അമൃത് റായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ഹിന്ദി സാഹിത്യകാരനാണ് അമൃത റോയ്. നിരൂപകൻ, കഥാകൃത്ത്, നോവലിസ്റ്റ്, സഞ്ചാരസാഹിത്യകാരൻ, ജീവചരിത്രകാരൻ എന്നീ നിലകളിൽ ആധുനിക ഹിന്ദി സാഹിത്യത്തിൽ ഇദ്ദേഹം പ്രാമുഖ്യമർഹിക്കുന്നു.

ജീവിതരേഖ[തിരുത്തുക]

പ്രസിദ്ധ ഹിന്ദി നോവലിസ്റ്റായ പ്രേംചന്ദിന്റെ മകനായി 1921-ൽ കാൺപൂരിൽ ജനിച്ചു. ബാല്യം മുതൽ പിതാവിന്റെ ശിക്ഷണത്തിൽ സാഹിത്യകൃതികൾ വായിക്കുവാനുള്ള സന്ദർഭം കിട്ടി. ഗദ്യവും പദ്യവും ഒന്നുപോലെ കൈകാര്യം ചെയ്യാനുള്ള കഴിവ് ഇദ്ദേഹത്തിന് ചെറുപ്പത്തിലെ തന്നെ കിട്ടിയിരുന്നുവെങ്കിലും പില്ക്കാലത്ത് ഒരു ഗദ്യകാരനായിട്ടാണ് യശസ്സാർജിച്ചത്. അലഹബാദ് സർവകലാശാലയിൽനിന്ന് ഇംഗ്ളീഷ് സാഹിത്യം ഐച്ഛികമായെടുത്ത് എം.എ. ബിരുദം നേടി. വിദ്യാഭ്യാസത്തിനുശേഷം മുഴുവൻ സമയവും സാഹിത്യസൃഷ്ടിക്കുവേണ്ടി വിനിയോഗിച്ചു. നോവൽ, ചെറുകഥ, വിമർശനം, യാത്രാവിവരണം എന്നീ സാഹിത്യശാഖകളിൽ ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ബീജ്, നാഗാഫനീ കാ ദേശ്, ഹാഥീ കേ ദാന്ത് എന്നീ നോവലുകളും ഇതിഹാസ്, കസ്ബേ കാ ഏക് ദിൻ, ഭോർസേ പഹലേ, കഠ്ഘറേ, ഗീലീമിട്ടീ എന്നീ ചെറുകഥാസമാഹാരങ്ങളും റോയിയുടെ എണ്ണപ്പെട്ട കൃതികളാണ്. നയീ സമീക്ഷാ എന്ന വിമർശനഗ്രന്ഥം ഇദ്ദേഹത്തിന്റെ നിരൂപണനിപുണതയ്ക്ക് ഉദാഹരണമായി നിലകൊള്ളുന്നു. രബീന്ദ്രനാഥ ടാഗോറിന്റെ രബീന്ദ്ര നിബന്ധമാലയുടെ പരിഭാഷയും ഏതാനും യാത്രാവിവരണങ്ങളും ഇദ്ദേഹം ഹിന്ദിക്ക് സംഭാവന ചെയ്തിട്ടുണ്ട്. പക്ഷേ, ഇവയിൽ നിന്നെല്ലാം ഭിന്നവും ഉത്കൃഷ്ടവുമായ പ്രേംചന്ദ് കലം കാ സിപാഹി (പ്രേംചന്ദ് എന്ന തൂലികപടയാളി) എന്ന ഗ്രന്ഥമാണ് റോയിയുടെ പ്രകൃഷ്ടകൃതിയായി സാഹിത്യലോകം അംഗീകരിച്ചിട്ടുള്ളത്. 650 പുറങ്ങളുള്ള ഈ ഗ്രന്ഥം പ്രേംചന്ദിന്റെ സംഭവബഹുലമായ ജീവിതത്തെ വിവരിക്കുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

ജീവചരിത്രരചനയ്ക്കും സാഹിത്യനിരൂപണത്തിനും തികച്ചും നൂതനമായ മാതൃക നല്കുന്ന ഈ കൃതിക്ക് 1963-ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡു ലഭിക്കുകയുണ്ടായി. സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ്, നെഹ്റു ഫെലോഷിപ്പ് തുടങ്ങിയവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമൃത റോയ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

"https://ml.wikipedia.org/w/index.php?title=അമൃത്_റായ്&oldid=3524654" എന്ന താളിൽനിന്ന് ശേഖരിച്ചത്