാംശങ്ങളുള്ള ഈ പ്രദേശങ്ങൾ ഒരു കാലത്തു ഹിമനദീയനത്തിന് (glaciation) വിധേയമായിരുന്നു എന്നനുമാനിക്കേണ്ടിവരുന്നു.

അവലംബം

[തിരുത്തുക]
  1. വൻകരാവേദി
  2. സമുദ്രതടം
  3. പരികല്പനകൾ
  4. പാൻജിയാ
  5. കാർബോണിഫെറസ് ഘട്ടം
  6. ജീവാശ്മീയമായ തെളിവുകൾ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അറ്റ്ലാന്റിക് പ്രാന്തം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.