അമീബിക് മസ്തിഷ്കജ്വരം
നെഗ്ലേറിയാസിസ് എന്നും അറിയപ്പെടുന്ന അമീബിക് മസ്തിഷ്കജ്വരം തലച്ചോറിനെ ബാധിക്കുന്ന ഒരു മാരകമായ അണുബാധയാണ്. Primary amoebic meningoencephalitis (PAM) എന്ന പേരിലും ഇത് അറിയപ്പെടുന്നു. തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് വേദന, ആശയക്കുഴപ്പം, ചിത്തഭ്രമം,അപസ്മാരം എന്നിവയാണ് ലക്ഷണങ്ങൾ. ഇതിന് കാരണമാകുന്നത് നെയ്‌ഗ്ലെറിയ ഫൗളെറി (Naegleria fowleri) എന്ന സ്വതന്ത്രമായി ജീവിക്കുന്ന ഒരു ഏകകോശ അമീബയാണ്. പൊതുവെ "തലച്ചോറ് തിന്നുന്ന അമീബ" (Brain-eating amoeba) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ രോഗാണു, തലച്ചോറിലെ കോശങ്ങളെ അതിവേഗം നശിപ്പിക്കുന്നു. അപൂർവമാണെങ്കിലും, രോഗം സ്ഥിരീകരിക്കുന്ന ഭൂരിഭാഗം പേരിലും ഇത് മരണത്തിലേക്ക് നയിക്കുന്നു[1]
നെഗ്ളേറിയ ഫൌളേറി എന്ന അമീബ സാധാരണയായി കാണപ്പെടുന്നത് കുളങ്ങൾ, തടാകങ്ങൾ, നദികൾ, ചൂടുനീരുറവകൾ തുടങ്ങിയ ശുദ്ധജലമുള്ള ചൂടുള്ള ജലാശയങ്ങളിലാണ്. ഈ അമീബയുടെ വിവിധ രൂപങ്ങളായ അമീബോയിഡ്, താൽക്കാലിക ഫ്ലജല്ലേറ്റ് ഘട്ടം, മൈക്രോബിയൽ സിസ്റ്റ് എന്നിവ മണ്ണ്, ശരിയായി പരിപാലിക്കാത്ത മുനിസിപ്പൽ ജലവിതരണ സംവിധാനങ്ങൾ, വാട്ടർ ഹീറ്ററുകൾ, വ്യാവസായിക പ്ലാൻ്റുകളിൽ നിന്നുള്ള ചൂടുവെള്ളം പുറന്തള്ളുന്ന സ്ഥലങ്ങൾ, ക്ലോറിൻ വേണ്ടത്ര ചേർക്കാത്തതോ ക്ലോറിൻ ചേർക്കാത്തതോ ആയ നീന്തൽക്കുളങ്ങൾ എന്നിവിടങ്ങളിലും കാണപ്പെടുന്നു. ഉപ്പുവെള്ളത്തിൽ ഇത് ജീവിക്കുന്നതായി തെളിവുകളില്ല. ഈ രോഗം വളരെ വിരളമായതുകൊണ്ട്, രോഗനിർണയ സമയത്ത് ഡോക്ടർമാർ ഇത് പലപ്പോഴും പരിഗണിക്കാറില്ല. അണുബാധ വളരെ അപൂർവമായി മാത്രമേ സംഭവിക്കുന്നുള്ളൂവെങ്കിലും, ഇത് മിക്കവാറും മരണത്തിലേക്ക് നയിക്കുന്നു, ഇതിൻ്റെ മരണനിരക്ക് 95-98% ആണ്.[2]
ലക്ഷണങ്ങൾ
[തിരുത്തുക]ഒന്ന് മുതൽ പന്ത്രണ്ട് ദിവസങ്ങക്കുള്ളിൽ (ശരാശരി അഞ്ച്) ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. രുചിയിലും ഗന്ധത്തിലും വരുന്ന മാറ്റങ്ങൾ, തലവേദന, പനി, ഓക്കാനം, ഛർദ്ദി, നടുവേദന, കഴുത്തിൽ മുറുക്കം എന്നിവ പ്രാരംഭ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ആശയക്കുഴപ്പം, ചിത്തഭ്രമം, ശ്രദ്ധക്കുറവ്, മലബന്ധം, അപസ്മാരം, കൈകാലുകൾ നിയന്ത്രിക്കാനാവാത്ത അവസ്ഥ എന്നിവയുൾപ്പെടെ ദ്വിതീയ ലക്ഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു . ലക്ഷണങ്ങൾ ആരംഭിച്ചതിനുശേഷം, രോഗം വേഗത്തിൽ പുരോഗമിക്കുന്നു, സാധാരണയായി ഒന്ന് മുതൽ പതിനെട്ട് ദിവസം വരെ (ശരാശരി അഞ്ച്) മരണം സംഭവിക്കുന്നു, രോഗികളിൽ രോഗലക്ഷണങ്ങൾ ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. 2013-ൽ, തായ്‌വാനിലെ ഒരു മനുഷ്യൻ നെയ്ഗ്ലേരിയ ഫൗലേരി ബാധിച്ച് 25 ദിവസത്തിന് ശേഷമാണ് മരിച്ചത് [3]
.കുട്ടികളെയോ അടുത്തിടെ ശുദ്ധജല സ്രോതസ്സുകളുമായി സമ്പർക്കം പുലർത്തിയ ചെറുപ്പക്കാരെയോ ഇത് ബാധിക്കുന്നു. താഴ്ന്ന പ്രായക്കാർക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു , അതിലൂടെ അമീബ തലച്ചോറിലെത്തുന്നു[4]
രോഗം സാധാരണയായി മറ്റ് ബാക്ടീരിയൽ, വൈറൽ മെനിഞ്ചൈറ്റിസുകൾക്ക് സമാനമായ ലക്ഷണങ്ങളാണ് പെട്ടെന്ന് കാണിച്ചുതുടങ്ങുന്നത്. രോഗാണുക്കൾക്ക് എതിരെ ശരീരം പുറത്തുവിടുന്ന സൈറ്റോകൈനുകൾ എന്ന രാസവസ്തുക്കൾ തലച്ചോറിലെ താപനില നിയന്ത്രിക്കുന്ന ഭാഗങ്ങളെ ബാധിക്കുന്നതിലൂടെ ശരീര താപനില കൂടുന്നു. പ്രോസ്റ്റാഗ്ലാൻഡിൻ E2-ൻ്റെ അളവ് വർധിക്കുന്നതിലൂടെ അമിതമായ ചൂട് (hyperthermia) ഉണ്ടാവുകയും ചെയ്യുന്നു. സൈറ്റോകൈനുകളുടെ പ്രവർത്തനവും. രോഗാണുക്കൾ പുറത്തുവിടുന്ന വിഷവസ്തുക്കളും (exotoxins), തലച്ചോറിനുള്ളിലെ വർദ്ധിച്ച മർദ്ദവും (intracranial pressure) മെനിഞ്ചസിലെ (തലച്ചോറിനെ പൊതിയുന്ന പാടകൾ) വേദന സ്വീകരിക്കുന്ന നാഡികളെ ഉത്തേജിപ്പിക്കുകയും കഠിനമായ തലവേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു.[5]
കേന്ദ്ര നാഡീവ്യവസ്ഥയിൽ നിന്ന് പുറത്തുവിടുന്ന വിഷാംശമുള്ള തന്മാത്രകൾ വ്യാപകമായ നാഡീകോശങ്ങളുടെ നാശത്തിന് (Necrosis-കലകളുടെ മരണം) കാരണമാവുന്നു. ഇതിൻ്റെ ഫലമായി ഘ്രാണ നാഡികൾക്ക് കേടുപാടുകൾ സംഭവിക്കുകയും, ഘ്രാണ നാഡിയും ബൾബുകളും നശിക്കുകയും രക്തസ്രാവമുണ്ടാവുന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു. വീക്കം സംഭവിച്ച മെനിഞ്ചസുകൾ വലിച്ചുനീട്ടുന്നത് കഴുത്ത് കുനിക്കാൻ പറ്റാത്തത്ര കാഠിന്യത്തിന് (Stiff neck) കാരണമാകുന്നു. തലച്ചോറിനുള്ളിലെ വർദ്ധിച്ച മർദ്ദം ഓക്കാനം ഉണ്ടാക്കുകയും തലച്ചോറിൻ്റെ സ്ഥാനഭ്രംശത്തിനും (ഹെർണിയേഷൻ) മറ്റ് ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്താനും ഇടയാക്കും. ആത്യന്തികമായി, ഈ വീക്കത്തിൽ നിന്നുള്ള സെറിബ്രോസ്പൈനൽ ദ്രാവകത്തിൻ്റെ (CSF) വർദ്ധനവ് ഇൻട്രാക്രേനിയൽ മർദ്ദം അപകടകരമായ അളവിൽ വർദ്ധിപ്പിക്കുകയും കേന്ദ്ര നാഡീവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നു. ഈ വർദ്ധിച്ച മർദ്ദം കാരണം മെനിഞ്ചസുകളുടെ പ്രവേശനക്ഷമത മാറുന്നതാണ് അപസ്മാരത്തിന് (Seizures) പിന്നിലെ ഒരു കാരണം എന്നും അനുമാനിക്കുന്നു[6]
കാരണങ്ങൾ
[തിരുത്തുക]അമീബ, സാധാരണയായി നീന്തൽ, കുളി അല്ലെങ്കിൽ മൂക്ക് കഴുകൽ പോലുള്ള പ്രവർത്തനങ്ങൾ വഴി മലിനമായ വെള്ളം മൂക്കിൽ പ്രവേശിക്കുമ്പോഴാണ് മനുഷ്യശരീരത്തിൽ എത്തുന്നത്. മൂക്കിലെ ഘ്രാണ മ്യൂക്കോസ (മണം അറിയാനുള്ള കലകൾ) വഴിയാണ് ഇത് കേന്ദ്ര നാഡീവ്യവസ്ഥയെ (CNS) ആക്രമിക്കുന്നത്. മൂക്കിൽ പ്രവേശിച്ച ശേഷം, ഈ അമീബ മണവുമായി ബന്ധപ്പെട്ട ഘ്രാണ ഞരമ്പുകളിലൂടെ സഞ്ചരിച്ച്, തലയോട്ടിയിലെ എഥ്മോയിഡ് അസ്ഥിയിലെ ക്രിബ്രിഫോം പ്ലേറ്റ് കടന്ന് തലച്ചോറിനുള്ളിലേക്ക് എത്തുന്നു. പിന്നീട് തലച്ചോറിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയും നാഡീകലകളെ നശിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നു. അമീബോസ്റ്റോം എന്ന പ്രത്യേക അവയവം ഉപയോഗിച്ച് ഈ ജീവി തലച്ചോറിലെ കോശങ്ങളെ ഭാഗികമായി "കഴിച്ചു" തുടങ്ങുകയും പിന്നീട് അത് പ്രാഥമിക അമീബിക് മസ്തിഷ്കജ്വരം (PAM) എന്ന മാരകമായ രോഗത്തിന് കാരണമാവുകയും ചെയ്യുന്നു[7]
നെയ്‌ഗ്ലെറിയ ഫൗളെറി മൂലമുള്ള അണുബാധ മനുഷ്യരിൽ സംഭവിക്കുന്നത് അമീബ അടങ്ങിയ മലിനജലം മൂക്കിലൂടെ പ്രവേശിക്കുമ്പോൾ മാത്രമാണ്. വെള്ളം വിഴുങ്ങുന്നത് (Swallowing) വഴി അണുബാധയുണ്ടാകില്ല. വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് ഇത് നേരിട്ട് പകരുകയുമില്ല.
അണുബാധയ്ക്ക് കാരണമാകുന്ന സാധാരണ പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്:
- ജലകേളികൾ: ചൂടുള്ള ശുദ്ധജലത്തിൽ നീന്തുകയോ, മുങ്ങിക്കുളിക്കുകയോ, ഡൈവ് ചെയ്യുകയോ ചെയ്യുമ്പോൾ. ഈ സാഹചര്യങ്ങളിൽ, വെള്ളം മൂക്കിലേക്ക് ശക്തമായി പ്രവേശിക്കാൻ സാധ്യതയുണ്ട്.
- ഗാർഹിക ജല ഉപയോഗം: നന്നായി ക്ലോറിനേറ്റ് ചെയ്യാത്തതോ ശുദ്ധീകരിക്കാത്തതോ ആയ വെള്ളം ഉപയോഗിച്ച് നാസൽ ഇറിഗേഷൻ (Neti Pots) നടത്തുകയോ, ചില മതപരമായ ശുദ്ധീകരണ ചടങ്ങുകൾ നടത്തുകയോ ചെയ്യുമ്പോൾ. കൂടാതെ, ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കിണറുകളിലെ അണുവിമുക്തമാക്കാത്ത വെള്ളം വഴി കുട്ടികളിൽ അണുബാധയുണ്ടായ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[8]
രോഗകാരി
[തിരുത്തുക]ചൂടുള്ളതും നിശ്ചലവുമായ ജലാശയങ്ങളിൽ ( സാധാരണയായി വേനൽക്കാല മാസങ്ങളിൽ) നീഗ്ലേരിയ ഫൗളേരി എന്ന അമീബക്ക് വളരാൻ കൂടുതൽ അനുകൂലമായ സാഹചര്യം ഉണ്ടാവുന്നു . കൂടാതെ രോഗബാധിതമായ വെള്ളം മൂക്കിലൂടെ ഘ്രാണ നാഡിയിൽ പറ്റിപ്പിടിച്ച് കേന്ദ്ര നാഡീവ്യവസ്ഥയിലേക്ക് പ്രവേശിക്കുന്നു . പിന്നീട് അത് ക്രിബ്രിഫോം പ്ലേറ്റിലൂടെ ഘ്രാണ ബൾബുകളിലേക്കും കുടിയേറുന്നു. അവിടെ നാഡി കലകളെ ഭക്ഷിച്ച് വേഗത്തിൽ പെരുകുന്നു[9]
രോഗനിർണയം
[തിരുത്തുക]എൻ. ഫൗളേറി എന്ന അമീബയെ കണ്ടെത്താൻ പല തരത്തിലുള്ള പരീക്ഷണ രീതികൾ ഉപയോഗിക്കുന്നു. ഇതിനെ പല തരത്തിലുള്ള ദ്രാവക മാധ്യമങ്ങളിലോ അല്ലെങ്കിൽ ബാക്ടീരിയ പുരട്ടിയ പോഷകരഹിത അഗാർ പ്ലേറ്റുകളിലോ വളർത്താം. ഇ. കോളായി . (Escherichia coli) എന്ന ബാക്ടീരിയ പോഷകരഹിത അഗാർ പ്ലേറ്റിന്റെ മുകളിൽ പുരട്ടി, അതിന്മേൽ സെറിബ്രോസ്പൈനൽ ദ്രാവകത്തിന്റെ (CSF) അടിഞ്ഞുകൂടിയ ഭാഗത്തുനിന്ന് ഒരു തുള്ളി എടുത്ത് ചേർക്കുന്നു. തുടർന്ന് ഈ പ്ലേറ്റുകൾ 37 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കുകയും എല്ലാ ദിവസവും പരിശോധിക്കുകയും ചെയ്യുന്നു. അഗാറിൽ നേർത്ത വഴികളിലൂടെ ബാക്ടീരിയ നശിച്ചു തെളിഞ്ഞുവരുന്നത് കാണുമ്പോൾ, അത് ട്രോഫോസോയിറ്റുകൾ ബാക്ടീരിയകളെ ഭക്ഷിച്ചു എന്നതിന്റെ സൂചനയാണ്[10]
വെള്ളത്തിൽ ഈ അമീബയുടെ സാന്നിധ്യം കണ്ടെത്താൻ, വെള്ളത്തിന്റെ സാമ്പിളിലേക്ക് ഇ. കോളായി ചേർത്ത് സെൻട്രിഫ്യൂജ് ചെയ്യുന്നു. തുടർന്ന് അടിയിൽ കിട്ടുന്ന പെല്ലറ്റ് പോഷകരഹിത അഗാർ പ്ലേറ്റിൽ പുരട്ടുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, മൈക്രോസ്കോപ്പിലൂടെ പ്ലേറ്റ് പരിശോധിക്കുകയും നെയ്‌ഗ്ലീറിയ സിസ്റ്റുകളെ അവയുടെ രൂപഘടനയിലൂടെ തിരിച്ചറിയുകയും ചെയ്യുന്നു. തുടർന്ന് പല തരത്തിലുള്ള തന്മാത്രാ രീതികളോ ജൈവ രാസ രീതികളോ ഉപയോഗിച്ച് ഇത് തീർച്ചയായും ഏത് ഇനമാണെന്ന് സ്ഥിരീകരിക്കാം[11]
നെയ്‌ഗ്ലീറിയയുടെ സാന്നിധ്യം ഉറപ്പുവരുത്താൻ ഫ്ലാജലേഷൻ ടെസ്റ്റ് എന്ന പരീക്ഷണം നടത്താറുണ്ട്. ഇതിൽ ജീവിയെ ഹൈപ്പോടോണിക് അന്തരീക്ഷത്തിൽ (വാറ്റിയെടുത്ത വെള്ളം) സമ്പർക്കത്തിലാക്കുന്നു. മറ്റ് അമീബകളിൽ നിന്ന് വ്യത്യസ്തമായി, നെയ്‌ഗ്ലീറിയ രണ്ട് മണിക്കൂറിനുള്ളിൽ ഫ്ലാജലേറ്റ് അവസ്ഥയിലേക്ക് മാറുന്നു. രോഗകാരിത്വം കൂടുതൽ ഉറപ്പുവരുത്താൻ ഉയർന്ന താപനിലയിൽ (42 ഡിഗ്രി സെൽഷ്യസ്) സമ്പർക്കത്തിലാക്കാറുണ്ട്. എൻ. ഫൗളേറിക്ക് ഈ താപനിലയിൽ വളരാൻ കഴിയുമെങ്കിലും രോഗകാരിയല്ലാത്ത നെയ്‌ഗ്ലീറിയ ഗ്രൂബെറിക്ക് അത് സാധ്യമല്ല.[12]
സെൻട്രിഫ്യൂജ് ചെയ്ത CSF-ൻ്റെ വെറ്റ് മൗണ്ട് (Wet mount) പരിശോധനയിൽ അമീബയുടെ ചലിക്കുന്ന ട്രോഫോസോയിറ്റുകളെ (Motile trophozoites) കണ്ടെത്താൻ കഴിഞ്ഞാൽ ഇത് PAM ആണെന്ന് നിർണ്ണയിക്കാം. ഇതൊരു ലളിതവും ചെലവ് കുറഞ്ഞതുമായ പരിശോധനയാണെങ്കിലും രോഗനിർണയത്തിൽ അതീവ പ്രാധാന്യമുള്ളതാണ്. കൂടാതെ Giemsa-stained സ്പെസിമെൻ പരിശോധനയും ബ്രെയിൻ ബയോപ്സിയും ഇമ്മ്യൂണോഹിസ്റ്റോകെമിസ്ട്രിയും പോലുള്ള കൂടുതൽ വിപുലമായ പരിശോധനകളും രോഗം സ്ഥിരീകരിക്കാൻ ഉപയോഗിക്കാറുണ്ട്.[13]
രോഗനിർണയ രീതികൾ
[തിരുത്തുക]PAM-ൻ്റെ നിർണ്ണായക രോഗനിർണയം നടത്തുന്നത് സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് (CSF) പരിശോധനയിലൂടെയാണ്. CSF വെറ്റ് മൗണ്ട് പരിശോധനയുടെ വേഗത, ചികിത്സ ആരംഭിക്കുന്നതിനുള്ള നിർണായക സമയം ലാഭിക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ, സംശയിക്കപ്പെടുന്ന കേസുകളിൽ ഈ ദ്രുതപരിശോധന നിർബന്ധമായും നടത്തേണ്ടത് ക്ലിനിക്കൽ വിജയത്തിന് അനിവാര്യമാണ്[14].
ലക്ഷണങ്ങളുടെ വർഗ്ഗീകരണവും ക്ലിനിക്കൽ പുരോഗതിയും
| വിഭാഗം | ലക്ഷണങ്ങൾ | ആരംഭ സമയം | ക്ലിനിക്കൽ പ്രാധാന്യം |
| ആദ്യ ലക്ഷണങ്ങൾ | കഠിനമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി | സമ്പർക്കത്തിനുശേഷം 1–12 ദിവസത്തിനുള്ളിൽ (സാധാരണ 5 ദിവസം) | ബാക്ടീരിയൽ മെനിഞ്ചൈറ്റിസുമായി സാമ്യം; രോഗനിർണയം വൈകാനുള്ള സാധ്യത |
| പുരോഗമിച്ച ലക്ഷണങ്ങൾ | കഴുത്തിന് മുറുക്കം (Stiffness,) ആശയക്കുഴപ്പം, ശ്രദ്ധയില്ലായ്മ, അപസ്മാരം, വിഭ്രാന്തി | ആദ്യ ലക്ഷണങ്ങൾ തുടങ്ങി 1–5 ദിവസത്തിനുള്ളിൽ | കേന്ദ്ര നാഡീവ്യൂഹത്തെ ബാധിച്ചതിൻ്റെ സൂചന; അതിതീവ്രമായ അവസ്ഥ |
| അന്ത്യഘട്ടം | കോമ | ലക്ഷണങ്ങൾ തുടങ്ങി ഏകദേശം 5 ദിവസത്തിനുള്ളിൽ മരണം | അതിവേഗത്തിലുള്ള പുരോഗതി കാരണം ചികിത്സാ ഇടപെടൽ സമയം വളരെ കുറവ്[15] |
പ്രതിരോധം
[തിരുത്തുക]മലിനമായ വെള്ളം മൂക്കിൽ കയറുന്നത് തടയാൻ മൂക്ക് ക്ലിപ്പുകൾ ധരിക്കുന്നത് അമീബിക് മസ്തിഷ്ക ജ്വരത്തിന് ഫലപ്രദമായ സംരക്ഷണമാണ്. തായ്‌വാനിലെ രോഗ നിയന്ത്രണ കേന്ദ്രങ്ങളുടെ പത്രക്കുറിപ്പിൽ പറഞ്ഞിരിക്കുന്ന ഉപദേശം,മൂക്കിലൂടെ ജലം കയറുന്നത് തടയണമെന്നും ശുദ്ധജലത്തിൽ തല താഴ്ത്തുകയോ കാലുകൾ കൊണ്ട് വെള്ളത്തിൽ ചെളി കലർത്തുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും ശുപാർശ ചെയ്യുന്നു. ജലവുമായി സമ്പർക്കം വന്നതിനുശേഷം പനി , തലവേദന , ഓക്കാനം അല്ലെങ്കിൽ ഛർദ്ദി എന്നിവ അനുഭവപ്പെടാൻ തുടങ്ങുമ്പോൾ തന്നെ, മൂക്കിലൂടെ ജലം കടന്നുപോയിട്ടില്ല എന്ന വിശ്വാസമുണ്ടെങ്കിൽ പോലും , അത്തരം അവസ്ഥകളുള്ള ആളുകളെ വേഗത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ജല സമ്പർക്കത്തിന്റെ ചരിത്രത്തെക്കുറിച്ച് ഡോക്ടർമാരോട് പറയുകയും വേണം.[16]
ഒരു വാക്സിനോ ഉറപ്പുള്ള ചികിത്സയോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, ഈ രോഗത്തെ നേരിടുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം പ്രതിരോധം മാത്രമാണ്. അണുബാധ ഉണ്ടാകുന്നത് മൂക്കിലൂടെ വെള്ളം പ്രവേശിക്കുമ്പോൾ മാത്രമായതിനാൽ, എല്ലാ പ്രതിരോധ തന്ത്രങ്ങളും ഈ പ്രവേശന മാർഗ്ഗം അടയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു[17].
സുരക്ഷാ മുൻകരുതലുകൾ
[തിരുത്തുക]- ശുദ്ധജലത്തിലെ സമ്പർക്കം: ചൂടുള്ളതും കെട്ടിക്കിടക്കുന്നതുമായ ശുദ്ധജലത്തിൽ (ഉദാഹരണത്തിന്, വേനൽക്കാലത്ത് ചൂടായ തടാകങ്ങൾ, കുളങ്ങൾ, നദികൾ) നീന്തുകയോ, തല വെള്ളത്തിനടിയിൽ വെക്കുകയോ, ഡൈവ് ചെയ്യുകയോ ചെയ്യുന്നത് ഒഴിവാക്കണം.
- ചെളിയും മണ്ണും ഇളക്കിവിടുന്നത്: അമീബ സാധാരണയായി ജലസ്രോതസ്സുകളുടെ അടിത്തട്ടിലെ മണ്ണിലോ ചെളിയിലോ ആണ് ജീവിക്കുന്നത്. അതിനാൽ, ആഴം കുറഞ്ഞ വെള്ളത്തിൽ നീന്തുമ്പോഴോ നടക്കുമ്പോഴോ അടിത്തട്ടിലെ ചെളി ഇളക്കിവിടുന്നത് ഒഴിവാക്കണം.
- ജലസംഭരണികളുടെ പരിപാലനം: ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ജലസംഭരണികൾ (ടാങ്കുകൾ) കൃത്യമായി ക്ലോറിനേറ്റ് ചെയ്യുകയും വൃത്തിയാക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കണം[18]
ഗാർഹിക ജല സുരക്ഷ
[തിരുത്തുക]ഗാർഹിക ജല സംവിധാനങ്ങളിൽ പോലും അമീബകൾ കോളനിവൽക്കരണം നടത്താൻ സാധ്യതയുണ്ട്. അതിനാൽ, വീട്ടിലെ ജല ഉപയോഗത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.
- മൂക്കിലെ പ്രവേശനം: കുളിക്കുമ്പോഴോ, മുഖം കഴുകുമ്പോഴോ, ചെറിയ കുളങ്ങളിൽ കളിക്കുമ്പോഴോ മൂക്കിലൂടെ വെള്ളം കയറാൻ അനുവദിക്കരുത്.
- പൈപ്പ് ഫ്ലഷിംഗ്: പൈപ്പുകളിലെ കെട്ടിക്കിടക്കുന്ന വെള്ളം (അമീബ വളരാൻ സാധ്യതയുള്ളത്) ഒഴുക്കിക്കളയാനായി, കുളിമുറിയിലെയും മറ്റ് ടാപ്പുകളിലെയും വെള്ളം ഉപയോഗിക്കുന്നതിന് മുമ്പ് 5 മിനിറ്റ് തുറന്നുവിടണം.
- കുട്ടികളുടെ സുരക്ഷ: കുട്ടികൾ ഹോസുകളോ സ്പ്രിംഗ്ളറുകളോ ഉപയോഗിച്ച് മേൽനോട്ടം ഇല്ലാതെ കളിക്കുന്നത് ഒഴിവാക്കണം, കാരണം അവർ അറിയാതെ മൂക്കിലേക്ക് വെള്ളം ചീറ്റാൻ സാധ്യതയുണ്ട്.[19]
മൂക്ക് കഴുകുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
[തിരുത്തുക]മൂക്ക് ശുദ്ധീകരിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
- ഇത്തരം ആവശ്യങ്ങൾക്ക് തിളപ്പിച്ചാറിയ വെള്ളം, വാണിജ്യപരമായി വിൽക്കുന്ന കുപ്പിവെള്ളം, അല്ലെങ്കിൽ അണുവിമുക്തമാക്കിയ വെള്ളം മാത്രം ഉപയോഗിക്കുക.
- ശുദ്ധീകരിക്കാത്ത ടാപ്പ് വെള്ളമോ ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളമോ നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കണം. ശുദ്ധീകരണത്തിനുള്ള ജലസ്രോതസ്സുകളിലെ സുരക്ഷ ഉറപ്പാക്കുന്നത് മൂക്കിലെ പ്രവേശനം തടയുന്നതിൽ പ്രധാനമാണ്[20].
നീന്തൽക്കുളങ്ങളിലെയും ഹോട്ട് ടബ്ബുകളിലെയും ക്ലോറിനേഷൻ
[തിരുത്തുക]അമീബയെ നശിപ്പിക്കുന്നതിന് ക്ലോറിൻ അളവും, pH നിലയും കൃത്യമായി പരിപാലിക്കേണ്ടത് അത്യാവശ്യമാണ്.
- നീന്തൽക്കുളങ്ങൾ: pH നില 7.2 നും 7.8 നും ഇടയിൽ നിലനിർത്തണം. ഫ്രീ ക്ലോറിൻ അളവ് (സൈനൂറിക് ആസിഡിൻ്റെ ഉപയോഗത്തെ ആശ്രയിച്ച്) 1 മുതൽ 10 ppm (ഭാഗങ്ങൾ പ്രതി മില്യൺ) വരെ നിലനിർത്തണം.
- ഹോട്ട് ടബ്ബുകൾ: pH നില 7.2 നും 7.8 നും ഇടയിൽ, ഫ്രീ ക്ലോറിൻ 2-4 ppm, അല്ലെങ്കിൽ ഫ്രീ ബ്രോമിൻ 4-6 ppm എന്നിവ നിലനിർത്തണം.
കൃത്യമായി പരിപാലിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്ന കുളങ്ങളിൽ നിന്ന് അണുബാധ ഉണ്ടാകില്ല.[21]
അമീബിക് അണുബാധ തടയുന്നതിനുള്ള പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ[22]
| വിഭാഗം | ചെയ്യേണ്ടവ | ഒഴിവാക്കേണ്ടവ | പ്രതിരോധ ലക്ഷ്യം |
| പൊതുജല സമ്പർക്കം | ജലസ്രോതസ്സുകളിൽ അടിഞ്ഞുകൂടിയ ചെളിയോ മണ്ണോ ഇളക്കിവിടാതെ സൂക്ഷിക്കുക. | ചൂടുള്ളതും കെട്ടിക്കിടക്കുന്നതുമായ ശുദ്ധജലത്തിൽ (തടാകങ്ങൾ, കുളങ്ങൾ) നീന്തുകയോ ഡൈവ് ചെയ്യുകയോ ചെയ്യരുത്. | അമീബയുമായുള്ള സമ്പർക്കം കുറയ്ക്കുക |
| ഗാർഹിക ജല ഉപയോഗം | കുളിക്കുന്നതിനോ ശുദ്ധീകരിക്കുന്നതിനോ മുമ്പ് പൈപ്പുകളിലെ വെള്ളം 5 മിനിറ്റ് തുറന്നുവിടുക. | കുളിക്കുമ്പോഴോ ശുദ്ധീകരിക്കുമ്പോഴോ മൂക്കിലൂടെ വെള്ളം കയറാൻ അനുവദിക്കരുത്. | മൂക്കിലൂടെയുള്ള പ്രവേശനം തടയുക |
| നാസൽ ശുദ്ധീകരണം | നെറ്റി പോട്ടുകൾ പോലുള്ള ഉപകരണങ്ങൾക്ക് തിളപ്പിച്ചാറിയതോ, അണുവിമുക്തമാക്കിയതോ ആയ വെള്ളം മാത്രം ഉപയോഗിക്കുക. | ക്ലോറിനേറ്റ് ചെയ്യാത്ത ടാപ്പ് വെള്ളം നാസൽ ഇറിഗേഷന് നേരിട്ട് ഉപയോഗിക്കരുത്. | നാസാരന്ധ്രങ്ങളിലെ സുരക്ഷ ഉറപ്പാക്കുക |
| ജലസംഭരണികൾ | നീന്തൽക്കുളങ്ങളിലും ഹോട്ട് ടബ്ബുകളിലും pH (7.2–7.8), ക്ലോറിൻ നിലകൾ കൃത്യമായി പരിപാലിക്കുക. | ശരിയായ ക്ലോറിനേഷനോ പരിപാലനമോ ഇല്ലാത്ത ജലാശയങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. | അമീബയെ നശിപ്പിക്കുക |
കേരളത്തിലെ പ്രത്യേക സാഹചര്യവും വെല്ലുവിളികളും
[തിരുത്തുക]കേരളത്തിൽ സമീപ വർഷങ്ങളിൽ അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ കേസുകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് കണക്കുകൾ പ്രകാരം, 2025-ൽ 71 കേസുകളും 19 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു, മുൻവർഷങ്ങളായ 2024-ൽ 36 കേസുകളും 9 മരണങ്ങളും, 2023-ൽ 2 കേസുകളും മാത്രമായിരുന്നു. കേസുകളുടെ ഈ വർദ്ധനവ് തീവ്രമായ നിരീക്ഷണ സംവിധാനങ്ങളുടെയും വർദ്ധിച്ച ക്ലിനിക്കൽ അവബോധത്തിൻ്റെയും ഫലമായിരിക്കാം[23].
GAE കേസുകളുടെ കണ്ടെത്തൽ കേരളത്തിൻ്റെ അപകടസാധ്യതയുടെ പ്രത്യേകത വ്യക്തമാക്കുന്നു. സാധാരണയായി N. fowleri (PAM) മൂക്കിലൂടെയാണ് പ്രവേശിക്കുന്നതെങ്കിൽ, ചില കേസുകളിൽ അകന്തമീബ (GAE) കാൽപ്പാദത്തിലെ മുറിവിലൂടെ ശരീരത്തിൽ പ്രവേശിച്ചതായി നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് പ്രാദേശിക ജലസ്രോതസ്സുകളിലെ ഫ്രീ-ലിവിംഗ് അമീബകളുടെ (Free-living amoeba) സാന്നിധ്യം ഉയർന്ന അളവിലാണെന്നും, രോഗം പകരുന്ന പാതകൾ കേവലം വിനോദപരമായ നീന്തലിൽ മാത്രം ഒതുങ്ങുന്നില്ലെന്നും സൂചിപ്പിക്കുന്നു. അതിനാൽ, പൊതുജനാരോഗ്യ നിർദ്ദേശങ്ങൾ ഗാർഹിക ജലസ്രോതസ്സുകൾ, സാധാരണ കുളിക്കടവുകൾ, ചെറിയ അരുവികൾ എന്നിവയിൽ നിന്നുള്ള സമ്പർക്കം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. [24]
മരണനിരക്ക് കുറയ്ക്കുന്നതിലെ വിജയം
[തിരുത്തുക]PAM അതിവേഗം മാരകമാകുന്ന ഒന്നാണെങ്കിലും (ആഗോള മരണനിരക്ക് ഏകദേശം 97%), കേരളം നേരത്തെയുള്ള രോഗനിർണയത്തിലൂടെയും തീവ്രമായ ചികിത്സാ ഇടപെടലിലൂടെയും മരണനിരക്ക് 24% ആയി കുറച്ചു. ഈ വിജയം ക്ലിനിക്കൽ ജാഗ്രതയുടെ പ്രാധാന്യം അടിവരയിടുന്നു. വെള്ളത്തിൽ സമ്പർക്കമുണ്ടായ ചരിത്രമുള്ള എല്ലാ അക്യൂട്ട് മെനിഞ്ചോഎൻസെഫലൈറ്റിസ് കേസുകളിലും അമീബയുടെ സാന്നിധ്യം പരിശോധിക്കാനുള്ള കർശനമായ പ്രോട്ടോക്കോൾ നടപ്പിലാക്കിയതാണ് ഈ കുറവിന് പ്രധാന കാരണം. രോഗം വേഗത്തിൽ തിരിച്ചറിഞ്ഞ് ചികിത്സ ഉടൻ ആരംഭിച്ചാൽ അതിജീവനം സാധ്യമാണ് എന്നതിൻ്റെ ക്ലിനിക്കൽ തെളിവാണിത്[25].
ചികിൽസ
[തിരുത്തുക]ഇതിൻ്റെ ഉയർന്ന മരണനിരക്ക് കാരണം, നിലവിലെ ചികിത്സാ രോഗം സ്ഥിരീകരിക്കുന്നതിനായി കാത്തുനിൽക്കാതെ, ക്ലിനിക്കൽ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ തീവ്രമായ മൾട്ടി-ഡ്രഗ് കോമ്പിനേഷൻ തെറാപ്പി (Multi-drug combination therapy) ആരംഭിക്കുക എന്നതാണ്. യുഎസിലെ സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) വിദഗ്ധരുമായി കൂടിയാലോചിക്കുന്നത് രോഗനിർണയത്തിലും ചികിത്സാ പ്രോട്ടോക്കോളുകളിലും നിർണ്ണായകമാണ്[26].
ലോകമെമ്പാടും രോഗം അതിജീവിച്ചവരുടെ എണ്ണം വളരെ പരിമിതമാണ് . ഇത് സൂചിപ്പിക്കുന്നത്, ഒറ്റ മരുന്ന് കൊണ്ടുള്ള ചികിത്സ ഫലപ്രദമാകാൻ സാധ്യതയില്ല എന്നാണ്. അതുകൊണ്ട്, വിവിധ ആൻ്റിമൈക്രോബയൽ ഏജൻ്റുകൾ സംയോജിപ്പിച്ചുള്ള ചികിത്സാ രീതിയാണ് നിലവിൽ സ്വീകരിക്കുന്നത്. ഈ സംയോജിത ചികിത്സ ഓരോ മരുന്നിൻ്റെയും വ്യത്യസ്ത പ്രവർത്തന രീതികൾ ഉപയോഗിച്ച് അമീബയെ നശിപ്പിക്കാൻ ശ്രമിക്കുന്നു[27]
നീഗ്ലേറിയ (PAM) അണുബാധയുടെ ചികിത്സയിൽ ആംഫോട്ടെറിസിൻ (amphotericin B) എന്ന മരുന്നിനോടൊപ്പം മറ്റ് നിരവധി ആന്റിമൈക്രോബയൽ മരുന്നുകളുടെ സംയോജിത ചികിത്സയാണ് പലപ്പോഴും ഉപയോഗിച്ചിരുന്നത്. ഫ്ലൂക്കണസോൾ,(fluconazole) മൈക്കണസോൾ,(miconazole) റിഫാംപിസിൻ,( rifampicin), അസിത്രോമൈസിൻ (Azithromycin )തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്. എന്നാൽ രോഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ നൽകുമ്പോൾ മാത്രമാണ് ഇവയ്ക്ക് പരിമിതമായ വിജയം കാണാൻ കഴിഞ്ഞിട്ടുള്ളത്.[28]
റിഫാംപിസിൻ സാധാരണയായി ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും, അതിന്റെ തുടർ ഉപയോഗത്തെ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ലാബിൽ പരീക്ഷിക്കുമ്പോൾ മാത്രമേ ഇതിന് വ്യത്യസ്തമായ പ്രവർത്തനം കാണാൻ കഴിയുന്നുള്ളൂ, കൂടാതെ ഇത് ശരീരത്തിലെ സൈറ്റോക്രോം പി450 എന്ന പാതകളെ സജീവമാക്കുന്നതിലൂടെ മറ്റ് മരുന്നുകളുടെ ഫലപ്രാപ്തിയെ ബാധിക്കുന്നുമുണ്ട്. ഫ്ലൂക്കണസോൾ സാധാരണയായി ഉപയോഗിക്കാറുണ്ട്, കാരണം ലാബിൽ ആംഫോട്ടെറിസിനോടൊപ്പം ഉപയോഗിക്കുമ്പോൾ നീഗ്ലേറിയയ്ക്കെതിരെ ഇതിന് സംയുക്ത ഫലപ്രാപ്തി കാണിക്കാൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്[29]
2013 മുതൽ 2016 വരെയുള്ള കാലത്ത് അമേരിക്കയിൽ വിജയകരമായി ചികിത്സിച്ച മൂന്ന് കേസുകളിൽ മിൽറ്റഫോസിൻ (MILTEFOSINE) എന്ന മരുന്ന് ഉപയോഗിച്ചിരുന്നു. ഇതിലൊന്നിൽ, 12 വയസ്സുകാരിയായ ഒരു പെൺകുട്ടിക്ക് മിൽറ്റഫോസിനും തലച്ചോറിലെ നീർവീക്കം നിയന്ത്രിക്കാൻ ടാർഗെറ്റഡ് ടെംപറേച്ചർ മാനേജ്‌മെന്റും നൽകിയിരുന്നു. നീർവീക്കം അണുബാധയുടെ ദ്വിതീയ ഫലമായി ഉണ്ടാകുന്നതാണ്. അവൾ യാതൊരു നാഡീസംബന്ധമായ തകരാറുകളും കൂടാതെ അതിജീവിച്ചു. നേരത്തെയുള്ള രോഗനിർണയവും, മരുന്നുകളും, താപനില മാനേജ്മെന്റും ചേർന്നതാണ് അവളുടെ അതിജീവനത്തിന് കാരണമായി കണക്കാക്കുന്നത്. മറുവശത്ത്, മറ്റൊരു അതിജീവിതാവായ 8 വയസ്സുകാരനായ ആൺകുട്ടിയുടെ കാര്യം വ്യത്യസ്തമായിരുന്നു. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് അവന് രോഗം കണ്ടെത്തിയത്, താപനില മാനേജ്മെന്റ് നൽകിയതുമില്ല, എങ്കിലും മിൽറ്റഫോസിൻ നൽകിയിരുന്നു. അവന് സ്ഥായിയായ നാഡീസംബന്ധമായ തകരാറുകൾ സംഭവിച്ചു. 2016ൽ 16 വയസ്സുകാരനായ മറ്റൊരു ആൺകുട്ടിയും PAM രോഗത്തെ അതിജീവിച്ചു. 2013ലെ 12 വയസ്സുകാരിക്ക് നൽകിയ അതേ ചികിത്സാരീതിയാണ് അവനും നൽകിയത്. അവൻ പൂർണമായും സുഖം പ്രാപിച്ചു, എന്നാൽ സുഖം പ്രാപിച്ചതിനുശേഷം പഠനത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി രോഗി പറഞ്ഞിട്ടുണ്ട്. 2015 മുതൽ യു.എസ് സിഡിസി, നീഗ്ലേറിയ ഉൾപ്പെടെയുള്ള സ്വതന്ത്ര അമീബകൾ വഴി ഉണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്കായി ഡോക്ടർമാർക്ക് മിൽറ്റഫോസിൻ നൽകിവരുന്നു, എന്നാൽ മരുന്ന് കേന്ദ്ര നാഡീവ്യൂഹത്തിൽ എത്രത്തോളം എത്തുന്നു എന്നതിനെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല.[30]
2018ൽ സ്പെയിനിലെ ടോളിഡോ നഗരത്തിൽ 10 വയസ്സുകാരിയായ ഒരു പെൺകുട്ടി സ്പെയിനിൽ ഈ രോഗം പിടിപെട്ട ആദ്യ വ്യക്തിയായി മാറുകയും ഇൻട്രാവീനസ്, ഇൻട്രാതെക്കൽ ആംഫോട്ടെറിസിൻ ബി ഉപയോഗിച്ച് വിജയകരമായി ചികിത്സിക്കപ്പെടുകയും ചെയ്തു. എലികളിൽ നടത്തിയ 2023 ലെ ഒരു പഠനത്തിൽ, AN3057 എന്നറിയപ്പെടുന്ന അക്കോസിബോറോൾ എന്ന മരുന്നിന്റെ ഉൽപ്പന്നം ഉൾപ്പെടുത്തിയ ചികിത്സ അതിജീവന കാലം ഗണ്യമായി വർദ്ധിപ്പിക്കുകയും രോഗം തിരിച്ചുവരാതെ 28 ശതമാനം സുഖപ്രാപ്തി കാണിക്കുകയും ചെയ്തു[31].
ചികിത്സയ്ക്കുള്ള CDC ശുപാർശ ചെയ്ത മൾട്ടി-ഡ്രഗ് പ്രോട്ടോക്കോൾ
| മരുന്ന് | പ്രവർത്തന രീതി | പ്രധാന ഡോസിംഗ് പാത | മരുന്നളവും ശ്രദ്ധയും |
| ആംഫോട്ടെറിസിൻ ബി
(amphotericin B) |
കോശ സ്തരം തകരാറിലാക്കുന്നു | IV, (ഞരമ്പിൽ കുത്തി വയ്ക്കുന്നു) Intrathecal (മജ്ജക്കുള്ളിൽ കുത്തി വയ്ക്കുന്നു ) | Conventional AMB preferred. Intrathecal ( (മജ്ജക്കുള്ളിൽ കുത്തി വയ്ക്കുന്നു ) dosing വഴി CNS പ്രവേശം ഉറപ്പാക്കണം. ആകെ 14-ദിവസത്തെ IV കാലാവധി |
| മിൽറ്റെഫോസിൻ
(Miltefosine) |
പ്രധാന കോമ്പിനേഷൻ ഏജൻ്റ് | PO (വായ വഴി) | ശരീരഭാരം അനുസരിച്ച് 50 mg BID/TID. 28 ദിവസത്തെ കാലാവധി, വൃക്കകളെ ബാധിക്കാൻ സാധ്യതയുണ്ട്. |
| പോസകോണസോൾ
(Posaconazole) |
എർഗോസ്റ്റിറോൾ സിന്തസിസ് തടയുന്നു | IV/DRT | തെറാപ്പിറ്റിക് ഡ്രഗ് മോണിറ്ററിംഗ് (TDM) നിർബന്ധം. ഫ്ലൂക്കോണസോളുകളേക്കാൾ മെച്ചപ്പെട്ട പ്രവർത്തനം. |
| അസിത്രോമൈസിൻ
(Azithromycin) |
പ്രോട്ടീൻ സിന്തസിസ് തടയുന്നു | IV/PO | 10 mg/kg/day. 28 ദിവസത്തെ കാലാവധി |
| റിഫാംപിൻ
(Rifampin) |
കോമ്പിനേഷൻ തെറാപ്പി | IV/PO | 10 mg/kg/day. 28 ദിവസത്തെ കാലാവധി . |
| ഡെക്സമെതസോൺ
(Dexamethasone) |
വീക്കം/സെറിബ്രൽ എഡിമ നിയന്ത്രണം | IV | 4 ദിവസത്തെ കാലാവധി, സപ്പോർട്ടീവ് കെയർ. |
രോഗവ്യാപനശാസ്ത്രം
[തിരുത്തുക]ഈ രോഗം വളരെ അപൂർവവും മാരകവുമാണ്. 2018 വരെ 381 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. പാകിസ്ഥാനിലെ ആഗാഖാൻ യൂണിവേഴ്സിറ്റിയിൽ നടത്തിയ ഗവേഷണത്തിൽ രോഗാണുനാശകമല്ലാത്ത മറ്റ് രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ചില FDA അംഗീകൃത മരുന്നുകൾ ലബോറട്ടറി പരിശോധനയിൽ നേഗ്ലീരിയ ഫൗളേരിയെ നശിപ്പിക്കാൻ കഴിവുള്ളതായി കണ്ടെത്തി. അതിൽ ഡിജോക്സിൻ, പ്രോസൈക്ലിഡിൻ എന്നീ മരുന്നുകൾ 95 ശതമാനത്തിലധികം അമീബകളെ നശിപ്പിക്കാൻ ശേഷിയുള്ളതായി തെളിഞ്ഞു. തലയോട്ടിയിലൂടെ തലച്ചോറിലേക്ക് നേരിട്ട് മരുന്ന് എത്തിക്കാനുള്ള ഒരു ഉപകരണവും ഇതേ ഗവേഷകർ നിർദ്ദേശിച്ചിട്ടുണ്ട്.[32]
അമേരിക്കയിൽ ഈ രോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് തെക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ്, പ്രത്യേകിച്ച് ടെക്സസ്, ഫ്ലോറിഡ എന്നിവിടങ്ങളിൽ. വെള്ളത്തിൽ കളിക്കുന്ന കുട്ടികളാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത്, പ്രത്യേകിച്ച് 5 മുതൽ 14 വയസ്സ് വരെ പ്രായമുള്ളവർ. കാലാവസ്ഥാ വ്യതിയാനം കാരണം ഈ രോഗബാധ വർധിച്ചേക്കുമെന്ന് കരുതപ്പെടുന്നു. 2010, 2012, 2015 വർഷങ്ങളിൽ മിന്നസോട്ടയിൽ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇതിന് ഉദാഹരണമാണ്[33].
2013 മുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വർധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇത് രോഗം യഥാർത്ഥത്തിൽ കൂടുന്നത് കൊണ്ടല്ല, മറിച്ച് ഡോക്ടർമാർക്കും പാത്തോളജിസ്റ്റുകൾക്കും ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിവുണ്ടാകുകയും അതുവഴി കൂടുതൽ കൃത്യമായി രോഗനിർണയം നടത്താൻ സാധിക്കുകയും ചെയ്യുന്നത് കൊണ്ടാണ്.[34]
ചരിത്രം
[തിരുത്തുക]1899-ൽ ഫ്രാൻസ് ഷാർഡിംഗർ എന്ന ശാസ്ത്രജ്ഞൻ ആദ്യമായി ഒരു പ്രത്യേകതരം അമീബയെ കണ്ടെത്തി രേഖപ്പെടുത്തി. അദ്ദേഹം അതിന് അമീബ ഗ്രൂബേരി എന്ന പേര് നൽകി. ഈ അമീബയ്ക്ക് വളരെ അസാധാരണമായ ഒരു കഴിവുണ്ടായിരുന്നു - അതിന് തന്റെ രൂപം മാറ്റി ഫ്ലാജെലേറ്റ് എന്ന ചാട്ടവാലുള്ള രൂപത്തിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയുമായിരുന്നു. പിന്നീട് 1912-ൽ അലക്സിസ് അലക്സീഫ് എന്ന ശാസ്ത്രജ്ഞൻ ഈ ഫ്ലാജെലേറ്റ് അമീബകളെ ഒരുമിച്ച് കൂട്ടി നെഗ്ലീറിയ എന്ന പുതിയ ജനുസ്സ് സ്ഥാപിച്ചു. കുർട്ട് നെഗ്ലർ എന്ന അമീബ ഗവേഷകന്റെ പേരിൽ നിന്നാണ് അദ്ദേഹം ഈ പേര് തിരഞ്ഞെടുത്തത്.[35]
എന്നാൽ ഈ സൂക്ഷ്മാണുക്കൾ മനുഷ്യർക്ക് അപകടകാരികളാണെന്ന് മനസ്സിലാക്കാൻ വളരെ കാലമെടുത്തു. 1965-ൽ ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡിൽ പ്രവർത്തിച്ചിരുന്ന ഡോക്ടർമാരായ മാൽക്കം ഫൗളറും റോഡ്‌നി എഫ്. കാർട്ടറും ചേർന്നാണ് ആദ്യമായി മനുഷ്യരിൽ ഈ അമീബ മൂലമുണ്ടാകുന്ന മെനിഞ്ചോഎൻസെഫലൈറ്റിസ് എന്ന മസ്തിഷ്ക രോഗത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. അവർ നാല് ഓസ്‌ട്രേലിയൻ കുട്ടികളുടെ കേസുകൾ രേഖപ്പെടുത്തി - ഒരു കുട്ടി 1961-ലും ബാക്കി മൂന്ന് പേർ 1965-ലും രോഗബാധിതരായി. ദുഃഖകരമെന്ന് പറയട്ടെ, ഈ നാല് കുട്ടികളും ഈ രോഗം മൂലം മരിച്ചു. അവരുടെ ഗവേഷണം പ്രധാനപ്പെട്ടതായിരുന്നു, കാരണം പരിസ്ഥിതിയിൽ സ്വതന്ത്രമായി ജീവിക്കുന്ന ഒരു പ്രോട്ടോസോവയ്ക്ക് മനുഷ്യശരീരത്തിനുള്ളിൽ എങ്ങനെ കാര്യക്ഷമമായി ജീവിക്കാൻ കഴിയുമെന്ന് ഇത് കാണിച്ചുതന്നു.[36]
1966-ൽ ബട്ട് എന്ന ഗവേഷകൻ എൻ. ഫൗളേരി മൂലമുണ്ടാകുന്ന അണുബാധയ്ക്ക് പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് എന്ന പേര് നൽകി, ചുരുക്കത്തിൽ (Primary amoebic meningoencephalitis) PAM എന്ന് വിളിക്കുന്നു. മസ്തിഷ്കത്തിലും നാഡീവ്യൂഹത്തിലും നടത്തുന്ന ഈ നേരിട്ടുള്ള ആക്രമണത്തെ എന്റമീബ ഹിസ്റ്റോലിറ്റിക്ക പോലുള്ള മറ്റ് അമീബകൾ നടത്തുന്ന ദ്വിതീയ ആക്രമണങ്ങളിൽ നിന്ന് വേർതിരിച്ചറിയാനാണ് ഈ പേര്. പിന്നീട് നടത്തിയ പഴയ രേഖകളുടെ പഠനത്തിൽ, PAM രോഗത്തിന്റെ ആദ്യത്തെ രേഖപ്പെടുത്തിയ കേസ് ബ്രിട്ടനിൽ 1909-ൽ തന്നെ സംഭവിച്ചിരിക്കാമെന്ന് കണ്ടെത്തി. 1966-ൽ അമേരിക്കയിൽ നാല് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 1968 ആയപ്പോഴേക്കും, ആദ്യം ഹാർട്ട്മാനെല്ല എന്ന ജനുസ്സിലെ ഒരു ഇനമെന്ന് കരുതിയിരുന്ന ഈ സൂക്ഷ്മാണു യഥാർത്ഥത്തിൽ നെഗ്ലീറിയയുടെ ഒരു പുതിയ ഇനമാണെന്ന് തിരിച്ചറിഞ്ഞു. അതേ വർഷം തന്നെ, ചെക്കോസ്ലൊവാക്യയിലെ ഉസ്തി നാദ് ലാബെമിൽ മൂന്ന് വർഷങ്ങളിൽ (1962-1965) പതിനാറ് കേസുകൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. 1970-ൽ കാർട്ടർ ഈ അമീബയുടെ ഇനത്തിന് എൻ. ഫൗളേരി എന്ന് ഔദ്യോഗികമായി പേര് നൽകി, ഇത് മാൽക്കം ഫൗളറുടെ പേരിലാണ് ഇങ്ങനെ വിളിച്ചത്.[37]
സമൂഹവും സംസ്കാരവും
[തിരുത്തുക]സമൂഹത്തിലും സംസ്കാരത്തിലും നെഗ്ലീറിയ ഫൗളേരി "മസ്തിഷ്കം തിന്നുന്ന അമീബ" എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ ഈ പൊതുവായ പേര് ബാലമുത്തിയ മാൻഡ്രില്ലാരിസ് ( Balamuthia mandrillaris,) എന്ന മറ്റൊരു അമീബയ്ക്കും ഉപയോഗിക്കാറുണ്ട്, ഇത് ചിലപ്പോൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. എന്നാൽ ഈ രണ്ട് അമീബകളും തികച്ചും വ്യത്യസ്തമാണ്, അവയ്ക്ക് യാതൊരു ബന്ധവുമില്ല. ബാലമുത്തിയ മാൻഡ്രില്ലാരിസ് ഗ്രാനുലോമാറ്റസ് അമീബിക് എൻസെഫലൈറ്റിസ് എന്ന മറ്റൊരു രോഗമാണ് ഉണ്ടാക്കുന്നത്. നെഗ്ലീറിയാസിസ് സാധാരണയായി ആരോഗ്യമുള്ള, സാധാരണ പ്രതിരോധശേഷിയുള്ള ആളുകളിൽ കാണപ്പെടുമ്പോൾ, ഗ്രാനുലോമാറ്റസ് അമീബിക് എൻസെഫലൈറ്റിസ് സാധാരണയായി ബാധിക്കുന്നത് ദുർബലമായ പ്രതിരോധശേഷിയുള്ള ആളുകളെയാണ്, പ്രത്യേകിച്ച് എച്ച്ഐവി/എയ്ഡ്സ് അല്ലെങ്കിൽ ലുക്കീമിയ പോലുള്ള രോഗങ്ങളുള്ളവരെ.[38]
നെഗ്ലീറിയാസിസ് പല ജനപ്രിയ സംസ്കാരത്തിലും ഇടം നേടിയിട്ടുണ്ട്. പ്രശസ്തമായ മെഡിക്കൽ മിസ്റ്ററി ഡ്രാമയായ ഹൗസ്, എം.ഡി.യുടെ രണ്ടാം സീസണിൽ "യൂഫോറിയ" എന്ന രണ്ട് ഭാഗങ്ങളുള്ള എപ്പിസോഡിൽ ഈ രോഗം വിഷയമായി അവതരിപ്പിച്ചിട്ടുണ്ട്. ഇതുപോലെ തന്നെ, ദ ഗുഡ് ഡോക്ടർ എന്ന പരമ്പരയുടെ ആറാം സീസണിലെ "39 ഡിഫറൻസസ്" എന്ന എപ്പിസോഡിലും ഒരു രോഗിക്ക് എൻ. ഫൗളേരി അണുബാധ കണ്ടെത്തുന്ന കഥ പറയുന്നുണ്ട്.[39]
അവലംബം
[തിരുത്തുക]- ↑ "Naegleria fowleri—Primary Amoebic Meningoencephalitis (PAM)—General Information". The Centers for Disease Control and Prevention, Division of Parasitic Diseases. Archived from the original on 28 July 2018. Retrieved 26 May 2014. "Naegleria fowleri—Primary Amoebic Meningoencephalitis (PAM)—General Information".
{{cite book}}: CS1 maint: numeric names: authors list (link) - ↑ U. Rojo, Juan; Rajendran, Rajkumar; H. Salazar, Jose (5 September 2023). "Laboratory Diagnosis of Primary Amoebic Meningoencephalitis". Laboratory Medicine. 54 (5). Oxford Academic: e124 – e132. doi:10.1093/labmed/lmac158. PMID 36638160. "Laboratory Diagnosis of Primary Amoebic Meningoencephalitis".
{{cite book}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ Su MY, Lee MS, et al. (April 2013). "A fatal case of Naegleria fowleri meningoencephalitis in Taiwan". Korean J Parasitol. 51 (2): 203–6. doi:10.3347/kjp.2013.51.2.203. PMC 3662064. PMID 23710088. "A fatal case of Naegleria fowleri meningoencephalitis in Taiwan".
{{cite book}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ Alanazi, Awadh; Younas, Sonia; Ejaz, Hasan; Alruwaili, Muharib; Alruwaili, Yasir; Mazhari, Bi Bi Zainab; Atif, Muhammad; Junaid, Kashaf (April 2025). "Advancing the understanding of Naegleria fowleri: Global epidemiology, phylogenetic analysis, and strategies to combat a deadly pathogen". Journal of Infection and Public Health. 18 (4) 102690. Elsevier Inc. doi:10.1016/j.jiph.2025.102690. ISSN 1876-0341. PMID 39913985. ""Advancing the understanding of Naegleria fowleri: Global epidemiology, phylogenetic analysis, and strategies to combat a deadly pathogen"". Journal of Infection and Public Health. 18 (4).
{{cite journal}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ [Montgomery, Katherine (22 October 2012). "Meningitis". McMaster Pathophysiology Review. Archived from the original on 12 December 2017. Retrieved 29 March 2020.--]
- ↑ [--]
- ↑ U. Rojo, Juan; Rajendran, Rajkumar; H. Salazar, Jose (5 September 2023). "Laboratory Diagnosis of Primary Amoebic Meningoencephalitis". Laboratory Medicine. 54 (5). Oxford Academic: e124 – e132. doi:10.1093/labmed/lmac158. PMID 36638160. "Laboratory Diagnosis of Primary Amoebic Meningoencephalitis".
{{cite book}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ [-Montgomery, Katherine (22 October 2012). "Meningitis". McMaster Pathophysiology Review. Archived from the original on 12 December 2017. Retrieved 29 March 2020-]
- ↑ [-Cervantes-Sandoval I, Serrano-Luna Jde J, García-Latorre E, Tsutsumi V, Shibayama M (September 2008). "Characterization of brain inflammation during primary amoebic meningoencephalitis". Parasitol. Int. 57 (3): 307–13. doi:10.1016/j.parint.2008.01.006. PMID 18374627-]
- ↑ [[page needed]--]
- ↑ [-Pougnard, C.; Catala, P.; Drocourt, J.-L.; Legastelois, S.; Pernin, P.; Pringuez, E.; Lebaron, P. (2002). "Rapid Detection and Enumeration of Naegleria fowleri in Surface Waters by Solid-Phase Cytometry". Applied and Environmental Microbiology. 68 (6): 3102–7. Bibcode:2002ApEnM..68.3102P. doi:10.1128/AEM.68.6.3102-3107.2002. PMC 123984. PMID 12039772.-]
- ↑ []Griffin, Joe L. (24 November 1972). "Temperature Tolerance of Pathogenic and Nonpathogenic Free-Living Amoebas". Science. 178 (4063): 869–870. Bibcode:1972Sci...178..869G. doi:10.1126/science.178.4063.869. PMID 5085984.
- ↑ Griffin, Joe L. (24 November 1972). "Temperature Tolerance of Pathogenic and Nonpathogenic Free-Living Amoebas". Science. 178 (4063): 869–870. Bibcode:1972Sci...178..869G. doi:10.1126/science.178.4063.869. PMID 5085984
- ↑ [-Koshy, Anita A.; Blackburn, Brian G.; Singh, Upinder (2015). Bennet, John E.; Dolin, Raphael; Blaser, Martin J. (eds.). "Free-Living Amebae". Mandell, Douglas, and Bennett's Principles and Practice of Infectious Diseases. 8 (275). Elsevier Inc.: 3059–3069. doi:10.1016/B978-1-4557-4801-3.00275-7. ISBN 978-1-4557-4801-3. Retrieved 30 August 2025.-]
- ↑ "Symptoms of Naegleria fowleri Infection".
- ↑ [p"6 die from brain-eating amoeba in lakes", Chris Kahn/Associated Press, 9/28/07age needed][page needed]
- ↑ [--] This article incorporates text from this source, which is in the public domain.
- ↑ "69 confirmed cases, 19 deaths in Kerala due to brain eating .. Read more at: http://timesofindia.indiatimes.com/articleshow/123989075.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst".
{{cite web}}: External link in(help); line feed character in|title=|title=at position 64 (help) - ↑ "Naegleria Infection and Primary Amebic Meningoencephalitis".
- ↑ "Surge In Deadly Brain-Eating Amoeba Cases In Kerala: Why And How It Spreads".
- ↑ "How People Get Naegleria fowleri Infection".
- ↑ "How People Get Naegleria fowleri Infection".
- ↑ "Kerala reports more amoebic meningoencephalitis cases, including a death".
- ↑ "Kerala reports more amoebic meningoencephalitis cases, including a death".
- ↑ "Kerala reports more amoebic meningoencephalitis cases, including one death" ".
- ↑ [--Güémez, Andrea; García, Elisa (6 September 2021). "Primary Amoebic Meningoencephalitis by Naegleria fowleri: Pathogenesis and Treatments". Biomolecules. 11 (9). MDPI: 1320. doi:10.3390/biom11091320. PMC 8469197. PMID 34572533.]
- ↑ [-Bauman, Robert W. (2009). "Microbial Diseases of the Nervous System and Eyes". Microbiology, With Diseases by Body System (2nd ed.). San Francisco: Pearson Education. p. 617.-]
- ↑ [Güémez, Andrea; García, Elisa (6 September 2021). "Primary Amoebic Meningoencephalitis by Naegleria fowleri: Pathogenesis and Treatments". Biomolecules. 11 (9). MDPI: 1320. doi:10.3390/biom11091320. PMC 8469197. PMID 34572533.--]
- ↑ [-Linam, W. Matthew; Ahmed, Mubbasheer; Cope, Jennifer R.; Chu, Craig; Visvesvara, Govinda S.; da Silva, Alexandre J.; Qvarnstrom, Yvonne; Green, Jerril (1 March 2015). "Successful Treatment of an Adolescent With Naegleria fowleri Primary Amebic Meningoencephalitis". Pediatrics. 135 (3). American Academy of Pediatrics: e744 – e748. doi:10.1542/peds.2014-2292. PMC 4634363. PMID 25667249.-]
- ↑ [-"Treatment - Naegleria fowleri". CDC Archive. Centers for Disease Control and Prevention. 3 May 2023. Archived from the original on 3 May 2023. Retrieved 30 August 2025.-]
- ↑ [-Ženíšková, Kateřina; Mach, Jan; Arbon, Dominik; Štursa, Jan; Werner, Lukáš; Zoltner, Martin; Sutak, Robert (16 February 2023). "The 4-Aminomethylphenoxy-Benzoxaborole AN3057 as a Potential Treatment Option for Primary Amoebic Meningoencephalitis". Antimicrobial Agents and Chemotherapy. 67 (2): e01506–22. doi:10.1128/aac.01506-22. ISSN 0066-4804. PMC 9933681. PMID 36688657.-]
- ↑ [-Caruzo G, Cardozo J (October 2008). "Primary amoebic meningoencephalitis: a new case from Venezuela". Trop Doct. 38 (4): 256–7. doi:10.1258/td.2008.070426. PMID 18820207. S2CID 20958778.-]
- ↑ [--]Kemble SK, Lynfield R, et al. (March 2012). "Fatal Naegleria fowleri infection acquired in Minnesota: possible expanded range of a deadly thermophilic organism". Clin Infect Dis. 54 (6): 805–9. doi:10.1093/cid/cir961. PMID 22238170.
- ↑ [Kanwal Farooqi M, Ali S, Ahmed SS (May 2013). "The paradox of primary amoebic meningoencephalitis—a rare disease, but commonly misdiagnosed". J Pak Med Assoc. 63 (5): 667. PMID 23758009.--]
- ↑ [Butt, Cecil G. (1966). "Primary Amebic Meningoencephalitis". New England Journal of Medicine. 274 (26): 1473–6. doi:10.1056/NEJM196606302742605. PMID 5939846.--]
- ↑ [-Walochnik, Julia; Wylezich, Claudia; Michel, Rolf (September 2010). "The genus Sappinia: History, phylogeny and medical relevance". Experimental Parasitology. 126 (1): 5, 7–8. doi:10.1016/j.exppara.2009.11.017. PMID 20004196.-]
- ↑ [-De Jonckheere, Johan F. (August 2011). "Origin and evolution of the worldwide distributed pathogenic amoeboflagellate Naegleria fowleri". Infection, Genetics and Evolution. 11 (7): 1520–1528. Bibcode:2011InfGE..11.1520D. doi:10.1016/j.meegid.2011.07.023. PMID 21843657.-]
- ↑ [--Shadrach, WS; Rydzewski, K; Laube, U; Holland, G; Ozel, M; Kiderlen, AF; Flieger, A (May 2005). "Balamuthia mandrillaris, free-living ameba and opportunistic agent of encephalitis, is a potential host for Legionella pneumophila bacteria". Applied and Environmental Microbiology. 71 (5): 2244–9. Bibcode:2005ApEnM..71.2244S. doi:10.1128/AEM.71.5.2244-2249.2005. PMC 1087515. PMID 15870307.]
- ↑ "The Good Doctor - Season 6 Recap: 6×13 39 Differences". You Make Me More. 23 February 2023.[--]