Jump to content

അമീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമീർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അമീർ (വിവക്ഷകൾ) എന്ന താൾ കാണുക. അമീർ (വിവക്ഷകൾ)
The court of a Mughal Emir

നേതാവ്, ഭരണാധികാരി, സൈന്യമേധാവി, ഗവർണർ, രാജകുമാരൻ എന്നീ അർഥങ്ങളുള്ള അറബിപദമാണ് അമീർ, Emir (Arabic: أمير; amīr, Female: أميرة; emira; amīrah). രാജ്യത്തെ നയിക്കുന്നവർ എന്ന അർത്ഥത്തിൽ രാഷ്ട്രതലവന്മാരെ അമീർ എന്ന് വിളിക്കും. ഇന്ന് ചില അറബ് രാജ്യങ്ങളിൽ അമീർ എന്നത് രാജാവിന്റെ ( രാഷ്ട്ര ഭരണ തലവന്റെ ) സ്ഥാനപ്പേരാണ് (ഉദാഹരണം കുവൈത്ത്)

അമീർമാർ മുസ്ലിം സാമ്രാജ്യ പ്രവിശ്യകളിലെ സാമ്പത്തികവും ഭരണപരവുമായ ചുമതലകൾ വഹിച്ചിരുന്നു. ഉമയ്യാദ്ഖലീഫമാരുടെ കാലത്ത് ഇവരുടെ പ്രതാപവും പ്രശസ്തിയും വർധിച്ചു. പ്രവിശ്യകളിൽ അവർ പ്രബലരാകുവാനും സൈന്യത്തെ സ്വന്തമായി സംഘടിപ്പിക്കുവാനും തുടങ്ങി. അബ്ബാസിദ് ഖലീഫമാരുടെ കാലത്തും ഇവർ ശക്തരായിരുന്നു. ബാഗ്ദാദിലെ ഖലീഫമാരുടെ സർവസൈന്യാധിപർ 'അമീറുൽഉമ്റാ' എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇവരിൽ അധികംപേരും അബ്ബാസിദ് വംശക്കാർതന്നെയായിരുന്നു. ചില അമീർമാർ പ്രവിശ്യകളിൽ പ്രബലരായി രാജവംശങ്ങൾ തന്നെ സ്ഥാപിച്ചിട്ടുണ്ട്. അഖ്ലാബിദുവംശവും താഹിരിദിവംശവും ഇത്തരം രാജവംശങ്ങളായിരുന്നു. മറ്റു ചില അമീർമാർ തങ്ങൾ പിടിച്ചെടുത്ത ഭൂപ്രദേശങ്ങളിൽ ഭരണാധികാരികൾ ആയിത്തീർന്നു. സഫാവിദുവംശവും ഗസ്നിവംശവും അപ്രകാരം ഉണ്ടായ രാജവംശങ്ങളാണ്.

സ്പെയിനിലെ ഉമയ്യാദ് രാജാക്കൻമാരും അഫ്ഗാനിസ്താനിലെ രാജാക്കൻമാരും ബുഖാറായിലെ ഭരണാധിപൻമാരും അമീർ എന്ന പേരിൽ അറിയപ്പെട്ടുവന്നു. സെൽജൂക്ക്, മംലൂക്ക്, അയ്യൂബി എന്നീ വംശക്കാർ അവരുടെ സൈനികമേധാവികൾക്കും അമീർസ്ഥാനം നല്കിയിരുന്നു. 'അമീറുൽബഹാർ' എന്ന അറബിവാക്കിൽ നിന്നാണ് 'അഡ്മിറൽ' എന്ന ഇംഗ്ളീഷ് പദത്തിന്റെ നിഷ്പത്തിയെന്ന് ഭാഷാ ശാസ്ത്രജ്ഞൻമാർ കരുതുന്നു. ബഹ്റൈൻ, യു.എ.ഇ. എന്നീ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളെ അമീർ എന്നാണ് പറയുക.

"https://ml.wikipedia.org/w/index.php?title=അമീർ&oldid=1756525" എന്ന താളിൽനിന്ന് ശേഖരിച്ചത്