അറബനമുട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അറബന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അറബനമുട്ട്

ഉത്തരകേരളത്തിലെ മുസ്ലിംകൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു പുരാതന ഒരനുഷ്ഠാനകലാരൂപമാണ് അറബനമുട്ട്[1]. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഏറെ പ്രചാരമുള്ള ഈ കലാരൂപം മത്സരവേദികളിലും അവതരിപ്പിച്ചുവരുന്നു. "അറബന" എന്ന വാദ്യോപകരണം കൈ കൊണ്ട് മുട്ടിയാണ് കളിക്കുന്നത്. റാത്തിബുകൾക്ക് താളപ്രയോഗത്തിനാണ് അറബന ഉപയോഗിക്കുന്നത്.അറബന അവതരിപ്പിക്കുന്നത് മാപ്പിള സമുദായക്കാരുടെ വീടുകളിൽ അനുഷ്ഠിച്ചിരുന്നു റാത്തീബ് വേളകളിൽ ആയിരുന്നു.  അതിനെ കൂടുതൽ ജനകീയമാക്കാൻ വേണ്ടി ഇരുപതാം നൂറ്റാണ്ടിന്റെ അവസാനങ്ങളിൽ ഇതൊരു മത്സരയിനമായി സ്കൂൾ കലോത്സവങ്ങളിൽ അരങ്ങേറി. റാത്തീബ് വേളകളിൽ അവതരിപ്പിക്കുന്നതിന് "അറബന രിഫാഈ റാത്തീബ് മുട്ട് " എന്നും കലാരൂപമായി അവതരിപ്പിക്കുന്നതിനു "അറബന കളിമുട്ട് " എന്നുമാണ് പറയുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിൽ പടർന്നുപിടിച്ച വസൂരി രോഗത്തെ  തടയാൻ മലബാറിലെ മുസ്ലിം  വീടുകളിൽ അറബന മുട്ടി റാത്തീബ് അവതരിപ്പിച്ചിരുന്നു. കുത്ത്റാത്തീബും അറബനയും വീടുകളിൽ അരങ്ങേറുമ്പോൾ അഹമ്മദ്‌ രിഫാഈ ഷെയ്ഖ്  ഹാളിർ (പ്രത്യക്ഷപ്പെടുക) ആവുകയും രോഗ കാരണമായ വസ്തുക്കൾ രിഫാഈ ഷെയ്ഖ് ന്റെ ശക്തി മൂലം ആ വീട്ടിലേക്ക് വരികയില്ലെന്ന് വിശ്വസിച്ചവരായിരുന്നു അക്കാലത്തെ മാപ്പിള വിഭാഗം. അനേകം വീടുകളിൽ ഇതുപോലെ കുത്ത്റാത്തീബും അറബനയും  അരങ്ങേറിയതോടെ ഇത് കൂടുതൽ ജനകീയമാവുകയും പിന്നീട് ഇതൊരു കലാരൂപമായി മാറുകയും ചെയ്തു.

കുത്ത്റാത്തീബ് അവതരിപ്പിക്കുന്ന വേളകളെ കൂടുതൽ ഭയാനകമാക്കാൻ വേണ്ടിയാണ് അറബന മുട്ടുന്നത്. താളാത്മകമായ ബൈത്തുകൾക്കകമ്പടിയായാണ് അറബന മുട്ടിയിരുന്നത്. അറബനയിലെ ബൈത്തുകളിൽ രിഫാഈ ഷെയ്ഖ് ന്റെയും പ്രവാചകൻ മുഹമ്മദ്‌ നബി[സ്വ]യുടെയും കീർത്തനങ്ങളും കഴിവുകളുമാണ് പരാമർശിക്കുന്നത്.

അറബനമുട്ട്
അറബനമുട്ട്

അറബനയുടെ നിർമ്മാണം[തിരുത്തുക]

മരച്ചട്ട കൊണ്ടാണ് അറബന നിർമ്മിക്കുന്നത്. മരച്ചട്ടക്ക് ഒന്നര ചാണെങ്കിലും വിസ്താരമുണ്ടാകണം. അഞ്ച് ഇഞ്ചോളം വീതിയും കാണും. തോലു കൊണ്ടാണ് മരച്ചട്ട പൊതിയുന്നത്. ആട്ടിൻതോലോ മൂരിക്കുട്ടന്റെ തോലോ ഇതിന് ഉപയോഗിക്കും. പിത്തളവാറ് കൊണ്ട് കിലുക്കങ്ങളും കെട്ടും.

ഇതുംകാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. SAKKEER HUSSIAN.E.M. ADVENT OF ISLAM IN KERALA AND SOCIAL HARMONY AS REFLECTED IN MANUSCRIPTS (PDF). p. 41. Archived from the original (PDF) on 2020-07-26. Retrieved 4 നവംബർ 2019.
"https://ml.wikipedia.org/w/index.php?title=അറബനമുട്ട്&oldid=4012798" എന്ന താളിൽനിന്ന് ശേഖരിച്ചത്