ഉള്ളടക്കത്തിലേക്ക് പോവുക

അമ്പാടി ഇക്കാവമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമ്പാടി ഇക്കാവമ്മ
അമ്പാടി ഇക്കാവമ്മയുടെ ചിത്രം
ജനനംഅമ്പാടി ഇക്കാവമ്മ
(1898-01-12)12 ജനുവരി 1898
തൃപ്പൂണിത്തുറ, കൊച്ചി രാജ്യം, ബ്രിട്ടീഷ് ഇന്ത്യ
മരണം30 ജനുവരി 1980(1980-01-30) (82 വയസ്സ്)
തൊഴിൽസാഹിത്യകാരി, വിവർത്തക, അധ്യാപിക
ഭാഷമലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം
കാലഘട്ടം1925–1980
Genreബാലസാഹിത്യം, വിവർത്തനം, തത്ത്വശാസ്ത്രം
ശ്രദ്ധേയമായ രചന(കൾ)ടോൾസ്റ്റോയി കഥകൾ, അനാസക്തിയോഗം, മതം പൗരസ്ത്യ-പാശ്ചാത്യ ദേശങ്ങളിൽ
അവാർഡുകൾഇന്ത്യൻ പ്രസിഡന്റിന്റെ ബാലസാഹിത്യ പുരസ്കാരം (1956), കേരള സാഹിത്യ അക്കാദമി പുരസ്കാരം (1978)
പങ്കാളിവെള്ളാട്ട് കരുണാകരൻ നായർ
രക്ഷിതാവ്(ക്കൾ)നാണിയമ്മ, കൊച്ചുഗോവിന്ദ മേനോൻ (അമ്പാടി വീട്)

മലയാളസാഹിത്യകാരിയും വിവർത്തകയും അധ്യാപികയുമായിരുന്നു അമ്പാടി ഇക്കാവമ്മ (12 ജനുവരി 1898 – 30 ജനുവരി 1980). ലിയോ ടോൾസ്റ്റോയിയുടെ നീതികഥകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിലൂടെയും മഹാത്മാ ഗാന്ധിയുടെ ഭഗവദ്ഗീതാ വ്യാഖ്യാനമായ അനാസക്തിയോഗം മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിലൂടെയും ഇക്കാവമ്മ മലയാളസാഹിത്യചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടി. പാശ്ചാത്യ സാഹിത്യകൃതികൾ കേരളത്തിലെ വായനക്കാർക്ക് പരിചയപ്പെടുത്തിയ ആദ്യകാല വനിതാ വിവർത്തകരിൽ പ്രമുഖയാണ് ഇക്കാവമ്മ.[1][2] മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷാസാഹിത്യങ്ങളിലും ഇക്കാവമ്മയ്ക്ക് അവഗാഹമുണ്ടായിരുന്നു.[3]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

തൃപ്പൂണിത്തുറയിൽ തെക്കെ അമ്പാടി വീട്ടിൽ നാണിയമ്മയുടെയും പള്ളിയിൽ കൊച്ചുഗോവിന്ദ മേനോന്റെയും മകളായി 1898 ജനുവരി 12-ന് ജനിച്ചു.[1][3] പ്രാഥമിക വിദ്യാഭ്യാസം തൃപ്പൂണിത്തുറയിലും ഹൈസ്കൂൾ വിദ്യാഭ്യാസം സെന്റ് തെരേസാസ് കോൺവെന്റിലും പൂർത്തിയാക്കി.[4] തുടർന്ന് തൃപ്പൂണിത്തുറയിലെ സർക്കാർ വിദ്യാലയത്തിൽ അധ്യാപികയായി ദീർഘകാലം സേവനമനുഷ്ഠിച്ചു.[1] ഇക്കാവമ്മ ഒരു സംഗീത വിദുഷി കൂടിയായിരുന്നു.[4]

വ്യക്തിജീവിതം

[തിരുത്തുക]

സാഹിത്യകാരനായ വെള്ളാട്ട് കരുണാകരൻ നായരായിരുന്നു ഇക്കാവമ്മയുടെ ഭർത്താവ്. ഡോ. ആനി ബസന്റിന്റെ അനുയായിയും മഞ്ചേരി രാമയ്യരുടെ സഹപ്രവർത്തകനും ബ്രഹ്മവിദ്യാസംഘത്തിന്റെ (തിയോസഫിക്കൽ സൊസൈറ്റി) നേതാവുമായിരുന്നു കരുണാകരൻ നായർ. ആധ്യാത്മിക വിദ്യയിലും ഭാരതീയ തത്ത്വശാസ്ത്രത്തിലും അവഗാഹമുണ്ടായിരുന്ന കരുണാകരൻ നായരുമായുള്ള ദാമ്പത്യം ഇക്കാവമ്മയുടെ ബൗദ്ധിക ചക്രവാളങ്ങൾ വിശാലമാക്കുന്നതിനും സാഹിത്യപ്രവർത്തനങ്ങൾക്ക് പ്രേരകമാകുന്നതിനും ഇടയാക്കി.[1][3]

സാഹിത്യജീവിതം

[തിരുത്തുക]

ഇക്കാവമ്മയുടെ സാഹിത്യസംഭാവനകൾ പ്രധാനമായും ഇതരഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങളാണ്. വിവർത്തനരംഗത്ത് നേടിയ കൃതഹസ്തത ഇക്കാവമ്മയിൽ ആത്മവിശ്വാസം വളർത്തുകയും ഇരുത്തം വന്ന ഒരെഴുത്തുകാരിയെന്ന നിലയിൽ അവരെ പരിഗണനാർഹയാക്കുകയും ചെയ്തു.[1]

ടോൾസ്റ്റോയി കഥാവിവർത്തനം

[തിരുത്തുക]

ടോൾസ്റ്റോയിയോടുള്ള ഇക്കാവമ്മയുടെ ആദരവ് ഗാന്ധിജിയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഗാന്ധിജിയുടെ ദർശനവീഥിയിൽ പ്രകാശം ചൊരിയുകയും അദ്ദേഹത്തിന്റെ പ്രധാന വഴികാട്ടിയാവുകയും ചെയ്ത ടോൾസ്റ്റോയിയെ മലയാളികൾക്ക് ആദ്യമായി പരിചയപ്പെടുത്തിയത് മുഖ്യമായും ആ സാഹിത്യകാരന്റെ നീതികഥകളിലൂടെയാണ്. കുട്ടികൾക്കുവേണ്ടിയുള്ള ടോൾസ്റ്റോയി കഥാവിവർത്തനത്തിൽ എ. ഗോപാലമേനോൻ ആദ്യം ചുവടുവച്ചിരുന്നുവെങ്കിലും വ്യാപകമായ പ്രചാരം ലഭിച്ചത് ഇക്കാവമ്മയുടെ പരിഭാഷകൾക്കാണ്.[1]

1925-ൽ ഗാന്ധിജി ഇക്കാവമ്മയ്ക്ക് എഴുതിയ കത്തിൽ, വിവർത്തനത്തിനായി തിരഞ്ഞെടുത്ത കഥകളുടെ പട്ടികയെ അംഗീകരിക്കുകയുണ്ടായി.[1] ഇതോടെ ടോൾസ്റ്റോയി സാഹിത്യവിവർത്തനരംഗത്ത് ഗാന്ധിജിയുടെ അംഗീകാരം ലഭിച്ച ആദ്യ എഴുത്തുകാരി എന്ന ബഹുമതി ഇക്കാവമ്മയ്ക്ക് ലഭിച്ചു. ഇരുപത്തിമൂന്ന് ടോൾസ്റ്റോയി കഥകൾ കുട്ടികൾക്കും സാധാരണക്കാർക്കും മനസ്സിലാകുന്ന ശൈലിയിൽ മൂന്ന് വാല്യങ്ങളിലായി വിവർത്തനം ചെയ്യപ്പെട്ടു. മാതൃഭൂമി ദിനപ്പത്രത്തിന്റെ സ്ഥാപക പത്രാധിപരായ കെ.പി. കേശവമേനോന്റെ ശ്രദ്ധേയമായ അവതാരികയോടുകൂടി 1926-ൽ ഈ സമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു.[1] പാശ്ചാത്യ സാഹിത്യത്തിന്റെ സ്വാധീനം മലയാളഭാഷയെ സമ്പുഷ്ടമാക്കിയ ആദ്യ ചുവടുവയ്പുകളിലൊന്നായിരുന്നു ഈ പരിഭാഷ. ആദ്യകാല മലയാള വനിതാ സാഹിത്യത്തിലെ പാശ്ചാത്യ സ്വാധീനത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമായും ഈ കൃതി വിലയിരുത്തപ്പെടുന്നു.[1]

ടോൾസ്റ്റോയിയിൽ നിന്ന് ഗാന്ധിജിയിലേക്കുള്ള ഇക്കാവമ്മയുടെ ബൗദ്ധിക പ്രയാണം ദേശസ്നേഹ പ്രേരിതമായിരുന്നു.[1] ഒക്ടോബർ വിപ്ലവത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് 1967-ൽ ഇൻഡോ-സോവിയറ്റ് കൾച്ചറൽ അസോസിയേഷൻ (എറണാകുളം) ഈ കൃതി രണ്ട് രൂപ വിലയിട്ട് പുനഃപ്രസിദ്ധീകരിച്ചു.[2]

അനാസക്തിയോഗം

[തിരുത്തുക]

ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ സ്വാതന്ത്ര്യസമരയോദ്ധാക്കൾക്ക് നിർഭയത്വത്തിന്റെയും ധർമാചരണത്തിന്റെയും കർമമാർഗം പ്രദാനം ചെയ്യുന്നതിനായി ഗാന്ധിജി ഭഗവദ്ഗീതയ്ക്ക് തന്റേതായ വ്യാഖ്യാനം രചിച്ചു. 1929-ൽ യെർവാഡ ജയിലിൽ വച്ച് ഗുജറാത്തിയിൽ എഴുതിയ ഈ കൃതി അനാസക്തിയോഗം എന്ന പേരിൽ 1930-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.[5] സ്വാതന്ത്ര്യസമര പോരാളികൾക്ക് തിലകന്റെ ഗീതാരഹസ്യത്തിന് സമാനമായ ഒരു ആത്മീയ വഴികാട്ടിയായി ഈ കൃതി കണക്കാക്കപ്പെട്ടു.[1] പ്രതിസന്ധികളെ നേരിടേണ്ടിവരുമ്പോഴൊക്കെ ഗീതയെ ശരണം പ്രാപിക്കുമെന്നും അതിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും ഗാന്ധിജി തന്നെ പ്രസ്താവിച്ചിരുന്നു.[6]

ഇക്കാവമ്മ ഈ കൃതി ഹിന്ദിയിൽ നിന്ന് ആശയ വ്യതിയാനമില്ലാതെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. 1931-ൽ പ്രസിദ്ധീകരിച്ച ആദ്യ പതിപ്പിനു ശേഷം അനേകം തുടർപ്പതിപ്പുകൾ പുറത്തിറങ്ങി.[1]

ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ച (1934)

[തിരുത്തുക]

അനാസക്തിയോഗം വിവർത്തനം ചെയ്തതിനു ശേഷം 1934-ൽ ഗാന്ധിജി എറണാകുളം സന്ദർശിച്ചപ്പോൾ ഇക്കാവമ്മയ്ക്ക് അദ്ദേഹത്തെ നേരിൽ കാണുവാൻ അവസരം ലഭിച്ചു. അക്കാലത്ത് തൃപ്പൂണിത്തുറയിലെ സർക്കാർ വിദ്യാലയത്തിൽ അധ്യാപികയായിരുന്ന ഇക്കാവമ്മ മറ്റ് ചില സ്ത്രീകളോടൊപ്പം അവിടെ എത്തി. തന്റെ അനാസക്തിയോഗ വിവർത്തനം ഗാന്ധിജിക്ക് സമർപ്പിക്കുക എന്ന ലക്ഷ്യവും ഇക്കാവമ്മയ്ക്കുണ്ടായിരുന്നു. സന്ദർശകരായ സ്ത്രീകളെല്ലാം ഖാദി വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്. പതിവായി ഖദർ ധരിക്കാറുണ്ടോ എന്ന ഗാന്ധിജിയുടെ ചോദ്യത്തിന്, ഇല്ല, അദ്ദേഹത്തെ കാണാൻ വന്നതുകൊണ്ട് മാത്രം ധരിച്ചതാണ് എന്ന് ഇക്കാവമ്മ തുറന്നു മറുപടി നൽകി. തുറന്ന കുറ്റസമ്മതം ആത്മശുദ്ധിക്ക് ഉതകും (Open confession is good for the soul) എന്നായിരുന്നു ഗാന്ധിജിയുടെ പ്രതികരണം.[1]

രാധാകൃഷ്ണന്റെ കൃതിയുടെ വിവർത്തനം

[തിരുത്തുക]

1965-ൽ ഇക്കാവമ്മ തന്റെ ഇളയ മകനോടൊപ്പം ഡൽഹിയിൽ താമസിക്കുമ്പോൾ, അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണനെ സന്ദർശിക്കാൻ അവസരം ലഭിച്ചു. തന്റെ എല്ലാ പ്രസിദ്ധീകൃത കൃതികളും അദ്ദേഹത്തിന് സമർപ്പിക്കുന്നതിനോടൊപ്പം, രാധാകൃഷ്ണന്റെ East and West in Religion (1933) എന്ന കൃതിയിൽ കൈയൊപ്പ് ചേർക്കണമെന്ന അഭ്യർഥനയും ഇക്കാവമ്മ മുന്നോട്ടുവച്ചു. മതങ്ങളുടെ താരതമ്യ പഠനം വിഷയമായ ഈ കൃതി ലണ്ടനിലെ ജോർജ് ആലൻ ആൻഡ് അൺവിൻ പ്രസാധകരാണ് ആദ്യം പ്രസിദ്ധീകരിച്ചത്.[7] ഇക്കാവമ്മയുടെ ബൗദ്ധിക ശേഷിയും ആധ്യാത്മിക താത്പര്യവും തിരിച്ചറിഞ്ഞ രാധാകൃഷ്ണൻ, ആ കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്യണമെന്ന് ഇക്കാവമ്മയോട് അഭ്യർഥിച്ചു. ഈ അഭ്യർഥനയുടെ ഫലമായാണ് മതം പൗരസ്ത്യ-പാശ്ചാത്യ രാജ്യങ്ങളിൽ എന്ന കൃതി പിറവിയെടുത്തത്. ഈ കൃതിയുടെ അവതാരികയും കെ.പി. കേശവമേനോൻ രചിച്ചു.[1]

മറ്റ് കൃതികൾ

[തിരുത്തുക]

ഇക്കാവമ്മയുടെ സാഹിത്യ സംഭാവനകൾ തത്ത്വശാസ്ത്രം, ജീവചരിത്രം, ബാലസാഹിത്യം എന്നീ മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു.[1][4] അശോകന്റെ ധർമലിപികളുടെ വിവർത്തനവും പഠനവുമായ അശോകന്റെ ധർമലിപികൾ പ്രത്യേക ശ്രദ്ധ ആകർഷിച്ച കൃതിയാണ്. ഓസ്കാർ വൈൽഡിന്റെ കഥകൾ കുട്ടികൾക്കായി പരിഭാഷപ്പെടുത്തി. സ്വാമി വിവേകാനന്ദന്റെ ജീവിതം കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന കുട്ടികളുടെ വിവേകാനന്ദൻ എന്ന കൃതിയും രചിച്ചു. ജവഹർലാൽ നെഹ്രുവിന്റെ Letters from a Father to His Daughter എന്ന പ്രസിദ്ധ കൃതിയുടെ മലയാള പരിഭാഷയാണ് ഒരച്ഛൻ മകൾക്കയച്ച കത്തുകൾ.[1][3]

പുരസ്കാരങ്ങളും അംഗീകാരങ്ങളും

[തിരുത്തുക]

കേരള സാംസ്കാരിക വകുപ്പിന്റെ ചരിത്ര പൈതൃക ഗാലറിയിൽ ഇക്കാവമ്മയുടെ ഛായാചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.[8]

നിര്യാണം

[തിരുത്തുക]

ഇക്കാവമ്മ 1980 ജനുവരി 30-ന് എൺപത്തിരണ്ടാം വയസ്സിൽ അന്തരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യജീവിതത്തിനിടയിൽ തത്ത്വശാസ്ത്രം, ജീവചരിത്രം, ബാലസാഹിത്യം, വിവർത്തനം എന്നീ മേഖലകളിൽ ഒട്ടേറെ കൃതികൾ മലയാളസാഹിത്യത്തിനു സമർപ്പിക്കാൻ ഇക്കാവമ്മയ്ക്ക് കഴിഞ്ഞു.[1]

പ്രധാന കൃതികൾ

[തിരുത്തുക]

വിവർത്തനങ്ങൾ

[തിരുത്തുക]
  • ടോൾസ്റ്റോയി നീതികഥകൾ (3 വാല്യങ്ങൾ, 1926; പുനഃപ്രസിദ്ധീകരണം 1967)[2]
  • അനാസക്തിയോഗം (ഗാന്ധിജിയുടെ ഭഗവദ്ഗീതാ വ്യാഖ്യാനം, 1931)[1]
  • ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (നെഹ്രുവിന്റെ Letters from a Father to His Daughter)[3]
  • മതം പൗരസ്ത്യ-പാശ്ചാത്യ രാജ്യങ്ങളിൽ (രാധാകൃഷ്ണന്റെ East and West in Religion)[1]
  • അശോകന്റെ ധർമലിപികൾ[1]
  • ഓസ്കാർ വൈൽഡിന്റെ കഥകൾ (കുട്ടികൾക്കായി)[4]

മൗലിക രചനകൾ

[തിരുത്തുക]
  • ബാലകഥകൾ[1]
  • കുട്ടികളുടെ വിവേകാനന്ദൻ[1]
  • കുട്ടികളുടെ പൂങ്കാവനം[3]
  • ദിവാൻ ശങ്കരവാര്യർ[3]
  • ശ്രീഹർഷൻ[3]

അവലംബം

[തിരുത്തുക]
  1. 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 "അമ്പാടി ഇക്കാവമ്മ". കലാകൗമുദി, ലക്കം 1265. Archived from the original on 2012-01-29. Retrieved 2023-05-21.
  2. 1 2 3 Binoy, Rasmi (2023). Kerala's 'Progress'-ive Idiom: Moscow Translators and translation of children's literature as socialist intermediary in Kerala (PDF) (MA thesis). Central European University.
  3. 1 2 3 4 5 6 7 8 "അമ്പാടി ഇക്കാവമ്മ". സർവവിജ്ഞാനകോശം. Vol. 3. Thiruvananthapuram: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ്. p. 576.
  4. 1 2 3 4 Cummār, Ṭi Eṃ (1964). ഭാഷാഗദ്യസാഹിത്യ ചരിത്രം. Vitaraṇaṃ.
  5. "Bhagavad Gita". Wikipedia. Retrieved 2023-06-01.
  6. "Mahatma Gandhi and the Bhagavad Gita". American Vedantist. Retrieved 2023-06-01.
  7. Radhakrishnan, S. (1933). East and West in Religion. London: George Allen and Unwin.
  8. "Ambadi Ikkavamma". Department of Cultural Affairs, Government of Kerala. Retrieved 2023-06-01.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Binoy, Rasmi (2023). Kerala's 'Progress'-ive Idiom: Moscow Translators and translation of children's literature as socialist intermediary in Kerala. MA thesis, Central European University.
  • Radhakrishnan, S. (1933). East and West in Religion. London: George Allen and Unwin.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അമ്പാടി_ഇക്കാവമ്മ&oldid=4613468" എന്ന താളിൽനിന്ന് ശേഖരിച്ചത്