അമരാവതി സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്നത്തെ ഇടുക്കി ജില്ലയിലെ അമരാവതിയിൽ 1961 ൽ കുടിയിറക്കുമായി ബന്ധപ്പെട്ടുണ്ടായ കർഷക പ്രക്ഷോഭമാണ് ഐക്യകേരളചരിത്രത്തിൽ ശ്രദ്ധേയമായ അമരാവതി സമരം[1].

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലുള്ള അയ്യപ്പൻ കോവിൽ പ്രദേശനിന്നും ഇടുക്കി ഡാം നിർമ്മാണവുമായി ബന്ധപ്പെട്ട് ബലമായി കുടിയിറക്കിയ കർഷകരെ കുമളിക്കടുത്ത അമരാവതിയിൽ പുനരധിവസിപ്പിച്ചതിനെത്തുടർന്ന് കർഷകർ നേരിട്ട പ്രധിസന്ധി തരണം ചെയ്യാനായി ന‍ടത്തിയ സമരമാണിത്.A.K ഗോപാലൻ ആണ് ഇതിന് നേതത്വം നൽകിയത്.

ചരിത്രം[തിരുത്തുക]

1961 മെയ് 2 ന് അയ്യപ്പൻ കോവിലിൽ പ്രദേശത്തുള്ള കർഷകരുടെ വീടുകൾ തീവച്ച് നശിപ്പിച്ച് രണ്ടായിരത്തോളം കുടുംബങ്ങളെ ബലം പ്രയോഗിച്ച് 40 മൈൽ അകലെയുള്ള അമരാവതിയിൽ ഇറക്കി വിട്ടു .പട്ടിണിയും പേമാരിയും ജനങ്ങളെ ദുരിതത്തിലാക്കി. പലരും മരണമടഞ്ഞു . സർക്കാരിന് നിവേദനം നൽകിയെങ്കിലും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത് .

ജലസേചന പദ്ധതി പ്രദേശങ്ങളിൽ നിന്ന് പദ്ധതിയുടെ ആവശ്യാർത്ഥം ഭൂമി ഒ ഴിപ്പിച്ചെടുക്കേണ്ടി വരുമ്പോൾ ഒഴിപ്പിക്കപ്പെടുന്ന കർഷകകുടുംബങ്ങൾക്ക് ഓരോ ഏക്കർ ഭൂമി വീതം പകരം നല്കുന്നതിന് ആദ്യ കേരള മന്ത്രി സഭാകാലത്ത് ചുരുളി-ചീനാർ പ്രദേശത്ത് ആവശ്യമായ സ്ഥലം കരുതിയിരുന്നെങ്കിലും അതുനൽകാതെയാണ് അമരാവതിയിലേക്ക് കുടിയിറക്കിയവരെ എത്തിച്ചത് .

തൊടുപുഴ , മൂവാറ്റുപുഴ, മീനച്ചൽ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നൊക്കെ ഉണ്ടായിരുന്ന തുച്ഛമായ ഭൂമിയോ, കുടിയിരിപ്പോ കൈവശസ്ഥലമോ വിറ്റുകിട്ടിയ തുകയുമായാണ് ഇടുക്കിയിലേക്ക് കുടിയേറിയ കർഷകർ അയ്യപ്പൻ കോവിലടക്കമുള്ള പ്രദേശങ്ങളിൽ നേരത്തെ ഭൂമിയുണ്ടായിരുന്ന കൈവശക്കാരിൽ നിന്നും ഭൂമി സ്വന്തമാക്കിയത്. വ്യക്തമായ രേഖകളുടെ അഭാവത്താൽ കൈയ്യേറ്റക്കാരായാണ് ചിലർ അവരെ ചിത്രീകരിച്ചത് .

പൊതുജനമനസാക്ഷിയെ പിടിച്ചുലച്ച ഈ സംഭവത്തെ തുടർന്ന് എ. കെ . ജിയുടെ നേതൃത്വത്തിലുള്ള കർഷകസംഘം നേതാക്കൾ അമരാവതിയും അയ്യപ്പൻ കോവിലടക്കമുള്ള പ്രദേശങ്ങളും സന്ദർശിച്ചു. പാവപ്പെട്ട കർഷകർ കഷ്ടപ്പാടുകൾ സഹിച്ച് കെട്ടിയുയർത്തിയ കുടിലുകൾ കത്തിക്കുകയും രക്തം വിയർപ്പാക്കി അവർ നട്ടുവളർത്തിയ കാർഷിക വിളകൾ നശിപ്പിക്കുകയും തല ചായ്ക്കാൻ ഇടമില്ലാതെ അനാഥരാക്കപ്പെടുകയും ചെയ്ത അവസ്ഥകണ്ട് രോക്ഷം കൊണ്ട എ.കെ .ജി 1961 ജൂൺ 6 ന് നിരാഹാരസമരം ആരംഭിച്ചു.

വിജയത്തിലേക്ക്[തിരുത്തുക]

ലോക് സഭയിലെ പ്ര തിപക്ഷ നേതാവായിരുന്ന എ.കെ. ഗോപാലൻ നിരാഹാരമാരംഭിച്ചതോടെ അമരാവതിപ്രശ്നം ദേശീയശ്രദ്ധയുമാകർഷിച്ചു. ജൂൺ 14ന് എ.കെ.ജിയെ അറസ്റ്റ് ചെയ്ത് കോട്ടയം ആശുപത്രിയിലാക്കിയെങ്കിലും അദ്ദേഹം അവിടേയും നിരാഹാരം തുട ർന്നു.

അമരാവതി സമരത്തിന് ബഹുജന പിന്തുണഏറിയതോടെ സർക്കാർ മുട്ടുമടക്കി . ആഭ്യന്തരമന്ത്രി പി.ടി. ചാക്കോ കോട്ടയത്തു വന്നു ചർച്ചയാരംഭിച്ചു. രണ്ടു ദിവസം നീണ്ട കൂടിയാലോചനയ്ക്ക് ശേഷം ഗവൺമെന്റിന് വേണ്ടി ആഭ്യന്തരമന്ത്രി രേഖാമൂലം കൊടുത്ത ഉറപ്പിൻമേൽ ജൂൺ 17ന് ഉച്ചയ്ക്ക് ഒരു മണിക്ക് എ.കെ ജി നിരാഹാരം പിൻവലിച്ചു. കർഷകസംഘത്തിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന കലക്ട്രേറ്റ് പിക്കറ്റിംഗും അവസാനിച്ചു.

ഫാദർ വടക്കന്റെയും,ജോസഫ് പുറക്കരി,ബി.വെല്ലിംങ്ടണിന്റെയും, നേതൃത്വത്തിൽ രൂപീകരിച്ച മലനാട് കർഷകയൂണിയനും അമരാവതി സമരം വിജയിപ്പിക്കുന്നതിൽ സജീവ പങ്കുവഹിച്ചിട്ടുണ്ട് .

അവലംബം[തിരുത്തുക]

  1. എ.കെ.പൊതുവാൾ (1981). കേരളത്തിൽ ജന്മിത്തം അവസാനിച്ചു. പ്രഭാത് ബുക്ക് ഹൌസ്. {{cite book}}: Cite has empty unknown parameters: |1= and |2= (help)
"https://ml.wikipedia.org/w/index.php?title=അമരാവതി_സമരം&oldid=3938126" എന്ന താളിൽനിന്ന് ശേഖരിച്ചത്