അറയ്ക്കൽ രാജവംശം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കണ്ണൂരിന്റെയും ലക്ഷദ്വീപുകളുടെയും സൽത്തനത്ത് അറയ്ക്കൽ രാജവംശം | |||||||||
---|---|---|---|---|---|---|---|---|---|
1545–1819 | |||||||||
പതാക | |||||||||
തലസ്ഥാനം | കണ്ണൂർ | ||||||||
ഗവൺമെൻ്റ് | Monarchy | ||||||||
ചരിത്രം | |||||||||
• സ്ഥാപിതം | 1545 | ||||||||
• Annexed to British India | 1819 | ||||||||
|
കണ്ണൂർ കേന്ദ്രമായി നിലവിലുണ്ടായിരുന്ന കേരളത്തിലെ ഏക മുസ്‌ലിം രാജവംശമാണ് അറയ്ക്കൽ രാജവംശം[1][2].(കണ്ണൂർ രാജവംശം, കണ്ണൂരിന്റെയും ലക്ഷദ്വീപുകളുടെയും സൽത്തനത്ത് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു). കേരളത്തിലെ ഒരേ ഒരു മുസ്‌ലിം രാജവംശം അറയ്ക്കൽ രാജവംശമായിരുന്നു. മരുമക്കത്തായ സമ്പ്രദായമാണ് ഇവർ പിന്തുടർന്ന് പോന്നത്. അധികാരി അതു സ്ത്രീയാണെങ്കിൽ അറയ്ക്കൽ ബീവി എന്നും പുരുഷനാണെങ്കിൽ അലി രാജ എന്നുമുള്ള സ്ഥാനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. കണ്ണൂർ നഗരത്തിന്റെ ആധിപത്യവും വടക്കേമലബാറിലെ കുരുമുളകിന്റെയും ഏലത്തിന്റെയും വാണിജ്യകുത്തകയും ഏറെക്കാലം അറയ്ക്കൽ കുടുംബക്കാർക്കായിരുന്നു. 1772-ൽ ഡച്ചുകാരിൽ നിന്നും കണ്ണൂർ കോട്ട കരസ്ഥമാക്കി. ബ്രിട്ടീഷുകാരുമായി ബീവി ഉണ്ടാക്കിയ കരാർ പ്രകാരം മിനിക്കോയി, അമേനി, ലക്ഷദ്വീപ് എന്നിവ ബ്രിട്ടീഷ് ആധിപത്യത്തിലായി. ബീവി പിന്നീട് ബ്രിട്ടീഷുകാരിൽ നിന്ന് അടുത്തൂൺ പറ്റി.
പരമ്പരാഗതമായി പറഞ്ഞുപോരുന്ന മറ്റൊരു കഥ 11-ാം ശ.-ത്തിലോ 12-ാം ശ.-ത്തിലോ കോലത്തിരിയുടെ നായർ പ്രധാനികളിൽ ഒരാളും മന്ത്രിയായ അരയൻ കുളങ്ങര നായർ ഇസ്ലാം മതത്തിൽ ചേരുകയും മുഹമ്മദലി എന്ന പേരു സ്വീകരിക്കുകയും, കോലത്തിരി കോവിലകത്തെ ഒരു രാജകുമാരിയുമായി പ്രേമബദ്ധരാകുകയും ചെയ്തു. അവരുടെ വിവാഹം രാജാവുതന്നെ നടത്തികൊടുക്കുകയും, രാജകീയ ആഡംബരങ്ങളോടെ ഒരു കൊട്ടാരം പണിയിച്ച് താമസിപ്പിക്കുകയും ചെയ്തു. ഈ മുഹമ്മദലിയുടെ പിൻഗാമികളിൽ പലരും കോലത്തിരിയുടെ സചിവന്മാരെന്ന നിലയിൽ സേവനം അനുഷ്ഠിച്ചിരുന്നു എന്നും അവരാണ് മമ്മാലിക്കിടാവുകൾ എന്നു പിന്നീട് പ്രസിദ്ധരായിത്തീർന്നതെന്നും പറഞ്ഞുപോരുന്നുണ്ട്. ഇനിയുമുള്ള കഥകളിൽ ചിലത് കോലത്തിരിവംശത്തിലെ ഒരംഗം ഇസ്ലാംമതം സ്വീകരിച്ചതിനുശേഷം സ്ഥാപിച്ചതാണ് ഈ രാജകുടുംബം എന്നും അതല്ല കോലത്തിരി വംശത്തിലെ ഒരു കന്യക കുളിച്ചുകൊണ്ടിരിക്കുമ്പോൾ കാൽ വഴുതി വെള്ളത്തിൽ വീണുവെന്നും വെള്ളത്തിൽ മുങ്ങിക്കൊണ്ടിരുന്ന ആ തമ്പുരാട്ടിയെ വഴിയേപോയ ഒരു മുസ്ലിം യുവാവ് രക്ഷിച്ചുവെന്നും തന്റെ ജീവൻ രക്ഷിച്ച ആ യുവാവിനെത്തന്നെ വിവാഹം കഴിക്കാൻ അവർ നിർബന്ധം പിടിച്ചുവെന്നും ഇങ്ങനെ ഉദ്ഭവിച്ചതാണ് അറയ്ക്കൽ രാജവംശം എന്നും ആണ്.
അവസാന ഭരണാദികർ
[തിരുത്തുക]അറയ്ക്കൽ രാജകുടുംബത്തിന്റെ സ്ഥാപകൻ മുഹമ്മദ് അലി എന്നു പേരുള്ള ഒരു രാജാവായിരുന്നു. മലബാർ മാനുവലിൽ ഡബ്ലിയു. ലോഗൻ അറയ്ക്കൽ ഭരണാധിപന്മാരുടെ അതുവരെയുള്ള ഒരു പട്ടിക കൊടുത്തിട്ടുണ്ട്. അതിൽ ആദ്യത്തെ അഞ്ചുപേർ:
- മുഹമ്മദ് അലി
- ഉസ്സാൻ അലി
- അലിമൂസ
- കുഞ്ഞിമൂസ
- അലിമൂസ എന്നിവരാണ്.
ഒടുവിലത്തെ രാജാവ് 1183-84-ൽ മാലദ്വീപ് കീഴടക്കിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.
മറ്റു നാമങ്ങൾ
[തിരുത്തുക]അറയ്ക്കൽ സ്വരൂപത്തിലെ ഭരണാധിപന്മാരെല്ലാംതന്നെ അലിരാജ എന്ന് അവരുടെ പേരിനോടുകൂടി ചേർത്തുപോന്നിരുന്നു. ഇതു സംബന്ധമായും ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായഭേദങ്ങളുണ്ട്. കേരളത്തിലെ ആദ്യത്തെ മുസ്ലിം ഭരണാധികാരിയെന്നനിലയിൽ ആദിരാജാ എന്നും, കടലുകളുടെ അധിപതി എന്ന നിലയ്ക്ക് ആഴി രാജാ എന്നും, കുലീനനായ രാജാവെന്ന നിലയിൽ ആലി രാജായെന്നും, വംശസ്ഥാപകനായ മുഹമ്മദ് അലി എന്ന രാജാവിന്റെ നാമധേയം തുടർന്നുകൊണ്ട് അലി രാജായെന്നും പേരുണ്ടായതായിട്ടാണ് നാമവ്യാഖ്യാതാക്കൾ പറയുന്നത്.
ധർമപട്ടണത്തുനിന്നും മതപരിവർത്തനാനന്തരം ഈ കുടുംബം കണ്ണൂരിൽ താമസമാക്കി. അവിടെ കോട്ടകൊത്തളങ്ങൾ പണിയുകയും പ്രാർഥനാലയങ്ങൾ നിർമ്മിക്കുകയും ചെയ്ത ഇവർ കണ്ണൂരിനെ ഒരു പ്രധാന തുറമുഖപട്ടണമാക്കാൻ ശ്രമിച്ചു. ഇതിന്റെ ഫലമായി മധ്യകാല കേരളത്തിലെ വ്യാവസായിക-രാഷ്ട്രീയ തുറകളിൽ കണ്ണൂരിനും അറയ്ക്കൽ രാജവംശത്തിനും ഗണനീയമായ സ്ഥാനം ലഭിക്കുകയും ചെയ്തു. കണ്ണൂരിന്റെ അഭിവൃദ്ധി ഈജിപ്ത്, ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാരസമ്പർക്കം കൊണ്ടായിരുന്നു. കുരുമുളക്, കാപ്പി, ഏലം, വെറ്റില, അടയ്ക്ക, മരത്തടികൾ, കയറുത്പന്നങ്ങൾ മുതലായവ കയറ്റി അയയ്ക്കുന്നതിൽ സുപ്രധാനമായ പങ്ക് കണ്ണൂർ പട്ടണം വഹിച്ചിട്ടുണ്ട്. കൊടുങ്കാറ്റും, പേമാരിയും കടൽക്ഷോഭവുമൊക്കെ ഉണ്ടായാലും സുരക്ഷിതമായി നങ്കൂരമടിച്ചു കിടക്കാവുന്ന സ്ഥലമായിരുന്നു കണ്ണൂർ തുറമുഖം. വിദേശ കമ്പോളങ്ങൾ അങ്ങനെ കൈയടക്കുവാൻ സാധിച്ച അറയ്ക്കൽ സ്വരൂപത്തിനു മലബാറിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുസ്ലിം കച്ചവടക്കാരെയും നാവികരെയും കണ്ണൂരിലേക്കാകർഷിക്കുവാൻ കഴിഞ്ഞു. കടൽവ്യാപാരവും നാവികബലവും ഉണ്ടായിരുന്നതിനാലായിരിക്കണം അറയ്ക്കൽ രാജാക്കന്മാരെ ആഴിരാജാക്കൾ എന്നു വിളിച്ചുപോന്നിരുന്നത്.
രാജ്യവികസനം
[തിരുത്തുക]അറയ്ക്കൽ രാജവംശത്തിന്റെ പ്രധാന നേട്ടം അറബിക്കടലിൽക്കിടക്കുന്ന ദ്വീപസമൂഹങ്ങൾ തങ്ങളുടെ അധീനതയിൽ കൊണ്ടുവരുവാൻ കഴിഞ്ഞു എന്നതാണ്. അറയ്ക്കൽ രാജ്യം അറബിക്കടലിൽ ഒരു കടൽക്കോയ്മ സ്ഥാപിക്കുകയായിരുന്നു. മാലദ്വീപും ലക്ഷദ്വീപും കോലത്തിരിയിൽനിന്നും അറയ്ക്കൽ രാജാക്കന്മാർ വിലയ്ക്കു വാങ്ങിയതായിരിക്കാമെന്ന ഊഹത്തിനു വലിയ അടിസ്ഥാനമില്ല. നാവിക മേധാവിത്വം ഉണ്ടായിരുന്നവർക്കു മാത്രമേ അറബിക്കടലിൽ കിടക്കുന്ന ഈ ദ്വീപുകൾ കീഴടക്കുവാൻ കഴിയുമായിരുന്നുള്ളു. ദ്വീപസമൂഹങ്ങളുടെമേലുള്ള ഈ മേധാവിത്വം നിലനിർത്തുവാൻ ശക്തമായ നാവികബലംകൂടി ആവശ്യമായിത്തീർന്നതുകൊണ്ട് അക്കാര്യത്തിൽ ശ്രദ്ധിച്ച അറയ്ക്കൽ രാജാക്കന്മാർക്ക് കടലിന്റെയും ഉടമകളായി വാഴുവാൻ കുറേക്കാലത്തേക്കു കഴിഞ്ഞു. മിനിക്കോയിയെയും ലക്ഷദ്വീപിനെയും വേർതിരിക്കുന്ന കടലിടുക്കിനെ മമ്മാലിച്ചാനൽ എന്നാണ് പോർച്ചുഗീസു രേഖകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. എത്രമാത്രം പരമാധികാരം കടലുകളിൽ ആലി രാജായുടെ നാവികർക്കുണ്ടായിരുന്നുവെന്ന് ഇതിൽനിന്നും സ്പഷ്ടമാകുന്നു.
യുദ്ധങ്ങൾ
[തിരുത്തുക]പോർച്ചുഗീസുകാരുടെ വരവോടുകൂടി ഈ നാവിക മേധാവിത്വം ചോദ്യം ചെയ്യപ്പെട്ടു. വിദേശരാജ്യങ്ങളുമായുള്ള വ്യാപാരക്കുത്തകയും അല്പാല്പം നഷ്ടപ്പെടുവാൻ തുടങ്ങി. പുത്തനായി രംഗപ്രവേശം ചെയ്ത ഈ യൂറോപ്യൻ ശക്തിയെ കടലുകളിൽവച്ചുതന്നെ നേരിടുവാൻ ഏറ്റവും ബലവത്തായ നാവികവ്യൂഹം സൃഷ്ടിച്ചതും നൂറ്റാണ്ടിനുമേൽ നീണ്ടുനിന്ന യുദ്ധങ്ങൾ നടത്തിയതും ആലിരാജായുടെ കുടുംബമായിരുന്നു. തങ്ങളുടെ വ്യാപാര നിലനില്പിന് ഏറ്റവും ഹാനികരമായി വർത്തിച്ചിരുന്ന ശക്തി ആലി രാജവംശമാണെന്നു പോർച്ചുഗീസുകാർ മനസ്സിലാക്കിയതുകൊണ്ടാണ് സർവശക്തിയും സംഭരിച്ച് ഈ രാജവംശത്തിനെതിരെ അവർ നാവികയുദ്ധങ്ങൾ സംഘടിപ്പിച്ചത്. 1553-ൽ അവർ ലക്ഷദ്വീപിൽനിന്നും ആലി രാജായുടെ നാവികരെ പുറംതള്ളി ദ്വീപു കൈവശപ്പെടുത്തുകയുണ്ടായി. പക്ഷേ, ഏതാനും വർഷങ്ങൾ മാത്രമേ അവർക്കു ദ്വീപിൽ പിടിച്ചുനില്ക്കുവാൻ കഴിഞ്ഞുളളൂ. ആലി രാജായുടെ നാവികസേന പോർത്തുഗീസുകാരെ തോല്പിച്ചുകൊണ്ട് ഈ ദ്വീപ് തിരിച്ചുപിടിച്ചു. പടയാളികളുടെയും നാവികരുടെയും ക്രൂരമായ നരഹത്യ ഷൈഖ് സൈനുദ്ദീൻ അദ്ദേഹത്തിന്റെ തുഹ്ഫത്തുൽ മുജാഹിദീൻ എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. പോർച്ചുഗീസുകാരുടെ ശല്യം ശമിക്കാതായപ്പോൾ ബിജാപ്പൂരിലെ സുൽത്താൻ ആദിൽഷായോട് ആലി രാജാ സഹായമഭ്യർഥിച്ചു. ബീജാപ്പൂർ-ഈജിപ്ഷ്യൻ നാവികവ്യൂഹങ്ങൾ ആലിരാജായെ സഹായിക്കുവാൻ മുന്നോട്ടുവരികയും അങ്ങനെ പോർച്ചുഗീസു മുന്നേറ്റത്തെ ചെറുത്തുനില്ക്കുവാൻ ആലി രാജായ്ക്കു കഴിയുകയും ചെയ്തു. ഒന്നര നൂറ്റാണ്ടുകാലം നീണ്ടുനിന്ന ഈ നാവിക സംഘട്ടനങ്ങൾ ഒന്നുകൊണ്ട് മാത്രമാണ് പോർച്ചുഗീസുകാർക്ക് കേരളത്തിലും ഇന്ത്യയിലും ആധിപത്യം ഉറപ്പിക്കുവാൻ കഴിയാതെ പോയത്. എന്നാൽ ഈ യുദ്ധങ്ങൾ വ്യാപാരവും വാണിജ്യവും നടത്തി മുന്നേറിക്കൊണ്ടിരുന്ന കണ്ണൂരിന്റെ സാമ്പത്തികഘടനയെ പ്രതികൂലമായി ബാധിക്കുകയും അറയ്ക്കൽ രാജവംശത്തിന്റെ വളർച്ചയെ വിഘാതപ്പെടുത്തുകയും ചെയ്തു.
വ്യാപാരബന്ധങ്ങൾ
[തിരുത്തുക]പോർച്ചുഗീസുകാരെ പിൻതുടർന്നുവന്ന ഡച്ചുകാർ ആലി രാജവംശവുമായുള്ള സുഹൃദ്ബന്ധം ആദ്യം മുതല്ക്കുതന്നെ സുദൃഢമാക്കിയിരുന്നു. പോർച്ചുഗീസുകാരുടെ ശത്രുക്കളായിരുന്നു ഇരുകൂട്ടരും എന്നതാണ് ഈ മൈത്രീബന്ധത്തിന് ആക്കംകൂട്ടിയ വസ്തുത. പോർച്ചുഗീസുകാർക്കെതിരായി ഡച്ചുകാരെ സഹായിക്കുകയും കച്ചവടത്തിനാവശ്യമായ സഹായസഹകരണങ്ങൾ അവർക്കു ചെയ്തുകൊടുക്കുകയും ചെയ്തത് ആലി രാജാക്കന്മാരായിരുന്നു. 1663-ൽ കണ്ണൂർ നഗരത്തിനു തൊട്ടുണ്ടായിരുന്ന പോർച്ചുഗീസുകാരുടെ കോട്ട ഡച്ചുകാർ കീഴടക്കി. ഫോർട്ട് ഏൻജലോ എന്നായിരുന്നു കോട്ടയുടെ പേർ. ഈ കോട്ടയെക്കുറിച്ചും ആലി രാജായുടെ ആസ്ഥാനമായ കണ്ണൂർ നഗരത്തെക്കുറിച്ചും ഹാമിൽട്ടനും ബലാഡ്യൂവും മറ്റു സഞ്ചാരികളും ഒട്ടേറെ വിവരണങ്ങൾ നല്കിയിട്ടുണ്ട്. 1664 ഫെബ്രുവരി 11-നു ഒപ്പുവച്ച ഒരു ഉടമ്പടി അനുസരിച്ച് ഡച്ചുകാരും അറയ്ക്കൽ സ്വരൂപവും തമ്മിൽ സൗഹൃദവും കച്ചവടബന്ധവും സ്ഥാപിതമായി. എന്നാൽ കൊച്ചിരാജാവിന്റെയും സാമൂതിരിയുടെയും രാജ്യങ്ങളിൽനിന്നും കുരുമുളകും മറ്റു സുഗന്ധദ്രവ്യങ്ങളും സംഭരിക്കുന്നതിൽനിന്ന് ആലി രാജായെ വിലക്കിയിരുന്നതുമൂലം ഇദ്ദേഹം ഈ ഉടമ്പടി തികച്ചും മാനിച്ചിരുന്നില്ല. അതേകൊല്ലം മാർച്ച് 13-ന് ആലി രാജായുമായി ഡച്ചുകാർ മറ്റൊരു കരാറുണ്ടാക്കി. എങ്കിലും സംഭരിക്കാവുന്ന കുരുമുളക് മുഴുവൻ ഡച്ചുകാർക്കു നല്കി അവരെ പോഷിപ്പിക്കുന്നതിനുപകരം ഭൂരിഭാഗവും തന്റെ നിയന്ത്രണത്തിൽ തന്നെ വിദേശത്തേക്കു കയറ്റി അയയ്ക്കുകയാണ് ആലിരാജാ ചെയ്തത്. ഇതുമൂലം ഡച്ചുകാർ പ്രതീക്ഷിച്ചിരുന്ന ലാഭം അവരുടെ കണ്ണൂർ പണ്ടകശാലയിൽ നിന്നും ലഭിക്കുകയുണ്ടായില്ലെന്നു മലബാർതീരത്തെ ഡച്ചുകാരുടെ ഭരണത്തെപ്പറ്റി അതതു കാലത്തെ ഗവർണർമാർ എഴുതിയിട്ടുള്ള മെമ്മോറാണ്ടങ്ങളിൽനിന്നും മനസ്സിലാക്കാം.
പതിനെട്ടാം നൂറ്റാണ്ടിലെ രാഷ്ട്രീയ സാഹചര്യങ്ങൾ
[തിരുത്തുക]അയൽരാജ്യമായ കോലത്തിരി രാജവംശവുമായി പലപ്പോഴും സുഹൃദ്ബന്ധമാണ് അറയ്ക്കൽ രാജവംശം പുലർത്തിപ്പോന്നിട്ടുള്ളത്. അറയ്ക്കൽ സ്വരൂപത്തിലെ മമ്മാലിക്കിടാവുകൾ കോലത്തിരി രാജാക്കന്മാരുടെ പ്രധാന കാര്യസ്ഥന്മാരായിരുന്നു. അവരുടെ കച്ചവടവും നാവികപ്രവർത്തനങ്ങളും നിയന്ത്രിച്ചിരുന്നത് ഇവരാണ്. എന്നാൽ യൂറോപ്യൻ ശക്തികളുടെ രംഗപ്രവേശത്തോടുകൂടി കേരളത്തിലുടനീളം നാട്ടുരാജാക്കന്മാരുടെ നയപരിപാടികളിലും മാറ്റങ്ങളുണ്ടായി. കുടിപ്പക തീർക്കുവാനുള്ള വ്യഗ്രതയോടെ നാട്ടുരാജാക്കന്മാർ വിദേശശക്തികളുടെ സഹായത്തിനു മുന്നോട്ടു നീങ്ങി. ഈ പരിതഃസ്ഥിതിയിൽ പോർച്ചുഗീസുകാരോട് പൊരുതി നിന്നിരുന്ന അറയ്ക്കൽ രാജാക്കന്മാർക്ക് അവരുടെ സഹായികളായിരുന്ന നാട്ടുരാജാക്കന്മാരെയും എതിർക്കേണ്ടതായി വന്നുകൂടി. 18ആം ശതകത്തിന്റെ ഉത്തരാർധമായപ്പോഴേക്കും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും യഥാക്രമം മാഹിയിലും തലശ്ശേരിയിലും കച്ചവടകേന്ദ്രങ്ങൾ സ്ഥാപിച്ചു; കോലത്തിരി, സാമൂതിരി മുതലായ രാജാക്കന്മാരുമായി നേരിട്ടു ബന്ധം പുലർത്താൻ തുടങ്ങിയിരുന്നു. കച്ചവടത്തിനു കൂടുതൽ പ്രാധാന്യം കൊടുത്തിരുന്ന അറയ്ക്കൽ സ്വരൂപത്തിന് ഇതും ഒരു പുതിയ ഭീഷണിയായിത്തീർന്നു. മലബാറിലെ മുസ്ലിങ്ങൾ ആകമാനം തങ്ങളുടെ രക്ഷാകേന്ദ്രമായി കണ്ണൂരിനെ കണക്കാക്കിയിരുന്നതും മറ്റു മലയാളി രാജാക്കന്മാർക്ക് അരോചകമായിത്തീർന്നു. ഇങ്ങനെ കേരളത്തിലെ നാട്ടുരാജാക്കന്മാരും വിദേശശക്തികളും ചേർന്ന് ഒരു ഭാഗത്തും അറയ്ക്കൽ രാജവംശം മറുഭാഗത്തുമായി തുടരെത്തുടരെ സംഘട്ടനങ്ങൾ നടന്നുകൊണ്ടിരുന്ന അവസരത്തിലാണ് മൈസൂറിൽ ഹൈദർ അലി (1722-82) അധികാരത്തിൽവന്നത്.
പതനം
[തിരുത്തുക]കോലത്തിരി വംശത്തിലെ ഇളയ രാജാവായ കാപ്പു തമ്പാനും ആലി രാജായും ചേർന്ന് ഈ സന്ദർഭത്തിൽ ഹൈദർ അലിയെ മലബാറിലേക്കു ക്ഷണിച്ചു. തന്റെ അധികാരസീമ വിപുലമാക്കുവാൻ ലഭിച്ച ഈ അവസരം ഉപയോഗിച്ചാണ് 1766-ൽ ഹൈദർ അലി മലബാർ ആക്രമണത്തിനു പുറപ്പെട്ടത്. ആലി രാജാ ഇരുപതിനായിരത്തോളം കാലാൾപ്പടയും തന്റെ നാവികശക്തിയും സമാഹരിച്ചുകൊണ്ട് ഹൈദർ അലിയുടെ ആക്രമണത്തെ സഹായിക്കുകയും മലബാർ കീഴടക്കുകയെന്ന ഹൈദർ അലിയുടെ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തു. മലബാർ കീഴടക്കിയ ഹൈദർ അലി ചിറയ്ക്കൽ രാജ്യത്തിന്റെ ഭരണനേതൃത്വം ആലി രാജായെ ഏല്പിക്കുകയും അദ്ദേഹത്തിന്റെ സഹോദരനെ അറബിക്കടലിലെ മൈസൂർ നാവികപ്പടയുടെ അധിപനായി നിയമിക്കുകയുമുണ്ടായി. കോലത്തിരി രാജാവ് 1774-ൽ തിരുവിതാംകൂറിൽനിന്നും മടങ്ങിവന്ന് തന്റെ രാജ്യത്തിന്റെ ഭരണം തിരിച്ചേല്പിക്കണമെന്നും കപ്പം കൃത്യമായി നല്കാമെന്നും ഹൈദർ അലിയെ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ആലി രാജായെ മാറ്റി ചിറയ്ക്കൽ രാജാവിന് സ്ഥാനം ഏല്പിച്ചുകൊടുക്കുകയും ചെയ്തു. 1766 മുതൽ 90 വരെയുള്ള കാലയളവിൽ മൈസൂർ അധിപതികളുടെ ഉറ്റ സുഹൃത്തെന്ന നിലയ്ക്ക് മലബാർ പ്രദേശത്തെ അപ്രതിരോധ്യശക്തിയായി ഇതിനിടയിൽ അറയ്ക്കൽ സ്വരൂപം വളർന്നുകഴിഞ്ഞിരുന്നു. എന്നാൽ മൈസൂറിന്റെ രാഷ്ട്രീയഭാഗധേയം മാറിക്കൊണ്ടിരുന്നതിനനുസരിച്ച് അറയ്ക്കൽ സ്വരൂപത്തിന്റെ ശക്തിക്കും മാറ്റം സംഭവിച്ചുവന്നു. രണ്ടും മൂന്നും മൈസൂർ യുദ്ധങ്ങളിൽ ഇംഗ്ലീഷുകാരുടെ ശക്തമായ ആക്രമണത്തിൽ പ്പെട്ട് കണ്ണൂർ രാജസ്ഥാനത്തിന്റെ അടിത്തറയ്ക്കുതന്നെ ഇളക്കം തട്ടുകയുണ്ടായി. ഈ രണ്ടു പ്രാവശ്യവും കണ്ണൂർ കോട്ട കീഴടക്കുവാൻ വളരെ പ്രയാസപ്പെട്ടിട്ടാണെങ്കിലും ഇംഗ്ലീഷുകാർക്കു കഴിഞ്ഞു.
മൂന്നാം മൈസൂർ യുദ്ധത്തിന്റെ ആരംഭത്തിൽ (1790) തന്നെ ആബർ ക്രോമ്പിയുടെ സൈന്യം കണ്ണൂർ കീഴടക്കുകയും ഭരണാധികാരിണിയായിരുന്ന ബീവിയുമായി ഉടമ്പടിയിൽ ഏർപ്പെടുകയും ചെയ്തു. യുദ്ധത്തിനുശേഷം മലബാർ ഇംഗ്ലീഷുകാരുടെ അധീനതയിലായപ്പോൾ അറയ്ക്കൽ രാജവംശവും ഇംഗ്ലീഷ് മേധാവിത്വത്തിന്റെ കീഴിലമർന്നു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനി നിജപ്പെടുത്തിയ അടുത്തൂൺ പറ്റി ഒതുങ്ങിക്കഴിയേണ്ട സ്ഥിതിയിലേക്ക് ഈ രാജവംശം ചെന്നെത്തി.
പുറം കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "അറയ്ക്കൽ കൊട്ടാരം | Arakkal Palace in Kannur". Retrieved 2021-06-19.
- ↑ കേരള യൂണിവേഴ്സിറ്റി (1975). Journal Of Kerala Studies, വാള്യം 2, ഭാഗം 3. p. 283. Retrieved 18 ഓഗസ്റ്റ് 2019.
Read more at: http://www.manoramaonline.com/news/india/2017/05/15/09-cpy-inset-up.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അറയ്ക്കൽ രാജവംശം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |