Jump to content

അമിനൊ ഷുഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Glucosamine
Sialic acid

ഷുഗറുകളുടെ അമിനൊ വ്യുത്പന്നങ്ങളാണ് അമിനൊ ഷുഗർ. ഷുഗർ തൻമാത്രകളിലെ ഒരു പ്രൈമറി അല്ലെങ്കിൽ സെക്കണ്ടറി ഹൈഡ്രോക്സിൽ (OH) ഗ്രൂപ്പിനെ അമിനൊ (NH2) ഗ്രൂപ്പ് കൊണ്ടു പ്രതിസ്ഥാപിച്ചിട്ടുള്ള യൌഗികങ്ങളാണ് ഇവ. ഉദാ. ഗ്ളൂക്കോസമീൻ (Glucosamine), ഗാലക്ടോസമീൻ (Galactosamine) സംരചനയനുസരിച്ച് ഇവയെ ക്രമത്തിൽ 2-അമിനൊ-2 ഡിഓക്സി D ഗ്ളൂക്കോസ് (2-amino, 2 deoxy D-glucose) എന്നും 2-അമിനൊ-2 ഡിഓക്സി D ഗാലക്ടോസ് (2 Amino, 2 deoxy D Galactose) എന്നും പറയുന്നു. അമിനൊ ഷുഗറുകളിലെ അമിനൊ ഗ്രൂപ്പ് താരതമ്യേന സ്ഥിരതയുള്ളതാണ്.

പ്രകൃതിയിൽ അമിനൊ ഷുഗറുകൾ സുലഭമായി കാണപ്പെടുന്നു. ജന്തുക്കളിലും ബാക്റ്റീരിയങ്ങളിലും കാണുന്ന പോളിസാക്കറൈഡുകളിലെയും ഫംഗസ്സുകൾ, കീടങ്ങൾ, ഞണ്ടുവർഗങ്ങളുടെ തോടുകൾ മുതലായവയിലുള്ള കൈറ്റിൻ എന്ന പോളിസാക്കറൈഡിലെയും ഒരു ഘടകമാണ് ഗ്ളൂക്കോസമീൻ. ഒച്ചുകളുടെ ആന്ത്രത്തിലുള്ള ഒരു എൻസൈം ഉപയോഗിച്ച് കൈറ്റിൻ ജലീയവിശ്ളേഷണത്തിന് വിധേയമാക്കിയാൽ N-അസറ്റൈൽ ഗ്ളൂക്കോസമീൻ (N-acetyl glucosamine) ലഭിക്കുന്നു. കൈറ്റിൻ അമ്ളം ഉപയോഗിച്ച് ജലീയവിശ്ളേഷണവിധേയമാക്കിയിട്ടാണ് ഗ്ളൂക്കോസമീൻ ഉത്പാദിപ്പിക്കാറുള്ളത്. 400 ഗ്രാം ഞണ്ടിൻതോടിൽനിന്ന് സു. 50 ഗ്രാം ഗ്ളൂക്കോസമീൻ ഹൈഡ്രൊക്ളോറൈഡ് ലഭിക്കുമെന്നു മനസ്സിലായിട്ടുണ്ട്. കൈറ്റിനോടുള്ള ഈ ബന്ധം നിമിത്തം ഗ്ളൂക്കോസമീനിന് കൈറ്റോസമീൻ എന്ന ഒരു പേരുംകൂടിയുണ്ട്.

തരുണാസ്ഥി (cartilage), ദൃഡാസ്ഥി, ചർമ്മം , കണ്ണിന്റെ ശ്വേതമണ്ഡലം, ഹൃദയവാൽവുകൾ, കണ്ഡരം (tendons) എന്നീ ശരീരഭാഗങ്ങളിലുള്ള കോൺഡ്രോപ്രോട്ടീനുകളുടെ (condroproteins) ഒരു ഘടകമായ സൾഫേറ്റഡ് മ്യൂക്കോ പോളിസാക്കറൈഡുകളിൽ N-അസറ്റൈൽ വ്യൂത്പന്നത്തിന്റെ രൂപത്തിൽ ഗാലക്ടോസമീൻ കാണപ്പെടുന്നു. ഈ അമിനൊ ഷുഗറിന് കോൺഡ്രോസമീൻ എന്നും പേരുണ്ട്.

ആന്റിബയോട്ടിക്കുകളിലും അമിനൊ ഷുഗറുകൾ ഉപസ്ഥിതമാണ്. പ്രകൃതി അമിനൊ ഷുഗറുകളെ സംശ്ളേഷണം ചെയ്യുന്നത് ഷുഗറും അമോണിയയും ഉപയോഗിച്ചാണ്. പ്രാകൃതികങ്ങളായ അമിനൊ ഷുഗറുകൾ പ്രായേണ ആൽഡൊ ഹെക്സോസുകൾ ആണ്; അവയിലെ രണ്ടാമത്തെ കാർബൺ അണുവിനോടാണ് അമിനൊ ഗ്രൂപ്പ് ബന്ധപ്പെട്ടിരിക്കുക. എന്നാൽ പരീക്ഷണശാലകളിൽ പെന്റോസുകളും മറ്റു കാർബൺ അണുക്കളോട് അമിനൊ ഗ്രൂപ്പ് ബന്ധപ്പെട്ടിരിക്കുന്നതുമായ അമിനൊ ഷുഗറുകളും സംശ്ളേഷണം ചെയ്തുണ്ടാക്കുവാൻ സാധ്യമാണ്.

രാസഗുണധർമങ്ങളിൽ അമിനൊ ഷുഗറുകൾ സാധാരണ ഷുഗറുകളെ പ്രായേണ അനുകരിക്കുന്നു.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമിനൊ ഷുഗറുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമിനൊ_ഷുഗർ&oldid=1785745" എന്ന താളിൽനിന്ന് ശേഖരിച്ചത്