അമ്പാടി നാരായണപ്പൊതുവാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമ്പാടി നാരായണപ്പൊതുവാൾ
ജനനം1871
മരണം1936 ജൂലൈ 15 (65 വയസ്സു്)
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽസാഹിത്യകാരൻ
സർക്കാർ ഉദ്യോഗസ്ഥൻ
അറിയപ്പെടുന്നത്മലയാള ചെറുകഥയെ പോഷിപ്പിച്ച വ്യക്തി
മാതാപിതാക്ക(ൾ)വക്കീൽ ശേഷയ്യർ
പാർവ്വതി പൊതുവാൾസ്യാർ

മലയാളത്തിലെ ആദ്യകാല ചെറുകഥാകൃത്തുക്കളിൽ ഒരാളായിരുന്നു അമ്പാടി നാരായണപ്പൊതുവാൾ.[1] മലയാള ചെറുകഥാസാഹിത്യപ്രസ്ഥാനത്തെ അതിന്റെ ശൈശവദശയിൽ പരിപോഷിപ്പിച്ച വ്യക്തി എന്ന നിലയ്ക്ക് അമ്പാടി നാരായണപ്പൊതുവാളിനു മലയാളസാഹിത്യത്തിൽ പ്രത്യേക സ്ഥാനമുണ്ട്.

ജീവിതരേഖ[തിരുത്തുക]

തൃശൂർ അമ്പാടി വീട്ടിൽ, വക്കീൽ ശേഷയ്യരുടെയും പാർവ്വതി പൊതുവാൾസ്യാരുടെയും മകനായി കൊല്ലവർഷം 1046 ഇടവ മാസത്തിൽ (ക്രിസ്തുവർഷം 1871 മേയ് മാസത്തിൽ) ജനിച്ചു. തൃശൂർ ഹിന്ദു ഹൈസ്കൂളിൽനിന്നും മെട്രിക്കുലേഷൻ പാസ്സായി. എറണാകുളം മഹാരാജാസ്സിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ സർക്കാർ സർവീസിൽ പ്രവേശിച്ചു. 1926-ൽ സബ്രജിസ്ട്രാർ ഉദ്യോഗത്തിൽനിന്നും വിരമിച്ചു. കൊല്ലവർഷം 1111 മിഥുനം 32(ക്രിസ്തുവർഷം 1936 ജൂലൈ 15)-നു അദ്ദേഹം അന്തരിച്ചു.[2]

സാഹിത്യപ്രവർത്തങ്ങൾ[തിരുത്തുക]

വിദ്യാവിനോദിനി മാസികയിൽ കവിതകൾ എഴുതിയാണു് നാരായണപ്പൊതുവാൾ സാഹിത്യരംഗത്തേക്കു കടന്നുവന്നതു്. അനന്തരം ചെറുകഥയിലേക്കു ശ്രദ്ധതിരിഞ്ഞു. അപ്പൻതമ്പുരാന്റെ ഗൃഹസദസ്സിലെ അംഗത്വവും രസികരഞ്ജിനിയുടെ പത്രാധിപത്യവും പൊതുവാളിന്റെ സാഹിത്യ പ്രവർത്തനങ്ങൾക്കു് ആക്കംകൂട്ടി.

കഥാസൗധം (മൂന്നു ഭാഗങ്ങൾ), മോചനം (നാടകം), കേരളപുത്രൻ (നോവൽ) എന്നിവയാണു് പൊതുവാളിന്റെ കൃതികൾ. നിരവധി ലേഖനങ്ങളും കഥകളും സമാഹരിക്കപ്പെടാതെ കിടക്കുന്നുണ്ടു്. കഥാസൗധത്തിലെ കഥകളിൽ ഏറിയ പങ്കും അക്കാലത്തെ പ്രണയഗതിയും ദാമ്പത്യസുഖവും ചിത്രീകരിക്കുന്നവയാണു്. ചരിത്രസംഭവങ്ങളെയും പഴങ്കഥകളെയും പശ്ചാത്തലമാക്കിയാണു് പൊതുവാൾ കഥകൾ വാർത്തെടുത്തിരുന്നതു്.

പ്രാസഭ്രമമുള്ള ഒരു എഴുത്തുകാരനായിരുന്നു അദ്ദേഹം. 'അന്തർജ്ജനത്തിന്റെ തന്ത്രം', 'കൊച്ചപ്പന്റെ കോച്ചൽ', 'വള കൊണ്ട വനിത', 'ആദരിച്ച പാതിര' എന്നിങ്ങനെയുള്ള തലക്കെട്ടുകളിൽത്തന്നെ കഥാകാരന്റെ പ്രാസഭ്രമം തുടങ്ങുന്നു. സ്കോട്ടിന്റെ ബ്രൈഡ് ഒഫ് ലാമർമൂർ എന്ന ആഖ്യായികയെ ഉപജീവിച്ച് 18-ാം ശതകത്തിൽ തൃശൂരിൽ നടന്ന സാമൂതിരി വാഴ്ചയെപ്പറ്റി എഴുതിയ ഗദ്യനാടകമാണ് മോചനം. പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തെ പശ്ചാത്തലമാക്കിയാണ് കേരളപുത്രന്റെ രചന.

അവലംബം[തിരുത്തുക]

  1. ചെറുകഥഃ കഥയും കാര്യവും -കെ.എസ്. അജയകുമാർ Archived 2016-03-04 at the Wayback Machine. പുഴ.കോം
  2. നാരായണപ്പൊതുവാൾ, അമ്പാടി -സർവ്വവിജ്ഞാനകോശം[പ്രവർത്തിക്കാത്ത കണ്ണി]

കുറിപ്പുകൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമ്പാടി നാരായണപ്പൊതുവാൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.