Jump to content

അമേരിക്കൻ സാഹിത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1775-83-ലെ സ്വാതന്ത്ര്യസമരത്തിനു ശേഷം അമേരിക്കൻ ഐക്യനാടുകളായി(യു.എസ്.)ത്തീർന്ന പ്രദേശത്തെ ഇംഗ്ലീഷ് സാഹിത്യം. സ്വാതന്ത്ര്യസമരത്തിനു മുൻപുള്ള കൊളോണിയൽകാലം, സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള ദേശീയകാലം, രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള സാർവദേശീയകാലം, എന്നിങ്ങനെ രാഷ്ട്രീയപശ്ചാത്തലമനുസരിച്ച് അമേരിക്കൻ ഇംഗ്ലീഷ് സാഹിത്യത്തെ മൂന്നു പ്രധാന ഘട്ടങ്ങളായി ചരിത്രകാരന്മാർ വിഭജിക്കാറുണ്ട്. ഈ ഘട്ടവിഭജനം അടിസ്ഥാനമാക്കി പ്രായേണ പ്രസ്ഥാനങ്ങളിലൂടെ അമേരിക്കൻ സാഹിത്യത്തിന്റെ വികാസത്തെ വിവരിക്കാവുന്നതാണ്.

ആദ്യകാലസാഹിത്യം

[തിരുത്തുക]

കൊളോണിയൽ ദശയിലെ ആദ്യഘട്ടങ്ങളിൽ അമേരിക്കൻ സാഹിത്യം ബ്രിട്ടീഷ് സാഹിത്യത്തിന്റെ ചെറിയൊരു ഉപശാഖ മാത്രമായിരുന്നു. ഇംഗ്ളണ്ടിൽ ജനിച്ചു വളർന്ന്, അവിടെനിന്നുതന്നെ വിദ്യാഭ്യാസം നേടിയ കുടിയേറ്റക്കാരായിരുന്നു ഈ നാട്ടിലെ ആദ്യത്തെ എഴുത്തുകാർ. പുതിയ നാടിന്റെ വർണനകളും അവിടത്തെ കുടുംബ-സാമൂഹികജീവിതങ്ങളുടെ വിവരണങ്ങളും കുടിയേറ്റക്കാർക്കു പുത്തൻ മണ്ണിലുണ്ടായ അനുഭവങ്ങളുമായിരുന്നു, പ്രായേണ ഈ ആദ്യകാലസാഹിത്യത്തിലെ പ്രതിപാദ്യം. യഥാർഥബന്ധം (True Relation, 1608), വെർജീനിയയുടെ ചരിത്രം (General Histroy of Virginia), പുതിയ ഇംഗ്ലണ്ടും ഗ്രീഷ്മദ്വീപുകളും (New England and the Summer Isles, 1624) എന്നീ ഗ്രന്ഥങ്ങളെഴുതിയ ക്യാപ്റ്റൻ ജോൺ സ്മിത്ത് (1580-1631), 1856-ൽ പ്രസിദ്ധം ചെയ്ത പ്ലിമത്ത് തോട്ടങ്ങളുടെ ചരിത്രം (History of Plymouth plantation) എന്ന കൃതിയെഴുതിയ വില്യം ബ്രാഡ്ഫോഡ് (1590-1657), വെർജീനിയ്ക്കും വടക്കൻകരോലിനയ്ക്കും ഇടയ്ക്കുള്ള വിഭജനരേഖയുടെ ചരിത്രം (History of the Dividing Line Between Virginia and North Carolina, 1729) എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ വില്യം ബേഡ് (1674-1744) എന്നിവരായിരുന്നു ആദ്യകാല അമേരിക്കൻ സാഹിത്യകാരന്മാരിൽ പ്രമുഖർ.

പ്രശസ്തമതപ്രവർത്തകരുടെ കുടുംബത്തിൽനിന്നും വന്ന കോട്ടൺ മെയ്തർ (1663-1728) അമേരിക്കയിലെ ആദ്യത്തെ എഴുത്തുകാരനായി ഗണിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ മാഗ്നേലിയ ക്രിസ്റ്റി അമേരിക്കാന (Magnalia Christi Americana, 1703) തുടങ്ങിയ കൃതികൾ ആധ്യാത്മികചിന്താപ്രധാനങ്ങളായിരുന്നു. ഇത്തരത്തിൽ ഗ്രന്ഥരചന നടത്തിയ മറ്റൊരാളാണ് ജൊനാഥൻ എഡ്വേഡ്സ് (1703-58).

ഈ ആദ്യകാലസാഹിത്യത്തിൽ, പേരിനു മാത്രമേ കവിത ഉണ്ടായിരുന്നുള്ളൂ; ഉള്ളതു തന്നെയും കേവലം അനുകരണങ്ങളായിരുന്നു. അമേരിക്കയിലെ ആദ്യത്തെ കവയിത്രി എന്നറിയപ്പെടുന്ന ആൻ ബ്രാഡ്സ്ട്രീറ്റ് (1612-72) ഇംഗ്ലണ്ടിലാണ് ജനിച്ചുവളർന്നത്. പതിനെട്ടാമത്തെ വയസ്സിൽ ഇവർ ഭർത്താവുമൊന്നിച്ച് അമേരിക്കയിൽ എത്തി. ഇംഗ്ളീഷ് മാതൃകകളെ ഉപജീവിച്ചെഴുതിയ ബ്രാഡ്സ്ട്രീറ്റിന്റെ ആദ്യ കവിതാസമാഹാരം അമേരിക്കയിൽ അടുത്തകാലത്തു പൊട്ടിവിടർന്ന പത്താമത്തെ കാവ്യദേവത (The Tenth Muse Lately Sprung up in America) എന്ന പേരിൽ 1650-ൽ ഇംഗ്ലണ്ടിൽ പ്രസിദ്ധം ചെയ്തു. 1733-58 കാലഘട്ടത്തിൽ ഖണ്ഡശഃ പ്രസിദ്ധീകൃതമായ പാവപ്പെട്ട റിച്ചാർഡിന്റെ പഞ്ചാംഗം (Poor Richard's Almanac) തുടങ്ങിയ കൃതികളെഴുതിയ ബെഞ്ചമിൻ ഫ്രാങ്ക്ളിൻ (1706-90) ആദ്യകാല സാഹിത്യകാരന്മാരുടെ കൂട്ടത്തിൽ മുന്തിയ പരിഗണന അർഹിക്കുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം 1818-ൽ പ്രസിദ്ധം ചെയ്ത ആത്മകഥയിൽ ഈ പുതിയ ലോകത്തിന്റെ ആദ്യചേതനയുടെ സ്പന്ദനങ്ങൾ കേൾക്കാം. രാഷ്ട്രീയചിന്താപ്രധാനങ്ങളായ ഗ്രന്ഥങ്ങളും ഇക്കാലത്ത് എഴുതപ്പെട്ടിട്ടുണ്ട്. ഇവയിൽ ലോകപ്രസിദ്ധങ്ങളായവയാണ് തോമസ് പെയിനിന്റെ (1737-1809) സാമാന്യ ബുദ്ധി (Common Sense, 1776), മനുഷ്യാവകാശങ്ങൾ (The Rights of Man, 1791-92) എന്നീ ഗ്രന്ഥങ്ങൾ.

സ്വാതന്ത്ര്യലബ്ധിക്കുശേഷം

[തിരുത്തുക]

വിപ്ലവത്തെത്തുടർന്ന് അമേരിക്കൻ സാഹിത്യത്തിൽ ഒരു പുതിയ കാലഘട്ടം ഉദ്ഘാടനം ചെയ്യപ്പെട്ടു. 18-ാം ശ.-ത്തിലെ സാഹിത്യസങ്കേതങ്ങളോടുള്ള പ്രകടമായ വിപ്രതിപത്തിയായിരുന്നു 19-ാം ശ.-ത്തിലെ ആദ്യദശകങ്ങളിൽ പൊതുവേ കണ്ടിരുന്നത്. തിമോത്തി ഡ്വൈറ്റ് (1752-1817), ജോൺ ട്രംബ്ൾ (1756-1843), ചാൾസ് ബ്രോക്ഡൺ എന്നിവരാണ് ഈ നവയുഗത്തിന്റെ പ്രതിനിധികൾ. പ്രതിഭാശാലിയായ മറ്റൊരു അമേരിക്കൻ എഴുത്തുകാരൻ എന്ന പേരിനർഹൻ വാഷിങ്ടൺ ഇർവിങ് (1783-1859) ആണ്. നിക്കർ ബ്രോക്കറുടെ ന്യൂയോർക്ക് ചരിത്രം (Knicker Brocker's History of New York, 1809) ആണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ പ്രഖ്യാതമായ കൃതി. എങ്കിലും റിപ്വാൻ വിങ്കിളിന്റെ സുപരിചിതമായ കഥ ഉൾക്കൊള്ളുന്ന ദി സ്കെച്ച് ബുക്ക് (The Sketch Book, 1819) ആണ് ഇദ്ദേഹത്തെ പ്രസിദ്ധനാക്കിയത്.

കഥാകഥനത്തിൽ പ്രാഗല്ഭ്യമുള്ള ജെയിംസ് ഫെനിമർ കൂപ്പർ (1789-1851) 19-ാം ശ.-ത്തിന്റെ ഉത്തരാർധത്തിലെ ഗണനീയരായ ആഖ്യായികാകാരന്മാരുടെ കൂട്ടത്തിൽ ഒരാളാണ്. കുട്ടിക്കാലത്തു 'ചുവന്ന ഇന്ത്യാക്കാരു'ടെ (Red Indians) യിടയിൽ കഴിച്ചുകൂട്ടിയ നാളുകളിലെ അനുഭവങ്ങൾ ഇദ്ദേഹത്തിന്റെ ഭാവനയെ പ്രഫുല്ലമാക്കി; അതിന്റെ ഫലമായി മോഹിക്കന്മാരിൽ അവസാനത്തെയാൾ (The Last of the Mohicans, 1826), മാർഗദർശകൻ (The Path Finder, 1840), മൃഗഹന്താവ് (The Deer Slayer, 1841) എന്നിങ്ങനെയുള്ള ഒട്ടധികം നോവലുകൾ ഇദ്ദേഹം രചിക്കുകയുണ്ടായി.

എഡ്ഗാർ അല്ലൻ പോ

അമേരിക്കൻ ഇതിവൃത്തങ്ങളെ ഉപജീവിച്ച്, തികഞ്ഞ വ്യക്തിത്വമുള്ള ശൈലിയിൽ കാവ്യരചന നടത്തിയ ആദ്യത്തെ അമേരിക്കൻ കവി വില്യം കളൻ ബ്രയന്റ് (1794-1878) ആണ്. ഇദ്ദേഹത്തിന്റെ ഏറ്റവും നല്ല കൃതിയായംഗീകരിക്കപ്പെടുന്ന താനടോപ്സിസ് (Thanatopsis, 1817) ഭാവനാസമ്പന്നതയുടെയും വർണനാചാതുരിയുടെയും ഉത്തമനിദർശനമാണ്. 19-ാം ശ.-ത്തിന്റെ ആദ്യത്തെ പകുതിയിൽ അമേരിക്കയുടെ കാവ്യപ്രതിഭയ്ക്കു മിഴിവു നല്കിയ രണ്ടു കവികൾ എഡ്ഗാർ അലൻ പോ (1809-49), ഹെന്റി വാഡ്സ്വർത്ത് ലോങ്ഫെലോ (1807-82) എന്നിവരാണ്. കഥാസാഹിത്യത്തിന് അവിസ്മരണീയമായ സംഭാവനകൾ നല്കിയ മികവുറ്റ ഒരു കാഥികൻ കൂടിയാണ് പോ. ഇദ്ദേഹത്തിന്റെ കവിതകൾ ഭാവഭംഗിയും ശബ്ദസൗന്ദര്യവും ഒത്തിണങ്ങിയവയും അപൂർവമായ കല്പനാവൈഭവം തികഞ്ഞവയുമാണ്. ലോങ്ഫെലോ ആകട്ടെ വൃത്തഭംഗിയും നിർമ്മാണചാതുരിയും പ്രകടമാക്കുന്ന നിശാനാദങ്ങൾ (Voices of the Night, 1839), ഇവാഞ്ജലിൻ (1847), സുവർണേതിഹാസം (The Golden Legend, 1851), ഹയാവത (Hiawatha, 1853), ഒരു സത്രത്തിലെ കഥകൾ(Tales of a Wayside, 1863) തുടങ്ങിയ ഒട്ടേറെ കൃതികൾ രചിക്കുകയുണ്ടായി.

വൈവിധ്യമാർന്ന സർഗപ്രതിഭയുടെ ഉടമകളായിരുന്നു ജെയിംസ് റസൽ ലോവലും (1819-91) ഒളിവർ വെൻഡൽ ഹോംസും (1809-94). ഈ രണ്ടു സാഹിത്യനായകന്മാരും ഗദ്യ-പദ്യശാഖകളെ ഒരുപോലെ പോഷിപ്പിച്ചു. സദാചാരചിന്താപരതയായിരുന്നു ലോവലിന്റെ കവിതയുടെ പ്രകടമായ സവിശേഷതയെങ്കിൽ, ശാലീനസുന്ദരമായ ആകർഷകത്വമാണ് ഹോംസിന്റെ മുഖമുദ്ര. ഹോംസ് ചില നോവലുകളും രചിച്ചിട്ടുണ്ട്.

19-ാം ശ.-ത്തിലെ അമേരിക്കൻ സാഹിത്യത്തിലും തത്ത്വചിന്തയിലും ഒരതികായനായിരുന്നു റാൽഫ് വാൾഡോ എമേഴ്സൺ (1803-82). പ്രബന്ധകർത്താവ്, കവി, വാഗ്മി എന്നീ നിലകളിൽ ഇദ്ദേഹം തന്റെ സമകാലികരുടെ അംഗീകാരവും ആദരവും നേടിയിരുന്നു. അമേരിക്കയുടെ പ്രജ്ഞാപരമായ ചരിത്രത്തിൽ എമേഴ്സനുള്ള പ്രാധാന്യം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ദാർശനികചിന്തകൾ ഉൾക്കൊള്ളുന്ന പ്രകൃതി (Nature, 1836), സ്വാശ്രയത്വം (Self-reliance, 1841), അതീതാത്മാവ് (Over Soul, 1841) എന്നീ പ്രബന്ധങ്ങൾ ഓജസ്സും പ്രകാശവുമുള്ള ഗദ്യനിബന്ധങ്ങളുടെ ഉത്തമ മാതൃകകളാണ്. ഭാരതീയ തത്ത്വചിന്തയുടെ പ്രകടമായ സ്വാധീനം എമേഴ്സന്റെ കൃതികളിൽ ഉടനീളം കാണാം. എമേഴ്സന്റെ സമകാലികനും സുഹൃത്തുമായിരുന്ന ഹെന്റി ഡേവിഡ് തോറോ (1817-62) ആദർശപരതയിലും ആശയഗാംഭീര്യത്തിലും എമേഴ്സന്റെ ഒട്ടും പിന്നിലായിരുന്നില്ല. സ്വന്തം ആദർശങ്ങൾ തികഞ്ഞ ആത്മാർഥതയോടുകൂടി ജീവിതത്തിലേക്കു പകർത്തുവാൻ ഇദ്ദേഹം ശ്രമിച്ചു. സ്വന്തം ജന്മസ്ഥലമായ കൊൺകോഡിലെ ജനങ്ങൾ ഒരു ചിന്തകൻ എന്നതിനെക്കാൾ ഒരു യോഗിയായി തോറോയെ കൊണ്ടാടി. സ്വജീവിതാനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞവയാണ് വാൾഡൻ (Walden, 1854), കൊൺകോഡ് മെറിമാക് നദികളിൽ ഒരാഴ്ച (A week on the Concord Merrimack Rivers, 1849) എന്നീ കൃതികൾ.

കവിതയിൽ വിപ്ലവം

[തിരുത്തുക]

അമേരിക്കൻ കവിതയിലെ വലിയ ജനാധിപത്യവിപ്ലവശക്തിയായിരുന്നു വാൾട്ട് വിറ്റ്മാൻ (1819-92). 'ജനാധിപത്യത്തിന്റെ കവി' എന്നറിയപ്പെടുന്ന ഇദ്ദേഹം ഗദ്യശാഖയിലും കൈവച്ചിട്ടുണ്ട്. 1855-ലാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത കൃതിയായ തൃണപത്രങ്ങൾ (Leaves of Grass) പ്രസിദ്ധീകരിക്കപ്പെട്ടത്.

വാൾട്ട് വിറ്റ്മാൻ

ഇതിലെ ഊർജസ്വലമായ വരികൾ ഇദ്ദേഹത്തിന്റെ ഉജ്ജ്വലമായ ആശയങ്ങളുടെ ഭാവപുഷ്കലമായ പ്രകാശനമാണ്. 19-ാം ശ.-ത്തിലെ മറ്റു കവികളുടെ കൂട്ടത്തിൽ വളരെയധികം ശ്രദ്ധയാകർഷിച്ചിട്ടുള്ള എമിലി ഡിക്കിൻസന്റെ (1830-86) നിസർഗസുന്ദരങ്ങളായ കവിതകൾ, ആധുനിക കാവ്യസങ്കേതത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ടെന്നു കാണാം. ഗെഥേയുടെ ഫൗസ്റ്റിന്റെ പരിഭാഷകനായ ബെയാഡ് ടെയ്ലർ (1825-78), ഹാൻസ് ബ്രെയിറ്റ്മാൻസ് ബാലഡ്സിന്റെ (Hans Breitman's Ballads, 1914) രചയിതാവായ ചാൾസ് ലേലൻഡ് (1824-1903), സോങ്സ് ഒഫ് ദി സീറാസ് (Songs o f the Sierras, 1871) എഴുതിയ ജോക്കിൻ മില്ലർ (1841-1913), ദ് സിംഫണി (The Symphony) യുടെ രചയിതാവായ സിഡ്നി ലാനിയർ (1842-81) തുടങ്ങിയ കവികളും ഇക്കൂട്ടത്തിൽപ്പെടുന്നു.

കഥാസാഹിത്യം ഇടക്കാലത്ത്

[തിരുത്തുക]

നഥാനിയൽ ഹാതോൺ (1804-64) അമേരിക്കയിലെ നോവലെഴുത്തുകാരിൽ പ്രമുഖനായി കൊണ്ടാടപ്പെടുന്നു. കെട്ടുറപ്പുള്ള ആഖ്യാനശൈലിയും ശില്പസൗകുമാര്യവുമാണ് ഹാതോണിന്റെ രചനയുടെ പ്രധാനമുദ്രകൾ. ശോണാക്ഷരം (The Scarlet Letter, 1850), ഏഴുമുഖപ്പുകളുള്ള വീട് (The House of the Seven Gables, 1861), മാർബിൾ ഫാൺ (The Marble Fann, 1860) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന നോവലുകൾ. ധാരാളം ചെറുകഥകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. അനവധി നോവലുകളെഴുതിയെങ്കിലും ഹാരിയറ്റ് ബീച്ചർ സ്റ്റോവിന്റെ (1811-96) യശഃസ്തംഭം നിലനില്ക്കുന്നത് അങ്കിൾ ടോംസ് ക്യാബിൻ (Uncle Tom's Cabin, 1852) എന്ന ഒരൊറ്റ കൃതിയിന്മേലാണ്. ഫ്രാൻസിസ് ബ്രെറ്റ്ഹാർട്ട് (1836-1902) തന്റെ സംഭവബഹുലമായ സാഹിത്യജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ ഉദ്ദീപിപ്പിച്ച പ്രതീക്ഷകൾ സഫലമാക്കിത്തീർക്കുകയുണ്ടായില്ല.

മാർക്ക് ട്വയിൻ

അനേകം കൃതികൾ ഇദ്ദേഹം പില്ക്കാലത്തെഴുതുകയുണ്ടായെങ്കിലും അവയ്ക്ക് സാഹിത്യമൂല്യം ഏറെയില്ല. എന്നാൽ, ബ്രെറ്റ്ഹാർട്ടിന്റെ സാഹിത്യപങ്കാളിയും 'മാർക്ക് ട്വയിൻ' എന്ന തൂലികാനാമത്തിൽ പരക്കെ കൊണ്ടാടപ്പെടുന്ന എഴുത്തുകാരനായ സാമുവൽ ലോങ്ഹോൺ ക്ളെമൻസ് (1835-1910) ടോം സായറുടെ സാഹസങ്ങൾ (The Adventures of Tom Sawyer, 1870), മിസിസിപ്പിയിലെ ജീവിതം (Life on the Mississippy, 1883), ഹക്കിൾബറി ഫിന്നിന്റെ സാഹസങ്ങൾ (The Adventures of Huckleberry Finn, 1884) എന്നീ പ്രശസ്ത കൃതികളിൽക്കൂടി അനശ്വര കീർത്തി നേടി. ഈ കാലഘട്ടത്തിലെ ഏറ്റവും ഉന്നതശീർഷനായ അമേരിക്കൻ സാഹിത്യകാരൻ ഹെന്റി ജെയിംസ് (1843-1916) ആണ്. ബഹുമുഖമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതിഭാപ്രകാശനങ്ങൾ. സാഹിത്യവിമർശനപരമായ കൃതികൾ മാത്രം മതി ഇദ്ദേഹത്തെ ഒരൊന്നാംകിട എഴുത്തുകാരനായി ഗണിക്കുവാൻ. എന്നാൽ അനവധി നോവലുകളുടെ സ്രഷ്ടാവ് എന്ന നിലയിലാണ് ഇദ്ദേഹം പൊതുവേ ആദരിക്കപ്പെടുന്നത്. ഇക്കൂട്ടത്തിൽ, ഒരു വനിതയുടെ ഛായാചിത്രം (The Portrait of a Lady, 1881), സ്ഥാനപതികൾ (The Ambassadors, 1903) എന്നിവ പ്രസിദ്ധങ്ങളാണ്. ജീവിതവീക്ഷണത്തിൽ ഹെന്റി ജെയിംസ് ഒരമേരിക്കൻ എന്നതിനെക്കാൾ ഒരു യൂറോപ്യനാണ്.

റിയലിസം

[തിരുത്തുക]

വില്യം ഡീൻഹവൻസ് (1837-1920) ആണ് അമേരിക്കൻ സാഹിത്യത്തിൽ റിയലിസ്റ്റു സങ്കേതത്തിന്റെ ഉദ്ഘാടകൻ. ഫ്രാങ്ക് നോറിസിന്റെ (1870-1902) മാക് ടീഗ് (1899) എന്ന നോവൽ അമേരിക്കൻ റിയലിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ്. ഡേവിഡ് ഗ്രഹാം ഫിലിപ്സും (1867-1911) ഈ പന്ഥാവിൽക്കൂടി കുറെയേറെ മുന്നേറിയ ഒരു നോവലെഴുത്തുകാരനായിരുന്നു. സ്റ്റീഫൻ ക്രെയിനിന്റെ (1871-1900) ധീരതയുടെ ശോണമുദ്ര (The Red Badge of Courage, 1895) എന്ന യുദ്ധകഥ അമേരിക്കൻ സാഹിത്യത്തിൽ നാച്വറലിസ (naturalism) ത്തിന്റെ ആരംഭത്തെ കുറിക്കുന്ന ഒരു നോവലാണ്. പ്രാദേശികജീവിതത്തെ യഥാതഥമായി പ്രകാശിപ്പിച്ച ഇക്കാലത്തെ എഴുത്തുകാരിൽ തോമസ് നെല്സൻ പേജ് (1853-1922), ജോർജ് വാഷിങ്ടൺ കേബിൾ (1844-1925) എന്നിവർ അമേരിക്കൻ സാഹിത്യചരിത്രത്തിൽ പ്രാമാണികമായ സ്ഥാനം നേടിയിട്ടുണ്ട്. പേജ്, വെർജീനിയയിലെ ജീവിതം ചിത്രീകരിച്ചപ്പോൾ കേബിൾ ലൂസിയാനാ ജീവിതമാണു പ്രമേയമാക്കിയത്.

ചെറുകഥ

[തിരുത്തുക]

ചെറുകഥാസാഹിത്യത്തിന് അമേരിക്കയുടെ സംഭാവന വളരെ വിലപിടിച്ചതാണ്. കേബിൾ, ഇർവിങ്, അംബ്രോസ്ബിയേഴ്സ് (1842-1914), ഹാതോൺ, പോ, ഹാർട്ട്, ഹെന്റി ജെയിംസ്, എഡിത് വാർട്ടൻ (1862-1937) എന്നീ അമേരിക്കൻ എഴുത്തുകാർ ഈ സാഹിത്യരൂപത്തിലൂടെ സാർവദേശീയ പ്രശസ്തി നേടിയവരാണ്. സമ്പന്നമായ ഈ പാരമ്പര്യം 20-ാം ശ.-ത്തിലും അമേരിക്ക പിൻതുടർന്നുകൊണ്ടിരിക്കുന്നു. ചെറുകഥാസാഹിത്യത്തിൽ ഒരു നൂതന സാങ്കേതികരീതി ആവിഷ്കരിച്ച എഴുത്തുകാരനാണ് ഒ. ഹെന്റി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വില്യം സിഡ്നി പോർട്ടർ (1862-1910).

സാമൂഹികവിമർശനം

[തിരുത്തുക]

ഡബ്ള്യു.ഡി. ഹവല്സ് ഉദ്ഘാടനം ചെയ്ത റിയലിസം ഫ്രാൻസിലെയും റഷ്യയിലെയും എഴുത്തുകാരുടെ സ്വാധീനതമൂലം 20-ാം ശ.-ത്തിൽ തഴച്ചു വളരുകയും പ്രസിദ്ധങ്ങളായ അനവധി നോവലുകളുടെ പ്രകാശനത്തിന് വഴിതെളിക്കുകയുമുണ്ടായി. ഇക്കൂട്ടത്തിൽ ഗണനീയമായ ഒരു കൃതിയാണ് ജാക്ക് ലണ്ടന്റെ (1876-1916) കാടിന്റെ വിളി (The Call of the Wild, 1903) എന്ന നോവൽ. തീയഡോർ ഡ്രൈസറുടെ (1871-1945) സിസ്റ്റർ ക്യാരി (1900), ഒരു അമേരിക്കൻ ദുരന്തം (1925) എന്നീ നോവലുകൾ നാച്വറലിസത്തിന്റെ വെന്നിക്കൊടി പറപ്പിച്ചു. ആക്ഷേപഹാസ്യപ്രധാനമാണ് നോബൽ സമ്മാനാർഹനായിത്തീർന്ന സിങ്ക്ളയർ ലൂയിസിന്റെ (1885-1951) നോവലുകളിലധികവും. ഇദ്ദേഹത്തിന്റെ പ്രധാന നിരത്ത് (Main Street, 1920) ചെറുപട്ടണങ്ങളിലെ ജീവിതത്തെയും, ബാബിറ്റ് (1922) കച്ചവടക്കാരനെയും, ആരോസ്മിത് (1925) ഡോക്ടറെയും, എൽമർഗ്യാൻട്രി (1927) പുരോഹിതനെയും നിശിതമായ ആക്ഷേപഹാസ്യത്തിനു ശരവ്യമാക്കുന്നു. സാമൂഹികാദർശപ്രചോദിതനായി സോദ്ദേശ്യകമായ നോവലുകൾ രചിച്ച് കീർത്തി നേടിയ എഴുത്തുകാരനാണ് അപ്ടൺ സിങ്ക്ളയർ (1878-1968). ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളിലൊന്നാണ് വനം (The Jungle, 1906) എന്ന നോവൽ. 1939 മുതൽ 1952 വരെയുള്ള ലോകസംഭവങ്ങളെ പ്രമേയമാക്കുന്നവയാണ് നിരവധി വാള്യങ്ങളിലായി പ്രസിദ്ധം ചെയ്തിട്ടുള്ള ലാനി ബഡ് (Lanny Budd) നോവലുകൾ.

ഒ. ഹെൻറി

അപ്ടൺ സിങ്ക്ളയറുടെ സാമൂഹിക വിമർശനരീതി അവലംബിച്ച് എഴുതപ്പെട്ട നോവലുകളുടെ കൂട്ടത്തിൽ റാൻഡോൾഫ് ബോൺ (1886-1918), വാൻ വൈക് ബ്രുക്സ് (1886-1963), ലഡ്വിഗ് ലെ വിഷോൺ (1882-1955) എന്നിവരുടെ കൃതികൾ ഉൾപ്പെടുന്നു. ഈ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ശ്രദ്ധേയനായിത്തീർന്ന മറ്റൊരു കഥാകൃത്താണ് ഷെർവുഡ് അൻഡേഴ്സൺ (1876-1941). നോവലിസ്റ്റ് എന്നതിനെക്കാൾ ചെറുകഥാകൃത്ത് എന്ന നിലയിലാണ് അൻഡേഴ്സൺ കൂടുതൽ അറിയപ്പെടുന്നത്. ഡോൺ-ബേൺ (1889-1928), തോൺടൻ വൈൽഡർ (1897-1975) എന്നിവർ യാഥാർഥ്യങ്ങളിൽനിന്ന് ഓടി, റൊമാൻസിന്റെ ലോകത്തിൽ അഭയം തേടിയ എഴുത്തുകാരാണ്. ഇതിൽ വൈൽഡറുടെ സാൻ ലൂയി റേയിലെ പാലം (The Bridge of San Luis Ray, 1927) കലാമേന്മയുള്ള കൃതിയാണ്. മനഃശാസ്ത്രപരമായ ഉൾക്കാഴ്ചകൾ നല്കുന്നവയാണ് സൂസൺ ഗ്ലാസ്പെലിന്റെ (1882-1948) മിക്ക കൃതികളും. നിർമ്മാണചാതുര്യത്തിലും ഭാവനാസമ്പന്നതയിലും ഏറെക്കുറെ തുല്യരാണ് ജോൺ ഡോസ് പാസോസ് (1896-1970), ലൂയി ബ്രോം ഫീൽഡ് (1896-1956), തോമസ് വൂൾഫ് (1900-38) എന്നിവർ.

ഒന്നാം ലോകയുദ്ധത്തിനു ശേഷം അമേരിക്കൻ നോവൽ സാഹിത്യരംഗം കൂടുതൽ സമ്പന്നവും വൈവിധ്യപൂർണവുമായിത്തീരുകയുണ്ടായി. ജെർട്രൂഡ് സ്റ്റെയിൻ (1874-1946), വില്യം ഫോക്നർ (1897-1962), പേൾ ബക്ക് (1892-1973), സിങ്ക്ളയർ ലൂയിസ്, തിയഡോർ ഡ്രൈസർ, ഏണസ്റ്റ് ഹെമിങ്വേ (1898-1961), എഴ്സ്കിൻ കാൾഡ്വെൽ (1903-87), മാർഗരറ്റ് മിച്ചൽ (1900-49) എന്നിവരെല്ലാം ഈ സമ്പന്നതയ്ക്കു കാരണക്കാരായ പ്രഖ്യാത കഥാകൃത്തുകളാണ്.

സിങ് ക് ളയർ ലൂയിസ്

വ്യക്തിപരതയിൽനിന്ന് സാമൂഹിക ബോധത്തിലേക്കുള്ള വ്യതിയാനത്തെ പ്രതിഫലിപ്പിക്കുന്ന കൃതികളാണ് സ്റ്റെയിൻബെക്കിന്റെ (1902-69) ക്രോധത്തിന്റെ മുന്തിരിക്കുലകൾ (The Grapes of Wrath, 1939), എഴ്സ്കിൻ കാൾഡ്വെല്ലിന്റെ പുകയില നിരത്ത് (Tobacco Road, 1932) എന്നിവ. അമേരിക്കയിലെ ആഭ്യന്തരയുദ്ധകാലഘട്ടത്തെ അധികരിച്ചുള്ള അനേകം നോവലുകളുടെ കൂട്ടത്തിൽ മാർഗരറ്റ് മിച്ചലിന്റെ കാറ്റിനൊപ്പം മറഞ്ഞു (Gone with the Wind, 1936) പലതുകൊണ്ടും പ്രഥമസ്ഥാനം അർഹിക്കുന്നു.

വില്യം ഫോക് നർ

ഹെമിങ്വേയുടെയും ഫോക്നറുടെയും കാലത്തിനുശേഷം ശ്രദ്ധയാകർഷിക്കുന്ന അനവധി നോവലെഴുത്തുകാർ അമേരിക്കയിൽ വളർന്നുവരികയുണ്ടായി. രണ്ടാം ലോകയുദ്ധത്തിനുശേഷം രംഗപ്രവേശം ചെയ്ത ഇവരുടെ സ്വാധീനത വളരെ ശക്തമാണെങ്കിലും വ്യക്തിപരമായി അവരുടെ നേട്ടങ്ങൾ വിലയിരുത്തപ്പെട്ടുകഴിഞ്ഞിട്ടില്ല. സമകാലിക അമേരിക്കൻ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതും വിവിധ മാനുഷികപ്രശ്നങ്ങളെ ഉൾക്കൊള്ളുന്നതുമായ കൃതികളാണ് ഇവർ രചിച്ചുകൊണ്ടിരിക്കുന്നത്.

സാഹിത്യവിമർശനം

[തിരുത്തുക]

സർഗാത്മക സാഹിത്യത്തോടൊപ്പം സമ്പന്നമായ ഒരു നിരൂപണസാഹിത്യവും അമേരിക്കയിൽ രൂപംകൊണ്ടിട്ടുണ്ട്. ഹ്യൂമനിസവും നാച്വറലിസവും ചേരിതിരിഞ്ഞുനിന്നാണ് അമേരിക്കൻ നിരൂപണസാഹിത്യം ഏറെക്കാലം പ്രവർത്തനം നടത്തിയത്. ഹ്യൂമനിസത്തിന്റെ പക്ഷത്തിലുള്ള പ്രധാന എഴുത്തുകാർ യാഥാസ്ഥിതികരായ ജെ.ജെ. ചാപ്മാൻ (1862-1933), പോൾ എൽമർ മൂർ (1864-1936), ജോർജ് വുഡ്ബെറി (1855-1930), ഇർവിങ് ബാബിറ്റ് (1865-1933), സ്റ്റുവർട്ട് ഷെർമൻ (1881-1926) എന്നിവരാണ്. നാച്വറലിസ്റ്റു ചിന്താഗതിക്കാരായ വാൻ വൈക് ബ്രൂക്സ്, ഏണസ്റ്റ് ബോയിഡ് (1887-1946), എച്ച്.എൽ. മെൻകൻ (1880-1956) എന്നിവരും ഉന്നതശീർഷരായ നിരൂപകന്മാരായിരുന്നു. സാഹിത്യാസ്വാദനത്തിന്റെ നിലവാരം ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച നിരൂപകനാണ് ഡബ്ള്യു.സി. ബ്രൗണൽ (1851-1928). ഇംപ്രഷണിസ്റ്റിക് നിരൂപണമാണ് ജെയിംസ് ഹുനേക്കറു (1860-1921)ടേത്.

പേൾ എസ്.ബക്ക്

ദാർശനിക സാഹിത്യത്തിന്റെ രംഗത്ത് അമേരിക്കയുടെ പ്രതിനിധികൾ വില്യം ജെയിംസും (1842-1910) ജോർജ് സന്തായനയും (1863-1952) ആണ്. അവരുടെ ദാർശനിക കൃതികൾ അമേരിക്കയുടെ ബുദ്ധിപരമായ ജീവിതത്തെ ഗണ്യമായ നിലയിൽ ഗുണപുഷ്കലമാക്കിയിട്ടുണ്ട്. ഉപന്യാസങ്ങളുടെ രംഗത്ത് ഹെന്റി ബ്രുക് ആഡംസ് (1838-1918), വുഡ്രോ വിൽസൻ (1856-1926) എന്നീ പേരുകൾ അവിസ്മരണീയങ്ങളാണ്.

അമേരിക്കൻ പാരമ്പര്യം എന്ന വസ്തുതയിലൂന്നിനിന്ന് ഗ്രന്ഥരചന നടത്തിയ വാൻ വിക് ബ്രൂക്സ് (1886-1963) സ്വയം ഒരു പ്രസ്ഥാനമായി തലയുയർത്തി നില്ക്കുന്നു. ഹ്യൂമനിസ്റ്റുകളെയും കാർഷിക വാദികളെയുംപോലെ ഇദ്ദേഹവും പാരമ്പര്യത്തെ മനുഷ്യജീവിതത്തിലെ നിർണായക ഘടകമായി കാണുകയുണ്ടായി. പ്യൂരിറ്റന്മാരുടെ വീഞ്ഞ് (1908), അമേരിക്കയുടെ പ്രായപൂർത്തി (1915), സാഹിത്യവും നേതൃത്വവും (1918) എന്നീ ആദ്യകാലകൃതികളിൽ അമേരിക്കൻ സാഹിത്യത്തിന്റെ വന്ധ്യാവസ്ഥയെക്കുറിച്ച് വിലപിച്ച ഇദ്ദേഹം സാഹിത്യത്തെ ഗൗരവബുദ്ധിയോടെ വീക്ഷിക്കാൻ അമേരിക്കക്കാരെ ആഹ്വാനം ചെയ്തു. മാർക്ക് റ്റ്വയിനിന്റെ കഠിനപരീക്ഷണം (1920), ഹെന്റി ജെയിംസിന്റെ തീർഥാടനം (1925) എന്നീ കൃതികളിൽ മാനസികാപഗ്രഥന തത്ത്വങ്ങളുടെ വിദഗ്ദ്ധമായ പ്രയോഗം കാണാം. അമേരിക്കയിലെ എഴുത്തുകാരന്റെ ചരിത്രം 1850-1915 എന്ന അഞ്ചു വാല്യങ്ങളുള്ള ഗ്രന്ഥം ഇദ്ദേഹത്തിന് അമേരിക്കൻ സാഹിത്യ ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തു.

ഏണസ്റ്റ് ഹെമിങ് വേ

സാമൂഹിക ശാസ്ത്രാധിഷ്ഠിത നിരൂപണ ഗ്രന്ഥങ്ങൾ രചിച്ച എഡ്മൺഡ് വിൽസൻ (1895-1972), സാന്മാർഗിക മൂല്യങ്ങൾക്ക് ഊന്നൽ നല്കിയ എഫ്.ഓ. മഥീസൻ (1902-50), മനഃശാസ്ത്രതത്ത്വങ്ങൾ മാർഗദർശകമായി സ്വീകരിച്ച ലെസ്ളി ഫീഡ്ലർ (1917-2003) എന്നിവരാണ് മറ്റു നിരൂപകരിൽ പ്രാധാന്യമർഹിക്കുന്നത്. എഡ്മൺഡ് വിൽസൻ 1931-ൽ പ്രസിദ്ധീകരിച്ച ആക്സൽസ് കാസിൽ എന്ന ഗ്രന്ഥം സിംബലിസ്റ്റ് സാഹിത്യത്തെക്കുറിച്ചുള്ള ആദ്യകാല ആധികാരിക ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ പ്രമുഖ സ്ഥാനമർഹിക്കുന്നു. 1938-ൽ പ്രസിദ്ധീകരിച്ച ദ ട്രിപ്പിൾ തിങ്കേഴ്സ് എന്ന ഗ്രന്ഥത്തിലെ ഇസ് വേഴ്സ് എ ഡൈയിങ് റ്റെക്നിക് എന്ന ലേഖനത്തിൽ പദ്യത്തിന് - അതായത് കവിതയ്ക്ക് - ഭാവിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത് മലയാളസാഹിത്യ നിരൂപണരംഗത്തുപോലും അനുരണനം സൃഷ്ടിക്കുകയുണ്ടായി. മിഷലെ മുതൽ ലെനിനും ട്രോട്സ്കിയും വരെയുള്ള യൂറോപ്യൻ വിപ്ളവപാരമ്പര്യത്തിന്റെ രൂപരേഖ വരച്ചുകാട്ടുന്ന റ്റു ദ ഫിൻലൻഡ് സ്റ്റെയ്ഷൻ (1940), ഫ്രോയ്ഡിയൻ സാഹിത്യസിദ്ധാന്തത്തെയും സാഹിത്യത്തിനു മാർക്സിസവും ചരിത്രവിശകലനവുമായുള്ള ബന്ധത്തെയും പരിചയപ്പെടുത്തുന്ന ദ വൂൺഡ് ആൻഡ് ദ ബൗ (1941), ആധുനിക കാലിഫോർണിയൻ സാഹിത്യകാരന്മാരെക്കുറിച്ചുള്ള ദ ബോയ്സ് ഇൻ ദ ഡാർക് റൂം (1941), അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്തെ സാഹിത്യത്തെക്കുറിച്ചുള്ള പഠനങ്ങളുൾക്കൊള്ളുന്ന പാട്രിയോട്ടിക് ഗോർ (1962), റഷ്യൻ സാഹിത്യത്തെയും ഭാഷയെയും കുറിച്ചുള്ള എ വിൻഡോ ഓൺ റഷ്യ (1972) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു ഗ്രന്ഥങ്ങളിൽ പ്രധാനം. തികഞ്ഞ ലിബറൽ ചിന്താഗതിക്കാരനും മതഭക്തനുമായിരുന്ന മഥിസൻ സാഹിത്യമൂല്യനിർണയത്തിൽ കർക്കശമായ നിലപാടെടുത്തിരുന്ന ആളാണ്. ദി അച്ചീവ്മെന്റ് ഒഫ് റ്റി.എസ്. എലിയറ്റ് (1935), അമേരിക്കൻ റെനെയ്സൻസ് (1941), ഹെന്റി ജെയംസ്; ദ മേജർ ഫെയ്സ് (1944) എന്നിവ ഇദ്ദേഹത്തിന്റെ കൃതികളുടെ കൂട്ടത്തിൽ മികച്ചു നില്ക്കുന്നു.

1930-കളുടെ അന്ത്യത്തിൽ രൂപംകൊണ്ട് 1940 കളിൽ നിരൂപണരംഗത്ത് പ്രാമുഖ്യം നേടിയ 'നവനിരൂപണ' പദ്ധതി (New Criticism)യെക്കുറിച്ചാണ് ഇനി ചിന്തിക്കാനുള്ളത്. ചരിത്രം, ജീവചരിത്രം തുടങ്ങിയ സാഹിത്യബാഹ്യപരിഗണനകൾ ഉപേക്ഷിച്ച് ഒരു സാഹിത്യകൃതിയെ ഒരു ജൈവസ്വരൂപമായി (Organic Unit) കാണുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യസവിശേഷത. കൃതിയുടെ പാഠ്യാംശത്തിന്റെ (text) സൂക്ഷ്മമായ അപഗ്രഥനത്തിലൂടെ കവിഹൃദയം കണ്ടെത്തുന്ന ഈ സമ്പ്രദായം പാഠനിരൂപണവിഭാഗത്തിൽ (textual criticism) പെടുന്നു. ടി.എസ്. എലിയറ്റും ഇംഗ്ളീഷ് വിമർശകനായ ഐ.എ. റിച്ചാഡ്സ്, വില്യം എംപ്സൻ എന്നിവരുമാണ് ഇക്കൂട്ടർക്ക് വഴികാട്ടികളായത്. 1938-ൽ ക്ളെയന്ത് ബ്രൂക്സും റോബർട്ട് പെൻ വാറനും ചേർന്നു പ്രസിദ്ധപ്പെടുത്തിയ അൺഡർസ്റ്റാൻഡിങ് പോയട്രി എന്ന ഗ്രന്ഥത്തോടെ ഈ നിരൂപണ പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതായി കണക്കാക്കാം. മൂന്നു വർഷത്തിനുശേഷം 1941-ൽ ജോൺ ക്രോ റാൻസം രചിച്ച ന്യൂ ക്രിട്ടിസിസം എന്ന ഗ്രന്ഥം ഈ സമ്പ്രദായത്തിനു സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തു. അലൻ റ്റെയ്റ്റ് (1899-1978), ഐവർ വിന്റേഴ്സ് (1900-68), ആർ.പി. ബ്ളാക്മൂർ (1904-65), കെന്നത്ത് ബർക് (1897-1993), സ്റ്റാൻലി എഡ്ഗർ ഹൈമൻ എന്നിവരാണ് മറ്റു നവനിരൂപകരിൽ പ്രമുഖർ.

പുതിയ കവിതയുടെ കാലഘട്ടം ആരംഭിക്കുന്നത് ഹാരിയറ്റ് മൺറോയുടെ (1860-1936) കവിത, ഒരു പദ്യമാസിക (Poetry A Magazine of Verse) എന്ന പ്രസിദ്ധീകരണത്തിന്റെ ഒന്നാം ലക്കത്തോടുകൂടിയാണെന്നു (1912) പറയാം. ഇക്കാലത്തെ പുത്തൻ കവികളുടെ വിഹാരരംഗമായിരുന്നു ഈ പ്രസിദ്ധീകരണം. കവിതയിലെ ഈ നവോത്ഥാനത്തിന്റെ ഉത്പത്തി കേന്ദ്രങ്ങൾ വാസ്തവത്തിൽ വാൾട്ട് വിറ്റ്മാനും എഡ്ഗാർ അല്ലൻ പോയും എമിലി ഡിക്കിൻസനുമായിരുന്നു. സ്പൂൺ റിവർ ആന്തോളജി (Spoon River Anthology, 1915) യിലൂടെ പ്രശസ്തിയിലേക്കുയർന്ന എഡ്ഗാർ ലീ മാസ്റ്റേഴ്സും (1869-1950) മോഹഭംഗത്തിന്റെ ഹൃദയവേദനയെപ്പറ്റി പാടിയ ഈ.എ. റോബിൻസണും (1869-1935) പുത്തൻ അമേരിക്കൻ ജീവിത്തിന്റെ വ്യാഖ്യാനമെന്നുദ്ഘോഷിക്കപ്പെടുന്ന ഷിക്കാഗോ കവിതകളുടെ (Chicago, 1916) കർത്താവായ കാൾ സാൻബർഗും (1878-1967) ആണ് കവിതാനവോത്ഥാനത്തിന്റെ ആദ്യകാല നായകന്മാർ. ഇവരെല്ലാവരും കാവ്യഭാഷയെ നിത്യജീവിതത്തിലെ സംസാരഭാഷയോടടുപ്പിക്കുന്നതിൽ നിർബന്ധബുദ്ധിക്കാരായിരുന്നു.

ടി.എസ്.എലിയറ്റ്

എസ്രാ പൗണ്ട് (1885-1972) ആരംഭിച്ച ഇമേജിസ്റ്റ് (Imagist) പ്രസ്ഥാനം 20-ാം ശ.-ത്തിലെ അമേരിക്കൻ കാവ്യസരണിയെ കൂടുതൽ സമ്പന്നമാക്കി. ഫ്രഞ്ച്-ചൈനീസ് സാഹിത്യങ്ങളിൽനിന്നും പ്രചോദനം നേടിയ ഒരു സാർവജനീനകാവ്യപ്രതിഭയായിരുന്നു പൌണ്ടിന്റേത്. ഏമി ലോവൽ (1874-1925), ജോൺ ഗൂൽഡ് ഫ്ളെച്ചർ (1886-1950) ഹിൽഡാ ഡൂലിറ്റിൽ (1886-1961), കോൺറാഡ് ഐക്കൻ (1889-1973) എന്നിവരാണ് ഈ ഇമേജിസ്റ്റ് സ്കൂളിന്റെ മറ്റു പ്രതിനിധികൾ.

1922-ൽ ആദ്യമായി ഇംഗ്ളണ്ടിലും പിന്നീട് അമേരിക്കയിലും പ്രസിദ്ധം ചെയ്ത തരിശുഭൂമി (The Waste Land) യുടെ കർത്താവായ ടി.എസ്. എലിയറ്റ് (1888-1965) 20-ാം ശ.-ത്തിലെ പുത്തൻ കാവ്യപരീക്ഷണങ്ങളുടെ ഒരു പ്രധാന പ്രചോദനകേന്ദ്രമായിത്തീർന്നു. ഹാട്ട് ക്രെയിൻ (1899-1932), മാൽക്കം കൗലി (1898-1989), ആർചിബാൾഡ് മാക്ലീഷ് (1892-1982) തുടങ്ങിയ കവികളെ എലിയറ്റ് ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. എലിയറ്റിന്റെ സ്വാധീനത ഉൾക്കൊണ്ട മറ്റൊരു കവിയും ബുദ്ധിജീവിയുമാണ് അല്ലൻ ടേറ്റ് (1899-1979). ജോൺ ക്രോ റാൻസം (1888-1974), റോബർട്ട് പെൻ വാറൻ (1905-1989) എന്നിവരും അക്കൂട്ടത്തിൽപ്പെടുന്നു. കരുത്തുറ്റ ഒരു കാവ്യശൈലിയുടെ ഉടമകളാണ് റോബിൻസൺ ജെഫേഴ്സും (1887-1962), വാലസ് സ്റ്റീവൻസും (1879-1955). ന്യൂ ഇംഗ്ളണ്ടിലെ നാട്ടിൻപുറങ്ങളുടെ മനോഹരങ്ങളായ ചിത്രങ്ങളവതരിപ്പിച്ചിട്ടുള്ള റോബർട്ട് ഫ്രോസ്റ്റിന്റെ (1874-1963) ആദ്യത്തെ പ്രസിദ്ധ കൃതി ഒരു വൃക്ഷസാക്ഷി (A Witness Tree, 1942) ആണ്. ആഫ്രോ-അമേരിക്കൻ കവികളുടെ സംഭാവനകളും ശ്രദ്ധേയങ്ങളാണ്. വെൽഡൺ ജോൺസൺ (1871-1938), കൗണ്ടി കളൻ (1903-46) എന്നിവരാണ് ഇവരിൽ പ്രമുഖർ.

അമേരിക്കൻ നാടകം മറ്റു സാഹിത്യശാഖകളെപ്പോലെതന്നെ ആദ്യകാലങ്ങളിൽ ഇംഗ്ളണ്ടിലെ നാടകത്തിന്റെ ദുർബലമായ അനുകരണമായിരുന്നു. സ്ഥായിയായ കലാമൂല്യമുള്ള അപൂർവം നാടകങ്ങളേ എഴുതപ്പെട്ടിരുന്നുള്ളു. നാടകകൃത്തിനെക്കാൾ പ്രാധാന്യം നടന്മാർക്കും നിർമാതാക്കൾക്കുമായിരുന്നു. പലപ്പോഴും ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത നാടകങ്ങളാണ് അമേരിക്കയിൽ അവതരിപ്പിക്കപ്പെട്ടിരുന്നത്. ടോം ടെയിലർ എന്ന ഒരു ഇംഗ്ലീഷുകാരൻ എഴുതിയ നമ്മുടെ അമേരിക്കൻ മച്ചുനൻ (Our American Cousin, 1858) എന്ന നാടകം വാഷിങ്ടണിലെ ഫോഡ്സ് തിയെറ്ററിൽ കണ്ടുകൊണ്ടിരുന്നപ്പോഴാണ് യു.എസ്. പ്രസിഡന്റ് എബ്രഹാം ലിങ്കൺ (1809-65) വധിക്കപ്പെട്ടത്. ഇക്കാലത്ത് അരങ്ങേറിയിരുന്ന മിക്ക കൃതികളും പ്രസിദ്ധങ്ങളായ നോവലുകളുടെ നാടകാവിഷ്കരണങ്ങളായിരുന്നു. ഡബ്ള്യു.ഡി. ഹവൽസ് തുടങ്ങിയ നാടകരചയിതാക്കൾക്കുപോലും അന്ന് ഈ സാഹിത്യരൂപത്തിന് ഏറെ പുതുമ നല്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ വളരെക്കാലം അമേരിക്കൻ നാടകസാഹിത്യം, യൂറോപ്പിന്റെയും ഇംഗ്ലണ്ടിന്റെയും വളരെയധികം പിന്നിലായിരുന്നു. 20-ാം ശ.-ത്തിന്റെ ആരംഭത്തിൽപ്പോലും അമേരിക്ക ഈ രംഗത്ത് ശ്രദ്ധേയമായ എന്തെങ്കിലും നേട്ടം കൈവരിക്കുമെന്ന പ്രതീക്ഷയില്ലായിരുന്നു. എങ്കിലും ഈ നൂറ്റാണ്ടിന്റെ ആദ്യദശകം അവസാനിക്കാറായപ്പോഴേക്കും നാടകരംഗത്ത് ഒരു പുതുജീവന്റെ നാഡിമിടിപ്പ് അനുഭവപ്പെട്ടുതുടങ്ങി. ജോസഫയിൻ പീബഡി (1874-1922) യുടെ പൈപ്പർ (Piper, 1910) എന്ന കാവ്യനാടകമായിരുന്നു ഈ ചലനത്തിന്റെ പ്രഥമാങ്കുരം. പഴയ സങ്കേതങ്ങളിൽനിന്നുള്ള ആശാവഹമായ ഒരു വ്യതിയാനം കാണുവാൻ പിന്നെയും കുറേനാൾ കാത്തിരിക്കേണ്ടിവന്നു. പ്രധാനമായും ന്യൂയോർക്ക് നഗരത്തെ കേന്ദ്രീകരിച്ച് ചെറിയ തോതിലാരംഭിച്ച പുതിയ നാടകാവതരണപ്രസ്ഥാനം 1920 ആയപ്പോഴേക്കും ഒട്ടൊക്കെ തഴച്ചുവളരാൻ തുടങ്ങി. 'ബോക്സ് ഓഫീസ്' വിജയം ഒരു പ്രശ്നമല്ലാതായതോടുകൂടിയാണ് നാടകകൃത്തിന്റെ സ്വാതന്ത്ര്യവും വ്യക്തിത്വവും അംഗീകരിക്കപ്പെട്ടുതുടങ്ങിയത്. ഈ പുതിയ നാടകസാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകരിൽ എഡ്നാ ഫെർബറും (1885-1968) എഡ്നാ സെന്റ് വിൻസെന്റ് മിലേയും (1892-1950) ഉൾപ്പെടുന്നു.

യൂജിൻ ഒനീൽ

യൂജിൻ ഒനീലിന്റെ (1888-1953) വരവോടുകൂടിയാണ് അമേരിക്കൻ നാടകസാഹിത്യത്തിലെ ആധുനികഘട്ടം ആരംഭിക്കുന്നത്. റിയലിസ്റ്റ്-ഇംപ്രഷനിസ്റ്റ് സങ്കേതങ്ങളുടെ ഒരു സങ്കരമാണ് ഒനീലിന്റെ പരീക്ഷണനാടകങ്ങളിൽ കാണുന്നത്. 1920-ൽ അരങ്ങേറിയ ദി എമ്പറർ ജോൺസ് (The Emperor Jones) ഈ പരീക്ഷണയത്നങ്ങളുടെ ഒരുത്തമ നിദർശനമാണ്. 1924-ൽ എഴുതിയ ആൾ ഗോഡ്സ് ചിൽഡ്രൻ ഗോട്ട് വിങ്സ് (All God's Children Got Wings) കറുത്തവരും വെള്ളക്കാരും തമ്മിലുള്ള ബന്ധമാണ് പ്രമേയമാക്കുന്നത്. ഒനീലിന്റെ മറ്റൊരു ശ്രദ്ധേയമായ നാടകമാണ് മോണിങ് ബികംസ് എലക്ട്ര (Mourning Becomes Electra, 1931); പ്രസിദ്ധമായ ഒരു യവനേതിഹാസകഥ ഉപയോഗിച്ച്, അമേരിക്കൻ സാമൂഹികപ്രശ്നങ്ങൾ ഈ നാടകത്തിൽ സമർഥമായി കൈകാര്യം ചെയ്തിരിക്കുന്നു. ഇരുപതു വർഷക്കാലം, തളരാത്ത ആവേശത്തോടുകൂടി, ഇദ്ദേഹം നാടകങ്ങളെഴുതി. അവയിൽ ചിലതു പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല. എങ്കിലും നാടകൃത്തിന്റെ വ്യക്തിത്വവും ആധിപത്യവും അമേരിക്കൻ തിയെറ്ററിൽ ആദ്യമായി അംഗീകരിക്കപ്പെട്ടു. ന്യൂയോർക്ക് നഗരത്തിൽ മാത്രം 2,500-ലധികം പ്രാവശ്യം അവതരിപ്പിക്കപ്പെട്ട ഒരു നാടകമായിരുന്നു ഏബീസ് ഐറിഷ് റോസ്' (Abies Irish Rose, 1922). അതിന്റെ രചയിതാവ് ആൻ നിക്കോൾസ് ആണെന്ന് അധികം പേരും അറിഞ്ഞിരുന്നില്ല.

ഒനീലിന്റെ സ്വാധീനത യൂറോപ്പിലേക്കും വ്യാപിക്കുകയുണ്ടായി. അമേരിക്കയിലെ ഏറ്റവും തലയെടുപ്പുള്ള നാടകകൃത്തെന്ന പദവി ഇന്നും ഒനീലിനുതന്നെയാണ്. സിഡ്നി ഹവാഡ് (1891-1939), എൻ.എസ്. ബെർമാൻ (1893-), ഫിലിപ് ഫാരി (1896-1949), റോബർട്ട് ഷെർവുഡ് (1896-1955), മോസ്ഹാർട്ട് (1904-61), ജോർജ് കോഫ്മാൻ (1889-1961) എന്നിവരാണ് പ്രമുഖരായ മറ്റ് അമേരിക്കൻ നാടകകൃത്തുകൾ. ഇവരിൽ ചിലരുടെ കൃതികൾക്ക് ഒനീലീന്റെ നാടകങ്ങളെക്കാൾ ശില്പഭംഗി അവകാശപ്പെടാമെങ്കിലും അവയ്ക്കൊന്നിനും ഒനീലിന്റെ നാടകങ്ങളുടെ വികാരസാന്ദ്രതയില്ല. പരീക്ഷണപ്രധാനമായ ഒരു നാടകമാണ് എൽമർ റൈസിന്റെ (1892-1967) ദി ആഡിങ് മെഷീൻ (The Adding Machine, 1923). നോവലിസ്റ്റുകൂടിയായ തോൺടൺ വൈൽഡറുടെ നമ്മുടെ പട്ടണം (Our Town, 1938) എന്ന നാടകവും പരീക്ഷണപ്രധാനമായ ഒന്നാണ്.

ഒനീലിനുശേഷം വന്ന ഏറ്റവും ഊർജസ്വലനായ ഒരു നാടകകൃത്താണ് ക്ലിഫഡ്സ് ഓഡറ്റ്സ് (1906-63). വെയിറ്റിങ് ഫോർ ലെഫ്റ്റി (Waiting for Lefty, 1935), എവെയ്ക്ക് ആൻഡ് സിങ് (Awake and Sing, 1935) എന്നീ നാടകങ്ങളാണ് ഓഡറ്റ്സിന്റെ യശസ്സിന് അടിത്തറ പാകിയത്. അമേരിക്കൻ സംസാരഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള അനന്യസാധാരണമായ കഴിവാണ് ഓഡറ്റ്സിന്റെ നാടകങ്ങളുടെ വശ്യതയ്ക്കുള്ള ഒരു പ്രധാന കാരണം.

ഗദ്യനാടകങ്ങളെ അപേക്ഷിച്ച് അമേരിക്കയിൽ കാവ്യനാടകങ്ങളിൽ നടത്തപ്പെട്ട പരീക്ഷണങ്ങൾ ഏറെക്കുറെ ദുർബലങ്ങളായിരുന്നു. വാലസ് സ്റ്റീവൻസിന്റെ കാർലോസ് എമങ് ദി കാൻഡിൽസ് (Carlos Among the Candles, 1917), ത്രീ ട്രാവലേഴ്സ് വാച്ച് എ സൺറൈസ് (Three Travellers Watch a Sunrise, 1920) എന്നീ കാവ്യനാടകങ്ങൾ ശ്രദ്ധാർഹങ്ങളാണ്. എങ്കിലും അവ നാടകങ്ങളെന്നതിനെക്കാൾ കവിതകളായിരുന്നു; അതുകൊണ്ടുതന്നെ അവയുടെ ആസ്വാദനക്ഷമത പരിമിതമാണ്. വിന്റർസെറ്റ് (1935) അടക്കമുള്ള, മാക്സ്വെൽ അൻഡേഴ്സന്റെ (1888-1959) എല്ലാ നാടകങ്ങളുടെയും നില ഇതുതന്നെ. ആർച്ചിബാൾഡ് മാക്ലീഷിന്റെ കാവ്യനാടകങ്ങളാണ് രചനാകൗശലത്തിൽ മറ്റു നാടകങ്ങളെക്കാൾ മുന്തിനില്ക്കുന്നത്. 1958-ൽ എഴുതപ്പെട്ട ഇദ്ദേഹത്തിന്റെ ജെ.ബി. (J.B) എന്ന നാടകത്തിനു പൊതുവേ നല്ല സ്വീകരണമാണു ലഭിച്ചത്.

പരീക്ഷണങ്ങൾ

[തിരുത്തുക]

'ഓഫ് ബ്രോഡ്വേ' (Off Broadway) നാടകങ്ങളുടെ ആഗമനം പരീക്ഷണകുതുകികളായ നാടകകൃത്തുകൾക്ക് വളരെയധികം പ്രചോദനം നല്കുകയുണ്ടായി. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഏറ്റവുമധികം പൊതുജനശ്രദ്ധയാകർഷിച്ച നാടകകൃത്തുകൾ ടെന്നസ്സി വില്യംസും (1911-83) ആർതർ മില്ലറും (1915-2005) ആണ്. ദി ഗ്ലാസ് മെനാജറി (The Glass Menagerie, 1944), എ സ്ട്രീറ്റ് കാർ നെയിംഡ് ഡിസയർ (A Street Car Named Desire, 1947) എന്നീ നാടകങ്ങളോടുകൂടിയാണ് ടെന്നസ്സി വില്യംസിന്റെ പ്രശസ്തിയുയർന്നത്. ക്യാറ്റ് ഓൺ എ ഹോട്ട് ടിൻ റൂഫ് (Cat on a Hot Tin Roof, 1954) തുടങ്ങിയ മറ്റു കൃതികൾ ഈ പ്രശസ്തിയെ ഒന്നുകൂടി ഉറപ്പിച്ചു. 1949-ൽ എഴുതിയ ഡെത് ഒഫ് എ സെയിൽസ്മാൻ (Death of a Salesman), 1953-ൽ പ്രസിദ്ധം ചെയ്ത ദി ക്രൂസിബിൾ (The Crucible) എന്നീ നാടകങ്ങൾ ആർതർ മില്ലറെ ശ്രദ്ധേയനായ ഒരു നാടകകൃത്താക്കി. എന്നാൽ ഈ ആദ്യകാലകൃതികൾ വഴി ഇദ്ദേഹം ഉണർത്തിവിട്ട പ്രതീക്ഷകളെ ഉത്ഫുല്ലമാക്കാൻ പോന്നവയായിരുന്നില്ല പിന്നീടെഴുതിയ നാടകങ്ങൾ.

യൂറോപ്പിന്റെ ശ്രദ്ധയെ ഹഠാദാകർഷിച്ച മറ്റൊരു അമേരിക്കൻ നാടകകൃത്താണ് എഡ്വേർഡ് ആൽബി (1928- ). അസംബന്ധത്തിന്റെ അരങ്ങ് എന്നറിയപ്പെടുന്ന പ്രസ്ഥാനത്തിന്റെ ഒരു പ്രമുഖ പ്രതിനിധിയാണ് ആൽബി. ദ് സൂ സ്റ്റോറി (The Zoo Story, 1958), ദ് ഡെത് ഒഫ് ബെസ്സി സ്മിത്ത് (The Death of Bessie Smith, 1959), ദി അമേരിക്കൻ ഡ്രീം (The American Dream, 1961), ഹു ഈസ് അഫ്രയ്ഡ് ഒഫ് വെർജീനിയ വൂൾഫ് (Who's Afraid of Virginia Woolf, 1962) എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യ നാടകങ്ങൾ.

രണ്ടാം ലോകയുദ്ധത്തിനു ശേഷം

[തിരുത്തുക]

അമേരിക്കൻ സാഹിത്യം അതിന്റെ മൂന്നാം ഘട്ടത്തിലേക്ക്, രണ്ടാം ലോകയുദ്ധത്തിനുശേഷം പ്രവേശിച്ചു. ലബ്ധപ്രതിഷ്ഠരായ എഴുത്തുകാർ അവരുടെ പ്രഖ്യാതമായ നിലപാടുകളിൽ ഉറച്ചുനിന്നപ്പോൾഒരു കൂട്ടം യുവസാഹിത്യകാരന്മാർ രംഗത്തേക്കു വന്നു. അമേരിക്കൻ സാഹിത്യകാരന്മാരിൽ പ്രമുഖരായ പലരുടെയും നേതൃത്വം ലോകം ഇന്ന് അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു. ഫോക്നർ തന്നെയാണ് ഒരുദാഹരണം. ഫ്രാൻസിലെയും മെക്സിക്കോയിലെയും യുവസാഹിത്യകാരന്മാരിൽ ഇദ്ദേഹം ചെലുത്തിയിട്ടുള്ള സ്വാധീനത പ്രകടമാണ്. എന്നാൽ ഈ സ്വാധീനത എല്ലായ്പ്പോഴും ഒരേ മാർഗ്ഗത്തിലൂടെയല്ല പ്രവഹിക്കുന്നത്. സാഹിത്യപരമായ ഈ ആദാനപ്രദാനങ്ങൾ അമേരിക്കൻ സാഹിത്യത്തെ സമ്പന്നമാക്കിയിട്ടുണ്ടെന്നു സമ്മതിക്കാതെ തരമില്ല.

ജോൺ സ്റ്റെയിൻബെക്ക്

അമേരിക്കൻ സാഹിത്യനവോത്ഥാനത്തിന്റെ ശംഖൊലി മുഴക്കിയ മിക്കവാറും എല്ലാ പ്രമുഖ സാഹിത്യനായകന്മാരും രണ്ടാം ലോകയുദ്ധത്തിനുശേഷം തങ്ങളുടെ വിശിഷ്ടമായ ഒരു കൃതിയെങ്കിലും രചിക്കുകയുണ്ടായി. കവിതയിൽ ഫ്രോസ്റ്റും നോവലിൽ ഹെമിങ്വേയും ഫോക്നറും (1897-1962) സ്റ്റെയിൻബെക്കും നാടകത്തിൽ ഒനീലും പുതിയ നേട്ടങ്ങളുണ്ടാക്കി. ഇവരുടെ സാഹിത്യപിന്തുടർച്ചക്കാരാണു നോവലിൽ ജോൺ അപ്ഡൈക്കും (1932-) കവിതയിൽ റോബർട്ടു ലൊവലും (1917-77) നാടകത്തിൽ എഡ്വേഡ് ആൽബി(1928- )യും. അമ്പരിപ്പിക്കുന്ന സങ്കീർണതയിലും വൈവിധ്യങ്ങളിലും സ്വന്തം വ്യക്തിത്വവും തനിമയുമാണ് ഇവർ നേടുന്നത്. ഈ അന്വേഷണം മൂന്നു പ്രധാന സാംസ്കാരിക ഉപഗ്രൂപ്പുകളുടെ ജീവിതത്തിലൂടെയാണു പ്രകടമായത്. ദാക്ഷിണാത്യ-ആഫ്രോ അമേരിക്കൻ-യഹൂദ ഗ്രൂപ്പുകളുടെ ജീവിതങ്ങളിൽ.

പ്രമാണം:Saul Bellow, 1990.jpg
സോൾ ബെല്ലോ

ദാക്ഷിണാത്യ സാഹിത്യം

[തിരുത്തുക]

അടിമത്തത്തിന്റെയും ആഭ്യന്തരയുദ്ധത്തിന്റെയും അസന്തുലിതാവസ്ഥയുടെയും ഫലമായി ഉളവായ വ്രണിതാഭിമാനത്തിൽ നിന്നുയിർക്കൊണ്ട അന്യവത്കരണമാണു തെക്കിന്റെ മുഖമുദ്ര. അവരുടെ സൈനിക പരാജയത്തിന്റെ ആഴത്തിലുള്ള വടു മനസ്സിൽ മായാതെ കിടക്കുന്നു. തെക്കിന്റെ സാഹിത്യത്തിലെ ഏറ്റവുമധികം പ്രതിഭാധനനായ ഫോക്നറുടെ കഥാലോകം യുദ്ധത്തിനുമുൻപുള്ള ഐതിഹാസികമായ സംസ്കാരത്തിന്റെയും ആചാരങ്ങളുടെയും ക്രൂരതകളുടെയും യുദ്ധാനന്തരമുള്ള ദുരാഗ്രഹത്തിന്റെയും അവസരവാദത്തിന്റെയും പുരോഗതിയുടെയും ഇടയ്ക്ക് എവിടെയോ ആണുകിടക്കുന്നത്. രണ്ടു വിഭിന്നജീവിത സമ്പ്രദായങ്ങൾ തമ്മിലുള്ള അക്രമോത്സുകമായ സംഘട്ടനങ്ങളുടെ അതിർത്തിപ്രദേശമാണത്. മറ്റു ശ്രദ്ധേയരായ ദാക്ഷിണാത്യന്മാർ നാടകത്തിൽ ടെന്നസ്സി വില്യംസും (1911-83) നോവലിൽ ബഹുമുഖ പ്രതിഭാധനനായ റോബർട്ട് പെൻ വാറനും (1905-1989) കാതറീൻ ആൻ പോർട്ടറും (1890-1980) കാഴ്സൺ മാക്കള്ളേഴ്സും (1917-67) ഫ്ളാനറി ഒക്കോണറും (1925-64) മറ്റുമാണ്. ഇവരെല്ലാം അങ്ങേയറ്റം പ്രാദേശിക മനഃസ്ഥിതിക്കാരാണെങ്കിലും വേരുകൾ തേടിയലയുന്ന ആധുനിക അമേരിക്കക്കാരന്റെ ദുഃഖഭാരം പേറുന്നവർ കൂടിയാണ്.

ആഫ്രോ-അമേരിക്കൻ സാഹിത്യം

[തിരുത്തുക]

തെക്കും കറുത്തവർഗക്കാരുടെ ജീവിതവും കെട്ടുപിണഞ്ഞാണ് കിടന്നിരുന്നത്. എന്നാൽ ഇന്നിപ്പോൾ അതു തെക്കും വടക്കും മാത്രമായിട്ടല്ല നഗര-ഗ്രാമ ജീവിതവൈരുദ്ധ്യങ്ങളായും വളർന്നിരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിലെ മൂന്നു ക്ളാസ്സിക് കൃതികളിൽ നിന്നാണ് ആധുനിക ആഫ്രോ-അമേരിക്കൻ സാഹിത്യത്തിന്റെ തുടക്കം. ബുക്കർ ടി. വാഷിങ്ടന്റെ (1856-1915) ആത്മകഥയായ അപ് ഫ്രം സ്ളേവറി (1901), ഡൂബോയ്സി (വില്യം എഡ്വേഡ് ബർഗഹാർട്ട്)ന്റെ കാവ്യോപന്യാസങ്ങളായ ദ് സോൾസ് ഒഫ് ബ്ളാക് ഫോക്, ജെയിംസ് വെൽഡൻ ജോൺസണി (1871-1938)ന്റെ ദ് ഓട്ടോബയോഗ്രഫി ഒഫ് ആൻ എക്സ്-കളേഡ്മാൻ (1912) എന്നിവയാണ് ആ കൃതികൾ.

രണ്ടാം ലോകയുദ്ധത്തിന്റെ യാതനകൾക്കുശേഷം അനുഗൃഹീതകവികളായ ക്ലോഡ് മാക്കേ (1890-1948), കൗണ്ടി കുള്ളൻ (1903-46), ജീൻ ടൂമർ (1894-1967), ലാങ്സ്റ്റൺ ഹ്യൂസ് (1902-67) എന്നിവർ ആഫ്രോ-അമേരിക്കക്കാരുടെ ജീവിതങ്ങളിലും അനുഭവങ്ങളിലും ഒരു പുതിയ താത്പര്യമുണർത്തി. ഇവരിൽ ഹ്യൂസ് ആണ് ഏറ്റവും ശ്രദ്ധേയൻ. റിച്ചാഡ് റൈറ്റിന്റെ (1908-60) നേട്ടത്തെ തുടർന്നു ആഫ്രോ-അമേരിക്കക്കാരുടെ നോവൽസാഹിത്യം ഗണനീയമായ ഒരു വിഭാഗമായിത്തീർന്നു. റാൾഫ് എലിസന്റെ (1914-94) നോവലിലും ജെയിംസ് ബാൾഡ്വി(1924-87)ന്റെ കൃതികളിലും ആഫ്രോ-അമേരിക്കക്കാരുടെ ഇതികർത്തവ്യതാബോധം പ്രതിഫലിക്കുന്നുണ്ട്. ദ് ഡിസ്കവറി ഒഫ് വോട്ട് ഇറ്റ് മീൻസ് ടു ബി ആൻ അമേരിക്കൻ ഇതിനൊരുദാഹരണമാണ്. ക്ളീവറിന്റെ ആത്മകഥയിലും രക്തസാക്ഷിയായ മാർട്ടിൻ ലൂഥർ കിങ്ങി(1929-68)ന്റെ കത്തിടപാടുകളിലും പ്രസംഗങ്ങളിലും ആഫ്രോ-അമേരിക്കക്കാരുടെ ആത്മീയമായ നൊമ്പരം അതിന്റെ സങ്കീർണതയിലും ആഴത്തിലും മനസ്സിലാക്കുവാൻ കഴിയും. ഉദാഹരണമായി, മാർട്ടിൻ ലൂഥർ കിങ്ങിന്റെ ഐ ഹാവ് ഏ ഡ്രീം അമേരിക്കയെ ഒരു വാഗ്ദത്ത ഭൂമിയായിട്ടാണു വിഭാവനം ചെയ്തിരിക്കുന്നത്. ഒരു ഇരുണ്ട ശരീരത്തിൽ പൊരുത്തപ്പെടാത്ത രണ്ടാത്മാക്കൾ, രണ്ടു ചിന്താസരണികൾ, രണ്ടുതരം അഭിനിവേശങ്ങൾ - ഇതാണു ആഫ്രോ-അമേരിക്കക്കാരന്റെ ശാപം. ഈ ശാപത്തിൽ നിന്നു മോചനം നേടുകയാണു പരമമായ ലക്ഷ്യം.

യഹൂദസാഹിത്യം

[തിരുത്തുക]

ആഫ്രോ-അമേരിക്കക്കാരുടേതിനെക്കാൾ വ്യാപകവും ചരിത്രദൈർഘ്യമുള്ളതുമായ മറ്റൊരു തരം ശാപം പേറിനടക്കുന്നവരാണു യഹൂദന്മാർ. അവരുടെ ഉത്കണ്ഠയും തനതായ വ്യക്തിത്വത്തിനു വേണ്ടിയുള്ള അന്വേഷണവുമാണ് അവരുടെ മാനസികവ്യഥയുടെ പ്രഭവകേന്ദ്രങ്ങൾ. അമേരിക്കയിലെ ജനസംഖ്യയിൽ ഒരു ചെറിയ വിഭാഗമായ ജൂതന്മാർക്ക് അമേരിക്കയുടെ മണ്ണിൽ ആണ്ടിറങ്ങിയ ആത്മീയവേരുകളില്ല. എങ്കിലും രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള അവരുടെ സാഹിത്യത്തിന്റെ സമ്പന്നതയും പ്രാധാന്യവും അത്ഭുതകരമാണ്. ബർണാഡ് മാലമഡ് (1914-86), നോർമൻ മെയ്ലർ (1923-2007), ജെ.ഡി. സാലിഞ്ജർ (1919- ), സോൾ ബെലോ (1915-2005) എന്നിവരുടെതായി 1945-നുശേഷം ഇരുന്നൂറ്റി അമ്പതിലേറെ നോവലുകൾ പുറത്തുവന്നിട്ടുണ്ട്. നാടകത്തിൽ ആർതർ മില്ലറും (1915-2005), നിരൂപണത്തിൽ ലയണൽ ട്രില്ലിങും (1905-75), ആൽഫ്രഡ് കാസിനും (1915- ) ലെസ്ളി ഫീഡ്ലറും (1917-2003) ഉന്നതശീർഷന്മാരാണ്. യുവമനസ്സുകളെ ആഴത്തിൽ സ്വാധീനിച്ചിട്ടുള്ള അലൻ ഗിൻസ്ബർഗ് (1926- ) ബീറ്റ് കവിതാ ചൊൽക്കാഴ്ചകളിൽ ഗണനീയനാണ്.

മാറിക്കൊണ്ടിരിക്കുന്ന ഒരു ഉപസംസ്കാരത്തിന്റെ സാഹിത്യമായ യഹൂദസാഹിത്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിന്റെ വ്യക്തിപരതയാണ്. സമൂഹവുമായി പൂർണമായും പൊരുത്തപ്പെട്ടു കഴിഞ്ഞിട്ടില്ലാത്ത പ്രത്യേകതരം കഥാപാത്രങ്ങളിലൂടെയാണ് യഹൂദനോവലിസ്റ്റുകൾ തങ്ങളുടെ വർഗത്തിന്റെ സങ്കീർണങ്ങളായ വികാരവിചാരങ്ങൾക്കു പ്രകാശനം നല്കുന്നത്. അനിശ്ചിതത്വവും ആശയക്കുഴപ്പവും അശാന്തിയും നിറഞ്ഞ മനസ്സുമായി രണ്ടു ലോകങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കുന്ന പ്രതീതിയാണ് ഇവരുടെ കൃതികളിലെ യഹൂദമനസ്സ് അനുവാചകരിൽ സൃഷ്ടിക്കുന്നത്. അതിലെ നർമരസത്തിനു കണ്ണുനീരിന്റെ നനവുള്ളതായിക്കാണാം.

നിരൂപണരംഗം

[തിരുത്തുക]

ഷിക്കാഗോ സർവകലാശാലയുമായി ബന്ധപ്പെട്ട് 1950-കളിൽ അമേരിക്കൻ സാഹിത്യനിരൂപണരംഗത്ത് കടന്നുവന്ന ഒരു കൂട്ടം എഴുത്തുകാർ 'ഷിക്കാഗോ നിരൂപകർ' (Chicago critics) എന്ന പേരിൽ ഖ്യാതി നേടി. 1952-ൽ പ്രസിദ്ധീകൃതമായ ക്രിറ്റിക്സ് അൻഡ് ക്രിറ്റിസിസം: എയ്ൻഷ്യന്റ് അൻഡ് മോഡേൺ എന്ന നിരൂപണഗ്രന്ഥത്തിന്റെ ലേഖകരെ സൂചിപ്പിക്കാനാണ് ഈ പദം ആദ്യമായി പ്രയോഗിച്ചത്; ക്രമേണ ഇവരുടെ സ്വാധീനത്തിൽ വളർന്നുവന്ന നിരൂപകരും ഈ പേരിൽ അറിയപ്പെട്ടു. റൊണാൾഡ് എസ്.ക്രെയ്ൻ, എൽഡർ ഓൾസൻ, വെയ്ൻ ബൂഥ്, നോർമൻ ഫ്രീഡ്മാൻ എന്നിവർ ഇക്കൂട്ടത്തിൽപ്പെടുന്നു. ഒരു സാഹിത്യനിരൂപണരീതിക്കും മറ്റൊന്നിനെക്കാൾ ഔത്കൃഷ്ട്യം അവകാശപ്പെടാനില്ലെന്നു വിശ്വസിച്ച ഇവരുടെ വിമർശനസമീപനത്തെ ബഹുമുഖമെന്നു (pluralist) വിശേഷിപ്പിക്കാം. ആദ്യകാലത്ത് അരിസ്റ്റോട്ടിലിന്റെ കാവ്യശാസ്ത്രത്തോട് ആഭിമുഖ്യം പ്രദർശിപ്പിച്ചിരുന്ന ഇവർ നിയോ-അരിസ്റ്റോട്ടലിയൻസ് (Neo-Aristotelians) എന്നും അറിയപ്പെടുന്നു. കാവ്യപാഠത്തെ മാത്രം നിരൂപണാധിഷ്ഠാനമാക്കിയ 'നവനിരൂപണ' സിദ്ധാന്തത്തോട് ഇക്കൂട്ടർക്ക് പൊതുവേ വിയോജിപ്പായിരുന്നു.

ഉത്തരാധുനികത

[തിരുത്തുക]

രണ്ടാം ലോകയുദ്ധത്തിനുശേഷം അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ ആരംഭത്തിലുമായി ഒട്ടേറെ കൃതികൾ അമേരിക്കയിൽ പുറത്തിറങ്ങി. മിക്കതിലും യുദ്ധക്കെടുതികളായിരുന്നു പ്രതിപാദ്യം. സിൽവിയ പ്ളാത്തിന്റെ ബെൽ ജാർ, വ്ളാഡിമർ നബക്കോവിന്റെ ലോലിത നോർമൻ മെയ്ലറുടെ ദ് നേക്കഡ് ആൻഡ് ദ് ഡെഡ്, ജോസഫ് ഹെല്ലറുടെ ക്യാച്ച്-22, കുർട്ട് വോണെഗട്ട് ജൂനിയറിന്റെ സ്ളോട്ടർ ഹൗസ്-ഫൈവ് എന്നിവ ഈ കാലഘട്ടത്തിലെ പ്രധാന കൃതികളാണ്. പുതിയ എഴുത്തുകാർ രംഗപ്രവേശം ചെയ്തതോടെ അമേരിക്കൻ സാഹിത്യവിഹായസ്സിൽ മാറ്റത്തിന്റെ ശംഖൊലിയുയർന്നു. പുതു ആശയങ്ങളും, ചിന്താഗതികളും, വൈവിധ്യവും, ആവേശജനകങ്ങളായ വിവരണങ്ങളും ആധുനിക സാഹിത്യത്തിന്റെ മുഖമുദ്രയായി മാറി. സാമൂഹിക സാമ്പത്തിക സാങ്കേതിക പുരോഗതി, പിൻതള്ളപ്പെട്ടു കിടന്നിരുന്ന സമൂഹങ്ങൾക്കും വിഭാഗങ്ങൾക്കും മുൻനിരയിലേക്ക് കടന്നുവരാൻ അവസരമൊരുക്കി. 21-ാം ശ.-ത്തിന്റെ ആരംഭത്തിൽ സാഹിത്യകൃതികൾ കുറേക്കൂടി ജനകീയങ്ങളായി. ഒപ്പം തന്നെ പ്രാദേശിയതയ്ക്ക് ഊന്നൽ ലഭിച്ചുതുടങ്ങി. ആഗോള സാഹിത്യകാരന്മാർ അമേരിക്കൻ സംസ്കാരത്തെ താന്താങ്ങളുടെ കാഴ്ചപ്പാടുകളിലൂടെ അവലോകനം ചെയ്തപ്പോൾ ഒരു ദേശത്തിന്റെ സാമൂഹിക സാംസ്കാരിക സമ്പത്ത് ലോകജനതയ്ക്ക് പരിചിതമായി. ബഹുവംശീയ സാഹിത്യകൃതികൾ പ്രചാരം നേടി.

സമകാലീന അമേരിക്കൻ സാഹിത്യത്തിന്റെ ആധുനിക മുഖമായ ഉത്തരാധുനികതയുടെ പ്രത്യേകതയാണ് ക്രമഭംഗം (fragmentariness). വിഭിന്ന സ്വരങ്ങളും വ്യക്തിത്വങ്ങളും, പശ്ചാത്തലങ്ങളും കൊളാഷും, സങ്കരതയും ഉത്തരാധുനികതയിൽ ഇഴചേരുന്നു. രാഷ്ട്രീയവും, കലാപരവും, താത്ത്വികവുമായ ബാഹ്യഘടനകളെ തിരസ്കരിക്കുന്ന ഈ സാഹിത്യരചനകളിൽ ആധുനിക സാഹിത്യകൃതികളിൽക്കാണുന്ന ആഖ്യാനപാടവം പാടേ ഉപേക്ഷിക്കുന്നു. ആഖ്യാനത്തിലും പാത്രസൃഷ്ടിയിലും ഭാഗികതയെ ആശ്രയിക്കുന്ന ഇത്തരം കൃതികളിലെ രംഗങ്ങൾ ഫാസ്റ്റ്ഫുഡ് റസ്റ്റാറന്റുകളിലും, സബ്വേകളിലും, ഷോപ്പിങ് ഹാളുകളിലുമൊക്കെയാണ് ചിട്ടപ്പെടുത്തുന്നത്. ടെലിവിഷൻ കമേർഷ്യലുകൾ, പ്ലാസ്റ്റിക് സർജറി, ഡ്രഗ്സ് തുടങ്ങിയവയെല്ലാം ഈ കൃതികൾക്കു വിഷയങ്ങളാണ്. ഉത്തരാധുനിക സാഹിത്യകാരന്മാർ പ്രത്യേകിച്ച് ഡേവിഡ് എഗ്ഗേഴ്സ്, ഷക്ക് പൊളാനിക്ക് (Chuck Palahnick) തുടങ്ങിയവർ തങ്ങളുടെ കഥാപാത്രങ്ങളെ വക്രബുദ്ധിയോടും, പരിഹാസഭാവത്തോടും, ദാക്ഷിണ്യമനോഭാവത്തോടും കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീ പുരുഷഭേദങ്ങളും വിഭിന്ന ജാതിമത സംസ്കാരവും നിറഭേദങ്ങളും പകർന്നു നൽകിയ വ്യത്യസ്താനുഭവങ്ങൾ നിറഞ്ഞു നിൽക്കുന്ന ഓർമക്കുറിപ്പുകളും ആത്മകഥകളും മറ്റു കഥേതര രചനകളും ഈ കാലയളവിൽ ജനപ്രീതി നേടി. ഇന്ത്യൻ വംശജനായ വേദ് മേത്ത സ്റ്റോളൻ ലൈറ്റിൽ അന്ധത വികലമാക്കിയ തന്റെ ബാല്യത്തിന്റെ വേദനയും പേറി ഏകനായി പഠനത്തിന് അമേരിക്കയിലേക്ക് പോകേണ്ടിവന്നതും, തുടർന്നുണ്ടായ ജീവിതാനുഭവങ്ങളും ഹൃദയസ്പർശിയായി വിവരിക്കുന്നു. ഐറിഷ് അമേരിക്കൻ എഴുത്തുകാരനായ ഫ്രങ്ക് മക് കോർട്ടിന്റെ എയ് ൻജലാസ് ആഷസ്, പോൾ ആസ്റ്ററിന്റെ ഹാൻഡ്സ് റ്റു മൗത്ത് എന്നീ കൃതികളിലും ദാരിദ്ര്യത്തിന്റെ കയ്പേറിയ അനുഭവങ്ങൾ നിറഞ്ഞു നിൽക്കുന്നു. ഫെമിനിസത്തിന്റെ ഉത്തരഫലങ്ങൾ വിലയിരുത്തുന്ന കൃതികളിൽ ഉൾപ്പെടുന്നവയാണ് സൂസൻ ഡഗ്ളസും, മെറിഡിത്ത് മൈക്കൽസും ചേർന്നെഴുതിയ മമ്മി മിത്ത്. ജനിഫർബൗംഗാർഡ്നറിന്റെയും ആമി റിച്ചാർഡ്സിന്റെയും സംയുക്ത രചനയായ മാനിഫെസ്റ്റ് എ യങ് വിമൻ, ഫെമിനിസം ആൻഡ് ദി ഫ്യൂച്ചർ എന്നിവ.

എഴുപതുകളിൽ ഓജസറ്റുപോയ ചെറുകഥാ സാഹിത്യം ഏണസ്റ്റ് ഹെമിങ്വേ പുനരുദ്ധരിച്ചു. ഡൊണാൾഡ് ബാർത്തമെ, റോബർട്ട് കൂവർ, ജോൺ വാർത്ത്, വില്യം ഗാസ് എന്നിവർ ഏതാനും മെറ്റഫിക്ഷൻ കഥകൾ രചിക്കുകയുണ്ടായി. കടുത്ത ദാരിദ്ര്യവും, മദ്യാസക്തിയും അതിജീവിച്ച് റെയ്മൺഡ് കാർവർ യു.എസ്സിലെ ഏറ്റവും ജനപ്രീതി നേടിയ കഥാകൃത്തായി. ഇദ്ദേഹത്തിന്റെ വിൽ യു പ്ളീസ് ബി ക്വയറ്റ് പ്ളീസ്, വോട്ട് വീ ടോക് എബൗട്ട് വെൻ വി ടോക് എബൗട്ട് ലവ്, അയാം കാളിംഗ് ഫ്രം എന്നീ കൃതികൾ വിരസങ്ങളായ തൊഴിലിന്റെ നുകവും പേറി, വാടക വീടുകളുടെ നാലു ചുവരുകൾക്കുള്ളിൽ മദ്യത്തിനടിമകളായി ആശയറ്റു ജീവിക്കുന്ന തൊഴിലാളി സമൂഹത്തിന്റെ കഥ പറയുന്നു. ഗതിമാറി ഒഴുകുന്ന അമേരിക്കൻ സാമൂഹികജീവിതത്തിന്റെ സൂക്ഷ്മ ദൃശ്യങ്ങളടങ്ങിയ ആൻ ബിയാറ്റിയുടെ പാർക് സിറ്റി, പെർഫക്ട് റീകോൾ തുടങ്ങിയ കൃതികളിൽ ലക്ഷ്യബോധമില്ലാതെ അലയുന്ന ഇടത്തരക്കാരാണ് കഥാപാത്രങ്ങൾ. പല നിയോ റിയലിസ്റ്റിക് രചയിതാക്കളിലും കാർവറുടെയും ബിയാറ്റിയുടെയും പ്രഭാവം പതിഞ്ഞിട്ടുണ്ട്. ആമി ഹെംപലിന്റെ റീസൺസ് റ്റു ലിവ്, ഡേവിഡ് ലിവിറ്റിന്റെ ഫാമിലി ഡാൻസിങ്, റിച്ചാഡ് ഫോർഡിന്റെ റോക്ക് സ്പ്രിങ്സ്, ബോബി ആൻ മെയ്സന്റെ ഷീലോ ആൻഡ് അദർ സ്റ്റോറീസ്, ജോൺ അപ്ഡയ്ക്കിന്റെ ദി ആഫ്റ്റർ ലൈഫ് ആൻഡ് അദർ സ്റ്റോറീസ് എന്നിവ ഉദാഹരണങ്ങളാണ്. 1986-ൽ റോബർട്ട് ഷപ്പാർഡും, ജെയിംസ് തോമസും ചേർന്ന് പുറത്തിറക്കിയ 'സഡൻ ഫിക്ഷൻ' എന്ന ചെറിയ ചെറുകഥാമഞ്ജരിയെ അനുകരിച്ച് അനേകം കുട്ടിക്കഥകൾ അഥവാ എഹമവെ ളശരശീിേ എന്നൊരു വിഭാഗവും അമേരിക്കൻ ഉത്തരാധുനിക സാഹിത്യത്തിലുണ്ട്. ഗദ്യകവിതയോട് സാദൃശ്യം പുലർത്തുന്ന ഇത്തരം കഥകളിൽ പാത്രവികാസത്തിന് സാധ്യത കുറവാണ്.

സമകാലീന അമേരിക്കൻ നാടക സാഹിത്യത്തിൽ സങ്കല്പവും യാഥാർഥ്യവും കൂടിക്കലരുന്നു. റ്റോണി കുഷ്നറുടെ 'എയ്ഞ്ചൽസ് ഇൻ അമേരിക്ക' നാടകങ്ങളിൽ 80-കളിൽ വിനാശം വിതച്ച എയ്ഡ്സ് രോഗവും സ്വവർഗരതിയുമാണ് വിഷയം. 'പാർട്ട് വൺ മില്ലേനിയം അപ്രോച്ചസ്സി'ലും 'പാർട്ട് റ്റു പെരിസ്ട്രോയിക്ക'യിലും അതിഭാവുകതയും, നർമവും, രാഷ്ട്രീയ ചിന്തകളും സമന്വയിക്കുന്നു. ക്രൈംസ് ഒഫ് ദ ഹാർട്ടിന്റെ രചയിതാവായ ബെത്ത് ഹെൻലി, ദ് ഹെയ്ദി ക്രോണക്കിൾസിന്റെ കർത്താവായ വെൻഡി വാസ്സെർ സ്റ്റെയ് ൻ, അമേരിക്കപ്ളേയുടെ കർത്താവും ആഫ്രോ-അമേരിക്കക്കാരിയുമായ സൂസൻ ലോറി പാർക്ക്സ് എന്നിവർ ഇക്കാലത്തെ പ്രധാന സ്ത്രീ നാടകകൃത്തുക്കളാണ്.

ഇലക്ട്രോണിക് പുരോഗതി സാഹിത്യസൃഷ്ടിയെ വികേന്ദ്രീകരിച്ചതിന് തെളിവാണ് അമേരിക്കൻ നോവൽ സാഹിത്യം. പല നോവലിസ്റ്റുകളും താന്താങ്ങളുടെ വേരുകൾ തേടി പാരമ്പര്യങ്ങളിലേക്കും, ആചാരാനുഷ്ഠാനങ്ങളിലേക്കും ചൂഴ്ന്ന് നോക്കിത്തുടങ്ങി. സോൾ ബെല്ലോ, ബെർനാഡ് മലാമുദ്, ഹൊർട്ടൻസ് ക്യാലിഷർ, ഫിലിപ്പ് റോത്ത് എന്നിവർ നഗരവാസികളായ ബുദ്ധിജീവികളുടെ, പ്രത്യേകിച്ച് യഹൂദന്മാരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചപ്പോൾ, ജോൺ അപ്ഡൈക്, ജോൺ ഷീവർ എന്നിവർ പ്രൊട്ടസ്റ്റന്റുകാരായ ഇടത്തരക്കാരെയാണ് ചിത്രീകരിച്ചത്. പ്രമുഖരായ ഉത്തരാധുനിക നോവലിസ്റ്റുകളാണ് തോമസ് പിങ്ഷൊൺ, റ്റിം ഒ ബ്രയൻ, സോൺ ദിലിലോ, റ്റോണി മോറിസൺ, ജോയ്സ് കരോൾ ഓട്ട്സ് എന്നിവർ. പിങ്ഷൊൺന്റെ ദ് ക്രയിങ് ഒഫ് ലോട്ട് 49-ൽ നിഷ്കാസിതരായ ഒരുകൂട്ടം ജനങ്ങളുടെ രഹസ്യതന്ത്രങ്ങളാണ് വിഷയം. ഇദ്ദേഹത്തിന്റെയും കുർട്ട് വോനെഗട്ട് ജൂനിയറിന്റെയും കൃതികളിൽ കാല്പനികതയും, നർമവും, ഭീതിയും ഉദ്വേഗവും ചേർത്തിണക്കി ലോകത്തിന്റെ മായികാവസ്ഥയെ അവതരിപ്പിക്കുന്നു. ഓട്ട്സ്, വില്യം ബറോഡ്, റെയ്മൻഡ് കാർവർ എന്നിവർ വിഷയമാക്കിയത് അമേരിക്കൻ സാമൂഹിക ജീവിതത്തിന്റെ എല്ലാ തട്ടുകളിലും നടമാടിയിരുന്ന അക്രമവും അരാജകത്വവുമാണ്. മൂർച്ചയേറിയ നർമവും പരിഹാസത്തോടുകൂടിയ പ്രശംസയും ആണ് റോത്ത് ജോസഫ്, ഹെലൻ ജൂൾസ് ഫെയ്ഫർ എന്നിവർക്ക് ആയുധങ്ങളായത്. ശാസ്ത്ര നോവലുകളിലൂടെ പ്രശസ്തി നേടിയ ഒക്ടേവിയ ബട്ട്ലറുടെ വൈൽഡ് സീഡ്, ആഫ്രോ അമേരിക്കൻ നോവലിസ്റ്റായ സോറനീൽ ഹേസ്റ്റന്റെ ദെയർ ഐസ് വേർ വാച്ചിങ് ഗോഡ്, വില്ലാ കാതറിന്റെ മൈ അൻറ്റോണിയ എന്നിവയും ജനസമ്മതി നേടിയ കൃതികളാണ്.

വിദേശീയരുടെ രചനകളും അമേരിക്കൻ സാഹിത്യത്തിന് മുതൽ കൂട്ടായിട്ടുണ്ട്. അഫ്ഗാൻ വംശജനായ ഖാലിദ് ഖൊസെയ്നിയുടെ കൈറ്റ് റണ്ണർ, ഇന്ത്യൻ വംശജയായ ഭാരതി മുഖർജിയുടെ മിഡിൽമാൻ ആൻഡ് അദർ സ്റ്റോറീസ്, മലേഷ്യാക്കാരിയായ ഷെർലി ഗോക്ക്ലിൻ ലിമിസിന്റെ ജൂ ആൻഡ് ഗോൾഡ്, ഫിലിപ്പൈൻകാരിയായ ബിയാൻ വെനിഡോ സാന്റോസിന്റെ കാവ്യാഖ്യായികയായ (poetic novel) സെന്റ് ഒഫ് ആപ്പിൾസ്, ചൈനീസ്വംശജനായ ചീനഹാജിനിന്റെ വെയിറ്റിങ് ഇവയെല്ലാം ജനപ്രിയ രചനകളിൽ ഉൾപ്പെടുന്നു. മീന അലക്സാണ്ഡർ, ചിത്രാ ബാനർജി ദിവകരുണി, ജുംപ ലാഹിരി എന്നിവരും പ്രശസ്തി നേടിയ ഇന്ത്യൻ അമേരിക്കൻ നോവലിസ്റ്റുകളാണ്.

ലോക അക്ഷര സമ്പത്തിന്റെ മുൻ നിരയിൽ നിൽക്കുന്ന അമേരിക്കൻ സാഹിത്യം കൊളോണിയൽ പൂർവകാലം മുതൽ ചരിത്ര സാമൂഹിക ഘടകങ്ങളുടെ തലോടലേറ്റ് പരിണാമം പ്രാപിച്ച് ഉത്തരാധുനികതയിലെത്തി നിൽക്കുമ്പോൾ ഒരേസമയം മാനുഷികതയും, ക്രൌര്യവും പ്രസന്നതയും നിറഞ്ഞു നിൽക്കുന്നു.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമേരിക്കൻ സാഹിത്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമേരിക്കൻ_സാഹിത്യം&oldid=2404605" എന്ന താളിൽനിന്ന് ശേഖരിച്ചത്