അഭിവഹനം
ദൃശ്യരൂപം
വായുവിന്റെ തിരശ്ചീനദിശയിലുള്ള സംചരണമാണ് അഭിവഹനം. അന്തരീക്ഷ വിജ്ഞാനത്തിൽ വായുവിന്റെ ക്ഷൈതിജചലനത്തിലൂടെയുള്ള താപവിനിമയത്തെ വ്യഞ്ജിപ്പിക്കുവാൻ ഈ പദം ഉപയോഗിക്കുന്നു. ഊർധ്വാധരചലനവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന സംവഹനപ്രക്രിയയിൽനിന്നും തുലോം വിഭിന്നമാണ് ഇത്. ഉഷ്ണമേഖലയിലെ താപം ഉയർന്ന അക്ഷാംശങ്ങളിലേക്കു പ്രസരിക്കുവാൻ സഹായിക്കുന്നത് പ്രധാനമായും വായുവിന്റെ തിരശ്ചീനചലനമാണ്. അഭിവഹനത്തിന്റെ ഉത്തമദൃഷ്ടാന്തമാണിത്.
അഭിവഹനം മൂടൽമഞ്ഞുണ്ടാവാൻ ഇടയാക്കുന്നു. ഊഷ്മളവും നീരാവിപൂരിതവുമായ വായു നന്നേ തണുത്ത പ്രദേശത്തേക്കു വീശുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. കടലൊഴുക്കുകളിൽ തിരശ്ചീനദിശയിലുണ്ടാവുന്ന ഗുണവിനിമയങ്ങളെ വ്യഞ്ജിപ്പിക്കുവാൻ സമുദ്രവിജ്ഞാനികൾ 'അഭിവഹനം' ഉപയോഗിച്ചുകാണുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഭിവഹനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |