അയ്യപ്പനും കോശിയും
അയ്യപ്പനും കോശിയും | |
---|---|
സംവിധാനം | സച്ചി |
നിർമ്മാണം | രഞ്ജിത്ത് പി.എം ശശിധരൻ |
രചന | സച്ചി |
തിരക്കഥ | സച്ചി |
അഭിനേതാക്കൾ | പൃഥ്വിരാജ് ബിജു മേനോൻ അന്ന രാജൻ ഗൗരി നന്ദ ധന്യ അനന്യ രഞ്ജിത്ത് സാബുമോൻ |
സംഗീതം | ജേക്ക്സ് ബിജോയ് |
ഛായാഗ്രഹണം | സുദീപ് ഇളമൺ |
ചിത്രസംയോജനം | രഞ്ചൻ എബ്രഹാം |
സ്റ്റുഡിയോ | ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹5 കോടി |
സമയദൈർഘ്യം | 177 മിനിറ്റ് |
ആകെ | ₹60 കോടി |
സച്ചി രചനയും സംവിധാനവും നിർവഹിച്ച് 2020 ഫെബ്രുവരി 7-ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ആക്ഷൻ-ത്രില്ലർ ചലച്ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും,ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിൻറ്റെ ബാനറിൽ രഞ്ജിത്തും ,പി.എം ശശിധരനും ചേർന്നാണ് നിർമ്മിച്ചത്.ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തത്.സുദീപ് ഇളമൺ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം രഞ്ജൻ എബ്രഹാമാണ് ചെയ്തത്.സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിച്ചു. തിയേറ്ററുകളിൽ നിന്നും അനുകൂലമായ അഭിപ്രായം ലഭിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം സ്വന്തമാക്കി.
പട്ടാളത്തിൽ 16 വർഷത്തെ സർവീസിനുശേഷം ഹവീൽദാർ റാങ്കിൽ വിരമിച്ച കട്ടപ്പനക്കാരനായ കോശിയും(പൃഥ്വിരാജ്) അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനിലെ എസ്.ഐയായ അയ്യപ്പൻ നായരും(ബിജു മേനോൻ) തമ്മിലുണ്ടാകുന്ന ഒരു നിയമപ്രശ്നമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. അട്ടപ്പാടിയിലാണ് സിനിമ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. അട്ടപ്പാടിയുടെ സൗന്ദര്യം ധാരാളം ക്യാമറയിലേക്ക് കൊണ്ട് വരാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ആദിവാസി നൃത്തവും പാട്ടുകളുമെല്ലാം ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ചിത്രത്തിലെ നിർണായക രംഗമാണ് ക്ലൈമാക്സിലെ സംഘട്ടനം.ഡ്യൂപ്പ് ഉപയോഗിക്കാതെയാണ് പൃഥ്വിരാജും,ബിജു മേനോനും ഈ സംഘട്ടനം ചെയ്തത്.[1] ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം ഇത് തമിഴിലേക്കും, തെലുങ്കിലേക്കും റീമേക്ക് ചെയ്യാൻ പോകുന്നു എന്ന വാർത്ത വന്നിരുന്നു.[2]
ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജോൺ എബ്രഹാമിന്റെ ജെ.എ എന്റർടൈന്മെന്റ്സാണ്.[3]
കഥാസാരം
[തിരുത്തുക]കട്ടപ്പനയിലെ വലിയ നേതാവും അതിലുപരി സമ്പന്നനുമായ കുര്യൻ ജോണിന്റെ മകനാണ് കോശി (പൃഥ്വിരാജ്). സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചാച്ചന്റെ പേരിലും തണലിലുമാണ് അയാൾ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ചാച്ചന്റെ അടിമയായി ജീവിക്കുന്നതിന്റെ സ്വന്തമായി തീരുമാനം എടുക്കാൻ സാധിക്കാത്തതിന്റെ എല്ലാ പ്രശ്നങ്ങളും കോശിയ്ക്കുണ്ട്. അർധരാത്രി അട്ടപ്പാടി വഴി ഊട്ടിയ്ക്ക് പോകുകയാണ് കോശിയും ഡ്രൈവറും. മദ്യനിരോധിത മേഖലയായ അട്ടപ്പാടി വനമേഖലയിൽ വെച്ച് പോലീസും എക്സൈസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ചെക്കിങ്ങിൽ നിന്നും 12 കുപ്പി മദ്യം കൈവശം കാണുകയും മദ്യലഹരിയിലുള്ള കോശിയെ അറസ്റ്റ് ചെയ്യാൻ തുടങ്ങുകയും ചെയ്യുന്നു.പ്രമാണിയും മുൻ ഹവിൽദാറുമായ കോശി എക്‌സൈസ് ഇൻസ്‌പെക്ടർ ഫൈസലിനെ (പഴനി സ്വാമി) ശക്തമായി പ്രതികരിക്കുകയും കൈയ്യേറ്റം നടത്തുകയും ചെയ്യുന്നു. ഇതിനെ എതിർക്കുന്ന സബ് ഇൻസ്പെക്ടർ അയ്യപ്പൻ നായർ (ബിജു മേനോൻ) കോശിയെ അറസ്റ്റ് ചെയ്യുന്നു.മദ്യനിരോധിത മേഖലയിൽ മദ്യം കടത്തിയതിന്റെ പേരിൽ അകത്തിലാകുന്ന കോശിയുടെ മനസ്സിൽ അയ്യപ്പൻ നായരോടുള്ള പക ഉടലെടുക്കുന്നു. കോശി അയ്യപ്പനെ മറ്റൊരു കേസിൽ കുടുക്കുന്നു.
സത്യത്തിന്റെ പക്ഷത്ത് മാത്രം സഞ്ചരിക്കുന്ന അയ്യപ്പൻ മനുഷ്യത്വത്തിന്റെ പേരിൽ ചെയ്യുന്ന ചെറിയൊരു തെറ്റിന് നേരിടേണ്ടി വരുന്ന പരിണത ഫലങ്ങൾ വളരെ വലുതാണ്. അതിന് കാരണക്കാരനാകുന്നത് കോശിയും. ഇതോടെ ഇരുവരും ബദ്ധ ശത്രുക്കളായി മാറുന്നു. ഇവിടുന്നങ്ങോട്ട് ഈ ചിത്രം കൂടുതൽ ഉദ്വേഗഭരിതമാകുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- പൃഥ്വിരാജ്...ഹവീൽദാർ കോശി കുര്യൻ
- ബിജു മേനോൻ... എസ്.ഐ.അയ്യപ്പൻ നായർ/മുണ്ടൂർ മാടൻ
- അന്ന രാജൻ...റൂബി കോശി കുര്യൻ/കോശിയുടെ ഭാര്യ
- ഗൗരി നന്ദ...കണ്ണമ്മ/അയ്യപ്പൻ നായരുടെ ഭാര്യ
- രഞ്ജിത്ത്...കുര്യൻ ജോൺ /കോശി കുര്യന്റെ അച്ഛൻ
- ജോണി ആന്റണി
- അനിൽ നെടുമങ്ങാട്...സി.ഐ. സതീഷ്
- ധന്യ അനന്യ...ജെസ്സി/ ലേഡി കോൺസ്റ്റബിൾ
- സാബുമോൻ അബ്ദുസമദ്...കുട്ടമണി
- അലൻസിയാർ ലോപ്പസ്...എം. എൽ.എ. കെ.സി.ജോർജ്
- പഴനി സ്വാമി ...എക്‌സൈസ് ഇൻസ്‌പെക്ടർ ഫൈസൽ
- ഷാജു ശ്രീധർ...ജോക്കുട്ടൻ
- അജി ജോൺ...ഉമ്മൻ
- നന്ദു ആനന്ദ്...ജോബി
- സലീഷ് എൻ ശങ്കരൻ... ഡി.വൈ.എസ്.പി ചെറിയാൻ ജോർജ്
- രമേശ് കോട്ടയം...ഡ്രൈവർ കുമാരൻ/കുമാരേട്ടൻ (കോശിയുടെ വിശ്വസ്തൻ)
- പഴനി സ്വാമി... എക്സൈസ് സബ് ഇൻസ്പെക്ടർ ഫൈസൽ
- ബെൻസി മാത്യൂ...അഡ്വക്കേറ്റ് റഹിം
- മുഹമ്മദ് മുസ്തഫ
- അനു മോഹൻ...സി പി ഒ സുജിത്
- റെനിത്ത് എളമാട്...മെമ്പർ
- വിനോദ് തോമസ്...സെബാസ്റ്റ്യൻ
- നീലാഞ്ജന (ജാനി)...കോശിയുടേയും,റൂബിയുടേയും മകൾ
നിർമ്മാണം
[തിരുത്തുക]നാല് വർഷത്തിന് ശേഷം സച്ചി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് അയ്യപ്പനും കോശിയും. രഞ്ജിത്ത് ആണ് പൃഥ്വിരാജിന്റെ അച്ഛന്റെ വേഷത്തിൽ അഭിനയിച്ചത്. അന്ന രേഷ്മ രാജൻ, സാബുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധായകൻ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിർമ്മാണ വിതരണ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സാണ് നിർമ്മാണം.സുദീപ് ഇളമൺ ആണ് ക്യാമറ കൈകാര്യം ചെയ്തത്. പതിനെട്ടാം പടി, ഫൈനൽസ് എന്നീ സിനിമകൾക്ക് ശേഷം സുദീപ് ഛായാഗ്രഹണം നിർവഹിച്ച ചിത്രം കൂടിയാണ് അയ്യപ്പനും കോശിയും. പാലക്കാടും അട്ടപ്പാടിയിലുമായാണ് പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്.
റിലീസ്
[തിരുത്തുക]അയ്യപ്പനും കോശിയുടേയും ഔദ്യോഗിക ടീസർ 2020 ജനുവരി 11-ന് പുറത്ത് വന്നു[4].ചിത്രത്തിന്റെ ട്രെയിലർ 2020 ജനുവരി 23-ന് റീലീസ് ചെയ്തു. 2020 ഫെബ്രുവരി 7-ന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തി.ഈ ചിത്രത്തിനൊപ്പമാണ് അനൂപ് സത്യൻ സംവിധാനം ചെയ്ത് വരനെ ആവശ്യമുണ്ട് എന്ന ചിത്രവും റിലീസ് ചെയ്തത്.
സ്വീകരണം
[തിരുത്തുക]മികച്ച അനുകൂല പ്രതികരണമാണ് പ്രേക്ഷകരുടെയും,നിരൂപകരുടെയും ഭാഗത്ത് നിന്നും ഈ ചിത്രത്തിന് ലഭിച്ചത്.ആദ്യ ദിനം അനുകൂലമായ റിപ്പോർട്ട് കിട്ടിയ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്നതായിരുന്നു.ചെറിയ ഒരു പ്രശ്നത്തിൽ നിന്നും ഉടലെടുത്ത് വലിയ പ്രശ്നങ്ങളിലേക്കുള്ള ചിത്രത്തിന്റെ സഞ്ചാരം വളരെയധികം ത്രില്ലിംഗാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.ചിത്രത്തിലെ ബിജു മേനോന്റെ പ്രകടനം വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി.ചിത്രം തുടങ്ങി അൽപ നേരത്തിനുള്ളിൽ പ്രേക്ഷകർ ആ ചിത്രത്തിന്റെ കഥാഗതിയുമായി ഇഴകി ചേർന്നതും ഈ ചിത്രത്തിന്റെ വിജയത്തിന് വലിയൊരു കാരണമായി.ഒരു നിമിഷം പോലും വിരസത തോന്നിപ്പോകാത്ത ഒരു രചനാശൈലിയാണ് ഈ ചിത്രത്തിന്റെ തിരക്കഥയിൽ ഉപയോഗിച്ചത്.പ്രതികൂല നായകന്റെ പോലുള്ള ഒരു വേഷം കൈകാര്യം ചെയത പൃഥ്വിരാജിന്റെയും പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ഇതിനു മുൻപ് അദ്ദേഹം അഭിനയിച്ച ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലും അൽപം നെഗറ്റീവ് റോളിലാണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.മികച്ച ത്രില്ലർ സിനിമകളുടെ ശ്രേണിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന അയ്യപ്പനും കോശിയും എന്ന ചിത്രം ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്.
ബോക്സ് ഓഫീസ്
[തിരുത്തുക]റിലീസ് ചെയ്ത് കഴിഞ്ഞുള്ള ആദ്യത്തെ 8 ദിവസത്തെ തിയേറ്റർ റണ്ണിന് ശേഷം 12.40 കോടി രൂപയാണ് ചിത്രം നേടിയത്.ഗംഭീര പ്രേക്ഷകാഭിപ്രായം നേടിയ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറിയത്. കേരളത്തിൽ നിന്ന് 24 കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രത്തിന്റെ ഗൾഫിലെ ഗ്രോസ് 9 കോടിയുടെ അടുത്താണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഒന്നര കോടിയോളവും റസ്റ്റ് ഓഫ് ദി വേൾഡ് മാർക്കറ്റിൽ നിന്ന് ഒരു കോടിക്ക് മുകളിലും ഈ ചിത്രം കളക്ഷൻ നേടി.2020-ലെ ഏറ്റവും മികച്ച വിജയമെന്ന് അവകാശപ്പെടാവുന്ന ഈ ചിത്രത്തിന് 65 കോടിയോളം ബോക്സ് ഓഫീസിൽ നിന്നും ലഭിക്കുകയുണ്ടായി.
സംഗീതം
[തിരുത്തുക]ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയ് ആണ് നിർവഹിച്ചത്. ചിത്രത്തിൽ നഞ്ചിയമ്മ പാടിയ കലക്കാത്ത എന്ന ടൈറ്റിൽ സോംങ്ങ് വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി. ഗാനത്തിന്റെ വരികൾ എഴുതിയത് നഞ്ചിയമ്മ തന്നെയാണ്.
അയ്യപ്പനും കോശിയും | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | Singer(s) | ദൈർഘ്യം | |||||||
1. | "കലക്കാത്ത" | നഞ്ചിയമ്മ | 02:27 | |||||||
2. | "താളം പോയി" | സംഗീത,ജേക്സ് ബിജോയ് ,നഞ്ചിയമ്മ | 04:36 | |||||||
3. | "അറിയാതെ അറിയാതെ" | കോട്ടയ്ക്കൽ മധു | ||||||||
4. | "അടടചക്ക" | പൃഥ്വിരാജ്,ബിജു മേനോൻ,നഞ്ചിയമ്മ |
അവലംബം
[തിരുത്തുക]- ↑ https://www.mathrubhumi.com/mobile/movies-music/interview/sudeep-elamon-ayyappanum-koshiyum-sleeplessly-yours-1.4675488[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.southlive.in/movie/film-news/telung-remake-of-ayyappanum-koshiyum-movie/
- ↑ https://www.mathrubhumi.com/mobile/movies-music/news/john-abraham-acquires-hindi-remake-rights-of-ayyappanum-koshiyum-1.4784830[പ്രവർത്തിക്കാത്ത കണ്ണി]
- ↑ #https://www.asianetnews.com/amp/trailer/ayyappanum-koshiyum-teaser-q3y4o5?utm_source=ml&utm_medium=site&utm_campaign=related