അമീഡിനുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമീഡിനുകൾ

RC(NH2) = NH എന്ന സാമാന്യഫോർമുലയോടുകൂടിയ കാർബണിക സംയുക്തങ്ങൾക്കാണ് അമീഡിനുകൾ എന്നു പറയുന്നത്. സംഗതങ്ങളായ N -പ്രതിസ്ഥാപിതവ്യുത്പന്നങ്ങളും അമിഡീനുകൾ തന്നെയാണ്. അമൈഡു [RC(NH2) = o] കളിലെ ദ്വിസംയോജക ഓക്സിജനെ ഒരു ഇമിനൊ (= NH) ഗ്രൂപ്പ് കൊണ്ടു പ്രതിസ്ഥാപിച്ചു കിട്ടുന്ന യൌഗികങ്ങളായി ഇവയെ പരിഗണിക്കാം. ഇമിനൊ ക്ലോറൈഡ് അല്ലെങ്കിൽ ഇമിനോ എസ്റ്റർ അമോണിയയുമായോ അമീനുകളുമായോ പ്രതിപ്രവർത്തിച്ചാണ് അമിഡീനുകൾ ലഭ്യമാക്കുന്നത്.

അമിഡീനുകൾ സാമാന്യമായി പരൽ ആകൃതിയിലുള്ള നിറമില്ലാത്ത ബേസുകൾ ആണ്. പ്രബലാമ്ലങ്ങളുമായിച്ചേർന്ന് അവ ലവണങ്ങൾ ഉണ്ടാക്കുന്നു. ചൂടുള്ള അമ്ളങ്ങളും ക്ഷാരങ്ങളും അവയെ ജലീയവിശ്ലേഷണത്തിനു (hydroylosis) വിധേയമാക്കുകയും അതതു അമൈഡുകൾ ലഭ്യമാക്കുകയും ചെയ്യുന്നു.

RC (NH2) = NH + H2O → R CO NH2 + NH3

സോഡിയവും എഥനോളും ഉപയോഗിച്ച് ദ്രവ-അമോണിയയിൽ അമിഡീനുകളെ അപചയിച്ചാൽ ആൽഡിഹൈഡുകൾ കിട്ടുന്നതാണ്.

ഫോർമമിഡീൻ, HC (NH2) = NH, അതിന്റെ ലവണരൂപത്തിലേ അറിയപ്പെടുന്നുള്ളു. അസറ്റമിഡീൻ, (acetamidine) CH3 C(NH) =NH, ക്ഷാരസ്വഭാവമുള്ള ഒരു പദാർഥമാണ്, ബെൻസമിഡീൻ, C6 H5 C (NH2) = NH നിറമില്ലാത്ത പരലുകളും. ഔഷധസ്വഭാവമുള്ള ചില അമിഡീനുകളുമുണ്ട്.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമീഡിനുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമീഡിനുകൾ&oldid=3352453" എന്ന താളിൽനിന്ന് ശേഖരിച്ചത്