Jump to content

അയനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മേഷാദി (അഥവാ മഹാവിഷുവം)(Vernal equinox), തുലാവിഷുവം(അഥവാ ജലവിഷുവം)(Autumnal equinox), ഉത്തരായനാന്തം, ദക്ഷിണായനാന്തം ഇവയെല്ലാം സൂര്യന്റെ വാർഷികപഥമായ ക്രാന്തിവൃത്തത്തിലെ (ecliptic) നിശ്ചിത സ്ഥിരബിന്ദുക്കളാണു്. പുരസ്സരണം മൂലം ഈ ബിന്ദുക്കളെല്ലാം ഒരു വർഷം 50.26 ആർൿസെക്കന്റ് വീതം ഒരുമിച്ചുതന്നെ (പരസ്പരം സ്ഥാനവ്യത്യാസമില്ലാതെ) നീങ്ങി കൊണ്ടിരിക്കുന്നു. പുരസ്സരണം കാരണം ക്രാന്തിവൃത്തത്തിലെ ബിന്ദുക്കൾക്ക് സംഭവിക്കുന്ന സ്ഥാനചലനത്തിന് അയനചലനം എന്നു പറയുന്നു.

സൂര്യന്റെ ദിനചലനപഥം ക്രമേണ തെക്കോട്ടു നീങ്ങിവരുന്ന പ്രതിഭാസമാണ് ദക്ഷിണായനം. ഭൂമിയുടെ പരിക്രമണാക്ഷവും ഭ്രമണാക്ഷവും തമ്മിലുള്ള 23½° ചരിവ് മൂലമാണ് സൂര്യൻ ആറ് മാസം വടക്കോട്ടും (ഉത്തരായനം) തുടർന്ന് ആറ് മാസം തെക്കോട്ടും (ദക്ഷിണായനം) നീങ്ങി ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി നമുക്ക് അനുഭവപ്പെടുന്നത്. ഉത്തരായണാന്ത്യത്തിൽ (ജൂൺ 21) സൂര്യൻ ഉത്തരായനരേഖയ്ക്ക്(ഭൂമധ്യരേഖയിൽനിന്ന് 23½° വടക്ക് മാറിയുള്ള അക്ഷാംശരേഖ) നേർമുകളിൽ വരുന്ന സൂര്യപഥം പിന്നീട് ഓരോ ദിവസവും കുറേശ്ശെ തെക്കോട്ടു നീങ്ങുന്നു. സെപ്. 22-ന് (സമരാത്രദിനം/തുലാവിഷുവം) ഭൂമധ്യരേഖയ്ക്കു മുകളിൽ എത്തുന്ന സൂര്യൻ വീണ്ടും തെക്കോട്ടു നീങ്ങി ഡിസംബർ 22-ന് ദക്ഷിണായനരേഖയ്ക്കു മുകളിലെത്തുന്നു. അന്നാണ് ദക്ഷിണായനാന്തം (Winter Solstice).

ഉത്തരായണാന്തത്തിൽ ഭൂമിയുടെ ഉത്തരാർധഗോളത്തിൽ ഏറ്റവും ദീർഘമായ പകലും ഹ്രസ്വമായ രാത്രിയും എന്ന അവസ്ഥയിൽനിന്ന് ദക്ഷിണായനകാലത്ത് പകലിന്റെ നീളം ക്രമേണ കുറഞ്ഞും രാത്രി കൂടിയും വന്ന് വിഷുവദിനത്തിൽ സമരാത്രദിനം അനുഭവപ്പെടുന്നു. തുടർന്ന് പകൽ വീണ്ടും കുറഞ്ഞുവന്ന് ദക്ഷിണായനാന്തത്തിൽ ഏറ്റവും ഹ്രസ്വമായ പകലും ദീർഘമായ രാത്രിയും അനുഭവപ്പെടുന്നു. (ദക്ഷിണാർധഗോളത്തിലുള്ളവർക്ക് അനുഭവം തിരിച്ചായിരിക്കും.)

"https://ml.wikipedia.org/w/index.php?title=അയനം&oldid=1741528" എന്ന താളിൽനിന്ന് ശേഖരിച്ചത്