അറേബ്യൻ മണൽപ്പൂച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറേബ്യൻ മണൽപ്പൂച്ച [1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
F. margarita
Binomial name
Felis margarita
Loche, 1858
Subspecies

See list

Geographic range
Synonyms[1]
List
  • Felis marginata Gray, 1867
  • F. margaritae Trouessart, 1897
  • F. marguerittei Trouessart, 1905
  • Otocolobus margarita Heptner and Dementiev, 1937
പേർഷ്യൻ മണൽപ്പൂച്ച
പേർഷ്യൻ മണൽപ്പൂച്ച
മണൽപ്പൂച്ച അതിൻറെ മാളത്തിൽ
മണൽപ്പൂച്ച അതിൻറെ മാളത്തിൽ

അറേബ്യൻ മണൽപ്പൂച്ച, അറേബ്യൻ സാൻഡ് ഡ്യൂൺ ക്യാറ്റ് എന്നും പരക്കെ അറിയപ്പെടുന്നു പ്രമുഖമായി മരുഭൂമിയുടെ ഉള്ളിൽ മാത്രം കണ്ടുവരുന്ന ഒരു പൂച്ച വർഗ്ഗമാണ്. സൌദി അറേബ്യ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ പ്രദേശങ്ങൾ, മദ്ധ്യേഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലെ മരുഭൂമികളിൽ ഇവയെ കണ്ടുവരുന്നു. ഇവ അന്യം നിന്നു പോകാൻ സാദ്ധ്യതയുളള ഒരു ജീവിവർഗ്ഗമായാണ് കണക്കാക്കപ്പെടുന്നത്. മണലും കല്ലുകളും നിറഞ്ഞതും ജലം അത്യപൂർവ്വവുമായ മണൽ മരുഭൂമികളിൽ ഇവ കാണപ്പെടുന്നു. മരുഭൂവാസത്തിന് അനുയോജ്യമാം വിധമുള്ള രോമങ്ങൾ ശരീരത്തിൽ നിറഞ്ഞ ഘടനയാണ് ഇത്തരം മണൽപ്പൂച്ചകൾക്കുള്ളത്. അതിനാൽ അതികഠിനമായ ചൂടും തണുപ്പുമുളള മരുഭൂമികളിൽ ഇവ അനായാസം ജീവിക്കുന്നു.[3]

അറേബ്യൻ മണൽപ്പൂച്ചയുടെ ശാസ്ത്രനാമം Felis margarita എന്നാണ്. മാർജ്ജാരവർഗത്തിൽപ്പെട്ട ഇവയുടെ ലാറ്റിൻ പേരു വന്ന വഴി 1858-ൽ ഫ്രഞ്ച് പര്യവേക്ഷകനായ ജനറൽ ജീൻ അഗസ്റ്റെ മാർഗരൈറ്റ് ആദ്യമായി സഹാറ മരുഭൂമിയിലെ ഒരു പര്യവേക്ഷക പര്യടനത്തിനിടെ ഇവയുടെ നിലനിൽപ്പു കണ്ടുപിടിച്ചതോടെയാണ്. ലിബിയയ്ക്കും അൾജീരിയയ്ക്കുമിടയിലുള്ള മരുഭൂമിയിൽ നിന്ന് അദ്ദേഹം ഇവയിലൊന്നിനെ പിടികൂടുകയും ചെയ്തു.  

പ്രകൃതം[തിരുത്തുക]

അറേബ്യൻ മണൽപ്പൂച്ചകൾക്ക് അതികഠിനമായ ചൂടുള്ളതും ഊഷരവുമായ മരുപ്രദേശങ്ങളിൽ ജീവിക്കുന്നതിന് അനുരൂപമായ ശരീരഘടനയാണുള്ളത്. പശ്ചിമേഷ്യൻ പ്രദേശങ്ങൾ മുതൽ വടക്കൻ ആഫ്രിക്ക വരെയുള്ള മരുഭൂമിയിൽ ഇവയെ യഥേഷ്ടം കാണാറുണ്ട്. രോമാവൃതമായ ഉള്ളം കാലുകൾ മണലിൽ കാൽപ്പാദം അഴ്ന്നു പോകാതെയും പാറക്കെട്ടുകൾ നിറഞ്ഞതും ചുട്ടുപൊള്ളുന്നതുമായ മരുഭൂമിയിലെ മണൽക്കൂനയിലൂടെയും അതിവേഗം സഞ്ചരിക്കുന്നതിനും പര്യാപ്തമായതാണ്. മണൽപ്പൂച്ചകൾക്ക് ശരീരഭാരം വളരെ കുറവായിതിനാലും കാൽപ്പാദങ്ങൾ രോമാവൃതമായതിനാലും ഇവയുടെ കാലടിപ്പാടുകൾ മണലിൽ അൽപം പോലും പതിയുകയില്ല. ഈ പൂച്ച വർഗ്ഗത്തിന് സാധാരണയിലും വലിയ ചെവികളാണുള്ളത്. ഈ വലിയ ചെവികൾ അന്തരീക്ഷത്തിലൂടെ വരുന്ന തീരെ ചെറിയ ശബ്ദവീചികളെപ്പോലും പിടിച്ചെടുക്കാൻ പര്യാപ്തമായവയാണ്. വലിയ പരന്ന മുഖവും വലിയ ചെവികളും അണ്ഡാകൃതിയിലുള്ള കണ്ണുകളും കാർട്ടൂൺ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കും വിധമാണ്. വളർത്തു പൂച്ചകളേപ്പോലെയാണ് കാഴ്ചയിലെങ്കിലും വന്യമായ സ്വഭാവമാണ് ഇവയ്ക്കുള്ളത്.

1.3 മുതൽ 3.4 കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന ഇവയുടെ നീളം 29 മുതൽ 36 ഇഞ്ചുവരെയും ഉയരം 10 മുതൽ 12 ഇഞ്ചുവരെയുമാണ്. ഇടതിങ്ങിയ മൃദുവായ രോമരാജികൾ മരുഭൂമിയിലെ മണലിന്റ‍ നിറത്തിന് തികച്ചും അനുയോജ്യമായതാണ്. ചാരക്കളർ പോലെയുള്ള മറ്റു നിറങ്ങളിലും ഇവയെ കാണപ്പെടുന്നു. ചെവികൾ തവിട്ടു കലർന്ന ചുവപ്പു നിറമാണ്.

അറേബ്യൻ മണൽപ്പൂച്ച (തള്ളയും കുഞ്ഞും)
  • വാലിന്റെ നീളം: 23-31 cm (9-12″)
  • ഉയരം : 24-30 cm (10-12″)
  • ഭാരം : 1.3-3.4 kg (3-7.5 lbs)

സാധാരണ നാമം : സാൻഡ് ക്യാറ്റ് (മണൽപ്പൂച്ച)

കിങ്ഡം : അനിമാലിയ

ഫിലം : ഖോർഡാറ്റ (Vertebrata)

ക്ലാസ്: മാമ്മലിയ

ഓർഡർ : കാർണിവോറ

ഫാമിലി: ഫെലിഡെയ്

ജീനസ്: ഫെലിനെയ് (ഫെലിസ്)

സ്പിഷീസ്: മാർഗ്ഗരിറ്റ

ഉപ വർഗ്ഗങ്ങൾ : [തിരുത്തുക]

F.m മാർഗ്ഗരിറ്റ – സഹാര മരുഭൂമി.

F.m. തിനോബിയ – തുർക്ക്മെനിസ്ഥാൻ

F.m. ഷെഫേലി – പാകിസ്താൻ

F.m. ഹറിസോനി – അറേബ്യൻ മരുഭൂമി, ജോർദാൻ എന്നിവിടങ്ങളിൽ       

ഇവയുടെ ദേഹാവരണം ഇടതിങ്ങിയതും മൃദുവായതും മങ്ങിയതുമാണ്. വയർ, നെഞ്ച്, മുൻ കാലുകൾക്കു തൊട്ടു താഴെയുള്ള മസിൽ ഭാഗങ്ങൾ തുടങ്ങിയവ മങ്ങിയ വെള്ളനിറമായിരിക്കും. കാലുകളിലും വാലിലും കറുത്ത വരകളുണ്ടായിരിക്കും. നിവർന്നു നിന്നാൽ 24 മുതൽ 30 സെന്റീമീറ്റർ വരെ ഉയരമുള്ള ഇവയുടെ ഭാരം വെറും 3.4 കിലോഗ്രാം വരെയാണ്. വളർത്തുപൂച്ചയേക്കാൾ ചെറുതും എന്നാൽ കരുത്തുള്ളതുമാണിവ. ഒരു വളർത്തുപൂച്ചയെപ്പോലെ സന്തോഷസൂചകമായി ഇവയും അൽപം വ്യത്യസ്തമായ കുറകൽ ശബ്ദം പറപ്പെടുവിക്കുന്നു. നിശാചാരികളായ ഇവ പകൽ സമയം സ്വയമുണ്ടാക്കിയ മാളങ്ങളിലോ സ്വാഭാവികമായുള്ള മാളങ്ങളിലോ ഒളിച്ചു കഴിയുന്നു. 

പാർപ്പിടങ്ങൾ[തിരുത്തുക]

പാറകളും മണലും നിറഞ്ഞ മരുഭൂമികളാണ് ഇവയുടെ ആവാസ കേന്ദ്രം. അതികഠിനമായ ചൂടും തണുപ്പും താങ്ങുവാൻ കെൽപ്പുള്ളതാണ് ഇവയുടെ ശരീരവ്യവസ്ഥ. -5°C മുതൽ +58°C വരെയുള്ള താപനില മണൽപ്പൂച്ചകൾക്ക് ഒരു പ്രശ്നമേയല്ല. എകാന്തവാസികളായ ഇവയെ അപൂർവമായി മാത്രമേ ഒന്നിച്ചു കാണാറുള്ളു. യുണൈറ്റഡ് ആരബ് എമിറേറ്റ്സിലെ മരുഭൂമിയുടെ ഉൾഭാഗത്തെ മണൽപ്രദേശങ്ങളിൽ ഇവയെ രാത്രികാലങ്ങളിൽ അപൂർവ്വമായി കാണാവുന്നതാണ്. ഇവയെ ഒരിക്കലും വളർത്തുപൂച്ചയ്ക്കു സമാനമായി വളർത്താൻ സാധിക്കില്ല എന്നുള്ളതാണ് സത്യം. എതിരെ പ്രകാശം അടിയ്ക്കുമ്പോൾ മണൽപ്പൂച്ചകൾ മിന്നൽവേഗത്തിൽ താഴേയക്കു പതുങ്ങുകയും കണ്ണുകളടയ്ക്കുകയും ചെയ്യുന്നതിനാൽ കണ്ണിൽ വെളിച്ചം തട്ടി പ്രതിഫലിക്കുന്ന വേളയിൽ അവയെ കണ്ടെത്തുക അതീവ കഠിനമാണ്. ജീവിക്കുന്ന പരിതഃസ്ഥിതിയനുസിരിച്ചുള്ള നിറമായതിനാൽ മണലിൽ അവയെ കണ്ടെത്തുന്നതിനും പ്രയാസമാണ്. പ്രകൃതിക്കിണങ്ങിയ നിറമായിതിനാൽ സാധാരണഗതിയിൽ ഇവയെ നിരീക്ഷിക്കുക സാദ്ധ്യമല്ല.

കാണപ്പെടുന്ന പ്രദേശങ്ങൾ[തിരുത്തുക]

പശ്ചിമേഷ്യൻ പ്രദേശങ്ങൾ മുതൽ തുർക്ക്മെനിസ്ഥാൻ വരെയും പിന്നെ സഹാറ മരുഭൂമി മുതൽ മൊറോക്കോ, ഈജിപ്റ്റ്, സുഡാൻ എന്നിവിടങ്ങളിലും  പൊതുവായി ഇവയെ കാണപ്പെടുന്നു. ഇവ കാണപ്പെടുന്ന മരുഭൂമി പ്രദേശങ്ങളിൽ മഴ 20 മില്ലീമീറ്ററിലും താഴെയാണ്. എണ്ണത്തിൽ വളരെ കുറവായ ഇവ ചില സമയങ്ങളിൽ ചെറുനായ്ക്കളുടേതു പോലെയുള്ള ശബ്ദമുണ്ടാക്കുന്നു. ഈ ശബ്ദം വളരെയകലെയുള്ള ഇവയുടെ ഇണകൾക്കു കേൾക്കുവാൻ സാധിക്കും.

പ്രത്യുൽപാദനം[തിരുത്തുക]

മണൽപ്പൂച്ചകൾ വർഷത്തിൽ രണ്ടു തവണ പ്രത്യുൽപ്പാദനം നടത്തുന്നു. ഇത് മാർച്ച്-ഏപ്രിൽ മാസങ്ങളിലും പിന്നീട് ഒക്ടോബർ മാസത്തിലുമായിരിക്കും. ഗർഭാവസ്ഥ 60 മുതൽ 67 ദിവസങ്ങൾ വരെയാണ്. ഒരു സമയം രണ്ടുമുതൽ നാലുവരെ കുഞ്ഞുങ്ങളുണ്ടാകാറുണ്ട്. ജനന സമയത്ത് പൂച്ചക്കൂഞ്ഞുങ്ങൾക്ക് ഏകദേശം 50 മുതൽ 60 വരെ ഗ്രാം ഭാരമുണ്ടാകും ഓരോന്നിനും. ദിവസവും 12 ഗ്രാം വീതമുള്ള വളർച്ചയുണ്ടാകുന്നു. ജനിച്ച് പതിനാലാമത്തെ ദിവസം പൂച്ചക്കുഞ്ഞുങ്ങൾ കണ്ണുതുറക്കുന്നു. 21-ആം ദിവസം അവ നടക്കുവാനാരംഭിക്കും. ഖരപദാർത്ഥങ്ങൾ 5 ആഴ്ച പ്രായമാകുമ്പോൾ കഴിച്ചു തുടങ്ങും. മൂന്നു നാലും മാസം പ്രായമായിക്കഴിഞ്ഞാൽ തനിയെ വേട്ടയാടിത്തുടങ്ങുന്നു. 10 മുതൽ 12 മാസങ്ങൾക്കൊണ്ട് പൂച്ചക്കുഞ്ഞുങ്ങൾ പൂർണ്ണവളർച്ചയെത്തുന്നു. കൂട്ടിലടയ്ക്കപ്പെട്ട മണൽപ്പൂച്ചകൾ 18 വർഷങ്ങൾ വരെ ജീവിച്ചതായി രേഖകളുണ്ട്. 

സാമൂഹ്യജീവിതം[തിരുത്തുക]

പൊതുവേ ഏകാന്തവാസികളാണ് മണൽപ്പൂച്ചകൾ. ഒന്നിൽകൂടുതലെണ്ണത്തിനെ കാണാൻ സാധിക്കുന്നത് അത്യപൂർവ്വമായിട്ടാണ്. ഇവയുടെ ആകെയുള്ള എണ്ണവും പൊതുവേ കുറവാണ്. ഇവ സാധാരണ പൂച്ചകളേപ്പോലെ കരയുകയും ചെറു പട്ടികളെപ്പോലെ മോങ്ങുകയും, മുരളുകയും പുലിയേപ്പോലെ ചീറ്റുകയും ചെയ്യാറുണ്ട്.

ഇരതേടലും ഭക്ഷണവും.[തിരുത്തുക]

പാമ്പുകളെ ഇവ ഭയപ്പെടുന്നില്ല. അവസരം കിട്ടിയാൽ അവയെ ഭക്ഷണമാക്കുകയും ചെയ്യാറുണ്ട്. വെള്ളമില്ലാതെ ദിവസങ്ങൾ കഴയുവാൻ സാധിക്കും. രാത്രിയായാൽ ഇവ ഇര തേടാനിറങ്ങുകയായി. ഇവ വളർത്തു പുച്ചകളേപ്പോല കരയുകയും പട്ടികളേപ്പോലെ കുരയ്ക്കുകയും ചെയ്യുന്നു. ഇരപിടിക്കുന്നതിൽ വളരെ സമർത്ഥരാണിവർ. രോമാവൃതമായി കാല്പാദങ്ങളും ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമായ ചെറിയ ശരീരം മണലിലൂടെ പറക്കും വേഗതയിൽ അനായാസമായി കുതിക്കുവാൻ ഇവയെ പ്രാപ്തമാക്കുന്നു. ഇതു മിക്കവാറം പറക്കുന്നതു പോലയാണ് അനുഭവപ്പെടുക.

മണൽപ്പൂച്ചകളുടെ ഘ്രാണശക്തി വളരെ അപാരമാണ്. ശക്തമായതും മൂർച്ചയുള്ളതുമായ മുൻകാലുകൾ മണൽ കുഴിച്ച് ഉള്ളിലൊളിച്ചിരിക്കുന്ന ഇരയെ പുറത്തെടുക്കാൻ സഹായകമാണ്. പ്രാഥമികമായി ഇവയുടെ ഭക്ഷണമായിത്തീരാറുള്ളത് മരുഭൂമിയിൽ കാണപ്പെടുന്ന ജെർബിൽ എന്ന ഒരുതരം ചെറു എലികളാണ്. കണ്ണിൽപ്പെടുന്ന ഇരകളെ മിന്നൽപ്പിണരിന്റെ വേഗത്തിൽ അവ പിടിയിലൊതുക്കാറുണ്ട്. പാമ്പിനെ പിടികൂടുന്നതിൽ അഗ്രഗണ്യരാണ് ഈ ജീവികൾ. തലയിലേൽപ്പിക്കുന്ന അതിവേഗമുള്ള ഉഗ്രമായ അടിയിലൂടെയും കഴുത്തിലെ കടിയിലൂടെയും ഇരയുടെ മരണം ഇവ ഉറപ്പുവരുത്തുന്നു.   ആക്രമണ സ്വഭാവമുള്ള ഇവ ഹോൺഡ് സാൻഡ് വൈപ്പർ പോലുള്ള വിഷമുള്ള പാമ്പുകളെയും ഇരയാക്കി ഭക്ഷിക്കുന്നു.

രാത്രിഞ്ജരന്മാരായ ഇവർ സൂര്യനസ്ഥമിക്കുന്നതോടെ ഇരതേടിയിറങ്ങുന്നു. നിലം കുഴിക്കുന്നതിൽ അഗ്രഗണ്യരാണിവർ. ഇവർ പിടിയ്ക്കുന്ന ഇരകളിൽ ഭൂരിഭാഗവും മാളങ്ങളിൽ കഴിയുന്ന സസ്തനികളാണ്. മണൽപ്പൂച്ചകൾ ഇര ഒളിച്ചിരിക്കുന്ന മാളം സ്ഥിതി ചെയ്യുന്നിടം കുഴിച്ച് അവയെ നിർബന്ധപൂർവ്വം പുറത്തു ചാടിക്കുന്നു. അണ്ണാനേപ്പോലെ മണൽപ്പൂച്ചകളും പിന്നീട് വന്നു ഭക്ഷിക്കുവാനായി കൂടുതലായി വേട്ടയാടിയ ഭക്ഷണങ്ങൾ കുഴിച്ചിടുന്ന സ്വഭാവമുണ്ട്.

ഒരുദിവസം ഏകദേശം അഞ്ചുകിലോമീറ്റർ ദൂരമൊക്കെ ഇവ ഇരതേടി സഞ്ചരിക്കാറുണ്ട്. ചെറു പക്ഷികൾ, മണലിൽ കാണപ്പെടുന്ന ഒരിനം എലികൾ, മുയലുകള്, ഇഴജന്തുക്കൾ, കീടങ്ങൾ എന്നിവ ഇവയുടെ ആഹാരമായിത്തീരുന്നു. ഇവ സാധാരണഗതിയിൽ വെള്ളം കുടിക്കാറില്ല. ഇവയുടെ ശരീരധർമ്മങ്ങൾക്കാവശ്യമായി ജലം അവ ഇരയായി പിടിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ലഭിക്കുന്നത്. അതിനാൽ വെള്ളം തീരെയില്ലാത്ത ദേശങ്ങളിൽക്കൂടി ഏറെദൂരം സഞ്ചരിക്കുവാൻ ഇവയ്ക്കു സാധിക്കുന്നു.

യൂറോപ്യൻ കാട്ടുപൂച്ചകളായ ഫെലിസ് സിൽവെസ്ട്രിസിന്റെ അടുത്ത ബന്ധുക്കളാണിവർ. മണൽപ്പൂച്ചകൾ കുഴിക്കുന്നതിൽ മിടുക്കന്മാരാണ്. മാളങ്ങൾ നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനും ഈ കുഴിക്കൽ അത്യന്താപേക്ഷിതവുമാണ്. കുഴിക്കലിന്റെ ഫലമായി ഇവയുടെ നഖങ്ങൾ എപ്പോഴും മൂർച്ച കുറവായിരിക്കുന്നു. മരുഭൂമികളില് ഇവ രാകി മൂർച്ച കൂട്ടുന്നതിനുള്ള അവസരങ്ങൾ ഇവയ്ക്കു വിരളമായേ കിട്ടാറുള്ളു. ഇവയുടെ പ്രധാന ശത്രുക്കൾ വിഷമുള്ള പാമ്പുകളും, ചെന്നായ്ക്കളും വലിയ മൂങ്ങകളും പിന്നെ മനുഷ്യനുമാണ്.

സഹാറാ മരുഭൂമിയ്ക്കു സമീപമുള്ളവർ ഇവയെ ‘മാളമുണ്ടാക്കുന്ന പൂച്ചകൾ’ എന്നാണ് പറയുന്നത്. സഹാറാ മരുഭൂമിയിലെ നാടോടികളുടെയിടയിൽ ഇവ വളരെ മതിപ്പുളവാക്കുന്ന ജീവികളാണ്. എന്തുകൊണ്ടെന്നാൽ ഇവയുടെ പാമ്പിനെ വേട്ടായാടുന്നതിലുള്ള വൈദഗ്ദ്ധ്യമാണിതിനു കാരണം, പ്രത്യേകിച്ച് മണൽ അണലി പോലുള്ള വിഷപ്പാമ്പുകളെ വേട്ടയാടുന്നതിൽ. അമിതമായി വേട്ടയാടുന്ന സ്വഭാവമുള്ള ഇവ ബാക്കിയുള്ള ഭക്ഷ്യവസ്തുക്കൾ മണൽ മൂടി സംരക്ഷിക്കുന്നു.

ചൂടുകൂടിയ പകൽ ഇവർ മണൽക്കുന്നുകളിൽ സ്വയം നിർമ്മിച്ച അഴം കുറഞ്ഞ മാളങ്ങളിലോ കുറ്റിച്ചെടികളുടെ ഇടയിലോ പതുങ്ങിയിരിക്കുന്നു. അപൂർവ്വമായി മാത്രം ഇവയെ മാളങ്ങൾക്കു പുറത്തു പകൽസമയത്തു കാണാം. രാത്രി വേട്ടക്കിറങ്ങുന്നതിനു മുമ്പ് മാളത്തിനു പ്രവേശനകവാടത്തിനു സമീപം നിന്ന് ഏകേദശം 15 മിനിട്ടുകൾ പരിസരനിരീക്ഷണം നടത്തിയതിനു ശേഷമാണ് മുന്നോട്ടു നീങ്ങുന്നത്. രാത്രിമുഴുവൻ ഇവ പ്രവർത്തന നിരതമായിരിക്കും. വേട്ടയാടലും മറ്റുമായി 5 മുതൽ 10 വരെ കിലോമീറ്റർ ദൂരം ഇവ സഞ്ചരിക്കാറുണ്ട്.

പ്രധാന ഭീക്ഷണികൾ: [തിരുത്തുക]

മണൽപ്പൂച്ചകളുടെ നിലനിൽപ്പിൻറെ യഥാർത്ഥ ഭീക്ഷണി സ്വാഭാവിക ആവാസവ്യവസ്ഥകൾ ചുരുങ്ങി വരുന്നതാണ്. മനുഷ്യവാസത്തിന്റെ വ്യാപ്തി കൂടിക്കൊണ്ടിരിക്കുന്നതും പ്രകൃതി നശീകരണ പ്രവർത്തനങ്ങളും ഇതിൽ മുഖ്യമാണ്. മരുപ്പച്ചകളിൽ വസിക്കുന്നവർ തങ്ങളുടെ വളർത്തു മൃഗങ്ങളെയും കോഴികളെയും മറ്റും ശാപ്പിടുന്ന കുറുക്കൻ, ചെന്നായ തുടങ്ങിയ മൃഗങ്ങൾക്കായി വയ്ക്കുന്ന കെണികളിൽ പലപ്പോഴും മണൽപ്പൂച്ചകൾ അകപ്പെട്ടു പോകുന്നു.

വടക്കേ അമേരിക്കയിലെ ചില മൃഗശാലകളിൽ ഈ ജീവികൾ കൂടുതൽ കാലം ജീവിച്ചതായി കാണുന്നു. രണ്ടു തലമുറയിലുള്ള മണൽപ്പൂച്ചകൾ ഇവിടെയുണ്ട്. സങ്കരവർഗ്ഗത്തിലുള്ളവയും ഇസ്രായേൽ പോലുള്ള രാജ്യങ്ങളിൽ നിന്നു കൊണ്ടുവന്നവയും ഇതിൽ ഉൾപ്പെടുന്നു. ഇൻറർനാഷണൽ സ്പിഷീസ് ഇൻഫൊർമേഷൻ സർവ്വീസ്, ലോകത്തൊട്ടാകെ 116 മണൽപ്പൂച്ചകളുള്ളതായിട്ടാണ് അനൌദ്യോഗിക കണക്കുകൾ. യു.എസില് 36 എണ്ണം നിലവിലുണ്ട്. 

സംരക്ഷണം[തിരുത്തുക]

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) മണൽപ്പൂച്ചകളെ അതീവ ജാഗ്രതാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അനതിവിദൂരഭാവിയിൽ ഇവയുടെ വംശം തന്നെ കുറ്റിയറ്റു പോകാൻ സാദ്ധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു. മറ്റു ജീവികൾക്കു വേണ്ടി ഒരുക്കി വയ്ക്കുന്ന കെണികളിൽ ഇവ പലപ്പോഴും അകപ്പെട്ടു പോകാറുണ്ട്. ഇവയെ അനധികൃതമായി പിടികൂടി പെറ്റ്ഷോപ്പുകളിൽ വിൽപ്പനയ്ക്കായും പ്രദർശിപ്പിക്കാറുണ്ട്. ലോകത്തൊട്ടാകെയുള്ള ജന്തുശാസ്ത്രജ്ഞർ ഇവയുടെ വംശം നശിച്ചു പോകാതിരിക്കുവാനുള്ള കൂട്ടായ ശ്രമങ്ങൾ ഇക്കാലത്തു നടത്തുന്നുണ്ട്. ലോകത്ത് ഇവയുടെ എണ്ണം എത്രയുണ്ടെന്നു കൃത്യമായി ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. മൃഗശാലകളിൽ ഇവയെ വളർത്തുന്നതിന് പല ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നു. പ്രത്യേകിച്ച് ഇവയുടെ വന്യ സ്വഭാവവും അലഞ്ഞു തിരിയുന്ന ജന്മവാസനയും തല്ലിക്കെടുത്തുക ഏറെ പ്രയാസകരമായണ്.

കുറുക്കൻ, കാട്ടു പട്ടികൾ തുടങ്ങിയവയിൽ നിന്നുള്ള ഭീക്ഷണികൾ കാരണം ഇവയുടെ ആവാസ വ്യവസ്ഥ ഒന്നിനൊന്നു ചുരുങ്ങിവരുന്നു. ഒരു തരം എലികളെ ഭക്ഷിക്കുന്ന കുറുക്കന്മാരുടെ ആധിക്യം സൌദി അറേബ്യയുടെ ചില പ്രദേശങ്ങളിൽ ഇവ കുറവായിരിക്കുന്നതിന് കാരണമായിരിക്കുന്നു.

വേട്ടക്കാർ പിന്തുടരുമ്പോൾ ഇവ മണലിൽ പതുങ്ങി ഒളിച്ചിരിക്കുന്നതിനാൽ പലപ്പോഴും ഇവ എളുപ്പത്തിൽ മരുഷ്യരുടെ പിടിയിൽപ്പെടുന്നു. വിനോദത്തിനു വേണ്ടി ഇവയെ വെടിവച്ചു കൊല്ലുന്നതും ഇവയുടെ എണ്ണം ഗണ്യമായി കുറയാൻ മറ്റൊരു കാരണമാണ്.

സ്വാഭാവികമായുള്ള ആവാസ വ്യവസ്ഥയിൽ ഇവയുടെ എണ്ണം ഇക്കാലത്ത് വളരെ കുറവാണ്. മണൽപ്പൂച്ചകളുടെ വാസസ്ഥലം പൂർണ്ണമായും ഒറ്റപ്പെട്ടു കിടക്കുന്ന മരു പ്രദേശങ്ങളിലാണ്. പകൽസമയം ഇവ പുറത്തിറങ്ങാത്തതിനാൽ മനുഷ്യൻറെ കണ്ണിൽപ്പെടുന്നില്ല. അൾജീരിയ പോലുള്ള രാജ്യങ്ങളിൽ ഇവ വളർത്തു പക്ഷികൾക്ക് ഒരു ഭീക്ഷണിയല്ല എന്നതിനാൽ അവയെ കെണിവച്ചു പിടിക്കുകയോ പെറ്റ്ഷോപ്പുകളിലെ പ്രദർശനത്തിനോ ഉപയോഗിക്കാറില്ല. ഛാഡിലെ റ്റൌബൌ നാടോടികൾ ഇവയെ കോഴി പോലുള്ള വളർത്തു പക്ഷികൾക്ക് ഒരു ഭീക്ഷണിയായി കരുതുന്നുവെങ്കിലും ചില വിശ്വാസപ്രമാണങ്ങൾ ഈ പൂച്ചകളെ ഉപദ്രവിക്കുന്നതിൽ നിന്ന് അവരെ തടയുന്നു. മണൽപ്പൂച്ചകൾ ഇവരുടെ താമസമേഖലകളിലേയ്ക്ക് രാത്രികാലങ്ങളിൽ അതിക്രമിച്ചു കയറാറുണ്ട്. പാകിസ്താനിൽ കാണപ്പെടുന്ന ഒരു ഉപവർഗ്ഗം (F.m. ഷെഫേലി) അന്യംനിന്നു പോകാൻ സാദ്ധ്യതയുള്ള ജീവിഗണമായി കരുതുന്നതിനാൽ ഇവയെ പിടികൂടാറില്ല.

2010 ൽ അൽ-ഐനിലെ മൃഗശാലയിൽ കൃത്രിമ മാർഗ്ഗങ്ങളിലൂടെ ബ്രീഡിംഗ് നടത്തിയതിന്റെ ഫലമായി ആദ്യത്തെ മണൽപ്പൂച്ചക്കുട്ടി ജന്മമെടുത്തു. ഇവിടുത്തെ മൃഗശാലയിൽ 31 അറേബ്യൻ മണൽപ്പൂച്ചകളുടെ ശേഖരമുണ്ട്. 16 ആൺപൂച്ചകളും 15 പെൺപൂച്ചകളും. മൃഗശാലയിൽ ഇവയ്ക്ക് സ്വാഭാവിക പരിതഃസ്ഥിതിയിൽ ജീവിക്കുന്നതിനുള്ള സൌകര്യങ്ങളൊരുക്കിയിരിക്കുന്നു.  മാർജ്ജാര കുടുംബത്തിലെ ഈ ചെറിയ ജീവികൾ അറേബ്യൻ ഉപദ്വീപിലെ എല്ലാ ഭാഗങ്ങളിലും ഇതു കൂടാതെ ആഫ്രിക്കയുടെ വടക്കൻ പ്രദേശങ്ങൾ, മദ്ധ്യേഷ എന്നിവിടങ്ങളിലും കണ്ടുവരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 536. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. Sliwa, A.; Ghadirian, T.; Appel, A.; Banfield, L.; Sher Shah, M.; Wacher, T. (2016). "Felis margarita". IUCN Red List of Threatened Species. Version 2016.2. International Union for Conservation of Nature. {{cite web}}: Cite has empty unknown parameter: |authors= (help); Invalid |ref=harv (help); Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  3. Nowell, K. and Jackson, P. (1996). Sand Cat Felis margarita Archived 2014-09-10 at the Wayback Machine.. in: Wild Cats. Status Survey and Conservation Action Plan. IUCN/SSC Cat Specialist Group, Gland, Switzerland and Cambridge, UK.
"https://ml.wikipedia.org/w/index.php?title=അറേബ്യൻ_മണൽപ്പൂച്ച&oldid=3623656" എന്ന താളിൽനിന്ന് ശേഖരിച്ചത്