അരക്കുപ്രാണി
Kerriidae | |
---|---|
rosette lac scale (Paratachardina decorella) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Superfamily: | |
Family: | Kerriidae
|
Genera | |
including:
|
കോക്സിഡേ (Coccidae) കുടുംബത്തിലെ കോലരക്ക് ഉത്പാദിപ്പിക്കുന്ന പ്രാണി. ലാക്കിഫർ ലാക്ക (Laccifer lacca) എന്നാണ് ഇന്ത്യൻ അരക്കുപ്രാണിയുടെ ശാ.നാ. അരക്കുപ്രാണിയെക്കുറിച്ച് ശാസ്ത്രീയമായ ആദ്യവിവരണം നല്കിയതു ഫ്രഞ്ചു വൈദികനായ ടാക്കാർഡ് ആണ്. ഇദ്ദേഹത്തിന്റെ ബഹുമാനാർഥം ഈ പ്രാണിയെ ടാക്കാഡിക് ലാക്കാ എന്നും വിളിച്ചുവന്നിരുന്നു. ഉഷ്ണമേഖലയിലും തൊട്ടടുത്ത പ്രദേശങ്ങളിലുമാണ് ഇവ ധാരാളമായി കാണപ്പെടുന്നത്. ഇവയിൽ പെൺപ്രാണികൾക്കു കാലുകളില്ല. നാമമാത്രമായ സ്പർശിനികളും ശരിയായ ആകൃതിയില്ലാത്ത ഉരുണ്ട ശരീരവുമാണ് ഇവയ്ക്കുള്ളത്. ഇവയാണ് പ്രധാനമായും അരക്ക് ഉത്പാദിപ്പിക്കുന്നത്.
അരക്കു പ്രാണികൾ പൊതുവേ മാൽവേസീ (Malvaceae), ലഗുമിനോസീ (Leguminoceae) എന്നീ സസ്യകുടുംബങ്ങളിൽപ്പെടുന്ന വിവിധതരം വൃക്ഷങ്ങളിൽ കൂട്ടംകൂട്ടമായാണ് ജീവിക്കുന്നത്. അരക്കുപ്രാണികളുടെ ചെറിയ ലാർവകൾ വൃക്ഷങ്ങളുടെ ചെറുശാഖകളിൽ കടന്നുകൂടുന്നു. ഈ ശാഖകൾ തുളച്ച് വൃക്ഷത്തിനുള്ളിലെ നീര് (sap) ഊറ്റിക്കുടിച്ചാണിവ വളരുക. ബീജസങ്കലനം നടന്നശേഷം പെൺപ്രാണികൾ വളരെ വേഗം വളരുകയും ക്രമേണ ഒരു ചെറുസഞ്ചിയുടെ രൂപത്തിലായിത്തീരുകയും ചെയ്യും. കുഞ്ഞുങ്ങളെ വിരിയിച്ചശേഷം ഇവ ചത്തുപോകുന്നു. ഒരു വർഷംകൊണ്ട് ഇവയുടെ രണ്ടു തലമുറകൾ ഉണ്ടാകുന്നു. ഇതിൽ ആദ്യതലമുറയിൽ ചിറകുകളുള്ളവയും ഇല്ലാത്തവയുമായ ജീവികൾ കാണപ്പെടുന്നു. എന്നാൽ രണ്ടാം തലമുറയിൽ ചിറകുകളില്ലാത്ത പ്രാണികൾ മാത്രമേയുണ്ടാകാറുള്ളൂ.
അരക്കുപ്രാണിയുടെ ശരീരത്തിന്റെ പിൻഭാഗത്തുള്ള ചില ഹൈപ്പോഡർമൽ (Hypodermal) ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന സ്രവം ശുദ്ധി ചെയ്താണ് അരക്ക് നിർമ്മിക്കുന്നത്. നിസർഗശത്രുക്കളിലും പ്രതികൂല കാലാവസ്ഥയിലും നിന്നു രക്ഷനേടുന്നതിന് പ്രകൃതി ഇവയ്ക്കു നല്കിയിട്ടുള്ള ഒരു ഉപായമാണ് 'അരക്കുദ്രാവകം'. അന്തരീക്ഷവായുവുമായി സമ്പർക്കമുണ്ടാകുമ്പോൾ ഇതു കട്ടിയാകുന്നു. ധാരാളം അരക്കുപ്രാണികൾ കൂട്ടമായി കാണുന്ന വൃക്ഷക്കൊമ്പുകൾ മിക്കവാറും അരക്കുകൊണ്ട് മൂടപ്പെട്ടിരിക്കും. ഈ അവസ്ഥയിൽ ഇത് കോലരക്ക് (stick lac) എന്നറിയപ്പെടുന്നു.
വർഷംതോറും ഏകദേശം 2-4 1/2 കോടി കി.ഗ്രാം വരെ കോലരക്ക് ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. 400 ഗ്രാം അരക്ക് ഉത്പാദിപ്പിക്കുവാൻ ഏകദേശം 17,000 മുതൽ 90,000 വരെ പ്രാണികൾ വേണ്ടിവരും. പ്രകൃതിദത്തമായ ഈ അരക്കിനെക്കാൾ കൂടുതൽ ഗുണമുള്ള ഒന്നുംതന്നെ കൃത്രിമമായി നിർമ്മിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിവർഷം ഒന്നുമുതൽ രണ്ടു വരെ കോടി ഡോളർ വിലയ്ക്കുള്ള അരക്ക് അമേരിക്കൻ ഐക്യനാടുകളിൽത്തന്നെ ഉപയോഗിക്കപ്പെടുന്നുണ്ട്. നോ: അരക്ക്
അരക്കിന്റെ ആവശ്യം പ്രതിദിനമെന്നോണം വർധിച്ചുവരുന്ന ആധുനിക കാലഘട്ടത്തിൽ അതിന്റെ ദൗർലഭ്യം പരിഹരിക്കാൻ കൃത്രിമ അരക്കും ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ഇവ വിവിധ പേരുകളിൽ വിപണിയിൽ ലഭ്യമാണ്. മഡഗാസ്കറിൽ കാണപ്പെടുന്ന ഗാസ്കാരിഡ (Gascarida) എന്ന പ്രാണിയിൽനിന്നും ഒരുതരം അരക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഈ അരക്കിന് ഇന്ത്യൻ കോലരക്കിന്റെ ഗുണമേന്മയില്ല. വളരെയധികം മെഴുക്കു ചേർന്നിട്ടുള്ള ഇത് 'ഗംലാക്' (Gum lac) എന്നറിയപ്പെടുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അരക്കുപ്രാണി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |